Read Time:7 Minute

ഡോ.യു.നന്ദകുമാർ

പുതിയ  വാക്‌സിനുകൾ കൂടി പുറത്തു വരുന്നു.  ജോൺസൺ ആൻഡ് ജോൺസൺ, നോവൊവാക്സ് എന്നിവരുടെ വാക്‌സിനുകളാണ് അവ. രണ്ടു ഗ്രൂപ്പുകളും തങ്ങളുടെ വാക്‌സിൻ പരീക്ഷണ റിപ്പോർട്ടുകൾ പുറത്തുവിടുകയുണ്ടായി. നോവൊവാക്സ് ഒരു അമേരിക്കൻ സ്വീഡിഷ് കമ്പനിയാണ്. അടുത്തിടവരെ അവർ ഫ്ലൂ വാക്‌സിനിൽ ശ്രദ്ധിച്ചിരുന്നു. എന്നാൽ  മുമ്പ് അവർ നിർമ്മിച്ച നവജാത ശിശുക്കളിലെ ശ്വാസകോശ രോഗത്തിനെതിരെ പ്രവർത്തിക്കുന്ന വാക്‌സിൻ, ഇബോള(Ebola), സീക്ക(Zica) എന്നിവയ്ക്കുള്ള വാക്‌സിനുകൾ ഇവക്കൊന്നും മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ വേണ്ടത്ര വിജയം നേടാനായില്ല. റെസ്‌വാക്സ് (ResVax), നാനോഫ്‌ളു (NanoFlu), എന്നിവ ഇപ്പോഴും വികസനത്തിന്റെ ഘട്ടത്തിലാണ്. മെർസ്, സാർസ്, വൈറസുകളിലും ഫലപ്രദമായ വാക്സിൻ വികസിപ്പിക്കുന്നതിൽ നോവൊവാക്സ് ശ്രമം നടത്തിയിട്ടുണ്ട്. മുൻ കൊറോണ വൈറസ് വാക്‌സിൻ പരീക്ഷണങ്ങളിൽ നേടിയ അനുഭവം കോവിഡ് പടർന്നുപിടിച്ചപ്പോൾ കമ്പനിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്നു വേണം കരുതാൻ. നോവൊവാക്സ് വികസിപ്പിച്ച കോവിഡ് വാക്സിൻ NVX-CoV2373 എന്ന പേരിലിപ്പോൾ അറിയപ്പെടുന്നു.

കോവിഡ് രോഗത്തിനു കാരണമായ സാർസ്-കോവ്-2 വൈറസിന്റെ  ജനിതക ശ്രേണിയിൽ നിന്ന് വികസിപ്പിച്ച പ്രോട്ടീൻ അനുബന്ധ വാക്‌സിനാണ് ഇത്. വാക്സിനിൽ അടങ്ങിയ ശുദ്ധീകരിച്ച പ്രോട്ടീൻ ആന്റീജൻ ആവർത്തനപ്പകർപ്പുകൾ സൃഷ്ടിക്കുകയോ കോവിഡ് രോഗത്തിന് കരണമാകുകയോ ചെയ്യില്ല; എന്നാൽ ആന്റിബോഡി ഉൽപാദനം ശക്തമായി നടക്കുകയും ചെയ്യും. മൂന്നാം ഘട്ടത്തിൽ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ പഠനം നടക്കുന്നു. ബ്രിട്ടനിൽ പഠനത്തിൽ പങ്കാളികളായവരിൽ 25% പേരും 65 വയസ്സിനുമേൽ പ്രായമുള്ളവർ ആയിരുന്നു എന്നത് പരീക്ഷണത്തിന് ശക്തിയേകുന്നു. അതുപോലെ ദക്ഷണാഫ്രിക്കയിലെ പങ്കാളികളിൽ 425 പേർ എച്ച് ഐ വി ബാധിതർ ആയിരുന്നു. അവരുടെ പഠന റിപ്പോർട്ട് പുറത്തുവന്നു കഴിഞ്ഞു. നിലവിലുള്ള വൈറസ് വാരിയൻറുകളുടെ മേൽ ഫലപ്രദമായ പ്രതിരോധം തീർക്കാൻ വാക്‌സിന് കഴിയുന്നുണ്ട്. അതായത് ഇപ്പോഴുള്ള ബ്രിട്ടീഷ് സ്‌ട്രെയിനിന് മേൽ 86% ഫലപ്രാപ്തിയാണ് നോവൊവാക്സ് പ്രതീക്ഷിക്കുന്നത്. എന്നാൽ പുതുതായി വ്യാപിക്കുന്ന ദക്ഷിണാഫ്രിക്കൻ വേരിയന്റിനു മേൽ 50% ഫലമേയുണ്ടാകൂ എന്നും പറയപ്പെടുന്നു.

ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച മറ്റൊരു വാക്സിൻ കൂടി രംഗത്തെത്തിയിട്ടുണ്ട്. വലിയ ആവേശത്തോടെയാണ് ഇതിനെ സ്വീകരിക്കാൻ ലോകം ഒരുങ്ങുന്നത്. ഓക്സ്ഫഡ് വാക്‌സിൻ, സ്പ്യൂട്നിക് 5 വാക്‌സിൻ  എന്നിവയോടു സമാനമായ ടെക്നോളജിയാണ് ജെൻസൺ കോവിഡ് വാക്‌സിനിൽ  ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഒരു ഡോസ് കുത്തിവെയ്‌പ്പിൽ ഇമ്മ്യൂണിറ്റി ഉണ്ടാകും എന്നതിനാൽ ലോകാരോഗ്യ സംഘടനയും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പാൻഡെമിക് സെറ്റിങ്ങിൽ ഒറ്റ ഇൻജക്ഷൻ മെച്ചപ്പെട്ട പ്രാപ്യത, ജനങ്ങളുടെ അംഗീകാരം, കൂടുതൽ സുഗമമായ വിതരണം, എന്നിവ ഉറപ്പാക്കും. അതിനാൽ അവികസിത രാജ്യങ്ങളിൽ ഈ വാക്‌സിൻ കൂടുതൽ അംഗീകരിക്കപ്പെടും എന്നും കരുതുന്നു.

മൂന്നാം ഘട്ട പഠനത്തിൽ 43000 ത്തിലധികം പേർ പങ്കാളികൾ ആയിരുന്നു. ദക്ഷിണാഫ്രിക്ക മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വേദിയായിരുന്നതിനാൽ B 1351 എന്ന വേരിയന്റിനെ ചെറുക്കാനും സാധിക്കുന്നു. വാക്‌സിൻ നൽകി 28 ദിവസമാകുമ്പോൾ അമേരിക്കയിൽ 72, ലാറ്റിൻ അമേരിക്കയിൽ 66, ദക്ഷിണാഫ്രിക്കയിൽ 57 ശതമാനം എന്നിങ്ങനെ രോഗപ്രതിരോധശേഷി ഉണ്ടായതായി കണക്കാക്കപ്പെടുന്നു. വാക്‌സിൻ നൽകി 48 ദിവസം കഴിയുമ്പോൾ രോഗപ്രതിരോധശേഷിയുടെ നില വർധിക്കുന്നതായി കാണുന്നുണ്ട്. ദീർഘകാലത്തെ രോഗപ്രതിരോധശേഷിയെ കുറിച്ചു ഇപ്പോൾ പറയാനാവില്ലെങ്കിലും പല വിദഗ്‌ധരും രണ്ടാമതൊരു ഡോസ് കൂടി ചെറുപ്പക്കാരിൽ വേണ്ടിവരും എന്നത് തള്ളിക്കളയുന്നില്ല. ഇതിനകം ജെൻസൺ വാക്‌സിൻ 90 കോടി ഡോസുകളുടെ വിപണി ഉറപ്പിച്ചുകഴിഞ്ഞു. അടുത്ത 40 കോടി ഡോസ് ചർച്ചയിൽ ആണ്. ഒറ്റ ഡോസ് എന്നത് മാത്രമല്ല, ഇപ്പോഴത്തെ ഡിമാൻഡിനു കാരണം. റഫ്രിജറേറ്ററിൽ സൂക്ഷിക്കാമെന്നതും ട്രാൻസ്‌പോർട് ചെയ്യാൻ എളുപ്പമാണെന്നതും മറ്റു കാരണങ്ങളാണ്. വളരെ കുറഞ്ഞ താപനിലയിൽ (-20ºC) ഈ വാക്‌സിൻ രണ്ടു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. രണ്ടു മുതൽ എട്ടു ഡിഗ്രി വരെ താപനിലയിൽ സൂക്ഷിച്ചാൽ ഏതാണ്ട് മൂന്നു മാസം വരെ വാക്സിൻ കേടില്ലാതെ ഉപയോഗിക്കാം. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം വാക്സിൻ എത്താൻ വൈകുമെന്ന് പറയപ്പെടുന്നു. അതായത്, ഏപ്രിൽ, മെയ് മാസങ്ങളിൽ വിപണിയിൽ പ്രതീക്ഷിച്ചാൽ മതി എന്നർത്ഥം.

കൂടുതൽ വാക്സിനുകൾ എത്തുന്നത് എല്ലാവരും സ്വാഗതം ചെയ്യുന്നു. എന്നാൽ മുന്നോട്ടു വരുന്ന വാക്‌സിനുകൾ B 1351 വേരിയൻറ്റിനെതിരെ താരതമ്യേന ദുർബലമാണെന്നത് ആശങ്കയ്ക്ക് കാരണമാണ്. വാക്‌സിനിൽ നിന്ന് രക്ഷ നേടാമെന്ന നിലയിൽ പുതിയ ജനിതക മാറ്റം ഉണ്ടാകുമോ എന്നത് വാക്‌സിൻ അന്വേഷണങ്ങളോടൊപ്പം ശ്രദ്ധിക്കേണ്ട കാര്യമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗണിതവും ജ്യോതിശ്ശാസ്ത്രവും പ്രാചീന ഇന്ത്യയിൽ
Next post പി. മഹേശ്വരി
Close