ഡോ. ജിനേഷ് പി.എസ്
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യഘട്ട ട്രയലുകളുടെ റിസൾട്ട് പ്രതീക്ഷ നൽകുന്നതാണ്.
1077 പേരിൽ നടത്തിയ ട്രയലുകളെ സംബന്ധിച്ച ലേഖനം ലാൻസെറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ജനറ്റിക് എഞ്ചിനീയറിംഗിലൂടെ നിർമ്മിച്ച വാക്സിൻ ആണ് ഇത്. ചിമ്പാൻസിയിൽ ജലദോഷത്തിന് കാരണമാകുന്ന വൈറസിൽ ജനറ്റിക് എഞ്ചിനീയറിംഗിലൂടെ വ്യത്യാസം വരുത്തി നിർമ്മിച്ചതാണ് വാക്സിൻ. ഈ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആദ്യഘട്ട ട്രയൽ റിസൾട്ട് കാണിക്കുന്നത്. ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ വാക്സിൻ സ്വീകരിച്ച 70% ആൾക്കാരിലും നേരിയ തോതിൽ പനിയോ തലവേദനയോ വന്നിരുന്നു. പാരസെറ്റമോൾ ഉപയോഗിച്ച് മാനേജ് ചെയ്യാൻ സാധിക്കുന്ന പ്രശ്നമേയുള്ളൂ എന്ന് വിലയിരുത്തുന്നു.
കോവിഡ് വൈറസിനെതിരെ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നതിലും സെല്ലുലാർ ഇമ്യൂണിറ്റിക്ക് കാരണക്കാരായ കില്ലർ ടി കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നതിലും വിജയം കണ്ടിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവർക്ക് 28 ദിവസത്തിനുള്ളിൽ ആൻറിബോഡി ടൈറ്റർ പീക്കിലെത്തി, 14 ദിവസത്തിനുള്ളിൽ ടി സെൽ ലെവൽ ഉച്ചസ്ഥായിയിൽ എത്തി. 90% പേരിലും ഒറ്റ ഡോസ് വാക്സിൻ കൊണ്ട് തന്നെ ആവശ്യമായ ആൻറിബോഡി ലെവൽ ഡെവലപ്പ് ചെയ്തു. മറ്റുള്ളവരിൽ രണ്ട് ഡോസ് വാക്സിൻ കൊണ്ട് ആവശ്യമായ ലെവൽ എത്തി.
ആസ്ട്ര സെനക്ക എന്ന ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയുമായി സഹകരിച്ചാണ് ഗവേഷണം നടന്നത്. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ആസ്ട്രാ – സെനേഷ്യയും തമ്മിൽ സഹകരണം ഉണ്ട്. അടുത്തഘട്ടത്തിൽ പതിനായിരം പേരിൽ ട്രയൽ നടക്കും. യുഎസ്, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും ഭാവിയിൽ ട്രയൽ ഉണ്ടാവും. അവിടെ മാത്രമല്ല ഇന്ത്യയിലും ഹ്യൂമൻ ട്രയൽ ആരംഭിക്കും. അടുത്തമാസം ആരംഭിക്കും എന്ന് കരുതുന്നു.
അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മറ്റ് കോവിഡ് വാക്സിൻ ഹ്യൂമൻ ട്രയലുകളുടെ ഫലവും പ്രതീക്ഷ നൽകുന്നതാണ് എന്നാണ് വാർത്തകൾ. കോവിഡിന് മുൻപ് നിർമ്മിച്ച വാക്സിനുകളും ആയി താരതമ്യം ചെയ്താൽ ഇതാദ്യമായാണ് ഒരു വാക്സിൻ നിർമാണത്തിൽ വെറും 42 ദിവസം കൊണ്ട് പ്രാഥമിക ഗവേഷണങ്ങൾ നടത്തി ഹ്യൂമൻ ട്രയലിൽ എത്തുന്നത്. ഇത്ര വേഗത്തിൽ ട്രയലുകൾ നടക്കുന്നതും ആദ്യമായാണ്. എന്തായാലും നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. അധികം വൈകാതെ വാക്സിൻ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. തോൽക്കാതിരിക്കാൻ സയൻസ് കൂട്ടിനുണ്ടാവും.