Read Time:13 Minute

ഡോ. പ്രസാദ് അലക്സ്

പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ വിജയകരമായി (താൽക്കാലികമായിയിട്ടാണെങ്കിലും) ഘടിപ്പിക്കുകയും ശേഷം അത് പ്രവർത്തിക്കുകയും ചെയ്യുന്നത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു, മൃഗങ്ങളുടെ അവയവങ്ങൾ ജീവൻ രക്ഷിക്കുവാനുള്ള ട്രാൻസ്‌പ്ലാന്റുകൾക്കായി ഉപയോഗിക്കാൻ ലക്ഷ്യമിട്ട് ദശാബ്ദങ്ങൾ നീണ്ട അന്വേഷണത്തിന്റെ സുപ്രധാന നാഴികക്കല്ലാണ് ന്യൂയോർക്കിലെ എൻ.വൈ.യു ലാംഗോൺ ഹെൽത്തിലെ (NYU Langone Health,  New York University) ശാസ്ത്രജ്ഞർ 2021 സെപ്റ്റംബറിൽ പിന്നിട്ടത്.

അവയവമാറ്റ ശസ്ത്രക്രിയകൾക്കായി ദാതാക്കളുടെ കുറവും മറ്റു ബുദ്ധിമുട്ടുകളും നൈതികമായ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പുതിയ ഗവേഷണ ശ്രദ്ധാകേന്ദ്രമാണ് പന്നികൾ. പക്ഷേ തടസ്സങ്ങൾ നിരവധിയാണ്. മനുഷ്യ ശരീരത്തിന് അന്യമായ, എന്നാൽ പന്നികോശങ്ങളിൽ കാണപ്പെടുന്ന പഞ്ചസാര തന്മാത്രകൾ ഉടനടി അവയവ നിരസനത്തിന് കാരണമാകുന്നു. ഈ പരീക്ഷണത്തിനായുള്ള വൃക്ക സ്വീകരിച്ചത് ജീൻ എഡിറ്റ് ചെയ്ത, അതായത് ജനിതക വ്യതിയാനം വരുത്തിയ, മൃഗത്തിൽ നിന്നാണ്. അത്തരം പഞ്ചസാര തന്മാത്രകൾ ഇല്ലാതാക്കാനും മാറ്റി സ്ഥാപിച്ച അവയവത്തിനെതിരെ മനുഷ്യരോഗപ്രതിരോധവ്യവസ്ഥയുടെ ആക്രമണം ഒഴിവാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ശസ്ത്രക്രിയ ചെയ്ത വിദഗ്ദ്ധർ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം (brain death) സംഭവിച്ച സ്വീകർത്താവിന്റെ ഒരു ജോഡി വലിയ രക്തക്കുഴലുകളിൽ, ശരീരത്തിന് പുറത്ത്, ഘടിപ്പിച്ച ശേഷം രണ്ട് ദിവസം നിരീക്ഷിക്കുകയാണ് ചെയ്തത്. വൃക്ക അതിന്റെ ധർമ്മം അനുഷ്ഠിച്ചു. മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുകയും മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്തു. അവയവ നിരാസത്തിന് പ്രേരണ ഉണ്ടായില്ല. “അത് വളരെ കൃത്യമായി പ്രവർത്തിച്ചു. ഞങ്ങൾ ആശങ്കപ്പെടുന്ന പെട്ടെന്നുള്ള നിരസിക്കൽ ഇതിന് ഉണ്ടായില്ല.” എൻ.വൈ.യു ലാംഗോൺ ഹെൽത്തിലെ ലാംഗോൺ ഹെൽത്തിൽ ശസ്ത്രക്രിയാ സംഘത്തെ നയിച്ച ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു.

ഡോ. റോബർട്ട് മോണ്ട്ഗോമറി കടപ്പാട്: nyulangone.org

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അവയവ മാറ്റിവയ്ക്കൽ അതായത് സെനോട്രാൻസ്‌പ്ലാന്റഷൻ (xenotransplantation) എന്ന സ്വപ്നം 17-ആം നൂറ്റാണ്ടിൽ ആരംഭിച്ചതാണെന്ന് പറയാം. രക്തപ്പകർച്ചയ്ക്ക് മൃഗങ്ങളുടെ രക്തം ഉപയോഗിക്കാനുള്ള  ശ്രമങ്ങളിലൂടെയായിരുന്നു തുടക്കം. ഇരുപതാം നൂറ്റാണ്ടോടെ, ശസ്ത്രക്രിയാ വിദഗ്ധർ ബബൂണുകളിൽ നിന്ന് അവയവങ്ങൾ മനുഷ്യരിലേക്ക് പറിച്ചുനടാൻ ശ്രമിച്ചു. ഈ ശ്രമത്തിൽ മരണാസന്നനായ ഒരു മനുഷ്യശിശു ബാബൂൺ ഹൃദയത്തോടെ 21 ദിവസം ജീവിച്ചു. ഇതാണ് ഒരു മൃഗത്തിന്റെ അവയവത്തോട് കൂടി ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ സമയം ജീവിച്ചിരുന്ന ഉദാഹരണം. ഏതാനും ദിവസങ്ങൾ മാത്രം ജീവിച്ചിരുന്ന മറ്റു ചില ഉദാഹരണങ്ങളുണ്ട്.

സർജനായ ലിയോനാർഡ് ബെയ്‌ലിയും ഇമ്മ്യൂണോളജിസ്റ്റ് സാന്ദ്ര നെൽസെൻ-കന്നറെല്ലയും ബേബി ഫേയ്‌ക്കൊപ്പം (ബാബൂൺ ഹൃദയം സ്വീകരിച്ച കുട്ടി) കടപ്പാട്: news.llu.edu

ആൾക്കുരങ്ങുകളിൽ നിന്നുള്ള അവയവമാറ്റം അഭിലഷണീയമായ, നീണ്ടുനിൽക്കുന്ന വിജയങ്ങൾ ഒന്നും നൽകിയില്ല. പൊതുസമൂഹത്തിൽ നിന്ന്എതിർപ്പുകളും ഉണ്ടായി. അതുകൊണ്ടൊക്കെ ശാസ്ത്രജ്ഞർ പ്രൈമേറ്റുകളിൽ നിന്ന് പന്നികളിലേക്ക് തിരിഞ്ഞു, സ്പീഷീസുകൾ തമ്മിൽ ഉള്ള ജനിതക വിടവ് നികത്താൻ അവയുടെ ജീനുകളിൽ വ്യത്യാസം വരുത്തുന്ന രീതി അവലംബിച്ചു.

ആൾക്കുരങ്ങുകളെയും കുരങ്ങുകളെയും അപേക്ഷിച്ച് പന്നികളെ ഉപയോഗിക്കുമ്പോൾ ചില മേന്മകൾ ഉണ്ട്. മനുഷ്യർ ഭക്ഷണാവശ്യത്തിനായി ഉൽപ്പാദിപ്പിക്കുന്നവയാണ് പന്നികൾ. അതിനാൽ അവയവങ്ങൾക്ക് വേണ്ടി അവയെ ഉപയോഗിക്കുന്നത് നൈതിക ആശങ്കകൾ കാര്യമായി ഉയർത്തുന്നില്ല. പന്നികൾക്ക്, ഹ്രസ്വ ഗർഭകാലമാണ്, ഒറ്റപ്രസവത്തിൽ ധാരാളം കുഞ്ഞുങ്ങൾ ഉണ്ടാകുന്നു. തന്നെയുമല്ല പന്നികളുടെ അവയവങ്ങൾ വലിപ്പത്തിൽ മനുഷ്യരുടേതുമായി താരതമ്യപ്പെടുത്താവുന്നതാണ്.

മനുഷ്യരിൽ പതിറ്റാണ്ടുകളായി പന്നിയിൽ നിന്നുള്ള ഹൃദയവാൽവുകൾ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. രക്തം കട്ട പിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന മരുന്നായ ഹെപ്പാരിൻ പന്നിയുടെ കുടലിൽ നിന്ന്വേർതിരിച്ചെടുക്കുന്ന രീതിയുണ്ട്. പന്നിയുടെ തൊലി സ്കിൻ ഗ്രാഫ്റ്റ് ആയി പൊള്ളലിൽ ഉപയോഗിക്കാറുണ്ട്. ചൈനീസ് ശസ്ത്രക്രിയാവിദഗ്ദ്ധർ കാഴ്ച പുനസ്ഥാപിക്കാൻ പന്നി കോർണിയ ഉപയോഗിച്ചിട്ടുണ്ട്.

എൻ‌വൈ‌യു കേസിൽ, പരീക്ഷണത്തിന് കുടുംബം സമ്മതിച്ചതിനെ തുടർന്ന് ഗവേഷകർ മരിച്ച ഒരു സ്ത്രീയുടെ ശരീരം വെന്റിലേറ്ററിൽ നിലനിർത്തി. അതായത് മസ്തിഷ്ക മരണത്തിന് ശേഷവും ശാരീരിക പ്രക്രിയകൾ കൃത്രിമമായി തുടർന്നു. അന്തരിച്ച സ്ത്രീ, തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അവ സാധാരണ അവയവദാനത്തിന് അനുയോജ്യമായിരുന്നില്ല.

ഇത്തരമൊരു തീരുമാനത്തിൽ നിന്ന് മനുഷ്യരാശിക്ക് എന്തെങ്കിലും നല്ലത് വരാൻ സാധ്യതയുണ്ടെന്ന് കുടുംബം കരുതിയിട്ടുണ്ടാവും എന്ന്, മോണ്ട്ഗോമെറി പറഞ്ഞു. ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയ മോണ്ട്ഗോമറി മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു അവയവ മാറ്റം ലഭിച്ച ആളാണ്. ഹെപ്പറ്റൈറ്റിസ് സി ബാധിതനായ ഒരു ദാതാവിൽ നിന്ന് മരണശേഷം ഹൃദയം അദ്ദേഹത്തിന് മാറ്റിവച്ചു നൽകി. അന്തരിച്ച വ്യക്തി ഉപയോഗയോഗ്യമായ അവയവം ദാനം ചെയ്യാൻ സമ്മതം നൽകിയിരുന്നു. അന്ന് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നില്ലായിരുന്നുവെങ്കിൽ ഈ പരീക്ഷണത്തിന് നേതൃത്വം നൽകാൻ മോണ്ട്ഗോമറി ഒരുപക്ഷേ ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല . “ഒരു അവയവം കൃത്യസമയത്ത് വരുമോ എന്ന് അറിയാതെ ഐസിയുവിൽ കാത്തിരിക്കുന്ന ആളുകളിൽ ഒരാളായിരുന്നു ഞാൻ,” അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് സിറ്റിയിലെ എൻ.വൈ.യു ലാങ്കോൺ ഹെൽത്തിലെ ശസ്ത്രക്രിയാ സംഘം ഒരു പന്നിയുടെ കിഡ്‌നി മനുഷ്യനിലേക്ക് ആദ്യമായി ഘടിപ്പിക്കുന്നു. കടപ്പാട്: sciencenews.org

പന്നികളിൽ നിന്ന് ട്രാൻസ്പ്ലാന്റ് ചെയ്യാൻ അനുയോജ്യമായ അവയവങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് നിരവധി ബയോടെക് കമ്പനികൾ. യു എസിൽ 90,000 ത്തിലധികം ആളുകൾ വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയിൽ രണ്ടുലക്ഷത്തിലധികം രോഗികൾ അവയവദാനം കാത്തിരിക്കുന്നു. ദാതാക്കളുടെ എണ്ണം പതിനയ്യായിരം മാത്രം. ഇത്തരത്തിലുള്ള വലിയ കുറവ് പന്നികളിൽ നിന്നുള്ള അവയവങ്ങൾ കൊണ്ട് മറികടക്കാമെന്നാണ് കരുതുന്നത്.

ഇപ്പോഴത്തെ മുന്നേറ്റം യഥാർത്ഥത്തിൽ യുണൈറ്റഡ് തെറാപ്യൂട്ടിക്സിന്റെ (United Therapeutics) അനുബന്ധ കമ്പനിയായ റിവൈവികറിന്റെ (Revivicor) വിജയമാണ്. പരീക്ഷണത്തിനായി പന്നികളെ രൂപകൽപ്പന ചെയ്ത് വളർത്തിയെടുത്തത് അവരാണ്. കർശനമായ നിയന്ത്രിതാവസ്ഥയിൽ നൂറോളം വരുന്ന ഒരു കൂട്ടത്തെയാണ് വളർത്തിയിരുന്നത്. അവയിലൊന്നിനെയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.

മനുഷ്യന്റെ രോഗപ്രതിരോധവ്യവസ്ഥയിൽ നിന്ന് ഉടനടി ആക്രമണമുണ്ടാകാൻ കാരണമാകുന്ന പഞ്ചസാര തന്മാത്രയായ ആൽഫ-ഗാൽ (alpha-gal or alpha-galactose) ഉത്പാദിപ്പിക്കുന്ന ജീൻ അവയ്ക്ക് ഉണ്ടായിരുന്നില്ല. ഭ്രൂണാവസ്ഥയിൽ തന്നെ പ്രസ്തുത ജീൻ ഒഴിവാക്കപ്പെട്ടിരുന്നു. ഇതു മാത്രമല്ല, മറ്റുപല ജീൻ എഡിറ്റിങ്ങും അവയിൽ വരുത്തിയിട്ടുണ്ടായിരുന്നു. 2020 ഡിസംബറിൽ, യു എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) റിവൈവികർ പന്നികളിലെ ജീൻ മാറ്റം മനുഷ്യ ഭക്ഷ്യ ഉപഭോഗത്തിനും മരുന്നിനും സുരക്ഷിതമാണെന്ന് അംഗീകരിച്ചിരുന്നു. പക്ഷേ, പന്നിയുടെ അവയവങ്ങൾ ജീവിച്ചിരിക്കുന്ന മനുഷ്യരിലേക്ക് മാറ്റി വയ്ക്കുന്നതിന് മുമ്പ് ഡെവലപ്പർമാർ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ടെന്ന് എഫ്.ഡി.എ പറഞ്ഞു.

വിദഗ്ദ്ധർ പറയുന്നത് മനുഷ്യേതര പ്രൈമേറ്റുകളിൽ നടത്തിയിട്ടുള്ള വിജയകരമായ മുൻപരീക്ഷണങ്ങളും ഇപ്പോഴത്തെ മനുഷ്യശരീരവുമായുള്ള പരീക്ഷണവും അടുത്ത ചില വർഷങ്ങൾക്കുള്ളിൽ തന്നെ ജീവിച്ചിരിക്കുന്ന മനുഷ്യരിലേക്ക് ആദ്യത്തെ പരീക്ഷണ പന്നി വൃക്ക അല്ലെങ്കിൽ ഹൃദയം മാറ്റിവയ്ക്കലിന് വഴിയൊരുക്കുന്നു എന്നാണ്.

അവയവദാതാക്കളായി പന്നികളെ വളർത്തുന്നത് നൈതികമായി തെറ്റാണെന്ന് കരുതുന്നവർ ഉണ്ട്. പക്ഷേ മൃഗങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനായാൽ അത് കൂടുതൽ സ്വീകാര്യമായിത്തീരുമെന്ന് ശാസ്ത്രജ്ഞർ പൊതുവേ കരുതുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഗ്രാന്റിന് കീഴിലുള്ള ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള ധാർമ്മികതയും നയ ശുപാർശകളും വികസിപ്പിക്കാൻ സഹായിക്കുന്ന ഹേസ്റ്റിംഗ്സ് സെന്ററിലെ ഗവേഷകനായ കാരെൻ മാഷ്കെ അഭിപ്രായപ്പെടുന്ന പ്രകാരം ‘ചെയ്യാൻ കഴിയുമെങ്കിലും ചെയ്യണമോ’ എന്ന ധാർമിക പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നു തന്നെയാണ്.


Reuters അവതരിപ്പിച്ച വീഡിയോ കാണാം

അവലംബം

  1. A pig kidney has been successfully transplanted into a human for the first time. The Economist., Science &Technology
    https://www.economist.com/science-and-technology/2021/10/20/a-pig-kidney-has-been-successfully-transplanted-into-a-human-for-the-first-time
  1. U.S. surgeons successfully test pig kidney transplant in human patient, Nancy Lapid, Reuters, Healthcare & Pharmaceuticals
    https://www.reuters.com/business/healthcare-pharmaceuticals/us-surgeons-successfully-test-pig-kidney-transplant-human-patient-2021-10-19/
  2. Pig kidney xenotransplantation: Progress toward clinical trials, Cooper DKC, Hara H, Iwase H, Yamamoto T, Wang ZY, Jagdale A, Bikhet MH, Nguyen HQ, Foote JB, Paris WD, Ayares D, Kumar V, Anderson DJ, Locke JE, Eckhoff DE. ClinTransplant. 2021 Jan;35(1):e14139.

അധിക വായനയ്ക്ക്

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം?
Next post വെള്ള്യാം കല്ലിനോടു വിട – തക്കുടു 15
Close