Read Time:21 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ആഗോള രാഷ്ടീയ മാനങ്ങളുള്ള ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയുണ്ടായി. മുഖ്യമന്ത്രി പറഞ്ഞു “കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ വികസിപ്പിച്ചെടുക്കാൻ കുത്തക കമ്പനികൾ ശ്രമിച്ചുവരികയാണ്. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഉല്പന്നങ്ങൾ പേറ്റന്റ് ചെയ്ത് സാധാരണക്കാർക്ക് താങ്ങാനാവാത്ത വൻ വിലയ്ക്കായിരിക്കും മാർക്കറ്റ് ചെയ്യുക. ഇതിനു ബദലായി പരസ്പര സഹകരണത്തിന്റെയും പങ്കിടീലിന്റെയും അടിസ്ഥാനത്തിൽ ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നുണ്ട്. ഈ പ്രസ്ഥാനത്തോട് കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. “ കോവിഡിനെ നിയന്ത്രിക്കുന്നതിൽ വിസ്മയകരമായ വിജയം കൈവരിച്ചതിനാൽ ലോകശ്രദ്ധ ആകർഷിച്ച് വരികയാണ് കേരളം. അതോടൊപ്പം കോവിഡിനെതിരെയുള്ള അതിജീവനത്തിനായി മുതലാളിത്തേതര ബദലുകൾ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ആഗോള പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തിപകരുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സാർവദേശീയ ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞിരിക്കയാണ്.

പേറ്റന്റ് വ്യവസ്ഥ

ഔഷധ ഗവേഷണമേഖലയിൽ ബഹുരാഷ്ട്ര മരുന്നു കമ്പനികളാണ് മേധാവിത്വം വഹിക്കുന്നത്. ഇവർ വികസിപ്പിച്ചെടുക്കുന്ന മരുന്നുകളും വാക്സിനുകളും മറ്റും പേറ്റന്റ് വ്യവസ്ഥക്ക് വിധേയമായിരിക്കും പേറ്റന്റ് കാലാവധിയായ 20 വർഷക്കാലത്തേക്ക് ഉല്പന്നങ്ങളുടെ വിപണനാധികാരം കുത്തകകമ്പനികൾക്കായിരിക്കും. മരുന്നുകൾക്ക് തന്നിഷ്ടപ്രകാരം വിലനിശ്ചയിക്കാനും ഇഷ്ടമുള്ള രാജ്യങ്ങളിൽ മാർക്കറ്റ് ചെയ്യാനും കമ്പനികൾക്കവകാശം ലഭിക്കും. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമപ്രകാരം മറ്റൊരു ഉല്പാദന രീതിയിലൂടെ പേറ്റന്റ് മരുന്നുകൾക്ക് പകരമായി കുറഞ്ഞ വിലക്കുള്ള ജനറിക്ക് മരുന്നുകൾ നിർമ്മിക്കാൻ നമുക്ക് കഴിയുമായിരുന്നു. എന്നാൽ 2005 ൽ പേറ്റന്റ് നിയമം ട്രിപ്സ് വ്യവസ്ഥയനുസരിച്ച് മാറ്റിയതോടെ ഉൽപ്പന്ന പേറ്റന്റ് വ്യവസ്ഥ നിലവിൽ വന്നു. ഇതോടെ കുറഞ്ഞവിലക്കുള്ള ജനറിക്ക് മരുന്നുകൾ ഉല്പാദിപ്പിക്കാനുള്ള അവകാശം ഇല്ലാതായി. . അതോടെ ലോകമെമ്പാടും ഔഷധവില കുതിച്ചുയർന്ന് വരികയാണ്.
മരുന്നുകൾ മാത്രമല്ല മെഡിക്കൽ ഉപകരണങ്ങളും ജൈവസാങ്കേതിക വിദ്യയുമെല്ലാം പേറ്റന്റ് ചെയ്യപ്പെടുന്നത് മൂലം ഇവയുടെ പ്രയോജനം പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലെ സാ‍ധാരണക്കാർക്ക് ലഭ്യമല്ലാതാവുന്നു. കോവിഡ് രോഗനിർണ്ണയത്തിനും മറ്റ് നിരവധി ഗവേഷണങ്ങൾക്കും പ്രയോജനപ്പെടുത്തുന്ന പി സി ആർ സാങ്കേതിക വിദ്യ അമേരിക്കൻ ശാസ്ത്രജ്ഞൻ നോബൽ സമ്മാന ജേതാവ് കാരി മുള്ളീസും സഹപ്രവർത്തകരും ചേർന്നാണ് വികസിപ്പിച്ചെടുത്തതെങ്കിലും ഗവേഷണത്തിന് സാമ്പത്തിക സഹായം ചെയ്തതിന്റെ പേരിൽ സീറ്റസ് കോർപ്പറേഷൻ എന്ന ബഹുരാഷ്ട്ര കമ്പനിയാണ് അതിന്റെ പേറ്റന്റ് എടുത്തത്. ഇപ്പോൾ പേറ്റന്റ് കാലവധി കഴിഞ്ഞത് കൊണ്ട് മാത്രമാണ് മറ്റ് നിരവധി കമ്പനികൾക്ക് പി സി ആർ ഉപകരണം നിർമ്മിക്കാൻ കഴിയുന്നതും കുറഞ്ഞ വിലക്ക് മാർക്കറ്റ് ചെയ്യാൻ കഴിയുന്നതും. രോഗാണുക്കളുടെ ജനിതക ഘടന കണ്ടെത്തി പല കമ്പനികളും പേറ്റന്റ് ചെയ്യുന്നുണ്ട്. രോഗാണുക്കൾക്കെതിരെ ആന്റിബയോട്ടിക്ക് കണ്ടെത്താൻ ജനിതക ഘടനയെ സംബന്ധിച്ച വിവരങ്ങൾ ആവശ്യമാണ്. വൻ തുക റോയൽറ്റിയായി നൽകിയാൽ മാത്രമേ പേറ്റന്റെടുത്ത കമ്പനികൾ ജനിതക ഘടനാ വിവരങ്ങൾ നൽകുകയുള്ളു. ഇതിന്റെ ഫലമായി ആന്റിബയോട്ടിക്കുകളുടെ വില വർധിക്കുന്നു.
ആരോഗ്യ ഉൽ‌പ്പന്നങ്ങളുടെ വില വർധിക്കുന്നത് മാത്രമല്ല പേറ്റന്റ് വ്യവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധി. വികസ്വരരാജ്യങ്ങളീലെയും വികസിത രാജ്യങ്ങളിലെ സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയുലുള്ളവരെയും ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമാ‍യ മരുന്നുകളും സാങ്കേതിക വിദ്യകളും ഗവേഷണം ചെയ്തു കണ്ടെത്താനുള്ള ഫണ്ട് ലഭ്യമാക്കാനും ബഹുരാഷ്ട്ര കുത്തകൾ തയ്യാറല്ല. ഇങ്ങനെ നിരവധി രോഗങ്ങൾ അവഗണിക്കപ്പെട്ട് വരികയാണ്. പേറ്റന്റുകളും തുടർന്നുണ്ടാവുന്ന കുത്തകവൽക്കരണവും ആരോഗ്യ മേഖലയിൽ ഇങ്ങിനെ വലിയ പ്രതിസന്ധി സൃഷ്ടിച്ച് വരികയാണ്.

സ്വതന്ത്ര സോഫ് റ്റ് വെയർ തത്വശാസ്ത്രം

ഈ സാഹചര്യത്തിലാണ് സ്വതന്ത്ര സോഫ് റ്റ് വെയർ തത്വശാസ്ത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ട് ആ‍രോഗ്യ ഗവേഷണ മേഖലയിൽ പുതിയ ജനകീയ ഗവേഷണ സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. സ്വകാര്യ പകർപ്പവകാശ നിയമത്തിനു പകരമായി ജനറൽ പബ്ലിക്ക് ലൈസൻസ് ( General Public License) എന്ന പേരിൽ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ കമ്പ്യൂട്ടർ വിദഗഗ്ധനായിരുന്ന റിച്ചാർഡ് മാത്യു സ്റ്റോൾമാനാണ് പുതിയ ജനകീയ പകർപ്പവകാശനിയമം കരുപ്പിടിപ്പിച്ചത്.
സ്വകാര്യ സോഫ്റ്റ് വെയറുകൾ മറ്റുള്ളവരുമായി പങ്കിടാൻ ഉപഭോക്താവിന് അവകാശമില്ല. സോഫ്റ്റ് വെയറിന്റെ നിർമ്മാണ രേഖ (Source Code) നൽകാത്തതുമൂലം സോഫ് റ്റ് വെയറിൽ മാറ്റം വരുത്താനും കഴിയില്ല. എന്നാൽ ജനറൽ പബ്ലിക്ക് ലൈസൻസ് അംഗീകരിക്കുന്ന സോഫ് റ്റ് വെയറുകളുടെ നിർമ്മാണരേഖ ഉപഭോക്താവിന് ലഭ്യമാക്കുന്നുവെന്ന് മാത്രമല്ല സോഫ്റ്റ് വെയർ പകർത്താനും മറ്റുള്ളവരുമായി പങ്കുവക്കാനും അവകാശം ലഭിക്കയും ചെയ്യുന്നു. സ്വാതന്ത്യം,സഹകരണം, പങ്കീടിൽ (Freedom, Cooperation and Sharing) എന്നീ അടിസ്ഥാന പ്രമാണങ്ങളാണ് സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രം മുന്നോട്ട് വക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിയമവകുപ്പ് മേധാവി ലോറൻസ് ലെസ്സിഗ് ക്രിയേറ്റീവ് കോമൺസ് എന്നപേരിൽ പുതിയ പകർപ്പവകാശ നിയമങ്ങൾ ആവിഷ്കരിച്ചു. സർഗ്ഗാത്മക കൃതികളും ശാസ്ത്ര വിവരങ്ങളും സൃഷ്ടാവിന്റെ പങ്ക് അംഗീകരിച്ചുകൊണ്ടും സൃഷ്ടാവാരാണെന്ന് വെളിപ്പെടുത്തികൊണ്ടും (Attribution) താത്പര്യമുള്ള ആർക്കും ലാഭേശ്ചകൂടാതെ പ്രചരിപ്പിക്കാൻ അവസരം നൽകുകക എന്നതാണ് ക്രിയേറ്റീവ് കോമൺസ് പകർപ്പവകാശ നിയമങ്ങളിലൂടെ പ്രധാനമായൂം ലക്ഷ്യമിടുന്നത്. ജനറൽ പബ്ലിക്ക് ലൈസൻസ്, ക്രിയേറ്റീവ് കോമൺസ് എന്നീ തത്വങ്ങൾപിന്തുടരുന്ന സോഫ്റ്റ് വെയറുകളെ ഓപ്പൺ സോഴ് സ് സോഫ്റ്റ് വെയറുകൾ (Open Source Software) എന്നും വിളിക്കാറുണ്ട്.

ഓപ്പൺ സോർസ് ഡ്രഗ് ഡിസ്കവറി

ആരോഗ്യ മേഖലയിലെ ഗവേഷണങ്ങൾക്കും ഉല്പന്ന വികസനത്തിനുമായി ഓപ്പൺ സോഴ് സ് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപെട്ട ഓപ്പൺ സോർസ് ഡ്രഗ് ഡിസ്കവറി (Open Source Drug Discovery: ഒ.എസ്.ഡി.ഡി) സംരംഭങ്ങൾ പല രാജ്യങ്ങളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഔഷധഗവേഷണത്തിൽ താത്പര്യമുള്ള ആർക്കും സംഭാവന ചെയ്യാൻ കഴിയുന്ന രീതിയിൽ സഹകരണത്തിന്റേയും സാമൂഹ്യ പങ്കാളിത്തത്തിന്റേയും അടിസ്ഥാനത്തിലും സുതാര്യവുമായാണ് ഒ എസ് ഡി ഡി പ്രവർത്തിക്കുന്നത്. വൻകിട മരുന്നു കമ്പനികൾക്ക് താത്പര്യമില്ലാത്ത അവഗണിക്കപ്പെട്ടുവരുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തുന്നതിനു വേണ്ടിയിട്ടാണ് ഒ എസ് ഡി ഡിയിലൂടെ ഗവേഷണങ്ങൾ നടന്നുവരുന്നത്.
ഇന്ത്യയിൽ ക്ഷയരോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കാനായി സി എസ് ഐ ആറിന്റെ (കൌൺസിൽ ഓഫ് സയന്റിഫിക്ക് ആന്റ് ഇൻഡസ്ത്രിയൽ റിസർച്ച്) കീഴിൽ ഇന്ത്യയിലും ഒ എസ് ഡി ഡി പദ്ധതിക്ക് യുപി എ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ചിരുന്നു. കേരളത്തിലെ സർവകലാശാല ഡിപ്പാർട്ട്മെന്റുകളും മറ്റും ഇതിനോട് സഹകരിച്ചിരുന്നു. എന്നാൽ എൻ ഡി എ സർക്കാർ ഈ പദ്ധതിക്കുള്ള സമ്പത്തിക സഹായം പിൻവലിക്കയാണുണ്ടായത്.

ജനകീയ ഗവേഷണ സംരംഭങ്ങളിലേക്ക്

മറ്റ് നിരവധി രാജ്യങ്ങളിലും ഒ എസ് ഡി ഡി മാതൃകയിലുള്ള ഔഷധഗവേഷണ സംരംഭങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ജൈവ രാസഔഷധ ഗവേഷണങ്ങൾക്കാവശ്യമായ വിവരങ്ങൾ വെബ് അധിഷ്ടിതമായി പൊതുഗവേഷണസ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിന് കാലിഫോർണിയയിൽ കൊളാബറേറ്റീവ് ഡ്രഗ് ഡിസ്കവറി (Collaborative Drug Discovery) എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. ആസ്ത്രേലിയയിലെ സന്നദ്ധ സംഘടനയായ കാംബിയ (Cambia) ബൌദ്ധികസ്വത്തവകാശനിയമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവേഷണത്തിൽ താത്പര്യമുള്ള ഗവേഷകർക്കും സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനായി പേറ്റന്റ് ലെൻസ് ഇനിഷേറ്റീവ് ഫോർ ഓപ്പൺ ഇന്നൊവേഷൻ (Patent Lens Initiative For Open Innovation) എന്ന പ്രൊജക്ടിന് തുടക്കം കുറിച്ചിട്ടുണ്ട്.
ഉഷ്ണമേഖല രാജ്യങ്ങളിൽ കാണപ്പെടുന്ന രോഗങ്ങൾക്കാവശ്യമായ ഔഷധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള അടിസ്ഥാന ജനിതക വിവരങ്ങളുടെ ശേഖരണത്തിനായി ലോകാരോഗ്യസംഘടനയും യൂനിസെഫും സംയുക്തമായി ആരംഭിച്ചിട്ടുള്ള പ്രോജക്ടാണ് ടിഡിആർ ടാർജെറ്റ് (TDR Targets). ആപ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ചാഗാസ് രോഗത്തിനുള്ള ഔഷധം കണ്ടെത്തുന്നതിന് സഹായകരങ്ങളായ ജനിതകഘടകങ്ങൾ (Drug Targets) ഈ പ്രോജക്റ്റിന്റെ ഭാഗമായി നിർണ്ണയിച്ചു കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടനിലെ ഓക്സ്ഫോർഡ്, കാനഡയിലെ ടൊറാന്റോ, സ്വിറ്റ്സർലണ്ടിലെ കരോലിൻസ്കാ തുടങ്ങിയ സർവ്വകലാശാലകൾ സംയുക്തമായി ആരംഭിച്ചിട്ടുള്ള സ്റ്റക്ചറൽ ജീനോമിക്സ് കൺസോർഷ്യം (Structural Genomics Consortium) ജൈവാഔഷധ പ്രാധാന്യമുള്ള മാംസ്യതന്മാത്രകളുടെ ത്രിമാന ഘടന വിശകലനം ചെയ്ത് പൊതു വെബ്സൈറ്റിലൂടെ നൽകുന്നതിനുള്ള പ്രോജക്ടാണ്.

ഓപ്പൺ സോഴ് സ് കോവിഡ് പ്രസ്ഥാനം

കോവിഡിന്റെ വ്യാപനത്തോടെ ഓപ്പൺ സോഴ് സ് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും പദ്ധതികളും ശക്തിപ്രാപിച്ച് വരികയാണ്. മലയാളി ശാസ്ത്രജ്ഞന്മാരടക്കം പ്രവർത്തിക്കുന്ന ഓപ്പൺ സോഴ് സ് ഫാർമാ ഫൌണ്ടേഷൻ (Open Source Pharma Foundation) ഇതിന് നേതൃത്വം നൽകുന്നുണ്ട്. കമ്പോളാടിസ്ഥാനത്തിലുള്ള സ്ഥിരം വിപണി മാതൃകയിൽ കോവിഡ് നിയന്ത്രണത്തിനാവശ്യമായ ആരോഗ്യ ഉല്പന്നങ്ങൾ കാലതാമസം കൂടാതെയും ആവർത്തനം ഒഴിവാക്കിയും വികസിപ്പിച്ചെടുക്കാൻ കഴിയില്ലെന്ന് ഫൌണ്ടേഷൻ ചൂണ്ടികാട്ടുന്നു.. സുതാര്യമായ തുറന്ന ശാസ്ത്രത്തിനും വിവരങ്ങൾക്കും, സഹകരണത്തിനും വേണ്ടിയാണ് ഓപ്പൺ സോഴ് സ് പ്രസ്ഥാനങ്ങൾ നിലകൊള്ളുന്നത്. സഹകരണാടിസ്ഥാനത്തിൽ നടത്തുന്ന ഗവേഷണങ്ങളുടെ ചെലവ് കുറവായിരിക്കും, അവഗണിക്കപ്പെടുന്ന രോഗാവസ്ഥകൾ പരിഗണിച്ച് മുൻഗണന നിശ്ചയിക്കാനും കഴിയും. കമ്പോള താത്പര്യങ്ങളുടെ സ്ഥാനത്ത് ലോകജനതയുടെ ആരോഗ്യ സംരക്ഷണം മാത്രമാണ് ഓപ്പൺ സോഴ് സ് പ്രസ്ഥാനങ്ങളെ നയിക്കുന്നത്. ലോകാരോഗ്യ സംഘടന തുടങ്ങിയ അന്തരാഷ്ട്രാ ഏജൻസികളുടെയും സർവകലാശാലകളുടെയും സഹായത്തോടെയും ക്രൌഡ് ഫണ്ടിംഗിലൂടെയും ഉദാരമതികളുടെ സംഭാവനകളിലൂടെയുമാണ് ഓപ്പൺ സോ ഴ് സ് ഗവേഷണങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നത്.
കോവിഡ് നിയന്ത്രണത്തിനായി ടെസ്റ്റിംഗ്, നിരീക്ഷണം, ഔഷധ ഗവേഷണം എന്നീ മേഖലകളിലാണ് ഓപ്പൺ സോഴ് സ് കോവിഡ് പ്രസ്ഥാനങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. രോഗനിർണ്ണയത്തിനായുള്ള ചെലവ് കുറഞ്ഞതും സാങ്കേതിക മികവുള്ളവയുമായ ടെസ്റ്റിംഗ് രീതികൾ ആവിഷ്കരിക്കാനുള്ള് പദ്ധതികൾ വിവിധ രാജ്യങ്ങളിലെ ഓപ്പൺ സോഴ് സ് കോവിഡ് സമൂഹം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഹെൽത്ത് കെയർ ക്ലിനിക്കൽ വൈറോളജി ലാബറട്ടറി പി സി ആർ ടെസ്റ്റിനാവശ്യമായ പ്രോബുകളും പ്രൈമറുകളും ഓപ്പൺ സോഴ് സ് മാനദണ്ഡങ്ങൾ പാലിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പി സി ആർ ടെസ്റ്റ് കിറ്റുകൾക്ക് ലോകവ്യാപകമായനുഭവപ്പെടുന്ന ദൌർലഭ്യം സ്റ്റാൻഫോർഡ് കിറ്റുകൾ ലഭ്യമാക്കുന്നതോടേ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
സ്വകാര്യത നഷ്ടപ്പെടാതെ കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ മൊബൈൽ ഫോൺ വഴി നിരീക്ഷിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പല രാജ്യങ്ങളിലായി ഓപ്പൺ സോഴ് സ് പ്രവർത്തകർ നടത്തിവരുന്നു. യൂറോപ്പ്യൻ വാക്സിൻ ഇനിഷ്യേറ്റീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി ഡൽഹി എന്നിവരുടെ സഹകരണത്തോടെ ഓപ്പൺ സോ ഴ് സ് ഫാർമാ ഫൌണ്ടേഷൻ കോവിഡ് വാക്സിൻ കണ്ടെത്തനുള്ള ഗവേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് രോഗങ്ങൾക്കുപയോഗിച്ചു വരുന്ന ആന്റി വൈറൽ മരുന്നുകളിൽ ഏതൊക്കെ കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്താം എന്ന് നിശ്ചയിക്കുന്നതിനുള്ള ഔഷധപരീക്ഷണങ്ങളും. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്താവുന്ന ആയുർവേദ ഔഷധങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും ഫൌണ്ടേഷൻ നടത്തിവരുന്നു വൻ തോതിലുള്ള മാസ്ക് ഉല്പാദനം, കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിശകലനം, ആരോഗ്യ വിദ്യാഭ്യാസം, എന്നീ മേഖലകളിലും ഓപ്പൺ സോഴ് സ് കോവിഡ് പ്രസ്ഥാനങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്.

ഓപ്പൺ കോവിഡ് കൂട്ടായ്മ

സാർവദേശീയ രംഗത്ത് പ്രവർത്തിക്കുന്ന നിയമജ്ഞരും ഗവേഷകരും ചേർന്ന് രൂപീകരിച്ചിട്ടുള്ള ഓപ്പൺ കോവിഡ് കൂട്ടായ്മ (Open Source Coalition) നിരവധി ശ്രദ്ധേയങ്ങളായ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓപ്പൺ കോവിഡ് കൂട്ടായ്മ പേറ്റന്റ് പൂൾ (Patent Pool) എന്നൊരാശയം മുന്നോട്ട് വച്ചിട്ടുണ്ട് ആരോഗ്യ ഉല്പന്നങ്ങളുടെ പേറ്റന്റുകൾ ഏതൊക്കെയെന്ന് പ്രസിദ്ധീകരിക്കയും ഇവ പരിശോധിച്ച് ഉല്പാദനത്തിന് താത്പര്യമുള്ളവർക്ക് ഇവ ഉല്പാദിപ്പിക്കാനുള്ള ലൈസൻസ് നൽകുകയും ചെയൂന്നതാണ് പേറ്റന്റ് പൂൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ പേറ്റന്റെടുത്ത കമ്പനിക്ക് റോയൽറ്റി നൽകേണ്ടി വരും എന്ന പരിമിതി ഇതിനുണ്ട്. എങ്കിലും ഒറ്റകമ്പനി മാത്രം ഉല്പാദനം നടത്തുന്ന കുത്തക വിപണന രീതി അവസാനിപ്പിക്കാനും ഉല്പന്നങ്ങളുടെ വില ഒരു പരിധി വരെ കുറക്കാനും പേറ്റന്റ് പൂൾ രീതി സഹായിക്കും.
ഓപ്പൺ കോവിഡ് പ്ലഡ്ജ് (Open Covid Pledge: ഓപ്പൺ കോവിഡ് പ്രതിജ്ഞ) എന്നതാണ് ഓപ്പൺ കോവിഡ് കൂട്ടായ്മയുടെ മറ്റൊരു സംരംഭം. ഇന്റൽ, മൈക്രോസോഫ്റ്റ് , ഹൂലറ്റ് പാക്കാർഡ്, ഫേസ് ബുക്ക്, ആമസോൺ, ഫേസ്ബുക്ക്, യൂബർ തുടങ്ങിയ കമ്പനികൾ തങ്ങളുടെ പേറ്റന്റ് അവകാശം കോവിഡ് നിയന്ത്രണത്തിനായി വിട്ട് നൽകാമെന്ന പ്രതിജ്ഞയിൽ പങ്കാളികളായിട്ടുണ്ട്.

ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം നിരവധി രാജ്യങ്ങളിൽ വ്യത്യസ്ഥ കൂട്ടായമകളിലൂടെ മുതലാളിത്ത കുത്തകവൽക്കരണത്തിനെതിരെ പരസ്പര സഹകരണത്തിന്റെയും പങ്കിടീലിന്റെയും അടിസ്ഥാനത്തിൽ കോവിഡ് നിയന്ത്രണം എന്ന സന്ദേശം ശക്തമായി പ്രചരിപ്പിക്കുകയും നിയന്ത്രണത്തിനാവശ്യമായ നിരവധി ആരോഗ്യ ഉല്പന്നങ്ങൾ ഗവേഷണം ചെയ്ത് കണ്ടെത്തുന്നതിനുള്ള സംരംഭങ്ങൾക്ക് നേതൃത്വം നൽകയും ചെയ്തുവരുന്നു.


കടപ്പാട് : ദേശാഭിമാനി ദിനപ്പത്രം മെയ് 22, 2020

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 22
Next post കേരളം കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതെങ്ങനെ ?
Close