ഡോ. കെ എം ഷെരീഫ്
കോവിഡ് മഹാമാരിയുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രൈമറി തലം മുതൽ പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ ത്രിതീയ തലം വരെ ഓൺലൈൻ ക്ലാസ്സുകൾ നടത്തുകയും നടത്തിക്കുകയും ചെയ്യാനുള്ള കേരള സർക്കാരിന്റെ ഉത്തരവുകളും നിർദ്ദേശങ്ങളും ഒന്നിലധികം തരത്തിലുള്ള എതിർപ്പ് നേരിടുകയാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ ലഭ്യമല്ലാത്ത വിദ്യാർത്ഥികളെ പറ്റിയുള്ള, തികച്ചും ന്യായമായ, ഉത്കണ്ഠയാണ് ഒരു വശത്ത്. ഓൺലൈൻ വിദ്യാഭ്യാസത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ ഉണ്ടാകുന്ന അകൽച്ചയും സാങ്കേതികവിദ്യയുടെ തന്നെ പരിമിതികളും ബോധനശാസ്‌ത്രപരമായി തന്നെ അതിന്റെ ഫലപ്രാപ്തി സംശയാസ്പദമാക്കുന്നു എന്ന അഭിപ്രായമാണ് മറ്റൊന്ന്. ഓൺലൈൻ വിദ്യാഭ്യാസത്തിലെ സാമൂഹികമായ ഒറ്റപ്പെടലും ദീർഘനേരം യന്ത്രങ്ങളുമായി മാത്രം ബന്ധപ്പെടുന്നത് കൊണ്ടുണ്ടാകുന്ന പിരിമുറുക്കവും വിദ്യാർത്ഥികൾ എന്ന നിലയിൽ സമൂഹത്തിൽ നിർണ്ണായകമായി ഇടപെടാനുള്ള ശേഷി വിദ്യാർത്ഥികളിൽ ഇല്ലാതാകും എന്ന ആശങ്കയാണ് മറ്റൊന്ന്. യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉണ്ടാകുന്ന തൊഴിലില്ലായ്മയെ കുറിച്ചുള്ള വേവലായിയും കേൾക്കുന്നുണ്ട്. ഓൺലൈൻ അധ്യയനം കാലക്രമേണ അധ്യാപകരെ തന്നെ അപ്രസക്തമാക്കുന്ന അവസ്ഥയുണ്ടാക്കും എന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു. കുരുക്കഴിച്ചു പരിശോധിക്കേണ്ട കാര്യങ്ങളാണ് ഇവയെല്ലാം.
ഒന്നാമതായി ഡിജിറ്റൽ സാങ്കേതികവിദ്യ എല്ലാത്തിനുമുള്ള ഉത്തരമാണെന്നു വിവരമുള്ളവർ ആരും കരുതുകയില്ല. എന്നാൽ അതിന്റെ ആർക്കും കാണാവുന്ന പ്രയോജനങ്ങൾ തള്ളിക്കളയാൻ കഴിയുകയുമില്ല. ഓൺലൈൻ ക്ലാസ്സുകൾ അതിന്റെ ഒരു സാധ്യത മാത്രമാണ്. സാമ്പ്രദായികമായ ക്ലാസ്സുകൾക്കപ്പുറം വിവരത്തിന്റെ വലിയൊരു ശേഖരമാണ് ഇന്റർനെറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിടുന്നത്. ക്ലാസ്സുകളിലൂടെ പഴകിക്കീറിയ ‘ഗുരുമുഖത്ത് നിന്ന് പഠിക്കൽ‘ നല്ലൊരളവ് ഒഴിവാക്കി സ്വന്തമായി പഠന സാമഗ്രികൾ അന്വേഷിക്കാൻ കുറച്ചു മുതിർന്ന കുട്ടികൾക്കെങ്കിലും കഴിയും. ആ നിലക്ക് തീർച്ചയായും അധ്യാപകരുടെ നിലനിൽപ് കുറച്ചൊക്കെ അപകടത്തിലാകുന്നുണ്ട്. അംഗനവാടിയിൽ പോകാൻ മാത്രം പ്രായമായ കുട്ടികൾക്ക് പോലും മൊബൈലിൽ വീഡിയോ കണ്ടു പരിചയമുണ്ടെങ്കിൽ ടീവിയിൽ കേൾക്കുന്ന/കാണുന്ന കഥ പറച്ചിലിനോട് കൃത്യമായി പ്രതികരിക്കാൻ കഴിയും എന്ന് ഈയിടെ വൈറലായ തങ്കുപൂച്ചയുടെ കഥക്ക് കൊച്ചുകുട്ടികളിൽ നിന്നുണ്ടായ പ്രതികരണം കാണിക്കുന്നു. ഒരു തരം വാശിയോടെ, ഹൈസ്‌കൂൾ ക്ലാസ്സുകളിൽ എത്തിയ കുട്ടികൾക്ക് പോലും വീട്ടിലുള്ള സ്മാർട് ഫോണിന്റെ ഉപയോഗം നിഷേധിക്കുന്ന രക്ഷിതാക്കൾ തന്നെയാണ് പ്രശ്നം എന്നാണു ഇത് കാണിക്കുന്നത്. നെറ്റിൽ തന്നെ പോയി കാർട്ടൂൺ വീഡിയോകളും മറ്റും കാണാൻ പ്രാപ്തരായ ഒരു പാട് മൂന്നും നാലും വയസ്സുകാർ കേരളത്തിലുണ്ട്. പാഠഭാഗങ്ങൾ പ്രീ പ്രൈമറി മുതൽ ത്രിതീയ തലം വരെ എല്ലാ വിഷയങ്ങളിലും വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിൽ നിർമ്മിക്കുക എന്നത് അധ്യാപകരുടെ ഉത്തരവാദിത്തമാണ്. ബോറടിപ്പിക്കുന്ന പാഠങ്ങൾ തയ്യാറാക്കി അവതരിപ്പിച്ച ശേഷം കുട്ടികൾ ശ്രദ്ധിക്കുന്നില്ല എന്ന് പരാതി പറയുന്നത് വിദ്യാർത്ഥികളോടുള്ള അവഹേളനമാണ്. നാൽപത് മിനിറ്റിന്റെ, അല്ലെങ്കിൽ ഒരു മണിക്കൂറിന്റെ ക്ലാസ് തന്നെ വേണം എന്ന് നിർബ്ബന്ധം പിടിക്കുന്നതിൽ അർത്ഥമില്ല. പത്ത് മിനിറ്റിന്റെയോ പതിനഞ്ചു മിനിറ്റിന്റെയോ, ഇടക്ക് ബ്രേക്ക് കൊടുത്തു കൊണ്ടുള്ള, നാല് ക്ലാസ്സായാൽ എന്താണ് കുഴപ്പം? സാധാരണ ക്ലാസ്സിൽ തന്നെ അവതരണം നന്നായില്ലെങ്കിൽ അദ്ധ്യാപകൻ എത്ര വലിയ പണ്ഡിതൻ ആയാലും വിദ്യാർത്ഥികൾ ശ്രദ്ധിക്കില്ല. അങ്ങനെ ശ്രദ്ധിക്കാത്ത ഒരു പാട് ക്ലാസ്സുകൾ ഇക്കാലത്തിനിടക്ക് നടന്നിട്ടുണ്ട്. ഓൺലൈൻ ക്ലാസ്സാകുമ്പോൾ കുഞ്ഞുണ്ണി മാഷ് ചങ്ങമ്പുഴയുടെ വരികൾക്ക് തീർത്ത പാരഡിയിൽ പറഞ്ഞ പോലെ കഴിവില്ലാത്ത ലോകത്തിൽ തന്റെ കഴിവുകേട് എല്ലാവരും കണ്ടു പോകും എന്നതാണ് പല അധ്യാപകരുടേയും വേവലാതി.
ക്ലാസ്സുകൾ ഓൺലൈൻ ആയി, കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ വിദൂരരീതിയിൽ മാത്രമായി, പരിമിതപ്പെടുന്നത് വിദ്യാർത്ഥികളുടെ സാമൂഹിക ഇടപെടൽ ശേഷിയെ ബാധിക്കും എന്നത് ശരിയാണ്. പക്ഷെ ഇപ്പോഴിത് ഏർപ്പെടുത്തിയിരിക്കുന്നത് ഗുരുതരമായ ഒരടിയന്തര പരിസ്ഥിതി നേരിടാനാണ്. ഈ ഘട്ടം പിന്നിട്ടു കഴിഞ്ഞാൽ വിദ്യാർത്ഥികൾ സ്‌കൂളിലേക്കും കോളേജിലേക്കും മടങ്ങിപ്പോയേക്കാം. പക്ഷെ ഓൺലൈൻ ക്ലാസുകൾ പൂർണമായി ഉപേക്ഷിക്കാൻ കഴിയില്ല. അവയുടെ സാധ്യത അത്ര വലുതാണ്. മാത്രമല്ല, സ്‌കൂളിലോ കോളേജിലോ പഴയ ക്ലാസ്സുകളിൽ ഇരുന്നാൽ പോലും ഇനി അവരുടെ പഠനത്തിന്റെ വലിയ ഭാഗം നടക്കാൻ പോകുന്നത് ഇന്റർനെറ്റ് തുറന്നിടുന്ന വിശാല ലോകത്താണ്. പഴയ കാലത്തേക്കുള്ള മടക്കയാത്ര അസാധ്യമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ വിചക്ഷണനായ റ്റോമസ് കാര്യുതേഴ്സിന്റെ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്: (വിദ്യാർത്ഥികൾക്ക്) സ്വന്തം ആവശ്യം കൂടുതൽ, കൂടുതൽ ഇല്ലാതാക്കുന്ന ആളാണ് അധ്യാപകൻ (A teacher is one who makes himself progressively unnecessary). മറ്റൊരു തരത്തിൽ പറഞ്ഞാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ കൂടുതൽ സ്വാശ്രയശീലം ഉണ്ടാക്കി കൊടുത്ത് പിൻമാറുന്ന ആളാണ് അദ്ധ്യാപകൻ. അതിനു പകരം എന്നെന്നും തന്നിലുള്ള ആശ്രിതത്വം നിലനിർത്തുന്ന അധ്യാപകരെയാണ് ഇന്ന് കാണുന്നത്. ആ നിലക്ക് നോക്കിയാൽ ഇന്നുള്ള അധ്യാപകരുടെ എണ്ണം ആവശ്യത്തിലും അധികമാണ്. ഒരു പക്ഷെ ആഴ്ചയിൽ മൂന്നു ദിവസത്തെ ക്ലാസ്സൊക്കെയേ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളൂ. അതിനു പകരം അഞ്ചും ആറും ദിവസം ക്ലാസ്സിൽ ഇരിക്കാനാണ് അവർ നിര്‍ബന്ധിക്കപ്പെടുന്നത്. അധ്യാപകരാകാൻ യോഗ്യത നേടിയവരുടെ തൊഴിലില്ലായ്മയിലേക്ക് ഇത് നയിക്കും എന്ന ധാരണ, പക്ഷെ അസ്ഥാനത്താണ്. വിവിധ മേഖലകളിലെ ഗവേഷണവും സർവ്വേയും, പ്രാദേശിക വികസന പ്രവർത്തനങ്ങളുടെ നേതൃത്വം തുടങ്ങി എത്രയോ ജോലികൾ അവരെ കാത്തിരിക്കുകയാണ്. അത്തരം ജോലികളെ സാമൂഹിക ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിജ്ഞാബദ്ധമായ ഒരു സർക്കാർ ഉണ്ടാവണമെന്നത് പക്ഷെ നിർബന്ധമാണ് . അധ്യാപകരായി തുടരുന്നവർ തന്നെ പഴയ രീതിയിലുള്ള ക്ലാസ്റൂം അധ്യയനത്തിനു പുറമേ വിദ്യാർത്ഥികൾക്കുള്ള നൂതനമായ പഠനസാമഗ്രികൾ നിർമ്മിക്കുന്നതുൾപ്പെടെ ബോധനശാസ്ത്രത്തെ നവീകരിക്കുന്ന സമഗ്രമായ പദ്ധതികളിൽ ഏർപ്പെടുക കൂടി ചെയ്യേണ്ടി വരും. ഭക്ഷ്യക്ഷാമം ലോകത്തെ തുറിച്ചു നോക്കുന്ന വർത്തമാന പരിതസ്ഥിതിയിൽ കുറച്ചു കാലം മുമ്പ് ചൈനയിൽ ചെയ്ത പോലെ അധ്യാപകരെ പോലെ ബൗദ്ധികമായ ജോലി ചെയ്യുന്നവർ മുഴുവൻ ദിവസം ഒരു മണിക്കൂറെങ്കിലും കൃഷിയിൽ ഏർപ്പെടുന്നതും നല്ലതാണ്.
ലൂക്ക പ്രസിദ്ധീകരിച്ച മറ്റുലേഖനങ്ങള്‍, വീഡിയോകള്‍