Read Time:10 Minute

2022  ജനുവരി 1 ന് ഹൃദയാഘാതം മൂലം മരണപ്പെട്ട ഡോ.ജേക്കബ് മാണിയ്ക്ക് ആദരാഞ്ജലികൾ. ഡോ. ജേക്കബ് മാണി ഏകാരോഗ്യം ഏകലോകം എന്ന വിഷയത്തിൽ എഴുതാനുദ്ദേശിച്ചിരുന്ന ലേഖനപരമ്പരയ്ക്കായി തയ്യാറാക്കിയ കുറിപ്പ് ആദരസൂചകമായി പ്രസിദ്ധീകരിക്കുന്നു.

വർധിച്ചു വരുന്ന പകർച്ചവ്യാധികളും ആരോഗ്യപ്രശ്നങ്ങളും ആശങ്ക സൃഷ്ടിക്കുന്ന ഈ വേളയിലെങ്കിലും രോഗപ്രതിരോധത്തിനായി നമ്മൾ വിശാലമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യനും മൃഗങ്ങളും ഇവയുടെ ചുറ്റുപാടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് തന്നെ ഇവയിൽ ഒന്നിനെ അടർത്തി മാറ്റി വെച്ച്  ചർച്ച ചെയ്യാവുന്ന ഒന്നല്ല ആരോഗ്യം. ലോക ആരോഗ്യ സംഘടനയുടെ നിർവചനപ്രകാരം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആയ സുസ്ഥിതി (well-being) കൂടി ആണു ആരോഗ്യം ഇവിടെയാണ്‌ ‘One Health’ അഥവാ ‘ഏകാരോഗ്യ സമീപനം’ പ്രസക്തമാവുന്നത്. എന്താണ് ഏകാരോഗ്യ സമീപനം എന്നറിയുന്നതിനൊപ്പം അത് രൂപപ്പെട്ട ചരിത്ര വഴി കൂടി നമ്മൾ അറിഞ്ഞിരിക്കണം എന്ന് തോന്നുന്നു.

തന്റെ ‘On Airs, Waters and Places’ എന്ന പുസ്തകത്തിൽ ഹിപ്പോക്രാറ്റസ് (460-367 ബി.സി) പൊതു ആരോഗ്യത്തെ (Public Health) കുറിച്ചും ശുചിത്വ പൂർണമായ പരിസ്ഥിതിയെ കുറിച്ചും പറയുന്നുണ്ട്.

അരിസ്റ്റോട്ടിൽ (384 -322 ബി.സി) താരതമ്യ അനാട്ടമി (Comparative Anatomy) പഠിക്കുകയും ‘ഹിസ്റ്ററി ആനിമേലിയ’ എന്ന പുസ്തകം രചിക്കുകയും ചെയ്തു. ഇവരൊക്കെ ഓരോ തരത്തിൽ ‘One health’ എന്ന ആശയത്തിന് സൈദ്ധാന്തികമായി അടിത്തറ പാകിയവരാണ്.

രണ്ടായിരം വർഷങ്ങൾക്ക് ശേഷം ഇറ്റാലിയൻ ഫിസിഷ്യനും എപിഡമോളജിസ്റ്റും വെറ്ററിനറി ഡോക്ടറുമായ ജിയോവന്നി മരിയ ലാൻസിസി  (Giovanni Maria Lancisi) മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നതിനെ കുറിച്ച് പഠിച്ചു. കടിക്കുന്ന ഈച്ചകളുടെ സാന്നിധ്യവും മലേറിയയുടെ വ്യാപനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതു കൊണ്ട് തന്നെ ചതുപ്പുകളും മറ്റും വൃത്തിയാക്കി സൂക്ഷിച്ചാൽ മലേറിയ നിയന്ത്രിക്കാൻ സാധിക്കും എന്നും ഇദ്ദേഹം ശുപാർശ ചെയ്തു. അതുപോലെ കാലിവസന്ത/ കന്നുകാലി പ്ലേഗ് (Rinderpest) നിയന്ത്രണത്തിനായി രോഗികളായ മൃഗങ്ങളെ തിരഞ്ഞെടുത്തു ഒഴിവാക്കാനും രോഗം വരാത്തവയെ ക്വാറന്റീനിലാക്കാനും ഉള്ള ആശയം കൊണ്ടുവന്നതും ഇദ്ദേഹമായിരുന്നു.

ഫ്രാൻസിലെ ലിയോണിൽ സ്ഥാപിതമായ ലോകത്തെ ആദ്യത്തെ വെറ്റിനറി കോളേജ്

മൃഗാരോഗ്യവും മനുഷ്യാരോഗ്യവും ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ്‌ ഇതിനോടകം ഉണ്ടായെങ്കിലും ഈ ആശയം ഔപചാരികമായി പഠന വിധേയമാവുന്നത് 1761ൽ ഫ്രാൻസിലെ ലിയോണിൽ ലോകത്തെ ആദ്യത്തെ വെറ്റിനറി കോളേജ് സ്ഥാപിതമായതോട് കൂടിയാണ്.

ജർമൻ പാത്തോളജിസ്റ് ആയ റുഡോൾഫ് വിർക്കോ (Rudolf Virchow) ആണ് ജന്തു ജന്യരോഗങ്ങൾ എന്നർത്ഥമാക്കുന്ന ‘സൂനോസിസ്‘ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. അദ്ദേഹത്തെ ഉദ്ധരിച്ചു പറയുകയാണെങ്കിൽ “മനുഷ്യവൈദ്യശാസ്ത്രത്തിനും മൃഗവൈദ്യ ശാസ്ത്രത്തിനുമിടയിൽ ഒരു അതിരില്ല. ഉണ്ടാവാനും പാടില്ല. കൈകാര്യം ചെയ്യുന്ന വസ്തുവിൽ വ്യത്യാസം ഉണ്ടെങ്കിലും തന്മൂലമുണ്ടാവുന്ന അനുഭവജ്ഞാനം വൈദ്യശാസ്ത്രത്തിന്റെ തന്നെ അടിത്തറയായി വേണം കണക്കാക്കാൻ “.

വില്യം ഓസ്ലർ

റുഡോൾഫ്   ഫിർചോയുടെ വിദ്യാർത്ഥി വില്യം ഓസ്ലർ (William Osler) താരതമ്യ അനാട്ടമിയും (Comparative anatomy) താരതമ്യ ബയോളജിയും (Comparative biology) ഒക്കെ പഠന വിധേയമാക്കി. ഇദ്ദേഹം ഒരേ സമയം മെഡിക്കൽ കോളേജിലെയും വെറ്ററിനറി കോളേജിലെയും ഫാക്കൽറ്റി ആയിരുന്നു.

ജെയിംസ് ഹർലാൻ സ്റ്റീൽ

ജെയിംസ് ഹർലാൻ സ്റ്റീൽ  (James Harlan Steele) 1947 ൽ അറ്റ്ലാന്റയിൽ വെറ്ററിനറി പബ്ലിക് ഹെൽത്ത്‌ യൂണിറ്റ് സ്ഥാപിച്ചു. ഇപ്പോഴത് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രീവെൻഷൻ (CDC) ഹെഡ് ക്വാട്ടേഴ്‌സ് ആണ്. ജന്തുജന്യ രോഗങ്ങളുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് ഇദ്ദേഹം ഒരു നിരീക്ഷണം നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് WHO വെറ്ററിനറി പബ്ലിക് ഹെൽത്ത്‌ യൂണിറ്റിനു രൂപം കൊടുത്തു.

കാൽവിൻ സ്ക്വാബെ (Calvin W. Schwabe) ‘Veterinary Medicine and Human Health’ എന്ന തന്റെ പുസ്തകത്തിൽ ‘One medicine’ എന്ന ആശയവും അതിന്റെ പ്രാധാന്യവും അവതരിപ്പിച്ചു.

ഇരുപതാം നൂറ്റാണ്ടിൽ എക്കോളജി എന്ന ശാസ്ത്രശാഖയുടെ വരവോടു കൂടി ജീവനുള്ളതിനൊപ്പം തന്നെ പ്രാധാന്യം ജീവനില്ലാത്ത പരിസ്ഥിതി വിഭവങ്ങൾക്കും ലഭിച്ചു.

റോബർട്ട്‌ മെയ്‌, റോയ് ആൻഡ്രിസ് തുടങ്ങിയവർ ചേർന്ന് രൂപം നൽകിയDisease Ecology’ എന്ന പഠനശാഖ മനുഷ്യനെയും മൃഗങ്ങളെയും പരിസ്ഥിതിയെയും ഒരാശയത്തിന് കീഴിൽ ഒപ്പം നിർത്തി.

പ്രതിരോധ കുത്തിവെപ്പിന്റെ വരവിന് മുൻപ് വലിയ വെല്ലുവിളി ആയിരുന്നു അഞ്ചാം പനി (മീസ്‌ലെസ് വൈറസ്). 1000-1200 AD കാലഘട്ടത്തിൽ കന്നുകാലികളിലെ പ്ലേഗ് വൈറസ് (Rinderpest) ജനിതക മാറ്റം വന്ന് മനുഷ്യനിൽ മാത്രം രോഗമുണ്ടാക്കുന്ന മീസ്‌ലെസ്‌ (measles) വൈറസായി മാറി. 1900ളിൽ AIDS മഹാമാരിയും ചിമ്പാൻസിയിൽ നിന്നുള്ള വൈറസ് പരിണമിച്ചു വന്നതാണ്. പക്ഷേ ഈ രണ്ടു രോഗങ്ങളുടെയും ഉയർച്ചയ്ക്ക് കാരണം വലിയ തോതിലുള്ള നഗരവൽക്കരണമാണ്.

2004ൽ വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയുടെ സമ്മേളനത്തിന്റെ ഫലമായി ‘മാൻഹട്ടൻ പ്രിൻസിപ്പൽസ് ആൻഡ് ദി ഡെവലപ്മെന്റ് ഓഫ് വൺ വേൾഡ്, വൺ ഹെൽത്ത്‌’ പ്രസിദ്ധീകരിച്ചു. One health എന്ന വാക്ക് പിറവിയെടുക്കുന്നത് ഇങ്ങനെയാണ്.

2008ൽ WHO,വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത്‌ (OIE), ഫുഡ്‌ ആൻഡ് അഗ്രികൾചർ ഓർഗനൈസഷൻ ഓഫ് ദി യുണൈറ്റഡ് നേഷൻസ് (FAO) തുടങ്ങിയവർ മനുഷ്യന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും സമ്പർക്കമുഖത്തെ (Interface) കൂടുതൽ സൂക്ഷ്മമായി അഡ്രസ് ചെയ്യണമെന്ന് അജണ്ട ഉണ്ടാക്കി.

2012ൽ വേൾഡ് ബാങ്ക് വൺ ഹെൽത്തിന്റെ സാമ്പത്തിക പ്രാധാന്യങ്ങളെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചു.

ഇങ്ങനെ ചരിത്രവഴി പരിശോധിക്കുമ്പോൾ ‘One Health’ എന്ന ആശയം ഇന്നോ ഇന്നലെയോ രൂപപ്പെട്ട ഒന്നല്ല. വ്യക്തമായ ശാസ്ത്ര അടിത്തറയും പ്രായോഗിക തലങ്ങളും അതിനുണ്ട്. ഈ ആശയത്തോട് ഇനിയും കണ്ണടച്ചിരിക്കാൻ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിനും കഴിയില്ല. ‘സൂബിക്യുറ്റി’ (Zoobiquity) എന്ന പുസ്തകത്തിൽ പറഞ്ഞത് പോലെ

‘In a world where no creatures are truly isolated and diseases spread as fast as jets can fly, we are all canaries and the entire planet is our coal mine. Any species can be a sentinel of danger – but only if the widest array of health-care professionals paying attention’


അധികവായനയ്ക്ക്

  1. Natterson-Horowitz B. & Bowers K. (2012). – Zoobiquity: What animals can teach us about health and the science of healing. Doubleday Canada, Toronto.
  2. World Organisation for Animal Health (OIE) (2013). – World Animal Health Information System (WAHIS) disease reports. Available at: www.oie Diseaseinformation
  3. Ancisi G.M. (1964). – Giovanni Maria Lancisi: cardiologist, forensic physician, epidemiologist. JAMA, 189, 375–376.
  4. Virchow R. (1985). – Collected essays on public health and epidemiology. Science History Publications, Canton, Massachusetts
  5. Schwabe C. (1969). – Veterinary medicine and human health, 2nd Ed. Williams & Wilkins, Baltimore, Maryland.
  6. Black F.L. (1966). – Measles endemicity in insular populations: critical community size and its evolutionary implication. J. theor. Biol., 11, 207–211.
  7. Hahn B.H., Shaw G.M., De Cock K.M. & Sharp P.M. (2000). – AIDS as a zoonosis: scientific and health implications. Science, 287, 607–614.
  8. Cook R.A., Karesh W.B. & Osofsky S.A. (2004). – The Manhattan Principles on ‘One World, One Health’. Conference summary. One World, One Health: building interdisciplinary bridges to health in a globalized world, 29 September, New York. Wildlife Conservation Society, New York. Available at: www.oneworldonehealth.org/sept2004/owoh_sept04.html (accessed on 7 August 2013).
  9. World Bank (2012). – People, pathogens and our planet, Vol. 2: The economics of One Health. Report no. 69145-GLB. World Bank, Washington, DC.

ഏകാരോഗ്യം വിഷയത്തിൽ ലൂക്ക പ്രസിദ്ധീകരിച്ച മറ്റുലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
67 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post താപനം: ട്രോപോസ്ഫിയർ ഉയരങ്ങളിലേക്ക്…
Next post ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് – വീഡിയോ അവതരണം
Close