ലഡാക്കിലെ ഹാൻലെ ഒബ്സർവേറ്ററിയിൽ നിന്നും തത്സമയം ഒക്ടോബർ 25 വൈകുന്നേരം 4 മണിമുതൽ തത്സമയം കാണാം.
കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസറഗോഡ് ഭാഗങ്ങളിൽ സൂര്യബിംബത്തിന്റെ 10 ശതമാനം വരെ മറയ്ക്കപ്പെടും. തെക്കോട്ടു പോകുന്തോറും ഇതിന്റെ അളവ് കുറഞ്ഞു വരും. എറണാകുളം ഭാഗത്ത് ഇത് 5 ശതമാനത്തിനടുത്തും തിരുവനന്തപുരം ഭാഗത്ത് 3 ശതമാനത്തിനടുത്തുമായിരിക്കും. അതുകൊണ്ടു തന്നെ മൊത്തം വെളിച്ചത്തിൽ കാര്യമായ കുറവ് ഉണ്ടാകാൻ സാദ്ധ്യതയില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ഒക്ടോബർ 25 ന് വൈകുന്നേരം ഏകദേശം അഞ്ചരയോടെ ആരംഭിക്കുന്ന ഗ്രഹണം സൂര്യാസ്തമയം വരെ ദൃശ്യമാകും. പിന്നീടും കുറച്ച് നേരം കൂടി ഗ്രഹണം തുടരുമെങ്കിലും നമുക്ക് ദൃശ്യമാകില്ല.
ഭൂമിയിൽ ഒരിടത്തും ഒക്ടോബർ 25 ലെ ഗ്രഹണം പൂർണമാകില്ല. ആഫ്രിക്കയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ, യൂറോപ്പ്, ഏഷ്യയുടെ കുറേ ഭാഗങ്ങൾ എന്നിവിടങ്ങളിലും ഭാഗിക ഗ്രഹണമായി കാണപ്പെടും. ഇന്ത്യയിൽ വടക്കുകിഴക്കൻ പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ഇതു ദൃശ്യമാകും.
ദൽഹിയിൽ സൂര്യബിംബത്തിന്റെ വ്യാസത്തിന്റെ പകുതിയിലധികം ഭാഗം ചന്ദ്രൻ മറയ്ക്കും. തെക്കോട്ടു വരുന്തോറും മറയ്ക്കപ്പെടുന്ന ഭാഗത്തിന്റെ അളവ് കുറഞ്ഞുവരും. കേരളത്തിൽ കഷ്ടിച്ച് കാണാൻ കഴിയുമെന്നുമാത്രം. ഭാഗിക ഗ്രഹണമാണെങ്കിലും ഇതു കാണാൻ പൂർണ സൂര്യഗ്രഹണത്തിന്റെ കാര്യത്തി ലെന്നപോലെ ഫിൽട്ടറുകളും പ്രത്യേക കണ്ണടകളും മറ്റും ഉപയോഗിക്കേണ്ടതാ ണ്. അസ്തമയസമയത്ത് സൂര്യനെ നമുക്ക് നേരിട്ടു നിരീക്ഷിക്കാൻ കഴിയു മെങ്കിലും അപ്പോഴേക്കും ഗ്രഹണത്തിന്റെ പ്രധാനഘട്ടം കഴിഞ്ഞിട്ടുണ്ടാകും. ആ ദിവസം ആകാശം മേഘാവൃതമാകാ നുള്ള സാദ്ധ്യതയും ഉണ്ട്. അതിനാൽ അമിതമായ പ്രതീക്ഷകൾ വെച്ചുപുലർ ത്തേണ്ടതില്ല. കേരളത്തിൽനിന്ന് ഒരു പൂർണ്ണ സൂര്യഗ്രഹണം കാണണമെങ്കിൽ കുറച്ച് കാലം കാത്തിരിക്കണം. 2168 ജൂലൈ 5 നാണ് അതു സംഭവിക്കാൻ പോകുന്നത്. അതായത് 145 വർഷത്തിലധികം കാത്തിരിക്കണം. പക്ഷേ അതിനുമുമ്പ് 2031 മേയ് 20 ന് ഒരു വലയസൂര്യഗ്രഹണം കേരളത്തിൽ ചിലയിടങ്ങളിൽ ദൃശ്യമാകും.