അഭയ് പി.ജെ
വിദ്യാർത്ഥി, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്
സിറോസിസിനും കരൾ ക്യാൻസറിനും കാരണമാകുന്ന പ്രധാന ആഗോള ആരോഗ്യ പ്രശ്‌നമായ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്-സിക്കെതിരായ പോരാട്ടത്തിൽ നിർണ്ണായക സംഭാവന നൽകിയ മൂന്ന് ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ നൊബേൽ സമ്മാനം നൽകുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ആൾട്ടറും (Harvey J. Alter ) ചാൾസ് റൈസും (Charles M. Rice ), ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കൽ ഹോഫ്ടനുമാണ് (Michael Houghton ) പുരസ്കാരത്തിന് അർഹരായത്.
എന്താണ് ഹെപ്പറ്റൈറ്റിസ്-സി ?
ഫ്ലാവി വൈറസ് ഫാമിലിയിൽപ്പെട്ട ആർ എൻ എ വൈറസ് ആണ് ഹെപ്പറ്റെറ്റിസ് സി വൈറസ്. ഈ വൈറസ് രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് ഇത് പകരുന്നത്. ഇത് പ്രധാനമായും കരൾ വീക്കവും അതിനോടനുബന്ധമായി കരൾ കാൻസറും ഉണ്ടാക്കുന്നു. രക്തം സ്വീകരിച്ചതിനു ശേഷമുണ്ടാകുന്ന കരൾവീക്കത്തിനു (post transfusion hepatitis) പ്രധാനകാരണം ഈ വൈറസാണ്. ഹെപ്പറ്റൈറ്റിസ്-സി വൈറസിനെ രക്തത്തിലെ സെറം ആൻറി എച്ച്.സി.വി പരിശോധന വഴിയും, എലൈസ , പി സി ആർ പരിശോധന വഴിയും കണ്ടുപിടിക്കാം. കരൾ വീക്കത്തിനു ഉള്ള മറ്റു കാരണങ്ങളാണ് അമിതമായ മദ്യ ഉപയോഗം, അനിയന്ത്രിമായ കോഴുപ്പു കൂടിയ ഭക്ഷണ രീതി, വ്യായമകുറവ്, ഡയബെറ്റിസ് എന്നിവ. ഹെപ്പറ്റെറ്റിസ്- ബി വൈറസും കരൾ വീക്കം ഉണ്ടാക്കുന്നു.
ഹെപ്പെറ്റെറ്റിസ് – സിയുടെ കണ്ടുപിടിത്തം നാൾവഴികൾ
1960-കളിൽ ബറൂച്ച് ബ്ലംബർഗ് (Baruch Samuel Blumberg) എന്ന ശാസ്ത്രജ്ഞൻ ഹെപ്പറ്റൈറ്റിസ് ബി വൈറസ് രക്തത്തിലൂടെ പകരുന്ന കരൾ വീക്കത്തിന് കാരണമാകുന്നു എന്ന് കണ്ടെത്തി ഇതിന് അദ്ദേഹത്തിന് അന്ന് 1976ൽ നൊബേൽ പുരസ്കാരം ലഭിച്ചു. തുടർന്ന് ഹെപ്പറ്ററ്റിസ് ബി വൈറസിനെ കണ്ടുപിടിക്കാനുള്ള മാർഗം ആരംഭിച്ചിട്ടും, രക്തത്തിലൂടെ പകരുന്ന കരൾ വീക്കത്തിന് വലിയ രീതിയിലുള്ള കുറവ് കാണാൻ സാധിച്ചില്ല.

അക്കാലത്ത് യുഎസിലെ ഹാർവി ജെ ആൽട്ടർ ,ഹെപ്പറ്റൈറ്റിസ് ബി യും ഹെപ്പറ്റെറ്റിസ് എയും ഇല്ലാത്ത രോഗിയിൽ നിന്നും ചി ചിമ്പാൻസിക്ക് ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നതായി കണ്ടെത്തി. ഇതേ സമയം മൈക്കിൾ ഹ്യൂഗ്ട്ടൻ ഇങ്ങനെ അണു ബാധയേറ്റ ചിമ്പാൻസിയുടെ ശരീരത്തിൽ നിന്നും വൈറസിന്റെ പ്രോട്ടിനുകളും അവയുടെ ക്ലോണുകളും കണ്ടെത്തുകയുണ്ടായി. പിന്നീട് ചാൾസ് .എം. റൈസ് ജനിത എഞ്ചിനിയറിങ്ങിലുടെ ഹെപ്പറ്റെറ്റിസ്-സി യുടെ വൈറൽ ആർ.എൻ.എ കണ്ടെത്തുകയും, ഹെപ്പെറ്റൈറ്റിസ് സി ക്ക് മനുഷ്യരിലേതു പോലെ ചിമ്പാൻസിയിലും രോഗലക്ഷണങ്ങളും, രോഗത്തിന്റെ പാത്തോളജിക്കലായ മാറ്റങ്ങളും ഉണ്ടാക്കാൻ കഴിയുന്നുണ്ടെന്ന് തെളിയിച്ചു. ഇതിന്റെ ഭാഗമായി നമുക്ക് ഹെപ്പറ്റൈറ്റിസ് സി വളരെ കൃത്യമായി കണ്ടുപിടിക്കാനും ടെസ്റ്റുകൾ വികസിപ്പിക്കാനും രക്ത സ്വീകരിച്ചതിനുശേഷം ഉണ്ടാവുന്ന കരൾ വീക്കം ഒരു പരിധിവരെ വരെ തടയാനും സാധിച്ചു.
നൊബേൽ ജേതാക്കളെ കുറിച്ച്
ഹാർവി ജെ. ആൾട്ടർ
1935 ൽ ന്യൂയോർക്കിൽ ജനിച്ചു. റോച്ചസ്റ്റർ മെഡിക്കൽ സ്കൂളിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം സ്ട്രോംഗ് മെമ്മോറിയൽ ഹോസ്പിറ്റലിലും സിയാറ്റിലിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളിലും ഇന്റേണൽ മെഡിസിനിൽ പരിശീലനം നേടി. 1961 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (എൻഐഎച്ച്) ക്ലിനിക്കൽ അസോസിയേറ്റായി ചേർന്നു. 1969 ൽ എൻഎഎച്ചിലേക്ക് മടങ്ങുന്നതിന് മുമ്പ് ജോർജ്‌ടൗൺ സർവകലാശാലയിൽ അദ്ദേഹം വർഷങ്ങളോളം ചെലവഴിച്ചു.
മൈക്കൽ ഹ്യൂഗ്ട്ടൺ
യുണൈറ്റഡ് കിംഗ്ഡത്തിലാണ് ജനിച്ചത്. 1977 ൽ ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടി. 1982 ൽ കാലിഫോർണിയയിലെ എമെറിവില്ലെയിലെ ചിറോൺ കോർപ്പറേഷനിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ജിഡി സിയർ & കമ്പനിയിൽ ചേർന്നു. 2010 ൽ ആൽബർട്ട സർവകലാശാലയിലേക്ക് താമസം മാറ്റി. നിലവിൽ വൈറോളജിയിൽ കാനഡ എക്സലൻസ് റിസർച്ച് ചെയർ, ആൽബർട്ട സർവകലാശാലയിലെ ലി കാ ഷിംഗ് വൈറോളജി പ്രൊഫസർ. ലി കാ ഷിംഗ് അപ്ലൈഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമാണ്.
ചാൾസ് എം. റൈസ്
1952 ൽ സാക്രമെന്റോയിൽ ജനിച്ചു. 1981 ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1981-1985 കാലഘട്ടത്തിൽ പോസ്റ്റ്ഡോക്ടറൽ ഫെലോ ആയി പരിശീലനം നേടി. 1986 ൽ സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ഗവേഷണ സംഘം സ്ഥാപിച്ച അദ്ദേഹം 1995 ൽ മുഴുവൻ പ്രൊഫസറായി. 2001 മുതൽ ന്യൂയോർക്കിലെ റോക്ക്ഫെല്ലർ സർവകലാശാലയിൽ പ്രൊഫസറാണ്. 2001-2018 കാലഘട്ടത്തിൽ റോക്ക്ഫെല്ലർ സർവകലാശാലയിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഹെപ്പറ്റൈറ്റിസ് സി സയന്റിഫിക്, എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.