ശാസ്ത്രവിരുദ്ധ വിശ്വാസങ്ങളെ അതിജീവിക്കാനൊരു മാർഗ്ഗദർശി

ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

ഇരുപത്തൊന്നാം  നൂറ്റാണ്ടിലെ കടുത്ത നാസ്തികരായി കരുതപ്പെടുന്ന,  റിച്ചാർഡ് ക്കിൻസ്, സാം ഹാരിസ്,  ഡാനിയൽ ഡെന്നെറ്റ്, ക്രിസ്റ്റോഫർ ഹിച്ചൻസ് എന്നീ പ്രശസ്ത യുക്തിചിന്തകരെ പൊതുവിൽ നവനിരീശ്വരർ എന്നാണ് വിളിക്കാറുള്ളത്. ബൈബിളിലെ വെളിപാട് പുസ്തകത്തിലെ പ്രയോഗത്തെ അടിസ്ഥാനമാക്കി ഇവരെ  ഫലിത രൂപേണ നാല് അശ്വാരൂഢർ (Four Horsemen)  എന്നും വിളിക്കാറുണ്ട്. എഴുത്തിലൂടെയും, പ്രഭാഷണങ്ങളിലൂടെയും നാസ്തിക ചിന്താഗതി പ്രചരിപ്പിക്കുന്നതിൽ അവർ നടത്തുന്ന പ്രതിബദ്ധതയും  അർപ്പണ മനോഭാവവുമാണ് മുൻകാല നാസ്തികരിൽ നിന്നും നവനാസ്തികരെ വ്യത്യസ്തരാക്കുന്നത്.  ഈശ്വരവിശ്വാസത്തിനും മതപ്രതിപത്തിക്കും  അനുകൂലമായി വിശ്വാസികൾ ഉന്നയിക്കുന്ന  വാദഗതികളെ നിഷ്കൃഷ്ടമായി പരിശോധിച്ച് മറുവാദങ്ങൾ അവതരിപ്പിക്കാൻ ഇവർ നിരന്തരം ശ്രമിച്ച് വരുന്നുണ്ട്. ഇവരിൽ ഇംഗ്ലീഷ് പരിണാമ ജീവശാസ്ത്രജ്ഞനായ റിച്ചാർഡ് ഡാക്കിൻസാണ്. കേരളത്തിലെ യുക്തിചിന്തകരിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളത്.

1976 ൽ പ്രസിദ്ധീകരിച്ച സെൽഫിഷ് ജീൻ (Selfish Gene) എന്ന പുസ്തകത്തിലൂടെയാണ് ശാസ്ത്ര പ്രചാരകൻ എന്ന നിലയിൽ  ഡാക്കിൻസ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ജീവപരിണാമ പ്രകിയയിൽ ജീനുകൾ വഹിക്കുന്ന പങ്കിനെയാണ് ഈ പുസ്തകത്തിൽ  അദ്ദേഹം വിശദീകരിച്ചത്. 1986 പ്രസിദ്ധീകരിച്ച ദി ബ്ലൈൻഡ് വാച്ച് മേക്കർ (The Blind Watch Maker) എന്ന പുസ്തകത്തിൽ ദൈവാസ്തിത്വത്തെ ന്യായീകരിക്കുന്നതിനായി ഉന്നയിക്കാറുള്ള ബൌദ്ധിക രൂപകല്പനാ സിന്താദ്ധത്തെ (Intelligent Design)  ജീവപരിണാമ പ്രക്രിയയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച്  ഡാക്കിൻസ് തിരസ്കരിക്കുന്നു.   2006 ൽ ഏറെ പ്രശസ്തിനേടിയ  ദൈവ മിധ്യാഭ്രമം (God Delusion) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തെ തുടർന്നാണ് ഡാക്കിൻസ് ലോകശ്രദ്ധ പിടിച്ച് പറ്റിയ  യുക്തിചിന്തകനായി മാറിയത്. പ്രകൃത്യാതീത ശക്തികളൊന്നും നിലവിലില്ലെന്നും മതവിശ്വാസം  കേവലം ഒരു മിഥ്യാഭ്രമം മാത്രമാണെന്നും ഡാക്കിൻസ് വാദിച്ചു.  പ്രസ്തുത പുസ്തകം  കടുത്ത ദൈവവിശ്വാസികളിൽ പോലുമുണ്ടാക്കിയ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി  പ്രശസ്ത ജീവശാസ്ത്രജ്ഞനും ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഡയറക്ടറുമായ ഫ്രാൻസിസ് കോളിൻസിന് ദി ലാങ്ങ്വേജ് ഓഫ് ഗോഡ് (The Language of God 2006)  എന്ന പുസ്തകം എഴുതേണ്ടിവന്നു.  ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും പ്രചാരണത്തിനായി 2006 ൽ ഡാക്കിൻസ് റിച്ചാർഡ് ഡാക്കിൻസ് ഫൌണ്ടേഷൻ ഫോർ റീസൺ ആന്റ് സയൻസ് എന്നൊരു സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്.

ഡാക്കിൻസിന്റെ കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച ഔട്ട് ഗ്രോയിംഗ് ഗോഡ്: എ ബിഗിനേഴ്സ് ഗൈഡ് (Outgrowing God: A Beginner’s Guide: Bantam Press: October 2019) എന്ന പുസ്തകത്തിൽ ദൈവത്തിലും മതത്തിലുമുള്ള വിശ്വാസങ്ങൾക്കടിസ്ഥാനമായി മുന്നോട്ട് വക്കാറുള്ള വാദമുഖങ്ങളെ   ശാസ്ത്രത്തിന്റെ പിൻബലത്തിൽ  ഖണ്ഡിക്കാനാണ് ശ്രമിക്കുന്നത്. തന്റെ മുൻ പുസ്തകത്തിൽ വിശദീകരിച്ചിട്ടുള്ള  വാദമുഖങ്ങൾ കുറേക്കൂടി ലളിതമായ ഭാഷയിൽ ഡാക്കിൻസ് അവതരിപ്പിക്കുന്നു. ഡാക്കിൻസിന്റെ മറ്റ് പുസ്തകങ്ങളിൽ സ്വീകരിച്ചിട്ടുള്ള കാർക്കശ്യ ഭാഷ ഉപേക്ഷിച്ച്  വളരെ സരളമായ ഭാഷയിലും  നർമ്മ ബോധത്തോടുകൂടിയുമാണ്   ഈ പുസ്തകം  എഴുതിയിട്ടുള്ളത്.  കൂടുതൽ ഗഹനമായി വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകര്യം ചെയ്യുന്ന ഡാക്കിൻസിന്റെ മറ്റ് പുസ്തകങ്ങൾക്കുള്ള ഒരാമുഖമായോ ഇതുവരെ എഴുതിയ പുസ്തകങ്ങളുടെ സംഗ്രഹമായോ ഈ പുസ്തകത്തെ കാണാവുന്നതാണ്.

ദൈവത്തിന് യാത്രാവന്ദനം, പരിണാമവും അപ്പുറവും എന്നീ രണ്ട് ഭാഗങ്ങളീലായി പന്ത്രണ്ട് അധ്യായങ്ങളായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.  ആദ്യ അദ്ധ്യായത്തിൽ പ്രധാനമായും ആസ്തിക ചിന്തക്ക് അടിസ്ഥാനമായി ഉന്നയിക്കാറുള്ള വാദമുഖങ്ങളെയാണ്  ഡാക്കിൻസ് ചോദ്യം ചെയ്യുന്നത്.  മനുഷ്യർക്കെന്തിനാണ് ഇത്രയധികം ദൈവത്തിന്റെ ആ‍വശ്യമെന്ന് ചോദ്യം ഉന്നയിച്ച് കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഏക ദൈവ വിശ്വാസത്തിന്റ്രെ അടിസ്ഥാനത്തിലുള്ള മതങ്ങളീൽ പോലും സാത്താൻ എന്നൊരു പ്രതി ദൈവത്തെ പറ്റി പറയുന്നുണ്ട്. ക്രിസ്തുമതത്തിലാവട്ടെ പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്ന്  നിരവധി വ്യാഖ്യാനത്തിന് വിധേയമായ  ത്രിത്വത്തിലൂടെ ഫലത്തിൽ ഒന്നിലധികം പ്രകൃത്യാതീത ശക്തികളെയാണ് അംഗീകരിക്കുന്നതെന്ന് ഡാക്കിൻസ് നിരീക്ഷിക്കുന്നു.

നിരീശ്വരത്വത്തിൽ വെള്ളം ചേർത്ത് അവതരിപ്പിക്കപ്പെടുന്ന സമീപനങ്ങളെ ഡാക്കിൻസ് രൂക്ഷമായി വിമർശിക്കുകയും കളീയാക്കയും ചെയ്യുന്നുണ്ട്. ദൈവാസ്തിത്വത്തെ അംഗീകരിക്കയോ തിരസ്കരിക്കയോ ചെയ്യാത്ത ആജ്ഞേയ വാദികളെ (Agnostics) ഡാക്കിൻസ് വിമർശിക്കുന്നു.  രക്ഷാശിക്ഷകൾ നൽകി ലോകം വാഴുന്ന വ്യക്തി ദൈവത്തിൽ വിശ്വാസമില്ലാത്തപ്പോഴും ചിലർ വ:ളരെ അവ്യക്തമായ  തരത്തിലുള്ള  പ്രപഞ്ച ശക്തിയിലും  ജീവശക്തിയിലും മറ്റും വിശ്വസിക്കുന്നതായി കാണാം. അത് പോലെ പ്രപഞ്ചത്തെ മൊത്തം ദൈവമായി കണക്കാക്കുന്നവരുമുണ്ട്. നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത എല്ലാത്തിന്റെയും ആകെ തുകയായി ദൈവത്തെ കണക്കാക്കുന്നവരുമുണ്ട്. ആർക്കും ശരിയെന്നോ തെറ്റെന്നോ തെളിയിക്കാൻ കഴിയാത്ത ഇത്തരം ചിന്തകളെയെല്ലാം ഡിക്കൻസ് പുശ്ചത്തോടെ തള്ളികളയുന്നു.

ബൈബിളിന്റെ പഴയ പുതിയ നിയമങ്ങളെ വളരെ നിഷ്കൃഷ്ടമായി പരിശോധിക്കുന്ന ഡാക്കിൻസ് മറ്റ് മതങ്ങളെ പരാമർശിച്ച് പോവുക മാത്രമാണ് ചെയ്യുന്നത്.  അത് കൊണ്ട് പൊതുവിൽ പുസ്തകത്തിന്റെ മിക്ക ഭാഗങ്ങളും കേവലം ക്രിസ്തുമത വിമർശനമായി മാറുന്നുണ്ട്.  നൈതിക ജീവിതം നയിക്കാനും നന്മ ചെയ്യാനും മനുഷ്യർക്ക് ദൈവവിശ്വാസം ആവശ്യമുണ്ടോ എന്ന ചോദ്യം ഉന്നയിച്ച് അതിന് മറുപടി നൽകുന്ന അഞ്ചാം അധ്യായമാണ് പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. നമ്മുടെ പ്രവർത്തികളെയെല്ലാം നിരീക്ഷിച്ച് തെറ്റുകൾ കണ്ടെത്തി ശിക്ഷവിധിക്കുന്ന പ്രകൃത്യാതീത ശക്തിയിലുള്ള വിശ്വാസം  മനുഷ്യരാശിയുടെ പ്രാകൃതാവസ്ഥയിൽ ആരംഭിക്കയും പിന്നീടുള്ള തലമുറകൾ ആന്തരികവൽക്കരിക്കയും ചെയ്ത പ്രാചീന ചിന്തമാത്രമാണ്. നന്മ ചെയ്യാനും നൈതിക ജീവിതം നയിക്കാനും ദൈവ വിശ്വാസത്തിന്റെ പിന്തുണ ആവശ്യമില്ലെന്ന്  കോടിക്കണക്കിനാളൂകൾ അവരുടെ ജീവിതത്തിലൂടെ തെളിയിച്ച് കൊണ്ടിരിക്കയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളൂടെ കാര്യത്തിൽ  പോലും വിശ്വാസികളേക്കാളേറെ അവിശ്വാസികൾ സംഘടിപ്പിച്ചിട്ടുള്ള പ്രസ്ഥാനങ്ങൾ മുൻ പന്തിയിലാണെന്ന് ഉദാഹരണങ്ങൾ സഹിതം ഡാക്കിൻസ് സമർത്ഥിക്കുന്നു. കുറ്റവാളികളുടെ പട്ടിക പരിശോധിച്ചാൽ അവരിൽ ബഹുഭൂരിഭാഗവും വിശ്വാസികളാണെന്ന് കാണാൻ കഴിയും നന്മ ചെയ്യാൻ വിശ്വാസം ആവശ്യമാണെന്നത് കേവലം “വിശ്വാസത്തിലുള്ള വിശ്വാസം“ മാത്രമാണ്.. പരിണാമ പ്രക്രിയയുടെ ഭാഗമായി കൂട്ടായ ജീവിതത്തിലൂടെയാണ് ധാർമ്മിക ചിന്തകൾ വളർന്ന് വന്നതെന്ന് ഡാക്കിൻസ് വ്യക്തമാക്കുന്നു.

പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത്  ബ്ലൈൻഡ് വാച്ച് മേക്കറിൽ വിശദമായി ഡാക്കിൻസ് ചർച്ച ചെയ്ത അഭികല്പനാവാദത്തെ (Argument from Design) വീണ്ടും പരിശോധനക്ക് വിധേയമാക്കുന്നു. മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളെല്ലാം അടങ്ങിയ  പ്രകൃതിയുടെയും ഘടനയുടെയുടെയും  പ്രവർത്തനങ്ങളൂടെയു,   സങ്കീർണ്ണതകൾ  ഇവയെല്ലാം കൃത്യതയോടെ ആസൂത്രണം ചെയ്യുന്ന ഒരു പ്രകൃത്യാതീത ശക്തിയുണ്ടെന്നതിന്റെ ശക്തമായ തെളിവാണെണതാണ് അഭികല്പനാവാദത്തിന്റെ അടിസ്ഥാനം.  കോടാനകോടി വർഷത്തെ പരിണാമ പ്രക്രിയയിലൂടെയും പ്രകൃതി നിർദ്ധാരണത്തിലൂടെയും അതിനടിസ്ഥാനമായ ജനിതക മാറ്റത്തിലൂടെയുമാണ് മനുഷ്യരും ജീവജാലങ്ങളൂം ഇന്നത്തെ നിലയിലെത്തിയതെന്നും അതിന്നും തുടർന്ന് കൊണ്ടിരിക്കയാണെന്നും ഡാർവിന്റെ പരിണാമ സിദ്ധാന്തങ്ങളൂടെ അടിസ്ഥാനത്തിൽ ഡാക്കിൻസ് വ്യക്തമാക്കുന്നു.

ഭയത്തിലും പ്രാകൃത ചിന്തകളിലുമല്ല ശാസ്ത്രത്തിന്റെ അനന്തമായ സാധ്യതകളിൽ നിന്നും  മനോധൈര്യം കൈവരിച്ച് മാത്രമേ മനുഷ്യരാശിക്ക് മുന്നോട്ട് പോവാനാവൂ എന്ന സന്ദേശമാണ് അവസാന അധ്യായത്തിൽ ഡാക്കിൻസ് നൽകുന്നത്. ഇനിയും ഒട്ടനവധി പ്രകൃതി പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാൽ ഇങ്ങിനെയുള്ള “ജ്ഞാന വിടവുകളെ“ ദൈവവിശ്വാസം കൊണ്ട അടക്കുകയല്ല വേണ്ടത്. കൂടുതൽ ശാസ്ത്രപരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളീലൂടെയും അജ്ഞാതങ്ങളായ പ്രതിഭാസങ്ങൾക്ക് പിന്നിലുള്ള വസ്തുനിഷ്ടയാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കയാണ് വേണ്ടത്. ശിക്ഷണ വിധേയമായ സാമാന്യ ബുദ്ധിയാണ് ശാസ്ത്രബോധമെന്ന് ഡാക്കിൻസ് പ്രഖ്യാപിക്കുന്നു..  ശാസ്ത്രബോധത്തെ പറ്റി ധാരാളം ചർച്ച സമീപകാലത്ത് നടന്ന് വരുന്ന സാഹചര്യത്തിൽ ശാസ്ത്രത്തിന്റെ രീതീശാസ്ത്രം നിരവധി ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്ന ഈ ഭാഗം നിർബന്ധമായും എല്ലാവരും വായിച്ചിരിക്കേണ്ടതാ‍ണ്.

അന്ധവും പ്രാകൃതവും ശാസ്ത്രവിരുദ്ധവുമായ വിശ്വാസങ്ങളെ അതിജീവിച്ച് മുന്നേറാൻ സഹായിക്കുന്ന കൈപ്പുസ്തകമായും  മാർഗ്ഗരേഖയായും ഡാക്കിൻസിന്റെ “ഗ്രോയിംഗ് ഗോഡ്: എ ബിഗിനേഴ്സ് ഗൈഡ്“ എന്ന പുസ്തകത്തെ കണക്കാക്കാവുന്നതാണ്. 

Leave a Reply