വൈദ്യശാസ്ത്ര നോബല്‍ പുരസ്കാരം ജോണ്‍ ഒ കീഫിനും മോസര്‍ ദമ്പതികള്‍ക്കും

John
ജോണ്‍ ഒ കീഫ്, എഡ്വാര്‍ഡ് മോസര്‍, മേയ് ബ്രിട്ട് മോസര്‍
കടപ്പാട് : വിക്കിമീഡിയ കോമണ്‍സ്

2014 ലെ വൈദ്യശാസ്ത്ര നോബല്‍ പുരസ്കാരങ്ങള്‍ നാഡീരോഗ ചികിത്സാ വിദഗ്ദ്ധര്‍ക്ക്.  ബ്രിട്ടീഷ് – അമേരിക്കന്‍ ഗവേഷകനായ ജോണ്‍ ഒ കീഫും നോര്‍വീജിയന്‍ ദമ്പതികളും ശാസ്ത്രജ്ഞരുമായ എഡ്വാര്‍ഡ് മോസര്‍, മേയ് ബ്രിട്ട് മോസര്‍ എന്നിവരുംസമ്മാനത്തുക പങ്കു വയ്ക്കും.

നാം ഇപ്പോള്‍ എവിടെയാണെന്ന് നാം തിരിച്ചറിയുന്നതെങ്ങനെ ? എങ്ങനെയാണ് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള വഴി നാം കണ്ടുപിടിക്കുന്നത് ‍? ഒരു തവണ വന്ന വഴിയാണല്ലോ ഇതെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും വിധം ദിശയും വഴിയും നാം എങ്ങനെയാണ് തലച്ചോറില്‍ സംഭരിക്കുന്നത് ‍? ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തിയതിനാണ് ഇവര്‍ ഇത്തവണത്തെ നോബല്‍ പുരസ്കാരത്തിന് അര്‍ഹരായത്. ആന്തരിക ജി.പി.എസ് സംവിധാനം പ്രവര്‍ത്തിക്കുന്നതിന്റെ രഹസ്യങ്ങളാണ് ഇവര്‍ അനാവരണം ചെയ്തത്.

1971 ല്‍ ജോണ്‍ കീഫിന്റെ ഗവേഷണങ്ങള്‍ വഴിയാണ് തലച്ചോറിലെ നാഡീ കോശങ്ങളുടെ പ്രത്യേക ദിശാനിര്‍ണയപ്രാപ്തി ശാസ്ത്രലോകം തിരിച്ചറിയുന്നത്‌. ഹിപ്പോകാംപസ് കോശങ്ങള്‍ എന്ന പേരിലുള്ള ഇവ  ജി പി എസ് സംവിധാനത്തിനു സമാനമായി പ്രവര്‍ത്തിക്കുന്നത്. തലച്ചോറിലെ കോശങ്ങള്‍  സ്ഥലകാലദിശാ നിര്‍ണയം നടത്തുന്നത് എങ്ങിനെയെന്നുള്ള സങ്കീര്‍ണമായ പ്രഹേളികയ്ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാന്‍ ഈ പഠനങ്ങള്‍ക്കായി.‌മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം 2005 ല്‍ മോസര്‍ ദമ്പതികള്‍ ഗ്രിഡ് കോശങ്ങള്‍ എന്ന പേരില്‍ മറ്റൊരു തരം കോശവ്യൂഹങ്ങളെ  തിരിച്ചറിഞ്ഞു.    വഴി, ദിശ ഇവ നിര്‍ണയിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇവയാണ്. ഇത്തരത്തില്‍ ഈ ഗവേഷണങ്ങളിലൂടെ ചുറ്റുപാടുമുള്ള സാഹചര്യങ്ങളെ വിശകലനം ചെയ്ത് നമ്മുടെ തലച്ചോര്‍ മാപ്പുകള്‍ക്ക് രൂപം നല്‍കുകയും ദിശാനിര്‍ണയം നടത്തുകയും ചെയ്യുന്നതെങ്ങിനെയെന്നു കൃത്യമായി മനസിലാക്കാനായി. നാഡീവ്യൂഹവിജ്ഞാനീയത്തില്‍ വഴിത്തിരിവായഅറിവുകളാണ് ഈ പഠനങ്ങളിലൂടെ ലഭിച്ചത്‌.

അമേരിക്കന്‍ – ബ്രിട്ടീഷ് പൌരത്വം വഹിക്കുന്ന ജോണ്‍ കീഫ് നിലവില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ന്യൂറല്‍ സര്‍ക്യൂട്ട് ആന്‍ഡ്‌ ബീഹേവിയറല്‍ വിഭാഗം മേധാവി ആണ്. തൊണ്ണൂറുകളില്‍ കീഫിന്റെ പരീക്ഷണശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന മോസര്‍ ദമ്പതികള്‍ ഇപ്പോള്‍ നോര്‍വെയിലെ ട്രോദ്‌ഹീമിലുള്ള ന്യൂറോളജി സെന്ററില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് എഴുപതു ലക്ഷം രൂപ വരുന്ന നോബല്‍ സമ്മാനത്തിന്റെ ആദ്യപകുതി കീഫിനു ലഭിക്കും. ശേഷിക്കുന്ന പകുതി മോസര്‍ ദമ്പതികള്‍ പങ്കുവെയ്കും. വൈദ്യശാസ്ത്ര നോബല്‍ നേടുന്ന പതിനൊന്നാമത്തെ വനിതയാണ്‌ മേയ് ബ്രിട്ട്. ഭൌതികശാസ്ത്ര നോബലുകള്‍ നാളെ പ്രഖ്യാപിക്കും.

അവലംബം : നോബല്‍പ്രൈസ്.ഒാര്‍ഗ്

[divider]

തയ്യാറാക്കിയത് : [author image=”http://luca.co.in/wp-content/uploads/2014/10/vs-Syam.jpg” ]വി.എസ്. ശ്യാം
https://plus.google.com/+VSShyam[/author]

Leave a Reply