നൈട്രജന്‍ – ഒരു ദിവസം ഒരു മൂലകം

പ്രൊഫ.എന്‍.കെ.ഗോവിന്ദന്‍

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഏഴാം ദിവസമായ ഇന്ന് നൈട്രജനെ പരിചയപ്പെടാം.

നമ്മെ പൊതിഞ്ഞുനില്‍ക്കുന്ന അന്തരീക്ഷവായുവിന്റെ 78 ശതമാനവും നൈട്രജനാണ്. സൗരയൂഥത്തിലെ അല്ലെങ്കില്‍ ക്ഷീരപഥത്തിലെ മൊത്തം മൂലകങ്ങളുടെ അളവ് പരിശോധിച്ചാല്‍ ഏറ്റവും കൂടുതലുള്ള മൂലകങ്ങളില്‍ ഏഴാം സ്ഥാനത്താണ് നൈട്രജന്‍. നമ്മുടെ ശരീരത്തിലെ മൂലകങ്ങളില്‍ നാലാം സ്ഥാനവും. ഓക്സിജന്‍, കാര്‍ബണ്‍, ഹൈഡ്രജന്‍ എന്നിവയാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍. മനുഷ്യശരീരഭാരത്തിന്റെ 3% വരും അതിലടങ്ങിയ നൈട്രജന്റെ ഭാരം. 

ആവര്‍ത്തനപ്പട്ടികയില്‍ പതിനഞ്ചാം ഗ്രൂപ്പില്‍ ആദ്യത്തെ കള്ളിയില്‍ത്തന്നെയാണ് നൈട്രജന്റെ സ്ഥാനം. ഗ്രൂപ്പില്‍ ഒന്നാമതായത്കൊണ്ട് പതിനഞ്ചാം ഗ്രൂപ്പ് അറിയപ്പെടുന്നതും നൈട്രജന്‍ കുടുംബം എന്നാണ്. സാധാരണ അന്തരീക്ഷ നിലയില്‍ വാതകാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ഏകഅംഗവും പതിനഞ്ചാംഗ്രൂപ്പില്‍ നൈട്രജനാണ്. ലോഹങ്ങളും അലോഹങ്ങളും അര്‍ധലോഹങ്ങളും ഒരുമയോടെ കഴിയുന്ന ഒരുകുുടുംബമാണ് നൈട്രജന്റേത്. 

കുറച്ച് ചരിത്രം

സദാസമയം നമ്മുടെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുന്നതും നാം ശ്വസിക്കുന്ന വായുവില്‍ ഏറ്റവും കൂടുതലുള്ളതും നൈട്രജന്‍ ആണല്ലോ. എന്നിട്ടും നൈട്രജനെ തിരിച്ചറിയാന്‍ ശാസ്ത്രലോകം കുറച്ചുവൈകി. വാതകങ്ങളുടെ പഠനം അത്ര എളുപ്പമായിരുന്നില്ല എന്നത് തന്നെയാണ് കാരണം. ആല്‍ക്കമെസ്റ്റുകള്‍ക്ക് ഉണ്ടായിരുന്ന ചില തെറ്റായധാരണകളും നൈട്രജന്‍ കണ്ടുപിടിക്കുന്നത് l താമസിക്കാൻ കാരണമായി.

വളരെ മുമ്പ് തന്നെ മനുഷ്യന്‍ അന്തരീക്ഷവായുവിനെ (സാധാരണവായു-Ordinary air) വാതകമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്‍ബണ്‍ ഡയോക്സൈഡിനെ സ്ഥിരവായു (Fixed air) എന്നും ഹൈഡ്രജനെ കത്തുന്ന വായു എന്നും വിളിച്ചു പോന്നു. ഇവ സാധാരണ വായുവിന്റെ രണ്ടു വകഭേദങ്ങളാണത്രേ!

ഫ്ലോജിസ്റ്റോണ്‍ സിദ്ധാന്തം (Phlogiston theory)

കത്തുന്ന എല്ലാ പദാര്‍ത്ഥങ്ങളിലും അടങ്ങിയിട്ടുള്ള വസ്തുവാണ് ഫ്ലോജിസ്റ്റോണ്‍.  പദാര്‍ത്ഥങ്ങള്‍ കത്തുമ്പോള്‍, ഫ്ലോജിസ്റ്റോണ്‍ ജ്വാലയുടെ രൂപത്തില്‍ പുറത്തുപോകുന്നു. നല്ല അളവില്‍ ഫ്ലോജിസ്റ്റോണ്‍ അടങ്ങിയ വസ്തുക്കള്‍ നല്ലരീതിയില്‍ കത്തുന്നു. (ഉദാഹരണം- കല്‍ക്കരി). തീ ഉപയോഗിച്ച് നന്നായി ചൂടാക്കുമ്പോള്‍ ഫ്ലോജിസ്റ്റോണ്‍ ആഗിരണം ചെയ്യപ്പെടുന്നു. ഇതായിരുന്നു 18-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ഫ്ലോജിസ്റ്റോണ്‍ തിയറി. 

സുപ്രസിദ്ധ രസതന്ത്രജ്ഞരായിരുന്ന കാവന്‍ഡിഷ്, പ്രീസ്റ്റ്ലി, ഷീലെ തുടങ്ങിയവര്‍ ഫ്ലോജിസ്റ്റോണ്‍ തിയറിയുടെ വക്താക്കളായിരുന്നു. വായുവിലും വെള്ളത്തിലുമുള്ള പലമൂലകങ്ങളുടെയും കണ്ടുപിടുത്തത്തില്‍ നിര്‍ണായകപ്രവര്‍ത്തനങ്ങള്‍ നടത്തിയതും അവര്‍തന്നെ. 

വാതകങ്ങള്‍ ഉത്പാദിപ്പിക്കാനും ശേഖരിക്കാനും പറ്റിയ ഉപകരണങ്ങള്‍ ഇല്ലാതിരുന്നത് ഈ മേഖലയിലെ പഠനങ്ങള്‍ക്ക് വലിയൊരു പ്രതിസന്ധിയായിരുന്നു. മൃഗങ്ങളുടെ മൂത്രാശയം (Bladder) ആയിരുന്നു ആ കാലങ്ങളില്‍ വാതകം ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്നത്. 

18-ാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ എസ് ഹേല്‍സ് എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍ വാതകങ്ങള്‍ ഉത്പാദിപ്പിക്കാനും ശേഖരിക്കാനുമുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തു. അതോടുകൂടിയാണ് ന്യൂമാറ്റിക് (വാതകവിജ്ഞാനീയം) രസതന്ത്രത്തിന് തുടക്കമായത്. വായുവിലെ ഘടകമൂലകങ്ങളെ കണ്ടെത്തുന്നതിന് ഇത് കുറച്ചൊന്നുമല്ല സഹായിച്ചത്. 

തുടക്കം കാവന്‍ഡിഷില്‍ നിന്ന്

1777-ല്‍ കാവന്‍ഡിഷ് പ്രീസ്റ്റ്ലിക്ക് അയച്ച കത്തില്‍ ഒരു പുതിയ വാതകം കണ്ടുപിടിച്ചതായി പറയുന്നുണ്ട്. ശ്വാസം മുട്ടിക്കുന്ന, മാരകമായ എന്ന അര്‍ത്ഥത്തില്‍ Asphyxiating air അല്ലെങ്കില്‍ Mephitic air എന്നാണ് അതിനെ അദ്ദേഹം വിളിച്ചത്. ചുട്ടുപഴുത്ത കല്‍ക്കരിയുടെ മുകളിലൂടെ വായു കടത്തിവിടുമ്പോഴുണ്ടാകുന്ന സ്ഥിരവായു (CO2) ഒരു ക്ഷാരലായനിയില്‍ ആഗിരണം ചെയ്തപ്പോള്‍ ബാക്കിവന്ന വാതകങ്ങളെയാണ് അദ്ദേഹം മെഫിറ്റിക് വായു എന്ന് വിളിച്ചത്. 

തന്റെ തിരക്കുപിടിച്ച പരീക്ഷണങ്ങള്‍ക്കിടയില്‍ പ്രീസ്റ്റ്ലി കാവന്‍‍ഡിഷ് അയച്ച കത്ത് കാര്യമാക്കിയില്ല. സമാനമായ പരീക്ഷണങ്ങളാണ് അദ്ദേഹവും നടത്തിയിരുന്നത്. ഒരു നിശ്ചിതവ്യാപ്തം വായുവില്‍ ചില വസ്തുക്കള്‍ കത്തിക്കുകയും അപ്പോഴുണ്ടായ സ്ഥിരവായു ചുണ്ണാമ്പുലായനിയില്‍ ലയിപ്പിക്കുകയും ചെയ്തപ്പോള്‍ ആദ്യം എടുത്ത വായുവിന്റെ അളവില്‍ കുറവു വരുന്നതായി അദ്ദേഹം ശ്രദ്ധിച്ചു.  (ഓക്സിജന്‍ അപ്പോള്‍ കണ്ടെത്തിയിരുന്നില്ല.) മാത്രമല്ല അവശേഷിക്കുന്ന വായു കത്തുന്നതോ ശ്വസിക്കാവുന്നതോ അല്ല എന്നും അദ്ദേഹം മനസ്സിലാക്കി. ഫ്ലോജിസ്റ്റോണ്‍ കൊണ്ട് പൂരിതമായതാണ് ഇതിന് കാരണമെന്ന് അദ്ദേഹം കരുതി. അദ്ദേഹം അതിന് ഫ്ലോജിസ്റ്റിക്കേറ്റഡ് എയര്‍ (Phlogisticated air) എന്ന പേരും നല്‍കി. ചുരുക്കത്തില്‍ കാവന്‍ഡിഷും പ്രീസ്റ്റ്ലിയും ശേഖരിച്ചത് നൈട്രജന്‍ ആണെങ്കിലും അവര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല ഫ്ലോജിസ്റ്റോണ്‍ എന്ന തെറ്റായ സങ്കല്‍പ്പം വഴിതെറ്റിക്കുകയും ചെയ്തു. 

ഏറെക്കുറെ മേല്‍പ്പറഞ്ഞ പരീക്ഷണങ്ങളിലൂടെ കടന്നുപോയ ഡാനിയല്‍ റൂഥര്‍ഫോര്‍ഡ് എന്ന ശാസ്ത്രജ്ഞന്‍ തനിക്ക് ലഭിച്ച വാതകങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും On so called fixed and Mephetic air എന്ന തന്റെ പ്രബന്ധത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചുണ്ണാമ്പുവെള്ളത്തിലൊ, മറ്റു ക്ഷാരലായനികളിലൊ ലയിക്കാത്ത, ശ്വസിക്കാന്‍ കൊള്ളാത്ത ഈ വായുവിനെ അദ്ദേഹം ദൂഷിതവായു (Corrupted air) എന്നു വിളിച്ചു. നൈട്രജന്‍ കണ്ടെത്തിയതിനുള്ള അംഗീകാരം ശാസ്ത്രലോകം നല്‍കിയിരിക്കുന്നത് ഡാനിയല്‍ റൂഥര്‍ഫോര്‍ഡിനാണ്. 

ഫ്ലോജിസ്റ്റിക്കേറ്റഡ്, മെഫിറ്റിക്, കറപ്റ്റഡ് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന വാതകത്തിന് ലാവോസിയെയും കൂട്ടരും ചേര്‍ന്ന് മറ്റൊരു പേര് നല്‍കാന്‍ തീരുമാനിച്ചു. അതായിരുന്നു അസോട്ടെ (Azote- ജീവനില്ലാത്തത്). ശ്വസിക്കാന്‍ കൊള്ളാത്ത വാതകമാണല്ലോ. എന്നാല്‍ ജീവജാലങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത മൂലകമാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെ പേര് അനുയോജ്യമല്ലെന്ന് ബോധ്യമായി. പിന്നീട് നൈട്രോജനിയം (Nitrogenium) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് നൈട്രജന്‍ എന്ന പേര് സ്വീകരിച്ചത്. 

നൈട്രജനും ജീവന്റെ ഉത്പത്തിയും

കാണാത്തത്, ശ്വസിക്കാന്‍ കൊള്ളാത്തത്, അപകടകാരി, ദൂഷിതവായു ഇങ്ങനെ എന്തെല്ലാം വിശേഷണങ്ങളും പേരുകളുമാണ് പാവം നൈട്രജന് നല്‍കിയിരിക്കുന്നത്. എന്നാല്‍ നൈട്രജന്‍ ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെവിളിക്കാനുള്ള മനുഷ്യന്‍ മാത്രമല്ല ജീവന്‍തന്നെ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. ഏകദേശം 350 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത്. അന്ന് വായുമണ്ഡലത്തില്‍ ഓക്സിജന്‍‍ ഉണ്ടായിരുന്നില്ല, ഓസോണ്‍ പാളിയും. അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങള്‍ നീരാവിയും , അമോണിയ, മീഥെയ്ന്‍, കാര്‍ബണ്‍ഡൈയോക്സൈഡ്, എന്നീ വാതകങ്ങളായിരുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍, ഇടിമിന്നല്‍, അഗ്നിപര്‍വ്വതസ്ഫോടനം, ഉല്‍ക്കാപതനസമയത്തുണ്ടാകുന്ന ആഘാതതരംഗങ്ങള്‍ (Shock waves) എന്നിവയില്‍നിന്ന് ഊര്‍ജ്ജം സംഭരിച്ച് മേല്‍പ്പറഞ്ഞ ലഘുതന്മാത്രകള്‍ ചേര്‍ന്ന് കാര്‍ബണിക യൗഗികങ്ങള്‍, അമിനോ അമ്ലങ്ങള്‍, പഞ്ചസാരകള്‍, ക്ഷാരങ്ങള്‍, എന്നിവ ഉണ്ടായി എന്നാണ് ഒപാരിന്‍ – ഹാല്‍ഡേന്‍ സിദ്ധാന്തം. തുടര്‍ച്ചയായ പേമാരിയില്‍ ഇവയെല്ലാം സമുദ്രപ്പരപ്പുകളില്‍ എത്തുകയും തുടര്‍ന്നുണ്ടായ പോളിമറീകരണം വഴി പ്രൊട്ടീനുകളും ന്യൂക്ലിക് അമ്ലങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തു. ഇവ സ്തരങ്ങള്‍ക്ക് (Membranes) ഉള്ളിലായതോടെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജീവന്‍ ആവിര്‍ഭവിച്ചു എന്നര്‍ത്ഥം. 

നൈട്രജന്‍ അടങ്ങിയ സംയുക്തം, അമോണിയ, ഇല്ലായിരുന്നെങ്കില്‍ അമിനോ അമ്ലങ്ങള്‍, പ്രോട്ടീന്‍, , ന്യൂക്ലിക്ക് അമ്ലങ്ങള്‍ ഇവയൊന്നും ഉണ്ടാകുമായിരുന്നില്ല.  

സ്വഭാവവിശേഷങ്ങള്‍

രണ്ട് ആറ്റങ്ങള്‍ കൂട്ടിച്ചേര്‍ന്ന് ദ്വയാറ്റോമിക തന്മാത്രയായാണ് നൈട്രജന്‍ മൂലകം സ്ഥിചെയ്യുന്നത്. രണ്ട് ആറ്റങ്ങള്‍ തമ്മില്‍ ത്രിബന്ധനം (Triple bond) ആണ് ഉള്ളത്. മൂന്ന് ബന്ധനങ്ങളെയും തകര്‍ത്ത് ആറ്റങ്ങളെ വേര്‍ത്തിരിക്കുക എന്നത് ധാരാളം ഊര്‍ജ്ജം വേണ്ട പ്രക്രിയയാണ്. അതുകൊണ്ട് നൈട്രജന്‍ വളരെ സ്ഥിരതയുള്ളതും (stable) നിര്‍ജ്ജീവവുമായ മൂലകമാണ്. അതേസമയം ഏതെങ്കിലും ഒരു രാസപ്രക്രിയയിലൂടെ നൈട്രജന്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്നിരിക്കട്ടെ. അപ്പോള്‍ വളരെയധികം ഊര്‍ജ്ജം പുറന്തള്ളുകയും ചെയ്യും. നൈട്രജന്‍ അടങ്ങിയ സ്ഫോടകവസ്തുക്കളുടെ അടിസ്ഥാനം അതാണല്ലോ. 

ധാരാളം സംയുക്തകള്‍

ജൈവ, അജൈവ മേഖലകളില്‍ ധാരാളം സംയുക്തങ്ങളുണ്ട് നൈട്രജന്. അമിനോ അമ്ലങ്ങള്‍, പ്രോട്ടീനുകള്‍, ന്യൂക്ലിക് ആമ്ലങ്ങള്‍, ക്ലോറോഫില്‍ തുടങ്ങിയ ജൈവതന്മാത്രകളിലെ പ്രധാനപ്പെട്ട മൂലകമാണ് നൈട്രജന്‍. അമോണിയ, നൈട്രിക് ആസിഡ്, നൈട്രേറ്റുകള്‍, സയനൈഡുകള്‍ തുടങ്ങിയ ഒട്ടേറെ സംയുക്തങ്ങള്‍ വ്യവസായിക പ്രാധാന്യമുള്ളവയാണ്. 

നൈട്രജന്‍ ചക്രം 

നൈട്രജൻ മൂലകം അവയുടെ വിവിധ സംയുക്തങ്ങളുടെ രൂപത്തിൽ ഹരിതസസ്യങ്ങൾ വഴി ജന്തുക്കളിലേയ്ക്കും തിരിച്ച് അന്തരീക്ഷത്തിലേയ്ക്കും മണ്ണിലൂടെ എത്തുന്ന പ്രക്രിയയാണ് നൈട്രജൻ ചക്രം. ബാക്ടീരിയകൾ, പായലുകൾ, ഇടിമിന്നൽ പോലുള്ള ഭൗതിക പ്രതിഭാസങ്ങൾ ഇവയെല്ലാം നൈട്രജൻ ചക്രത്തിൽ ഉൾപ്പെടുന്നു. 

നൈട്രജൻ സ്ഥിരീകരണം

അന്തരീക്ഷത്തിൽ മുക്കാൽ ശതമാനത്തിലധികം നൈട്രജനാണെങ്കിലും ഹരിതസസ്യങ്ങൾക്ക് നൈട്രജനെ നേരിട്ട് ആഗിരണം ചെയ്യാനുള്ള കഴിവില്ല. അവ നൈട്രജന്റെ സംയുക്തങ്ങളായ നൈട്രസ് ഓക്‌സൈഡ്, അമോണിയ, നൈട്രൈറ്റുകൾ എന്നീ രൂപങ്ങളിലേയ്ക്ക് മാറ്റപ്പെട്ടാൽ സസ്യശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. അന്തരീക്ഷത്തിലെ നൈട്രജനെ മണ്ണിൽ സസ്യങ്ങളുടെ ആഗിരണത്തിനായി നൈട്രജൻ സംയുക്തങ്ങളായി മാറ്റുന്ന പ്രക്രിയയാണ് നൈട്രജൻ സ്ഥിരീകരണം. ഇതിന് സൂക്ഷ്മജീവികളുടെ സഹായമുണ്ടെങ്കിൽ അതിനെ ജൈവികനൈട്രജൻ സ്ഥിരീകരണം എന്നുവിളിക്കുന്നു. ഇടിമിന്നൽ മൂലമുള്ള നൈട്രജൻ സ്ഥിരീകരണവും പ്രകൃതിയിൽ കാണപ്പെടുന്നു.

ജൈവികനൈട്രജൻ സ്ഥിരീകരണം

ജീവികളുടെ മൃതശരീരങ്ങളും ജന്തുവിസർജ്ജ്യങ്ങളും അമോണീകരണ ബാക്റ്റീരിയകൾ (Ammonifying bacteria) വിഘടിപ്പിച്ച് കാർബണിക സംയുക്തങ്ങളിലെ നൈട്രജനെ അമോണിയആക്കിമാറ്റുന്നു. രാസസംശ്ലേഷക നൈട്രീകരണ ബാക്റ്റീരിയകൾ (Chemosythetic Nitrifying Bacteria) ഇങ്ങനെയുണ്ടാകുന്ന അമോണിയയെ നൈട്രേറ്റുകൾ ആക്കി മാറ്റുന്നു.റൈസോബിയം, ക്ലോസ്ട്രിയം, അസറ്റോബാക്റ്റർ തുടങ്ങിയ ബാക്റ്റീരിയകൾക്ക് അന്തരീക്ഷവായുവിൽ നിന്ന് നൈട്രജൻ സ്വീകരിച്ച് നൈട്രജൻ സംയുക്തങ്ങളാക്കാൻ കഴിവുണ്ട്. ഇവയെ നൈട്രജൻ സ്ഥിരീകരണ ബാക്റ്റീരിയകൾ (Nitrogen Fixing Bacteria) എന്നു വിളിക്കുന്നു. റൈസോബിയത്തിന്റെ ഇനത്തിൽ പെടുന്ന ബാക്റ്റീരിയങ്ങൾ പയർ വർഗ്ഗത്തിലെ പെടുന്ന ചെടികളുടെ മൂലാർബുദങ്ങളിൽ വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ട് റബ്ബർ തോട്ടങ്ങളിലും നെൽവയലുകളിൽ രണ്ട് വിളകൾക്കിടയിലും പയർവർഗ്ഗത്തിലെ ചെടികൾ നടാറുണ്ട്. ക്ലോസ്ട്രീഡിയം, അസറ്റോബാക്റ്റർ തുടങ്ങിയവ മണ്ണിൽ സ്വതന്ത്രമായി ജീവിക്കുന്നവയും നൈട്രജൻ സ്ഥിരീകരണം നടത്തുന്നവയുമാണ്. 

ചില നീല ഹരിത ആൽഗകൾക്കും അന്തരീക്ഷവായുവിലെ നൈട്രജൻ സ്വീകരിച്ച് നൈട്രജൻ സംയുക്തങ്ങളുണ്ടാക്കാൻ കഴിവുണ്ട്. അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളേയും വളർത്താറുണ്ട്. ഇടിമിന്നൽ ഉണ്ടാകുമ്പോഴും നൈട്രജൻ സ്ഥിരീകരണം നടക്കാറുണ്ട്. അത്തരം സന്ദർഭത്തിൽ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ ഓക്‌സൈഡുകൾ മഴയിലൂടെ മണ്ണിലെത്തുകയും നൈട്രേറ്റുകൾ ആവുകയും ചെയ്യും. അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന നൈട്രജന്റെ ഒരുഭാഗം മൃതശരീരങ്ങളിലും മറ്റും പ്രവർത്തിക്കുന്ന ഡീനൈട്രിഫയിങ് ബാക്റ്റീരിയകളുടെ പ്രവർത്തനഫലമായി അന്തരീക്ഷത്തിലേക്ക് തിരിച്ചു ചെല്ലുന്നുണ്ട്.

ഉപയോഗങ്ങള്‍ 

  • ഏറ്റവും പ്രധാനം രാസവളനിര്‍മ്മാണം തന്നെ. അന്തരീക്ഷത്തിലെ നൈട്രജന്‍ ഹേബര്‍പ്രക്രിയയിലൂടെ ആമോണിയ ആക്കിമാറ്റി അതുപയോഗിച്ച് രാസവളനിര്‍മ്മാണം തുടങ്ങിയതോടെയാണ് ഹരിതവിപ്ലവം സാധ്യമായത്. 
  • ഒട്ടേറെ ഔഷധങ്ങളില്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളുടെ നിര്‍മ്മാണത്തിന് നൈട്രജന്‍ സംയുക്തങ്ങള്‍ വേണം. 
  • കെവ് ലാര്‍ (Kevlar) എന്ന ഉറപ്പുകൂടിയ നാര് നൈട്രജന്‍ അടങ്ങിയ പോളിമര്‍ ആണ്. 
  • സൂപ്പര്‍ഗ്ലൂ (Super Glue) നിര്‍മ്മിക്കാനുപയോഗിക്കുന്ന സയനോ അക്രിലേറ്റ് നൈട്രജന്‍ സംയുക്തമാണ്. 
  • ഒട്ടേറെ രാസപ്രവര്‍ത്തനങ്ങളില്‍ നിര്‍ജ്ജീവ അന്തരീക്ഷം (Inert atmosphere) ഒരുക്കുന്നതിന് നൈട്രജന്‍ ഉപയോഗിക്കുന്നു. 
  • ടയര്‍ ഫില്ലിംഗിന്
  • ദ്രാവകനൈട്രജന്‍ നല്ലൊരു റഫ്രിജറന്റ് ആണ്. രക്തം, ബീജം തുടങ്ങിയ ജൈവകോശങ്ങള്‍ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിക്കുന്നതിന് ദ്രാവക നൈട്രജന്‍ ഉപയോഗിക്കുന്നു. 

പ്രധാന വസ്തുതകള്‍  

ഗ്രൂപ്പ് 15 ഉരുകല്‍നില 63.15 K ​(−210.00 °C, ​−346.00 °F)
പീരിയഡ് 2 തിളനില 77.355 K ​(−195.795 °C, ​−320.431 °F)
ബ്ലോക്ക്  p സാന്ദ്രത (g/cm³) 1.2506 g/L[1] at 0 °C, 1013 mbar , ദ്രാവകം 0.808 g/cm3 (at b.p.)
അറ്റോമിക സംഖ്യ 7 ആറ്റോമിക ഭാരം 14.007
അവസ്ഥ  20°C വാതകം ഐസോടോപ്പുകള്‍   14N (99.6%), 15N (0.4%)
ഇലെക്ട്രോണ്‍വിന്യാസം
[He] 2s2 2p3

Leave a Reply