ചന്ദ്രയാന്‍ 2 പുതിയ ഓര്‍ബിറ്റില്‍ – ചന്ദ്രനെ തൊടാന്‍ ഇനി 3 നാള്‍

[author title=”നവനീത് കൃഷ്ണൻ എസ്.” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകൻ[/author]

ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്. 

Control Centre at ISTRAC, Bengaluru | കടപ്പാട് ISRO

ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്. 96 മുതല്‍ 125കിലോമീറ്റര്‍ വരെയുള്ള ഓര്‍ബിറ്റില്‍ ഓര്‍ബിറ്റര്‍ തുടരും. 35കിലോമീറ്റര്‍ മുതല്‍ 101കിലോമീറ്റര്‍വരെയുള്ള ഓര്‍ബിറ്റിലേക്ക് വിക്രം ലാന്‍ഡര്‍  മാറി. 

ചന്ദ്രയാന്‍ -2 പേടകത്തില്‍ നിന്നും വേര്‍പിരിഞ്ഞ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ 3 വരെ അതേ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു . സെപ്റ്റംബര്‍ 3 രാവിലെ 8.50ന് ലാന്‍ഡറിലെ റോക്കറ്റുകള്‍ 4 സെക്കന്‍ഡുകള്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ കൂടുതല്‍ അടുത്തുകൂടി കടന്നുപോകുന്ന പരിക്രമണപഥത്തിലേക്ക് ലാന്‍ഡര്‍ മാറിയിരുന്നു. 104 x 128 കിലോമീറ്റര്‍ ഉയരത്തിലേക്കായിരുന്നു ഈ പഥമാറ്റം  

ലാന്‍ഡറില്‍നിന്നും പ്രഗ്യാന്‍ ഇറങ്ങുന്നു. ചിത്രീകരണം – ISRO

പ്രഗ്യാന്‍ എന്ന കുഞ്ഞുവാഹനത്തിന്റെ യാത്ര

ഈ ലാന്‍ഡറിന്റെ ഉള്ളിലാണ് പ്രഗ്യാന്‍ എന്ന കുഞ്ഞുവാഹനം ഉള്ളത്. ഒരു ടേബിള്‍ഫാനിന്റെ പോലും പവര്‍ വേണ്ടതില്ല  പ്രഗ്യാന് പ്രവര്‍ത്തിക്കാന്‍. വെറും 50 വാട്ടാണ് പ്രഗ്യാനിന്റെ പ്രവര്‍ത്തനത്തിനു വേണ്ടത്. ഈ ഊര്‍ജ്ജത്തില്‍ അര കിലോമീറ്ററാവും പ്രഗ്യാന്‍ ചന്ദ്രോപരിതലത്തില്‍ ഏതാണ്ട് പതിനഞ്ചു ദിവസംകൊണ്ട് ഓടിനടക്കുക.

ഏറ്റവും പ്രധാനവും സങ്കീര്‍ണ്ണവുമായ ഘട്ടം സെപ്തംബര്‍ 7ന് പുലര്‍ച്ചെയാണ്. നാമെല്ലാവരും കാത്തിരിക്കുന്ന ആ നിമിഷം. അന്നു രാവിലെ 1.40ന് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ട പതിനഞ്ചു മിനിറ്റുകളാണാ സമയം. ആര്‍ക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത പതിനഞ്ചുമിനിറ്റുകള്‍! എല്ലാം വിജയകരമായാല്‍ 1.55ന് വിക്രം സുരക്ഷിതമായി തെക്കേധ്രുവത്തില്‍ ഇറങ്ങും.  ഇറങ്ങുമ്പോള്‍ ഉണ്ടാവുന്ന പൊടിയും മറ്റും അടിയാന്‍ രണ്ടോ മൂന്നോ മണിക്കൂര്‍ എടുത്തേക്കും. നാലു മണിക്കൂറോളം വിക്രം അതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ ചന്ദ്രനില്‍ തുടരും.
രാവിലെ 5.30ന്, ചന്ദ്രനില്‍ സൂര്യനുദിക്കുന്ന സമയത്ത് വിക്രത്തില്‍നിന്നും പ്രഗ്യാന്‍ എന്ന വാഹനം പതിയെ ചന്ദ്രനിലേക്ക് ഉരുണ്ടിറങ്ങും. ചിത്രങ്ങള്‍ കൂടി ലഭ്യമാവുന്നതോടെ ഇസ്രോ പുതിയൊരു ചരിത്രമാണ് എഴുതിച്ചേര്‍ക്കുന്നത്.

പതിനഞ്ചു ദിവസമാണ് പ്രഗ്യാനിന്റെയും വിക്രത്തിന്റെയും പ്രവര്‍ത്തനകാലയളവ്. അതിനുശേഷം ചന്ദ്രനില്‍ രാത്രിയാവാന്‍ തുടങ്ങും. ഏതാണ്ട് പതിനഞ്ചുദിവസം നീളുന്ന രാത്രി. കടുത്ത തണുപ്പാവും ചന്ദ്രനിലപ്പോള്‍. സൂര്യനില്ലാത്തതിനാല്‍ വിക്രത്തിനും പ്രഗ്യാനിനും ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥയുണ്ടാവും. ഈ അവസ്ഥയെ വിക്രമും പ്രഗ്യാനും മറികടക്കാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമികവിലയിരുത്തല്‍. എന്നാല്‍ അത്ഭുതങ്ങള്‍ സംഭവിച്ചുകൂടായ്കയില്ല.
കൊടുംതണുപ്പുള്ള ആ ദിനങ്ങളെ അതിജീവിച്ചാല്‍ വീണ്ടും നമുക്ക് അത്രയും ദിനങ്ങള്‍കൂടി ചന്ദ്രനില്‍ പരീക്ഷണങ്ങള്‍ തുടരാനാവും. അങ്ങനെയൊരു അത്ഭുതത്തിനായി നമുക്ക് കാത്തിരിക്കാം!

Leave a Reply