ഹാലിയുടെ വാല്‍നക്ഷത്രത്തെ പറ്റി ഇനി ഓര്‍ക്കുമ്പോള്‍ ഹാലിയെ മാത്രമല്ല, അതിനെ ശരിക്കും മനുഷ്യരാശിയുടേതാക്കിമാറ്റിയ നിക്കോള്‍-റെയ്നെയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!
നിക്കോള്‍-റെയ്നെ 1723-ല്‍ പാരീസിലാണ് ജനിച്ചത്. രാജാവിന്റെ സേവകനായിരുന്നു അച്ഛന്‍ എന്നതുകൊണ്ട് നിക്കോള്‍-റെയ്നെയുടെ ജനനവും ജീവിതത്തിന്റെ ആദ്യപാദവും ലക്സംബര്‍ഗ് കൊട്ടാരത്തിലായിരുന്നു. വായനയില്‍ നിക്കോള്‍-റെയ്നെക്കുണ്ടായിരുന്ന ശ്രദ്ധയെ പുസ്തകങ്ങള്‍ “ആര്‍ത്തിയോടെ തിന്നുക” (“devour”) എന്നാണ് മറ്റുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. 1749-ല്‍ രാജാവിന്റെ ക്ലോക്കുനിര്‍മ്മാതാവായിരുന്ന തന്റെ കാമുകനെ നിക്കോള്‍-റെയ്നെ വിവാഹം ചെയ്തു.
എമിലി ഡു ഷാറ്റ്ലിയുടെ കഥ ഓര്‍മ്മയുണ്ട് എങ്കില്‍ (കുറിപ്പ്#1) നിക്കോള്‍-റെയ്നെ ജനിച്ച കാഥഘട്ടത്തില്‍ ഫ്രാന്‍സില്‍ ജ്ഞാനോദയ ചിന്തയുടേയും സയന്‍സിന്റേയും വലിയ വിപ്ലവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് കൂടി ഓര്‍മ്മയുണ്ടാകും. ഹാലിയുടെ വാല്‍നക്ഷത്രം 1758-59 കാലഘത്തില്‍ വരും എന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായിരുന്നു; അതായത് മുമ്പുള്ള കണക്കിന്റെ മാര്‍ജിന്‍ ഏതാണ്ട് രണ്ട് കൊല്ലമായിരുന്നു! ആ രണ്ട് കൊല്ലത്തിന് ന്യായമുണ്ട്; സൗരയൂഥത്തിലെ ഏതൊക്കെ ഗ്രഹങ്ങള്‍ ഈ വാല്‍നക്ഷത്രത്തിന്റെ വഴിക്ക് ഉണ്ട്, അവ ഏതൊക്കെ കാര്യമായ ഗുരുത്വാകര്‍ഷണം മൂലം അതിന്റെ വഴി ചെറുതായി തിരിച്ച് വിടുന്നുണ്ട് ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിയാലെ ആ കണക്കുകൂട്ടല്‍ കൃത്യമാക്കാന്‍ പറ്റു. (അന്ന് അറിയില്ല എങ്കിലും ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ വഴിയില്‍ അതിനെ പിടിച്ച് വലിക്കാന്‍ യുറാനസും നെപ്ട്യൂണും കൂടി ഉണ്ട് എന്നതുകൊണ്ട് അന്ന് ഇങ്ങനെയൊരു കണക്കുകൂട്ടല്‍ ഏതാണ്ട് അസാധ്യമായിരുന്നു!)
നിക്കോള്‍-റെയ്നെ കണക്കുകളിലും ഈ വിഷയത്തിലും സമര്‍ത്ഥയാണെന്ന് കണ്ട് ജെറോം ലലാണ്ടേ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ തന്റെ ഗണിതശാസ്ത്ര സംഘത്തിലേക്ക് നിക്കോള്‍-റെയ്നെയെ കൂട്ടി: നിക്കോള്‍-റെയ്നെ, ജെറോം, പിന്നെ അലെക്സിസ് ക്ലൈയ്റൗട്ട് എന്നിവരായിരുന്നു ഈ സംഘം. ആറ് മാസം രാപകലില്ലാതെ ഇവര്‍ മൂന്നുപേരും കണക്കുകൂട്ടി, പലപ്പോഴും ഉറക്കവും ഭക്ഷണവും ത്യജിച്ച്. പക്ഷേ, 1758 നവംബറില്‍ ഈ കണക്ക് അലെക്സിസ് പ്രസിദ്ധീകരിച്ചപ്പോള്‍ നിക്കോള്‍-റെയ്നെയുടെ പേരില്ല; അവളുടെ സംഭാവനകള്‍ എവിടെയും പേരിന് പോലും ഇല്ല. ജെറോം നിക്കോള്‍-റെയ്നെ മരിക്കുന്നതുവരെ, ചരമക്കുറിപ്പുകളിലും, ഈ അനീതിയെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു; അങ്ങനെ ആവര്‍ത്തിച്ച് തന്നാലാകും പോലെ ചരിത്രം തിരുത്താനും!
1759 ഏപ്രില്‍ 15-ന് വാല്‍നക്ഷത്രം സൂര്യന് ഏറ്റവും അടുത്തെത്തും (perihelion) എന്നായിരുന്നു ഇവരുടെ കണക്കിന്റെ പ്രവചനം. മാര്‍ച്ച് 13-നാണ് ശരിക്കും വാല്‍നക്ഷത്രം സൂര്യന് ഏറ്റവും സമീപത്തുകൂടി കടന്നുപോയത്! രണ്ട് കൊല്ലമായിരുന്നു മുന്‍പത്തെ കണക്കിന്റെ മാര്‍ജിന്‍ എന്ന് ആലോചിച്ചാല്‍, (ഹാലി 1958-ല്‍ വരും എന്നാണ് പ്രവചിച്ചിരുന്നത്!) ഇവരുടെ കണക്ക് എത്രമാത്രം കൃത്യമായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. പക്ഷേ, ആധുനിക ജ്യോതിശാസ്ത്രത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ യുറാനസിന്റേയും നെപ്ട്യൂണിന്റേയും ഗുരുത്വബലം പരിഗണിക്കാതെ ഇതെങ്ങനെ സാധ്യമായി എന്നതും അത്ഭുതമാണ്! (അതുകൊണ്ട് തന്നെ ഇതിനെ ചോദ്യം ചെയ്യുന്ന ഒരു ന്യൂനപക്ഷവും ഉണ്ട് കെട്ടോ!) ഇന്ന് പോലും പ്രവചനത്തിന് ഒട്ടുമേ വഴങ്ങാത്ത ഒരുപാട് ബലങ്ങളാല്‍ ഏതൊക്കെയോ വഴിക്ക് വലിക്കപ്പെടുന്ന പ്രതിഭാസങ്ങളാണ് വാല്‍നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങള്‍; കമ്പ്യൂട്ടറോ കാല്‍ക്കുലേറ്ററോ ഇല്ലാത്ത, ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ ബാല്യകാലത്ത് ഇത് ചെറിയൊരു കാര്യമേ അല്ല!
നിക്കോള്‍-റെയ്നെ സ്വാഭാവികമായും തന്റെ പിന്നീടുള്ള ജ്യോതിശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും കണക്കുകളിലും ഒപ്പം ചേര്‍ത്തത് ജെറോമിനെയായിരുന്നു. 1761-ലും 1769-ലും ഭൂമിലില്‍ നിന്ന് നോക്കുമ്പോള്‍ ശുക്രന്‍ (venus) സൂര്യന്റെ മുന്നിലുടെ കടന്നുപോകുന്ന പ്രതിഭാസം ഉണ്ടായിരുന്നു; അത് സൂര്യന്റെ മുഖത്ത് ഏത് വഴിക്കാണ് പോകുക എന്ന കണക്കായിരുന്നു നിക്കോള്‍-റെയ്നെ അടുത്തതായി ചെയ്തത്. 1764-ലെ സൂര്യഗ്രഹണം എവിടെയൊക്കെ, എത്ര അളവില്‍, ഏത് സമയത്ത്, എത്ര ദൈര്‍ഘ്യത്തില്‍ എന്ന് 1762-ല്‍ പ്രവചിച്ചതാണ് നിക്കോള്‍-റെയ്നെയുടെ മറ്റൊരു വലിയ സംഭാവന.
1767-ല്‍ രോഗബാധിതനായ ഭര്‍ത്താവിനെ നോക്കലായി നിക്കോള്‍-റെയ്നെയുടെ പ്രാഥമിക ജോലി; 1788-ല്‍ മരിക്കുന്നത് വരെ നിക്കോള്‍-റെയ്നെ അതേ ജോലി തന്നെ ചെയ്തുകൊണ്ടിരുന്നു. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ, ജ്യോതിശാസ്ത്രത്തിന്റെ നിരീക്ഷണാധിഷ്ഠിതമായ അടിസ്ഥാനം വികസിപ്പിക്കുന്നതില്‍ നിക്കോള്‍-റെയ്നെ സമാനതകളില്ലാത്ത സംഭാവനകളാണ് നല്‍കിയത്.
ഹാലിയുടെ വാല്‍നക്ഷത്രത്തെ പറ്റി ഇനി ഓര്‍ക്കുമ്പോള്‍ ഹാലിയെ മാത്രമല്ല, അതിനെ ശരിക്കും മനുഷ്യരാശിയുടേതാക്കിമാറ്റിയ നിക്കോള്‍-റെയ്നെയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!
അധികവായനയ്ക്ക്
- http://articles.adsabs.harvard.edu/full/1911Obs….34…87L
- http://mathshistory.st-andrews.ac.uk/Biographies/Lepaute.html
- Hypatia’s heritage : a history of women in science from antiquity to the late nineteenth century by Margaret Alic
- The Unforgotten Sisters: Female Astronomers and Scientists before Caroline Herschel by Gabriella Bernardi