അമ്പിളിമാമന്റെ ഉള്ളിലെന്തുണ്ട് എന്നന്വേഷിച്ചുപോയ ശാസ്ത്രജ്ഞർക്ക് ഒരിക്കൽ ആകെ കൺഫ്യൂഷനായി. അവർ ചന്ദ്രനിൽനിന്നു കൊണ്ടുവന്ന കല്ലും മണ്ണുമൊക്കെ ഐസോടോപ്പിക് പഠനത്തിനു വിധേയമാക്കി. ചന്ദ്രന്റെയും ഭൂമിയുടെയും പദാർത്ഥങ്ങൾ ഏതാണ്ട് ഒരുപോലെതന്നെ. വലിയ വ്യത്യാസമൊന്നും ഇല്ല. വെള്ളവും വായുവും ഒഴിച്ചുനിർത്തിയാൽ ഉള്ളെല്ലാം ഏതാണ്ട് ഒരേപോലെ. പഴക്കം പരിശോധിച്ചപ്പോഴും സാമ്യം. ഏതാണ്ട് ഒരേ കാലത്ത് രൂപപ്പെട്ടതാണ് ചന്ദ്രനും ഭൂമിയും. വലിപ്പത്തിന്റെ കാര്യത്തിലും ചന്ദ്രൻ അത്ര ചെറുതല്ല.
ചന്ദ്രൻ എങ്ങനെയുണ്ടായി ? – തിയ പരികൽപ്പന
അവിടെനിന്നാണ് ചന്ദ്രൻ എങ്ങനെയുണ്ടായി എന്നതിന് പുതിയൊരു പരികല്പന രൂപീകരിക്കുന്നത്. പണ്ടുപണ്ടാണേ, ഏകദേശം 450 കോടി വർഷങ്ങൾക്ക് മുമ്പ്, ഭൂമി തിളച്ചുമറിയുന്ന ഒരു ഗോളമായിരുന്ന ബാല്യകാലം. സൗരയൂഥത്തിന്റെ തുടക്കകാലമായതിനാൽ എല്ലായിടവും വല്ലാതെ പ്രക്ഷുബ്ദമാണ്. നിരന്തരം കൂട്ടിയിടികൾ. സൂര്യനുചുറ്റും സ്ഥിരതയോടെ ഒന്നു കറങ്ങിയെത്താൻ മത്സരമാണ്. പക്ഷേ സ്ഥിരതയ്ക്കായി തലങ്ങും വിലങ്ങും പായുന്ന വസ്തുക്കൾ പലപ്പോഴും കൂട്ടിയിടിയോടു കൂട്ടിയിടിയാണ്. അങ്ങനെയിരിക്കെയാണ് ചൊവ്വയോളം വലിപ്പമുള്ള ഒരു വസ്തു ഭൂമിയിൽവന്ന് ഇടിക്കുന്നത്. നമുക്കീ വസ്തുവിനെ തിയ എന്നു വിളിക്കാം. നേരിട്ടുവന്നങ്ങ് ഇടിച്ചില്ല. പകരം വശത്തുകൂടി ഒരു ഇടി. ആ ഇടിയിൽ ആദിമഭൂമിയുടെയും തിയയുടെയും വസ്തുക്കൾതമ്മിൽ കലർന്നുപോയി. മാത്രമല്ല ഇടിയുടെ ആഘാതത്തിൽ ഭൂമിയുടെയും തിയയുടെയും കുറെ ഭാഗങ്ങൾ ചേർന്നു ഭൂമിയെ ചുറ്റിക്കറങ്ങാൻ തുടങ്ങി.
ശർക്കര ഉരുക്കിയ പോലെയായിരുന്നു അക്കാലത്ത് ഭൂമിയും തിയയും. അല്പം കട്ടിയായ ഒട്ടും ചൂടാറാത്ത ലാവ കൊണ്ടുണ്ടാക്കിയ ഗോളങ്ങൾ. ഇടിയുടെ ആഘാതത്തിൽ ആകൃതിയൊക്കെ പോയെങ്കിലും അവർ പതിയെ വീണ്ടും ഗോളാകൃതി വീണ്ടെടുത്തു. അങ്ങനെ കാലക്രമത്തിൽ ഇന്നുകാണുന്ന നമ്മുടെ ഭൂമിയും ചന്ദ്രനുമായി അവർ മാറി.
ഇതാണ് തിയ പരികല്പന. നല്ല രസമാണല്ലേ ഇതെല്ലാം കേൾക്കാൻ.
എന്തായാലും നാസയിലെ ഒരു കൂട്ടം സയന്റിസ്റ്റുകൾ ഈ പരികല്പനയെ ഒന്നു സിമുലേറ്റു ചെയ്തുനോക്കി. ഉയർന്ന പവർ ഉള്ള സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ആ കൂട്ടിയിടി നടക്കുന്ന സമയത്തെ അവസ്ഥയെ സിമുലേറ്റ് ചെയ്യുകയായിരുന്നു. ഇതുവരെ നടത്തിയതിൽവച്ച് ഏറ്റവും റസല്യൂഷനോടു കൂടിയ ഒരു സിമുലേഷൻ. പണ്ടു നാം കരുതിയിരുന്നത് ആ കൂട്ടിയിടിക്കുശേഷം വർഷങ്ങളെടുത്താവും ചന്ദ്രനുണ്ടായത് എന്നാണ്. പക്ഷേ ഈ സിമുലേഷൻ പറയുന്നത് ആ കൂട്ടിയിടി കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രൻ രൂപപ്പെട്ടെന്നാണ്! ചന്ദ്രനെന്നു പറഞ്ഞാൽ കൊടുംചൂടിൽ ഉരുകിയ അവസ്ഥയിലുള്ള ഒരു ഗോളം.
The Astrophysical Journal Letters ൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായിക്കാം