Read Time:8 Minute

ഇന്ന്, 2022 നവംബർ 10, സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനമായി ആചരിക്കുന്നു. World Science Day for Peace and Development-WSDPD ന്റെ 2022 -ലെ ലോക ശാസ്ത്ര ദിനത്തിന്റെ മുദ്രാവാക്യം “സുസ്ഥിര വികസനത്തിന് അടിസ്ഥാന ശാസ്ത്രം”(Basic Sciences for Sustainable Development) എന്നതാണ്.

സുസ്ഥിര വികസനം കൈവരിക്കുന്നതിനും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന ശാസ്ത്രങ്ങൾ സുപ്രധാനമാണെന്ന് ലോകം അംഗീകരിക്കുന്നു.  2022 ജൂലൈ എട്ടു മുതൽ 2023 ജൂലൈ വരെ ആഗോള പങ്കാളികളുമായി സഹകരിച്ച് യുനെസ്കോ (UNESCO) അന്താരാഷ്ട്ര അടിസ്ഥാന ശാസ്ത്ര വർഷം ആയി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ലോക ശാസ്ത്ര ദിനം  ശാസ്ത്രജ്ഞർക്കും ശാസ്ത്ര പ്രചാരകർക്കും  കൂടുതൽ ആവേശം പകരുന്നു.

2001-ലാണ് യുനെസ്‌കോ WSDPD-യുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ 2002 നവംബർ 10-ന് സമാധാനത്തിനും വികസനത്തിനുമുള്ള ആദ്യ ലോക ശാസ്ത്ര ദിനം ലോകമെമ്പാടും ആചരിച്ചു. ലോകമെമ്പാടും ആഘോഷത്തിൽ രാഷ്ട്രങ്ങളും, എൻ.ജി..ഒ കളും, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും, ശാസ്ത്രസമൂഹവും പങ്കാളികളാകുന്നു.

സമാധാനപരവും സുസ്ഥിരവുമായ സമൂഹങ്ങൾക്കായി ശാസ്ത്രത്തിന്റെ പങ്കിനെക്കുറിച്ചുള്ള പൊതു അവബോധം ശക്തിപ്പെടുത്തുക, ശാസ്ത്രത്തിന് ദേശീയ അന്തർദേശീയ ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുകയും രാജ്യങ്ങൾക്കിടയിൽ ശാസ്ത്രവിജ്ഞാനവും ഡാറ്റയും  പങ്കിടുക; സമൂഹങ്ങളുടെ പ്രയോജനത്തിനായി ശാസ്ത്രം ഉപയോഗിക്കുന്നതിനുള്ള ദേശീയ അന്തർദേശീയ പ്രതിബദ്ധത വർധിപ്പിക്കുക; ശാസ്ത്ര ഉദ്യമത്തിന് പിന്തുണ ഉയർത്തുക,  ശാസ്ത്രം നേരിടുന്ന വെല്ലുവിളികളിലേക്ക് ശ്രദ്ധ ആകർഷിക്കുക എന്നിവയാണ് ലോക ശാസ്ത്ര ദിനത്തിന്റെ ലക്ഷ്യങ്ങൾ.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

സുസ്ഥിര വികസനത്തിനായി  അടിസ്ഥാന ശാസ്ത്രങ്ങൾ 

വൈദ്യശാസ്ത്രം, വ്യവസായം, കൃഷി, ജലവിഭവങ്ങൾ, ഊർജ്ജ ആസൂത്രണം, പരിസ്ഥിതി, വാർത്താവിനിമയം, സംസ്‌കാരം തുടങ്ങിയവയുടെ  സുസ്ഥിര വികസനത്തിന്  അടിസ്ഥാന ശാസ്ത്രങ്ങളുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് 2021 ഡിസംബർ 2-ന് ചേർന്ന ഐക്യരാഷ്ട്രസഭ  ജനറൽ അസംബ്ലി, 2022 അന്താരാഷ്ട്ര അടിസ്ഥാന ശാസ്ത്രവർഷമായി ആചരിക്കാൻ തീരുമാനിച്ചു. സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയും അതിന്റെ  സുസ്ഥിര വികസന ലക്ഷ്യങ്ങളും കൈവരിക്കുക എന്ന  മാനവരാശിയുടെയാകെ ആവശ്യത്തിനായി  കൂടുതൽ  അടിസ്ഥാന ശാസ്ത്രം ഉപയോഗപ്പെടുത്തിയുള്ള  പ്രവർത്തന പാതയിലൂടെ മുന്നേറുകയെന്നതാണ് ഐക്യരാഷ്രസഭയുടെ ലക്ഷ്യം.

അടിസ്ഥാന ശാസ്ത്രങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ആഭ്യന്തര ഗവേഷണ ചെലവുകളുടെ വിഹിതം ഓരോ രാജ്യത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. യുനെസ്കോ സയൻസ് റിപ്പോർട്ട് 2021-ൽ 86 രാജ്യങ്ങളിൽ നിന്നുള്ള  വിവരശേഖരണം  അനുസരിച്ച്, ചില രാജ്യങ്ങൾ  തങ്ങളുടെ ഗവേഷണ ചെലവിന്റെ 10% ൽ താഴെയും മറ്റ് ചിലർ 30% ത്തിൽ കൂടുതലും വരുമാനം അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിനായി ചെലവഴിക്കുന്നു.

2014 നും 2018 നും ഇടയിൽ ലോകമെമ്പാടും ശാസ്ത്രത്തിനായി  ചിലവിടുന്ന വിഹിതത്തിൽ   19%- വും ശാസ്ത്രജ്ഞരുടെ എണ്ണത്തിൽ  13.7% വർധനവും ഉണ്ടായിട്ടുള്ളതായും  കോവിഡ് പ്രതിസന്ധി ഈ പ്രവണതയെ കൂടുതൽ വർധിപ്പിക്കാൻ സഹായിച്ചുവെന്നും  യുനെസ്‌കോയുടെ പുതിയ സയൻസ് റിപ്പോർട്ട് ” The Race against Time for Smarter Development”ൽ പറയുന്നുണ്ട്. പക്ഷേ, ഈ കണക്കുകൾ കാര്യമായ അസമത്വങ്ങൾ മറച്ചുവയ്ക്കുന്നുണ്ട് എന്ന വാസ്തവം നാം കാണേണ്ടതുണ്ട്; രണ്ട് രാജ്യങ്ങൾ, അമേരിക്കയുടെയും   ചൈനയുടെയും അടിസ്ഥാന ശാസ്ത്ര വികസനത്തിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ വർദ്ധനയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും (63%), അതേസമയം ഇന്ത്യ  (ജി.ഡി.പിയുടെ 0 .7%)  ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ   അവരുടെ ജി.ഡി.പിയുടെ 1% ൽ താഴെ മാത്രമാണ് ശാസ്ത്രീയ ഗവേഷണത്തിനായി  നിക്ഷേപം നടത്തുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്‌സും പ്രത്യേകിച്ച് ചലനാത്മക മേഖലകളാണ്, 2019 ൽ മാത്രം ഏകദേശം 150,000 ലേഖനങ്ങൾ ഈ വിഷയങ്ങളിൽ പ്രസിദ്ധീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ് എന്നിവയിലെ ഗവേഷണം താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ കുതിച്ചുയർന്നു, ഇത് 2019 ൽ ഈ മേഖലയിലെ പ്രസിദ്ധീകരണങ്ങളിൽ 25.3% സംഭാവന ചെയ്തു, 2015 ൽ ഇത് 12.8% മാത്രമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈന, റഷ്യൻ ഫെഡറേഷൻ, അമേരിക്ക, ഇന്ത്യ, മൗറീഷ്യസ്, വിയറ്റ്നാം തുടങ്ങി 30-ലധികം രാജ്യങ്ങൾ ന്യുതന സാങ്കേതിക വിദ്യകളിലൂടെയുള്ള സുസ്ഥിര വികസനത്തിനായുള്ള   പ്രത്യേക തന്ത്രങ്ങൾ സ്വീകരിച്ചിട്ടുണ്ട്.


അധികവായനയ്ക്ക്

വായിക്കാം
Happy
Happy
38 %
Sad
Sad
0 %
Excited
Excited
62 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അനന്തരം ചടപടാന്ന് അമ്പിളി മാമനുണ്ടായി !
Next post ക്വാണ്ടം ഭൗതികം – അതിശയിപ്പിക്കുന്ന പരിണാമഫലങ്ങള്‍
Close