“ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി?” “പാലം കടന്ന് പടിഞ്ഞാട്ട് പോയി” “എന്തിനു പോയി?” “നെയ്യിനു പോയി; നെയ്യിൽ വീണ് ചത്തും പോയി”
പക്ഷെ മരുഭൂമിയിലെ കാറ്റാഗ്ലിഫിസ് (Cataglyphis) ചോദിച്ചാൽ അത് പറയും അച്ഛൻ വടക്കു നോക്കിയന്ത്രം നോക്കി, നെയ്യും കൊണ്ട്, കറക്‌ട് ആയി വീട്ടിലെത്തി എന്ന്. സംഗതി സത്യമാണ്. ബി സി രണ്ടാം നൂറ്റാണ്ടിൽ ചൈനക്കാർ ആദ്യമായി കാന്തസൂചികൊണ്ട് ദിക്കറിയും യന്ത്രം കണ്ടുപിടിക്കുംമുമ്പ് അങ്ങ് മരുഭൂമിയിൽ കാറ്റാഗ്ലിഫിസ് ഉറുമ്പുകൾ ഈ സൂത്രം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
ഭൂമിയുടെ കാന്തിക മണ്ഡലത്തെ ആശ്രയിച്ചു യാത്രചെയ്യുന്ന ജീവികളിൽ ഒരു പ്രധാനി ആണ് കാറ്റാഗ്ലിഫിസ് ഉറുമ്പുകൾ. പക്ഷെ ഈ കുഞ്ഞുജീവികളുടെ ഇത്തിരിക്കുഞ്ഞു തലച്ചോറിൽ എവിടെയാണ് ഈ വടക്കുനോക്കിയന്ത്രം ഇരിക്കുന്നത് എന്ന് ഇത്രനാളും ആർക്കും വലിയ പിടി ഇല്ലായിരുന്നു. യൂറോപ്പിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ അത് കണ്ടെത്തിയിട്ടുണ്ട്. കാറ്റാഗ്ലിഫിസിന്റെ ന്യൂറോപ്ലാസ്‌റ്റിസിറ്റി (പാരിസ്ഥിതികമാറ്റങ്ങളെ പഠിക്കാനും അവയുമായി പൊരുത്തപ്പെടാനുമൊക്കെയുള്ള തലച്ചോറിന്റെ കഴിവ്) ആണ് അവർ പരിശോധിച്ചത്. ഉറുമ്പുകൂടിന്റെ പരിസരത്തെ കാന്തികമണ്ഡലത്തിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്തി, അത് ഉറുമ്പിന്റെ സ്വഭാവത്തെ എങ്ങനെ ബാധിച്ചു എന്നും, തലച്ചോറിൽ എവിടെയെല്ലാം എന്തെല്ലാം മാറ്റങ്ങൾ വരുത്തി എന്നുമൊക്കെയാണ് ശാസ്ത്രജ്ഞർ പഠിച്ചത്.
കാറ്റാഗ്ലിഫിസിന്റെ തലച്ചോറിലെ സെൻട്രൽ കോംപ്ലക്സ് എന്ന ഭാഗമാണ് അതിന്റെ വടക്കുനോക്കിയന്ത്രം. തലച്ചോറിന്റെ മറ്റൊരു ഭാഗമായ മഷ്റൂംബോഡികളുടെ സഹായത്തോടെയാണ് ഈ യന്ത്രം പ്രവർത്തിക്കുന്നത്.
ഏതൊരു യന്ത്രത്തെയുംപോലെ കാലിബ്രേഷൻ ആണ് ഈ വടക്കുനോക്കിയന്ത്രത്തിന്റെയും കൃത്യത ഉറപ്പ് വരുത്തുന്നത്. പഠനനടത്തം (learning walk) എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ ആണ് കാറ്റാഗ്ലിഫിസ് ഈ വടക്കുനോക്കിയന്ത്രം കാലിബ്രേറ്റ് ചെയ്യുന്നത്.
പുറംലോകത്തേക്ക് ഭക്ഷണം തേടിപ്പോകുന്ന പ്രായമാകും മുമ്പ് കുഞ്ഞനുറുമ്പുകൾ കൂടിന്റെ പരിസരത്ത് ഈ പഠനനടത്തം നടത്തുന്നു. ഈ നടത്തത്തിനിടയിൽ ഉറുമ്പുകൾ അവയുടെ കൂടിന്റെ കവാടത്തിലേക്ക് ആവർത്തിച്ചു നോക്കി പനോരമിക് ദൃശ്യങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ഈ പ്രക്രിയകളിൽ ഭൂമിയുടെ കാന്തികമണ്ഡലമാണ് അവയുടെ പ്രാഥമികദിശാസൂചിയും റഫറൻസ് സിസ്‌റ്റവും. പഠനനടത്തത്തിനിടയിൽ കിട്ടുന്ന വിവരങ്ങൾ അവയുടെ സെൻട്രൽ കോംപ്ലക്‌സിലേക്കും മഷ്റൂംബോഡികളിലേക്കും സം യോജിപ്പിക്കുന്നു. ഈ സെൻസറി അനുഭവങ്ങൾ തലച്ചോറിലെ ന്യൂറോണുകളിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. സെൻട്രൽ കോംപ്ലക്സ് എന്ന വടക്കുനോക്കിയന്ത്രം അങ്ങനെ കാലിബ്രേറ്റ് ചെയ്യപ്പെടുന്നു. ഈ കാലിബ്രേഷൻ പ്രക്രിയയാണ് പിന്നീട് ഉറുമ്പുകളെ കൃത്യമായി ദിശ മനസിലാക്കാനും മരുഭൂമിയിലൂടെ ജൈത്ര യാത്ര നടത്താനും സഹായിക്കുന്നത്.
അധിക വായനയ്ക്ക്
https://www.pnas.org/doi/10.1073/pnas.2320764121