Read Time:10 Minute

ഭാഷയുടെ നാഡീശാസ്ത്രം – ഒരാമുഖം

നാഡി കോശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിലൂടെയാണ് നമ്മുടെ ഭാഷ, വികാരങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ ഇവയെല്ലാം തലച്ചോർ നിയന്ത്രിക്കുന്നത്. ദശലക്ഷക്കണക്കിന് നാഡീ കോശങ്ങളും(Neurons), അവയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന കോശങ്ങളും(Glial cells), നമ്മുടെ തലച്ചോറിനകത്തുണ്ട്

ഭാഷയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനം തികച്ചും വ്യത്യസ്തവും അത്ഭുതകരവുമാണ് ! നമ്മുടെ തലച്ചോർ എങ്ങനെയാണ് ഭാഷയെ വിശകലനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. രചനയും അവതരണവും : നീതി റോസ്

നമ്മുടെ ചിന്തകൾ, പ്രവത്തികൾ, നമ്മുടെ ഭാഷ ഇവയെ നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറാണ്. തലച്ചോറിനകത്ത് നടക്കുന്ന രാസപ്രവർത്തനങ്ങളാണ് നമ്മുടെ ചിന്തകളെയും, വികാരങ്ങളെയും, ഭാഷയെയും നിയന്ത്രിക്കുന്നത്. ഒന്നിലധികം ഭാഷ സംസാരിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. ഓരോ വ്യക്തിയോടും സംസാരിക്കേണ്ട രീതിയും, വ്യാപ്തിയും, നിർണയിച്ച് അതനുസരിച്ച് സംസാരിക്കുവാൻ തലച്ചോറ് നിർദ്ദേശം നൽകുകയും, നമ്മൾ പ്രവർത്തിക്കുകയും ചെയ്യുന്നു.

ദശലക്ഷക്കണക്കിന് നാഡീ കോശങ്ങളും(Neurons), അവയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന കോശങ്ങളും(Glial cells), നമ്മുടെ തലച്ചോറിനകത്തുണ്ട്. ഭാഷയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനം തികച്ചും വ്യത്യസ്തവും അത്ഭുതകരവുമാണ് ! നമ്മുടെ തലച്ചോർ എങ്ങനെയാണ് ഭാഷയെ വിശകലനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

പോൾ ബ്രോക്ക

ഭാഷയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണെന്ന് കൃത്യമായി ലോകത്തോട് പറഞ്ഞത് ഫ്രഞ്ച് ന്യൂറോസർജൻ  പോൾ ബ്രോക്കയാണ് (Paul Broca). അദ്ദേഹത്തിൻറെ ക്ലിനിക്കിൽ വരുന്ന ചില രോഗികൾക്ക് മറ്റുള്ളവർ സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിലും, തിരിച്ചു പറയാനോ, എന്തിന് ഒരു വരി പോലും സംസാരിക്കുവാനോ സാധിക്കുന്നില്ല. തുടർന്ന് നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ തലച്ചോറിൽ, ഭാഷയുടെ കേന്ദ്രം (Language center) കണ്ടെത്തി. തലച്ചോറിന്റെ ഈ ഭാഗത്ത് എന്തെങ്കിലും മുറിവോ,ക്ഷതമോ ഉണ്ടായാൽ മനസ്സിൽ വരുന്ന ചിന്തകൾ ഒരു വരി പോലും പുറത്തേക്ക് ഉച്ചരിക്കാനോ, സംസാരിക്കുവാനോ സാധിക്കാതെ ആകുന്നു. ചിലപ്പോൾ യാന്ത്രികമായി ചില ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ ആകും, അത്രമാത്രം. ഒന്നോർത്തു നോക്കൂ അത്തരം  ഒരു അവസ്ഥ!

കാൾ വെർനിക്ക്

പത്തുവർഷത്തിനുശേഷം ശാസ്ത്രജ്ഞൻ  കാൾ വെർനിക്ക് (Carl Wernicke)  ഭാഷയെ കൃത്യമായി അപഗ്രഥിക്കുന്നത് തലച്ചോറിലെ മറ്റൊരു ഭാഗമാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പഠനത്തിൽ നിന്ന് ഭാഷയെ കൃത്യമായി വിശകലനം ചെയ്ത്, അവയുടെ അർത്ഥം മനസ്സിലാക്കുവാൻ തലച്ചോറിലെ മറ്റൊരു ഭാഗത്തിന്റെ പ്രവർത്തനം ആവശ്യമാണെന്ന് തെളിഞ്ഞു. നാം വായിക്കുകയും, കേൾക്കുകയും ചെയ്യുന്ന ഭാഷയുടെ കൃത്യമായ അർത്ഥം മനസ്സിലാകണമെങ്കിൽ തലച്ചോറിലെ മറ്റൊരു ഭാഗത്തിന്റെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്.

ഇവർ രണ്ടുപേരുടെയും പഠനം ശാസ്ത്രലോകത്തിന് പുതിയൊരു അറിവായിരുന്നു. ഭാഷയുടെ കേന്ദ്രമായി കണ്ടെത്തിയ തലച്ചോറിലെ ഭാഗത്തെ ബ്രോക്കാസ് ഏരിയ (Broca’s area) എന്നും, ഭാഷയുടെ അർത്ഥം അപഗ്രഥിക്കുന്ന ഭാഗം വേർണിക്സ് ഏരിയ (Wernicke’s area) എന്നും കണ്ടെത്തി. നമ്മുടെ തലച്ചോറിനെ വലത് അർദ്ധഗോളം( Right hemisphere) എന്നും, ഇടത് അർദ്ധഗോളം എന്നും (Left hemisphere) വേർതിരിച്ചിട്ടുണ്ട്. മിക്കവാറും ആളുകളിലും ഇടത് അർദ്ധഗോളത്തിലാണ് ഭാഷയുടെ നിയന്ത്രണം എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

തലച്ചോറിനകത്ത് നാഡീകോശങ്ങളും (Neurons), നാഡീ കോശങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന കോശങ്ങളും (Glial cells) പലവിധത്തിൽ സ്ഥിതി ചെയ്യുന്നു. നാഡീ കോശത്തിനകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന രാസപദാർത്ഥം (Neurotransmitter) മറ്റൊരു നാഡീ കോശത്തിനകത്ത് ചെന്ന്, പുതിയ മാറ്റങ്ങൾ വരുത്തുകയും, പിന്നീട് ഒരു ചങ്ങല പോലെ അടുത്തടുത്ത കോശങ്ങളിൽ മാറ്റങ്ങൾ സംഭവിപ്പിച്ചുമാണ് നാഡീ കോശങ്ങൾ തലച്ചോറിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. തലച്ചോർ എങ്ങനെയാണ് നമ്മുടെ ഭാഷയെ നിയന്ത്രിക്കുന്നത് എന്ന് നമുക്ക് നോക്കാം.

നമ്മൾ ഒരു പുസ്തകം വായിക്കുമ്പോൾ കണ്ണിലെ റെറ്റിനയിൽ (Retina) നിന്ന് തലച്ചോറിലെ കാഴ്ചകളെ അപഗ്രഥിക്കുന്ന കേന്ദ്രം (Visual Cortex) വരെയുള്ള  പാത സജീവമാകുന്നു. രാസപദാർത്ഥത്തിന്റെ ( Neurotransmitters) സ്വാധീനം മൂലം നാഡീ കോശങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചാണ് തലച്ചോറിലെ പാത  സജീവമാകുന്നത്. അവിടെനിന്ന് ആങ്കുലാർ ഗയറസ് (Angular gyrus) വഴി തലച്ചോറിലെ വേർണിക്സ് ഏരിയ (Wernicke’s area) വരെയുള്ള പാത സജീവമാകുന്നു. നമ്മൾ വായിക്കുന്ന പുസ്തകത്തിലെ ഭാഷ വ്യാഖ്യാനിക്കുന്നത് തലച്ചോറിലെ കാഴ്ചകളെ അപഗ്രഥിക്കുന്ന കേന്ദ്രമാണ് (Visual cortex).അവിടെനിന്ന് ആങ്കുലാർ ഗയറസ് (Angular gyrus) ചെയ്യുന്നത് വളരെ രസകരമായ മറ്റൊരു ദൗത്യമാണ്.

നമ്മൾ ഇപ്പോൾ ഒരു നോവൽ വായിക്കുകയാണെങ്കിൽ അതിലെ കഥാപാത്രങ്ങളെ മനസ്സിലേക്ക് കൊണ്ടുവരുവാനും, അവയ്ക്ക് രൂപം കൊടുക്കുവാനും, അതനുസരിച്ച് സന്ദർഭത്തെ മനസ്സിൽ ചിത്രീകരിച്ചു മനസ്സിലാക്കുവാനും, തലച്ചോറിലെ മേൽപ്പറഞ്ഞ ഭാഗം സഹായിക്കുന്നു. തുടർന്ന് വേർണിക്സ് ഏരിയ (Wernicke’s area), നാം വായിക്കുന്ന വരികളുടെ അർത്ഥം പൂർണമായി നമുക്ക് മനസ്സിലാക്കി തരുന്നു. വായിച്ചതിനെ പറ്റി എന്തെങ്കിലും സംസാരിക്കണമെങ്കിൽ, ബ്രോക്കാസ് ഏരിയയിൽ (Broca’s area)കാണപ്പെടുന്ന നാഡീ കോശങ്ങൾ സജീവമാകുന്നു. തുടർന്ന് നമ്മൾ സംസാരിക്കുകയും ചെയ്യുന്നു.

മറ്റൊരാളുടെ ഭാഷ നമ്മൾ കേൾക്കുമ്പോൾ ചെവിയിലെ ഉള്ളറയിൽ (Cochlea)നിന്ന് തലച്ചോറിലെ കേൾവികളെ അപഗ്രഥിക്കുന്ന കേന്ദ്രം (Auditory cortex) വരെയുള്ള പാത സജീവമാകുന്നു. ആദ്യം വരികളുടെ വ്യാഖ്യാനം നടക്കുന്നത് അവിടെയാണ്. പിന്നീട് വേർണിക്സ് ഏരിയ (Wernicke’s area) സജീവമാകുകയും, കേൾക്കുന്ന വരികൾ നമുക്ക് പൂർണ്ണമായ അർത്ഥത്തോടെ മനസ്സിലാക്കുവാനും സാധിക്കുന്നു.

നാഡികോശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിലൂടെയാണ് നമ്മുടെ ഭാഷ, വികാരങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ ഇവയെല്ലാം തലച്ചോർ നിയന്ത്രിക്കുന്നത്. എന്തെല്ലാം അത്ഭുതം നിറഞ്ഞതാണ് നമ്മുടെ ശരീരം എന്നു നോക്കൂ!


അധികവായനയ്ക്ക്

  1. The brain from top to bottom. (n.d.). Le cerveau à tous les niveaux. https://thebrain.mcgill.ca/flash/d/d_10/d_10_cr/d_10_cr_lan/d_10_cr_lan.html
  2. Kalat, J. W. (2012). Biological psychology. Cengage Learning.
  3. Pinel, J. P., & Barnes, S. (2021). Biopsychology: Pearson Education Limited.
Happy
Happy
0 %
Sad
Sad
9 %
Excited
Excited
45 %
Sleepy
Sleepy
9 %
Angry
Angry
0 %
Surprise
Surprise
36 %

Leave a Reply

Previous post നവംബർ 23 – ഫിബനാച്ചി ദിനം
Next post ചൈനയിൽ പുതിയ രോഗവ്യാപനം
Close