വീഡിയോ കാണാം
“ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുന്ന വിധത്തിൽ മരണനിരക്കുള്ള അതിവേഗം പടരുന്ന നിയോകോവ് (NeoCov) എന്ന കോവിഡ് വൈറസ് സ്ട്രെയിൻ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയെന്ന തെറ്റായ വാർത്ത മലയാളം മാധ്യമങ്ങളടക്കം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
നിയോ കോവ് എന്ന വൈറസ് കൊവിഡ് – 19 ന് കാരണമാകുന്ന സാർസ് -കോവ് 2 വൈറസിന്റെ ഒരു വകഭേദമല്ല എന്നതാണ് വസ്തുത. 2012 ൽ സൗദി അറേബ്യയിൽ ആദ്യമായി കണ്ടെത്തിയ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (MERS) വൈറസിനോട് 85 % ജനിതക സാമ്യമുള്ള, 2014 ൽ ഉഗാണ്ടയിലെ വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസാണ് നിയോകോവ്. മുഴുവൻ ജനിതക ദ്രവ്യവും പരിശോധിക്കുമ്പോൾ ഒരൊറ്റ സ്പീഷീസ് ആയി പരിഗണിക്കാൻ തക്ക വിധത്തിൽ ജനിതക സാമ്യമുണ്ടെങ്കിലും, വൈറസിനെ കോശങ്ങളിൽ പ്രവേശിക്കാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിന്റെ ജനിതക ഘടന മെർസ് വൈറസുമായി വലിയ വ്യത്യാസമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ കോശങ്ങളിൽ പ്രവേശിക്കാൻ MERS വൈറസ് ഉപയോഗിക്കുന്ന DPP4 റിസപ്റ്റർ ഉപയോഗിക്കാൻ ഈ വൈറസിന് കഴിയില്ല എന്ന് കണ്ടെത്തിയിരുന്നു.
വവ്വാലുകളുടെ ACE2 റിസപ്റ്ററുകളുമായി നിയോ കോവ് വൈറസിന്റെ സ്പൈക് പ്രോട്ടീൻ ബൈൻഡ് ചെയ്യുമെങ്കിലും നിലവിൽ മനുഷ്യ കോശങ്ങളിലെ ACE2 റിസപ്റ്ററുകളുമായി ബൈൻഡ് ചെയ്യാനോ മനുഷ്യരിൽ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോ കോവ് വൈറസിനില്ല. എന്നാൽ സ്പൈക് പ്രോട്ടീനിലെ ഒരു അമിനോ ആസിഡ് മാറുന്ന (T510F) വിധത്തിലുള്ള ഒരു ജനിതക വ്യതിയാനം സംഭവിക്കുകയാണെങ്കിൽ മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാനുള്ള ശേഷി നിയോ കോവ് വൈറസിന് നേടാൻ കഴിയും. DPP4 റിസപ്റ്റർ കോശ പ്രവേശനത്തിന് ഉപയോഗിക്കുന്ന ഒരു പൂർവ്വിക കൊറോണ വൈറസും ACE 2 റിസപ്റ്റർ ഉപയോഗിക്കുന്ന മറ്റൊരു കൊറോണ വൈറസും തമ്മിൽ നടന്ന ജനിതക സങ്കരമാണ് മെർസ് വൈറസ് രൂപപ്പെടാനുള്ള കാരണമെന്ന സൂചനയും ഈ പഠനം നൽകുന്നുണ്ട്.
നേരിട്ടോ ജനിതക വ്യതിയാനങ്ങൾ സംഭവിച്ച ശേഷമോ മനുഷ്യരിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകൾ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോ കോവ് എന്ന കൊറോണ വൈറസ്.
ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെ കണ്ടെത്തുകയും, ജനിതക സവിശേഷതകൾ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെയും, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസ വ്യവസ്ഥയും ആരോഗ്യവും സംരക്ഷിക്കുന്നതിലൂടെയും ഭാവിയിലെ മഹാമാരികളെ തടയാൻ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളിൽ ഒന്നു മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന നിയോ കോവ് ഗവേഷണ പഠനം.