സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസം ഓഫ്‌ലൈൻ മോഡിലേക്ക് തിരിച്ചെത്തിയപ്പോഴും അതേപടി തുടരുകയാണ്. ഇതുവഴി പത്താം ക്ലാസ് പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇത് അത്യന്തം പ്രതിഷേധാർഹമാണ്.
നിലവിൽ ചെറിയൊരു ശതമാനം വിദ്യാർഥികൾ മാത്രമാണ് ഹയർ സെക്കണ്ടറിയിൽ സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്. അതിൽ തന്നെ ജീവശാസ്ത്രം പഠനവിഷയം ആയി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ പത്താം തരം വരെയുള്ള പാഠ്യപദ്ധതിയിൽ നിന്ന് ഇത്തരം വിഷയങ്ങൾ ഒഴിവാക്കുന്നതിലൂടെ അവശ്യപഠനവിഷയങ്ങളുടെ നിർണ്ണായകഭാഗങ്ങൾ ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും നഷ്ടപ്പെടുന്നു. പരിണാമജീവശാസ്ത്രം, ജീവശാസ്ത്രത്തിന്റെ ഒരു ഉപവിഷയം എന്ന നിലയിൽ മാത്രമല്ല പ്രസക്തമാകുന്നത്, മറിച്ച് നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്നതിന് ഈ വിഷയത്തിലെ അറിവും ധാരണയും വളരെ നിർണ്ണായകമാണ്. സമൂഹം എന്ന നിലയിലും രാഷ്ട്രം എന്ന നിലയിലും നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ പരിണാമജീവശാസ്ത്രം വലിയ സ്വാധീനം ചെലുത്തുന്നു. സാംക്രമികരോഗശാസ്ത്രം, മരുന്നുഗവേഷണം, പരിസ്ഥിതിവിജ്ഞാനം, മനഃശാസ്ത്രം തുടങ്ങിയ നിരവധിമേഖലകളിൽ പരിണാമജീവശാസ്ത്രത്തിന്റെ നിർണ്ണായകസ്വാധീനമുണ്ട്. കൂടാതെ ജീവലോകത്ത് മനുഷ്യൻ ആരാണ്, എന്താണ് മനുഷ്യന്റെ സ്ഥാനം എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്ന വിഷയം കൂടെയാണ് ഇത്. പകർച്ചവ്യാധികൾ എങ്ങനെ പടരുന്നു, ചില ജീവിവർഗ്ഗങ്ങൾക്ക് വംശനാശം സംഭവിക്കുന്നത് എന്തുകൊണ്ട് എന്നെല്ലാം മനസിലാക്കാൻ നമ്മെ സഹായിക്കുന്നത്, മറ്റ് പല വിഷയങ്ങൾക്കൊപ്പം , പ്രകൃതിനിർദ്ധാരണതത്വങ്ങൾ കൂടിയാണ് .
ശാസ്ത്രീയമനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും കെട്ടിപ്പടുക്കുന്നതിൽ പരിണാമപ്രക്രിയയെക്കുറിച്ചുള്ള ഗ്രാഹ്യം നിർണായകമാണ്. ശാസ്ത്രീയമായ നിരീക്ഷണങ്ങളും തീക്ഷ്ണമായ ഉൾക്കാഴ്ചകളും ചാൾസ് ഡാർവിനെ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിലേക്ക് നയിച്ചത് എങ്ങനെ എന്ന അറിവ് ശാസ്ത്രത്തിന്റെ രീതികളെക്കുറിച്ചും വിമർശനാത്മകചിന്തയുടെ പ്രാധാന്യത്തെക്കുറിച്ചും ഉള്ള ബോധ്യം കൂടിയാണ് നൽകുന്നത്. പത്താം ക്ലാസിനുശേഷം ജീവശാസ്ത്രം പഠിക്കാത്ത വിദ്യാർത്ഥികൾക്ക് ഈ സുപ്രധാനമേഖലയിലെ അറിവ് നേടാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. ഒപ്പം പരിണാമസിദ്ധാന്തം പോലെ മാനവികത മുന്നോട്ടുവയ്ക്കുന്ന അറിവുകൾ സ്വായത്തമാക്കുന്നതിനുള്ള കുട്ടിയുടെ അവകാശത്തെ നിഷേധിക്കലും കൂടിയാണ് ഇത്.
ശാസ്ത്രാവബോധംവും അന്വേഷണാത്മകതയും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന കടമയാണെന്ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51A (H) നിഷ്കർഷിക്കുന്നുണ്ട്. ശാസ്ത്രബോധത്തിന്റെ വികാസം സമചിത്തത ഉൾപ്പെടെയുള്ള മാനവികമൂല്യങ്ങളായാണ് പ്രതിഫലിക്കുക. തലമുറകളിലേക്ക് അത് വ്യാപിക്കണമെങ്കിൽ സ്‌കൂളുകളിൽ നടക്കുന്ന അടിസ്ഥാനപഠനത്തിൽ തന്നെ അതിന്റെ വിത്തുകൾ പാകേണ്ടതുണ്ട്. ‘വംശപാരമ്പര്യവും പരിണാമവും എന്ന പാഠഭാഗം ‘വംശപാരമ്പര്യം’ എന്നതിലേക്ക് ചുരുങ്ങുന്നത് ആശങ്കാവഹമാണ്. ശാസ്ത്രീയാന്വേഷണത്തിന്റെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള പാരമ്പര്യത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സമൂഹത്ത നൂറ്റാണ്ടുകൾ പുറകോട്ട് തള്ളാൻ കാരണമാകും. ഈ സാഹചര്യത്തിൽ സെക്കൻഡറി വിദ്യാഭ്യാസത്തിൽ പരിണാമ സിദ്ധാന്തം പുനഃസ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
നീക്കം ചെയ്ത പാഠഭാഗങ്ങൾ – NCERT പ്രസിദ്ധീകരിച്ച ലിസ്റ്റ് – Download ചെയ്യാം
പരിണാമ സിദ്ധാന്തം വീട്ടുമുറ്റങ്ങളിൽ ചർച്ച ചെയ്യപ്പെടട്ടെ
ശാസ്ത്ര സത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ പാഠ്യ വിഷയങ്ങളിൽ നിന്നു നീക്കം ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ അന്തഃസത്തക്ക്ചേരാത്ത നടപടിയാണ്.തിരുത്തണം.
Include the evalution theory of Darvin in the cariculam
It is a big slap to the scientific society
Protest every indian against this mischief
Include the evelution theory of Darwin in the cariculam