സാബുജോസ്
ടൈറ്റനിലെ മീഥേയ്‌ന്‍ സമുദ്രപര്യവേഷണം ലക്ഷ്യമിട്ട് നാസ അന്തര്‍വാഹിനി അയയ്‌ക്കുന്നു. 1400 കിലോഗ്രാം ഭാരമുള്ള അന്തര്‍വാഹിനി മണിക്കൂറില്‍ 3.6 കിലോമീറ്റര്‍ വേഗതയില്‍ ടൈറ്റന്‍ സമുദ്രത്തില്‍ സഞ്ചരിക്കും. ജീവന്റെ ഉല്‍പ്പത്തിയേക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കും. 2040ല്‍ വിക്ഷേപണം നടത്തും. സ്‌പേസ് പ്ലെയിനുകളാണ് വിക്ഷേപണത്തിനുപയോഗിക്കുന്നത്.
ബഹിരാകാശത്തേയ്‌ക്ക് ഇനി അന്തര്‍വാഹിനിയും. ഭൂമിക്കുവെളിയില്‍ ദ്രാവക സാന്നിധ്യം സംശയാതീതമായി തെളിയിക്കപ്പെട്ട ഏക ഗോളമായ ടൈറ്റനിലേക്കാണ് നാസ അന്തര്‍വാഹിനി അയക്കുന്നത്. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്‍, ചന്ദ്രനേക്കാളും ബുധനേക്കാളും വലുതാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹവും ടൈറ്റനാണ്. ഉപഗ്രഹത്തിന്റെ ഉത്തരധ്രുവ മേഖലയിലുള്ള ‘ക്രാക്കന്‍ മറെ’ എന്ന ഹൈഡ്രോകാര്‍ബണ്‍ സമുദ്രത്തിലാണ് നാസയുടെ അന്തര്‍വാഹിനി പര്യവേഷണം നടത്താന്‍ പോകുന്നത്. നാലു ലക്ഷം ച.കി.മീ. വിസ്‌തൃതിയുള്ള ‘ക്രാക്കന്‍ മറെ’ സമുദ്രത്തിന് 300 മീറ്റര്‍ വരെ ആഴവുമുണ്ട്. -179.5 ഡിഗ്രി സെല്‍ഷ്യസാണ് ടൈറ്റനിലെ ശരാശരി താപനില. ഈ താപനിലയില്‍ ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കില്ലെന്ന് ഉറപ്പാണ്. ദ്രാവകരൂപത്തിലുള്ള മീഥേയ്‌നും, ഈഥേയ്‌നുമാണ് ടൈറ്റന്‍ സമുദ്രങ്ങളിലുള്ളത്. 2040ല്‍ സ്‌പേസ് പ്ലെയിന്‍ ഉപയോഗിച്ച് അന്തര്‍വാഹിനി ടൈറ്റനിലെത്തിക്കുമെന്നാണ് ഗ്ലെന്‍ റിസര്‍ച്ച് സെന്ററിലെ കൊളാബറേറ്റീവ് മോഡലിംഗ് ഫോര്‍ പാരാമെട്രിക് അസസ്‌മെന്റ് ഓഫ് സ്‌പേസ് സിസ്റ്റംസ് (COMPASS) ടീം പറയുന്നത്. ദ്രാവക ഹൈഡ്രോകാര്‍ബണുകള്‍ ജീവന്റെ ഗര്‍ഭഗൃഹമാണ്. ടൈറ്റനിലെ സമുദ്രങ്ങളിലും നാസ തിരയുന്നത് ജീവന്‍ തന്നെയാണ്.
രണ്ട് സ്റ്റെര്‍ലിങ് റേഡിയോ ഐസോടോപ് ജനറേറ്ററുകളാണ് ഈ അന്തര്‍വാഹിനിയ്‌ക്ക് ഊര്‍ജം പകരുന്നത്. പ്ലൂട്ടോണിയം-238 ആണ് ജനറേറ്ററുകളില്‍ ഉപയോഗിക്കുന്ന ഇന്ധനം. 1400 കിലോഗ്രാം ഭാരമുള്ള ഈ അന്തര്‍വാഹിനിയില്‍ സമുദ്രോപരിതലവും, അടിത്തട്ടും സര്‍വേ നടത്തുന്നതിനുള്ള ഉപകരണങ്ങളുണ്ട്. കാലാവസ്ഥാ നിര്‍ണയ ഉപകരണങ്ങള്‍, ലൈറ്റ് ആന്റ് ക്യാമറ സിസ്റ്റം, സണ്‍ സെന്‍സറുകള്‍, എക്കോ സൗണ്ടര്‍, സോണാര്‍ അറെകള്‍, ആന്റിനകള്‍ തുടങ്ങിയ ശാസ്‌ത്രീയ ഉപകരണങ്ങള്‍ ടൈറ്റന്‍ സമുദ്രത്തേക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ഉപഗ്രഹത്തെ ഭ്രമണം ചെയ്‌തുകൊണ്ടിരിക്കുന്ന ഓര്‍ബിറ്ററിലേക്കും തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റേഷനിലുമെത്തിക്കും. എട്ടു മണിക്കൂര്‍ നേരം ഈ അന്തര്‍വാഹിനി ക്രാക്കന്‍ മറെ സമുദ്രാടിത്തട്ടില്‍ പര്യവേഷണം നടത്തും. 16 മണിക്കൂര്‍ തീരദേശ സര്‍വേയും ഉദ്ദേശിക്കുന്നുണ്ട്.
നാസയുടെ കസീനി ബഹിരാകാശപേടകമാണ് ആദ്യമായി ടൈറ്റനിലെ ഹൈഡ്രോകാര്‍ബണ്‍ സമുദ്രങ്ങള്‍ കണ്ടെത്തിയത്. കസീനിക്കൊപ്പ മുണ്ടായിരുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പേടകമായ ഹൈഗന്‍സ് 2005 ജനുവരിയില്‍ ടൈറ്റനില്‍ ഇറങ്ങുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്. ഔട്ടര്‍ സോളാര്‍ സിസ്റ്റത്തിലുള്ള ഏതെങ്കിലുമൊരു ദ്രവ്യപണ്‌ഡത്തിലിറങ്ങുന്ന ആദ്യ വാഹനമാണ് ഹൈഗന്‍സ്.
എന്തുകൊണ്ട് ടൈറ്റന്‍?
ഭൂമിയുമായി വളരെയടുത്ത സാദൃശ്യമുണ്ട് ടൈറ്റന്. കട്ടികൂടിയ അന്തരീക്ഷവും, കാലാവസ്ഥാമാറ്റങ്ങളും, കാറ്റും, മഴയും, പുഴകളും, തടാകങ്ങളും, കടലുകളും, കുന്നുകളും, സമതലങ്ങളുമെല്ലാം അവിടെയുമുണ്ട്. ഭൗമോപരിതലം രൂപാന്തരപ്പെടുത്തുന്നതില്‍ ജലം വഹിക്കുന്ന പങ്കുതന്നെയാണ് ടൈറ്റന്റെ കാര്യത്തില്‍ ദ്രാവക ഹൈഡ്രോ കാര്‍ബണുകള്‍ നിറഞ്ഞ പുഴകളും സമുദ്രങ്ങളും ചെയ്യുന്നത്. സമുദ്രങ്ങളുടെയും തടാകങ്ങളുടെയും ഏറിയപങ്കും ഈ ഉപഗ്രഹത്തിന്റെ ഉത്തരധ്രുവ മേഖലയിലാണുള്ളത്. ഈ മേഖലയിലുള്ള ലിജിയ മറെ എന്ന സമുദ്രത്തില്‍ ഏകദേശം 9000 ക്യുബിക് കിലോമീറ്റര്‍ ദ്രാവക മീഥേയ്‌ന്‍ ഉണ്ടെന്നാണ് കരുതുന്നത്. ഭൗമാന്തര്‍ഭാഗത്തുള്ള പെട്രോളിയം ശേഖരത്തിന്റെ 40 മടങ്ങാണിത്. സൂര്യനില്‍ നിന്നും ഏകദേശം 150 കോടി കിലോമീറ്റര്‍ ദൂരെയാണ് ടൈറ്റനുള്ളത്. 2014 ല്‍ കസീനി സ്‌പേസ്‌ക്രാഫ്‌റ്റ് ടൈറ്റനില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഗൃഹോപകരണ സാമഗ്രികള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റിക്കിന്റെ അസംസ്‌കൃത വസ്‌തുവായ പ്രൊപൈലിന്‍ ആണ് ടൈറ്റനില്‍ കണ്ടെത്തിയത്. ഭൂമിക്കുവെളിയില്‍ ഈ അസംസ്‌കൃത വസ്‌തു കണ്ടെത്തിയത് ആദ്യമായാണ്.
ടൈറ്റന്
ശനി ഗ്രഹത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റന്‍. സൗരയൂഥത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹവും ടൈറ്റനാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമെഡെയെക്കാളും 100 കിലോമീറ്റര്‍ മാത്രം വ്യാസത്തില്‍ കുറവുള്ള ടൈറ്റന്‍ ബുധനേക്കാളും ചന്ദ്രനേക്കാളും വലുതാണ്. സൗരയൂഥത്തില്‍ ഭൂമിക്കുവെളിയില്‍ ദ്രാവക സാന്നിധ്യം അസന്നിഗ്‌ദമായി തെളിയിക്കപ്പെട്ടിട്ടുള്ള ദ്രവ്യപിണ്‌ഡമാണ് ടൈറ്റന്‍. ഭൂമിയുടെ അന്തരീക്ഷ മര്‍ദ്ധത്തിന്റെ 1.45 മടങ്ങാണ് ടൈറ്റന്റെ അന്തരീക്ഷ മര്‍ദം. ഭൗമാന്തരീക്ഷത്തിന്റെ 1.19 മടങ്ങ് ഭാരകൂടുതലുമുണ്ട് ടൈറ്റന്റെ അന്തരീക്ഷത്തിന്. ടൈറ്റന്റെ അന്തരീക്ഷത്തില്‍ 98.4 ശതമാനം നൈട്രജനും, 1.6 ശതമാനം മീഥേയ്‌നുമാണുള്ളത്. സൗരവികിരങ്ങളിലുള്ള അള്‍ട്രാവയലറ്റ് രശ്‌മികള്‍ മീഥേയ്‌ന്‍ വാതകത്തെ വിഘടിപ്പിക്കുകയും അതിന്റെ ഫലമായി ടൈറ്റനു ചുറ്റും ഓറഞ്ച് നിറത്തിലുള്ള കട്ടികൂടിയ ഒരു മറ സൃഷ്‌ടിക്കുകയും ചെയ്യുന്നുണ്ട്. ശനി ഗ്രഹത്തിന്റെ കാന്തിക ക്ഷേത്രത്തിനുളളിലാണ് ടൈറ്റന്‍ സഞ്ചരിക്കുന്നത്. വലിയ തടാകങ്ങളും, വിശാലമായ സമതലങ്ങളും, ചെറിയ കുന്നുകളും, ദ്രാവകാവസ്ഥയിലുള്ള ഹൈഡ്രോകാര്‍ബണ്‍ സമുദ്രങ്ങളും നിറഞ്ഞ ഈ ഖഗോള പിണ്‌ഡത്തെ കണ്ടെത്തിയത് 1655 മാര്‍ച്ച് 25ന് ഡച്ച് ജ്യോതിശാസ്‌ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഹൈഗന്‍സാണ്. സൗരയൂഥത്തില്‍ ഭൂമിക്കുവെളിയില്‍ ജീവസാന്നിധ്യം (Mocrobial Extraterrestrial Life) ഏറ്റവും അധികമുള്ളത് ടൈറ്റനിലാണ്. ടൈറ്റനിലെ കാറ്റും മഴയുമുള്ള കാലാവസ്ഥ ഭൗമസമാനമാണ്. എന്നാല്‍ മഴത്തുള്ളികള്‍ ജലകണങ്ങളല്ല ഭൂമിയിലെ ഭാഷയില്‍ മദ്യമാണ് മഴയായി പെയ്യുന്നത്. മീഥേയ്‌നും, ഈഥേയ്‌നും നിറഞ്ഞ തടാകങ്ങളും കടലുകളുമുണ്ട് ടൈറ്റനില്‍. മീഥേയ്‌ന്‍ വാതകത്തിന്റെ ഹരിതഹൃഹ പ്രഭാവവും ശനി ഗ്രഹത്തിന്റെ വേല ബലങ്ങളുമാണ് ഈ ഉപഗ്രഹത്തിന്റെ താപനില നിയന്ത്രിക്കുന്നത്. ശനിയുടെ ഇതുവരെ കണ്ടെത്തിയിട്ടുള്ള 53 ഉപഗ്രഹങ്ങളില്‍ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ ശരാശരി താപനില -179.5 ഡിഗ്രി സെല്‍ഷ്യസാണ്.
ടൈറ്റന്‍
- വ്യാസം : 5150 കി.മീ
- സാന്ദ്രത : 1.88 MG/CM3
- വ്യാപ്‌തം : 7.16 X1010Km3
- പിണ്‌ഡം : 1.345 x1023kg
- പ്രതല വിസ്‌തീര്‍ണം : 8.3 x107km2
- ഗുരുത്വബലം : 1.352 m/s2
- പലായന പ്രവേഗം : 2.639 km/s
- ശരാശരി താപനില: -179.5 ഡിഗ്രി സെല്‍ഷ്യസ്
- ഭ്രമണകാലം : 15.945 ഭൗമദിനങ്ങള്‍