MY OCTOPUS TEACHER
2020-ല്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ, ആ വര്‍ഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ സിനിമയ്ക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ, “My Octopus Teacher” എന്ന ചിത്രത്തെക്കുറിച്ച് വായിക്കാം.
നമ്മുടെ ഭൂമിയില്‍ ഏതാണ്ട് 87 ലക്ഷത്തോളം വ്യത്യസ്തവര്‍ഗ്ഗങ്ങളില്‍പ്പെടുന്ന ജീവജാലങ്ങളുണ്ട് എന്നാണ് കണക്കുകൂട്ടല്‍, അവയില്‍ ഏകദേശം 20-22 ലക്ഷത്തോളം കടലിനടിയില്‍ ജീവിക്കുന്നവയാണ്. കടലിനടിയിലെ ജീവികളില്‍ വെച്ച് ഏറ്റവും ബുദ്ധിയുള്ള ജീവികളില്‍ ഒന്നാണ് ഒക്ടോപസ്. ഒരുപക്ഷേ ഡോള്‍ഫിനുകള്‍ക്കൊപ്പം വികസിച്ച മസ്തിഷ്കത്തോട് കൂടിയ, അകശേരുക്കളുടെ (invertebrate) വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ് ഒക്ടോപസ് അഥവാ നീരാളി. അവയുടെ മസ്തിഷ്കത്തിന്റെ ഒരു ഭാഗം അറിവ് ശേഖരിക്കുന്നതിനു വേണ്ടി മാത്രമായി നീക്കിവെയ്ക്കപ്പെട്ടിരിക്കുന്നു. അതുപയോഗിച്ചാണ് അവ തങ്ങള്‍ നേരിടുന്ന പുതിയ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതും അവയ്ക്ക്ള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതും.
നായകള്‍ക്കുള്ളത്രയും മസ്തിഷ്ക ന്യൂറോണുകള്‍ ഒക്ടോപസ്സുകള്‍ക്കുമുണ്ട്. ഒക്ടോപസ്സുകളെക്കുറിച്ച് നടന്നിട്ടുള്ള അനേകം പഠനങ്ങളില്‍ നിന്ന് അവയ്ക്കു മനുഷ്യമസ്തിഷ്കവുമായി ഏറെ സാമ്യമുണ്ടെന്നാണ് നാം മനസ്സിലാക്കുന്നത്. 2010 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്ന വേളയില്‍ ജര്‍മ്മനി കളിച്ച ചില മത്സരങ്ങളുടെ ഫലം കൃത്യമായി പ്രവചിച്ച പോള്‍ എന്ന ഒക്ടോപ്പസ്സിന്‍റെ വിചിത്രമായ കഥ ചിലരുടെയെങ്കിലും സ്മരണയിലുണ്ടാകും. ഓര്‍മ്മകള്‍ നിലനിറുത്തുവാനും വ്യക്തികളെ തിരിച്ചറിയാനുമെല്ലാം സാധിക്കുന്ന തരത്തില്‍ അത്ഭുതകരമായ കഴിവുകളുള്ള ജീവികളാണ് ഒക്ടോപസ്സുകള്‍. ഇരുവര്‍ഗ്ഗങ്ങളുടെയും മസ്തിഷ്കങ്ങളില്‍ പൊതുവായി കണ്ടുവരുന്ന സെറോട്ടോണിന്‍ സ്വീകരിണികള്‍ മനുഷ്യരുടെയും ഒക്ടോപസ്സുകളുടെയും സ്വഭാവങ്ങള്‍ തമ്മിലുള്ള സമാനതകള്‍ക്ക് വിശദീകരണം നല്‍കുന്നു. എന്നിരുന്നാലും സാധാരണഗതിയില്‍ ഒക്ടോപസ്സുകള്‍ സാമൂഹികജീവികള്‍ അല്ല, മറിച്ച് ഏകാന്തവാസം ഇഷ്ടപ്പെടുന്നവരാണ്. അവയുടെ സവിശേഷമായ ചര്‍മ്മഘടന അവയ്ക്ക് ഇച്ഛാനുസൃണം ചുറ്റുപാടുകളില്‍ നിന്നുള്ള നിറങ്ങളെ അതേപടി പ്രതിഫലിപ്പിക്കുവാനും അതിലൂടെ ഫലപ്രദമായ രീതിയില്‍ പ്രച്ഛന്നവേഷം സ്വീകരിക്കുവാനുമുള്ള (camouflage) കഴിവ് നല്‍കുന്നു. ഈ കഴിവ് അവയെ വിജയകരമായ രീതിയില്‍ ഇര തേടുന്നതിനും അതോടൊപ്പം ശത്രുക്കളില്‍ നിന്ന് സ്വയം രക്ഷനേടുന്നതിനും സഹായിക്കുന്നു.
പ്രകൃതിയില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന് പതിനായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണക്കുകൂട്ടല്‍. പ്രാഥമികമായി തങ്ങളുടെ സുരക്ഷയും സേവനവും ലക്ഷ്യമാക്കി മനുഷ്യര്‍ തുടക്കമിട്ട ബന്ധം പിന്നീട് വൈകാരികതലത്തിലേക്കും വ്യാപിച്ചു എന്നു വേണം കരുതുവാന്‍. ഇന്ന് മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധം ചിലപ്പോഴെങ്കിലും മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കാള്‍ കൂടുതല്‍ ഗാഢവും ശക്തവുമായിരിക്കുന്നതിന് നാം സാക്ഷ്യം വഹിക്കാറുണ്ട്. പല സന്ദര്‍ഭങ്ങളിലും അത്തരം ബന്ധങ്ങള്‍ മനുഷ്യര്‍ക്കും, ഒരുപക്ഷേ മൃഗങ്ങള്‍ക്കും, ഒരു അഭയകേന്ദ്രമായി വര്‍ത്തിക്കുന്നതും കാണാം.
അത്തരത്തില്‍ ഒരു മനുഷ്യനും ഒരു ഒക്ടോപസ്സും തമ്മില്‍ കടലിനടിയില്‍വെച്ച് ഉടലെടുക്കുന്ന അപൂര്‍വവും അതീവഹൃദ്യവുമായ ഒരു ബന്ധത്തിന്റെ കഥയാണ് 2020-ല്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ, ആ വര്‍ഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ സിനിമയ്ക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ, “My Octopus Teacher” എന്ന ചിത്രം അവതരിപ്പിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഡോക്യുമെന്‍ററി നിര്‍മ്മാതാവായ ക്രെയിഗ് ഫോസ്റ്റര്‍ ഇരുപതിലേറെ വര്‍ഷങ്ങള്‍ നീണ്ട ജോലിത്തിരക്കുകള്‍ മൂലം തളര്‍ച്ചയും വിഷാദരോഗവും പിടിപെടുന്ന അവസരത്തില്‍ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുവാനും ഉന്മേഷം വീണ്ടെടുക്കുവാനുമായി തന്റെ കുട്ടിക്കാലം ചിലവിട്ട കേപ് ടൌണിലെ വീട്ടിനരികിലുള്ള സമുദ്രത്തില്‍ ഫ്രീ-ഡൈവിങ് (free diving) നടത്താന്‍ തീരുമാനിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. കടല്‍പ്പായലുകള്‍ സമൃദ്ധമായി തിങ്ങി വളരുന്ന കടല്‍ക്കാടുകള്‍ (kelp forests) നിറഞ്ഞ സമുദ്രപ്രദേശമാണ് അവിടം. ഫോസ്റ്ററുടെ അഭിപ്രായത്തില്‍ ഭൂമിയിലെ ഏറ്റവും സമ്പന്നമായ ആവാസവ്യവസ്ഥകളിലൊന്നാണ് അത്. ജലരോധകവസ്ത്രവും (wet suit) ഓക്സിജന്‍ ടാങ്കുമൊന്നും ഇല്ലാതെ ശ്വാസം മാത്രം നിയന്ത്രിച്ചുകൊണ്ട് കടലിനടിയിലെ 7 ഡിഗ്രി വരെ തണുപ്പുതാഴുന്ന വെള്ളത്തില്‍ ഏതാണ്ട് ഒരു വര്‍ഷത്തിലേറെ കാലം ദിനംപ്രതി നീന്തിയാണ് ഫോസ്റ്റര്‍ ഒക്ടോപസ്സിന്റെ – ഒപ്പം തന്റെയും – കഥ പറയുന്നത്. ഡൈവിംഗ് തുടങ്ങി ആദ്യ ദിനങ്ങളിലൊന്നില്‍ തന്നെ ഫോസ്റ്റര്‍ കടലിന്‍റെ അടിത്തട്ടില്‍ ഒരു ഒക്ടോപസ്സിനെ കാണാനിടയാകുന്നു. യാദൃച്ഛികമായി, വളരെ നാടകീയമായ രീതിയില്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഒക്ടോപസ്സില്‍ ഫോസ്റ്റര്‍ പെട്ടെന്ന് ആകൃഷ്ടനാകുന്നു. തുടക്കത്തില്‍ ഒക്ടോപസ് ഒരു രീതിയിലുള്ള സൌഹൃദവും പ്രകടിപ്പിക്കുന്നില്ലെങ്കിലും ഫോസ്റ്റര്‍ എല്ലാ ദിവസവും അവളുടെ അരികില്‍ നീന്തിയെത്തി തന്റെ ശ്രമം തുടരാന്‍ നിശ്ചയിക്കുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മെല്ലെ മെല്ലെ ഫോസ്റ്ററിന്‍റെ സാന്നിദ്ധ്യത്തില്‍ ഒക്ടോപസ് തന്റെ മാളത്തില്‍ നിന്ന് പുറത്തുകടന്ന് സ്വാഭാവികമായ രീതിയില്‍ നീന്താനും ഇരതേടാനും മറ്റും തുടങ്ങി. ക്രമേണ ഒക്ടോപസ്സിന്‍റെ വിശ്വാസമാര്‍ജ്ജിച്ച ഫോസ്റ്റര്‍ അവളുടെ ജീവിതത്തിലെ പല സുപ്രധാനഘട്ടങ്ങളും സ്വഭാവസവിശേഷതകളും നിരീക്ഷിക്കുകയും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രധാനഭാഗമെങ്കിലും, അതോടൊപ്പം ഫോസ്റ്ററിനും ഒക്ടോപസ്സിനുമിടയില്‍ വളര്‍ന്നുവരുന്ന ഹൃദ്യമായ ബന്ധവും നമുക്ക് കാണാന്‍ സാധിക്കും.
ഏതാണ്ട് ഒരുമാസക്കാലത്തെ തുടര്‍ച്ചയായ സന്ദര്‍ശനത്തിനൊടുവില്‍ ഒക്ടോപസ് തന്റെ ഒരു കരം ഫോസ്റ്ററുടെ നേര്‍ക്ക് നീട്ടുകയും അയാളുടെ ശരീരത്തെ സ്പര്‍ശിക്കുകയും, മെല്ലെ അയാളുടെ കൈയുടെ മേല്‍ഭാഗത്തേക്ക് ഇഴഞ്ഞു കയറുകയും ചെയ്യുന്നു. ആ അവസരത്തില്‍ ഫോസ്റ്റര്‍ നമ്മോട് പറയുന്നു, ഒടുവില്‍ ഒക്ടോപസ്സിന് തന്നെ വിശ്വാസമായി, അവള്‍ തന്നെ ഒരു ഭീഷണിയായി കാണുന്നില്ല, അവളുടെ ഭയം ജിജ്ഞാസയ്ക്ക് വഴി മാറി എന്ന്. ഇത് ഒരുപക്ഷേ മനുഷ്യകേന്ദ്രിതമായ ഒരു കാഴ്ചപ്പാടാണെങ്കില്‍ പോലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ചില സൂക്ഷ്മവശങ്ങളിലേക്ക് ഇത് വെളിച്ചം വീശുന്നുണ്ട് എന്നുവേണം കരുതുവാന്‍. ചിത്രത്തിന്‍റെ വികാരസാന്ദ്രമായ മറ്റൊരു രംഗത്തില്‍ ഒക്ടോപസ് സ്വമേധയാ ഫോസ്റ്ററിന്‍റെ മാറിലേക്ക് നീന്തി കയറി അയാളുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് കിടക്കുകയും ഒരു കരം നീട്ടി അയാളുടെ മുഖത്തും താടിയിലും മറ്റും മെല്ലെ സ്പര്‍ശിച്ചു നോക്കുകയും ചെയ്യുന്നു. മനുഷ്യനും പ്രകൃതിയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ വേര്‍പാടുകളില്ല എന്ന് ആ നിമിഷത്തില്‍ നമുക്ക് വ്യക്തമായി ബോദ്ധ്യപ്പെടും. താന്‍ ഈ സമുദ്രത്തിന്റെ, അഥവാ ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗം തന്നെയാണെന്നും, മറിച്ച് ഒരു വെറും സന്ദര്‍ശകനല്ല എന്നും ഒക്ടോപസ് തന്നെ പഠിപ്പിച്ചു എന്ന് ഫോസ്റ്റര്‍ പറയുന്നു.
ഒരു വര്‍ഷത്തിലേറെ നീണ്ട കാലം ആ ഒക്ടോപസ്സിനെ പിന്തുടരുന്ന ഫോസ്റ്റര്‍ സാവധാനം അവളുടെ ദൈനംദിനജീവിതത്തിനുള്ളിലേക്ക് മെല്ലെ പ്രവേശിക്കുന്നു, ഒപ്പം നമ്മെയും കൂട്ടിക്കൊണ്ടുപോകുന്നു. ഒരവസരത്തില്‍ ഒക്ടോപസ്സുകളുടെ പ്രധാന ശത്രുവായ പൈജാമ ഷാര്‍ക് (pyjama shark) അഥവാ വരയന്‍ സ്രാവുമായുള്ള ഏറ്റുമുട്ടലില്‍ ഒക്ടോപസ്സിന്‍റെ ഒരു കരം നഷ്ടപ്പെടുന്നു. തുടര്‍ന്ന് അവള്‍ തന്റെ മാളത്തില്‍ ഒളിക്കുന്നു. അതിനുശേഷം ഏതാണ്ട് മൂന്നുമാസങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ട കരം അത്ഭുതകരമാം വിധം പുനരുജ്ജീവിക്കുകയും വീണ്ടും സാധാരണ ഗതി പ്രാപിക്കുകയും ചെയ്യുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു. പിന്നീടുണ്ടാകുന്ന ഒരു ആക്രമണത്തില്‍ അവള്‍ ഫലപ്രദമായ രീതിയില്‍ സ്വയം പ്രതിരോധിക്കുകയും സ്രാവിന്റെ പുറത്തു കയറി സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒക്ടോപസ്സിന്‍റെ പല വ്യത്യസ്ത ജീവിത സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയുടെ പ്രായോഗികബുദ്ധിയെക്കുറിച്ചും സ്വഭാവസവിശേഷതകളെക്കുറിച്ചും നമുക്ക് ഒരു ധാരണ ലഭിക്കുന്നു. ഏതാണ്ട് ഒരുവര്‍ഷം കഴിയാറാകുമ്പോള്‍ അവള്‍ ഒരു പുരുഷ ഒക്ടോപസ്സുമായി ഇണചേരുന്നതും, അനന്തരം അനേകം മുട്ടകള്‍ ഉത്പാദിപ്പിക്കുന്നതും, അവയുടെ സംരക്ഷണത്തിനായി മാളത്തില്‍ തന്നെ കാവലിരിക്കുന്നതും, ഒടുവില്‍ മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരുമ്പോഴേക്കും അവള്‍ മരണത്തിന് കീഴടങ്ങുന്നതും നമുക്ക് കാണാനാകും. പിന്നീട് ഒരു സ്രാവ് എത്തി അവളുടെ ശരീരം ഭക്ഷിക്കുന്നതിനായി വഹിച്ചുകൊണ്ടു പോകുന്നതും ഫോസ്റ്റര്‍ നമുക്ക് കാട്ടിത്തരുന്നു. അങ്ങനെ ഒരു വര്‍ഷക്കാലത്തിലേറെ നീളുന്ന ആ ഒക്ടോപസ്സിന്‍റെ സംഭവബഹുലമായ ജീവിതചക്രം ഏതാണ്ട് പൂര്‍ണമായി രേഖപ്പെടുത്തിക്കൊണ്ടാണ് ‘My Octopus Teacher’ എന്ന ഡോക്യുമെന്‍ററി സിനിമ അവസാനിക്കുന്നത്.
അതിന് സമാന്തരമായിത്തന്നെ, ഫോസ്റ്ററിന്റെ ജീവിതത്തില്‍ അത് ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ചുള്ള വിവരണവും നമുക്ക് കേള്‍ക്കാന്‍ സാധിയ്ക്കുന്നു. ഓരോ ദിവസം കഴിയുംതോറും തനിക്ക് നഷ്ടപ്പെട്ട ഊര്‍ജം തിരികെ ലഭിക്കുന്നതായും തന്റെ ബാല്യകാലസ്മരണകള്‍ ഉള്‍ക്കൊള്ളുന്ന, സമുദ്രാന്തര്‍ഭാഗത്തുള്ള ആ കടല്‍ക്കാട് തന്നെ പല പുതിയ കാര്യങ്ങളും പഠിപ്പിക്കുന്നതായും അങ്ങനെ താന്‍ വീണ്ടും പതിയെ ജീവിതത്തിലേക്ക് മടങ്ങി വരുന്നതായും ഫോസ്റ്റര്‍ നമ്മോട് പറയുന്നു. നഗരജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്ന മടുപ്പുകളില്‍ നിന്നൊഴിഞ്ഞ് കടലിന്നടിയിലെ ധ്യാനസാന്ദ്രമായ ഏകാന്തതയില്‍ പ്രകൃതിയിലെ പലതരം ജീവജാലങ്ങളുടെ മാസ്മരികതകളില്‍ മുഴുകി ക്രമേണ സ്വയം സുഖം പ്രാപിച്ച് സ്വാസ്ഥ്യവും മനഃശാന്തിയും വീണ്ടെടുക്കുന്ന ഫോസ്റ്ററിനെയാണ് ചിത്രത്തിന്റെ തുടര്‍ച്ചയില്‍ നാം കാണുന്നത്. പ്രകൃതിയുടെ മാന്ത്രികസ്പര്‍ശത്തിന് മനുഷ്യന്‍റെ ഏത് മുറിവുകളെയും ഗുണപ്പെടുത്താനുള്ള കഴിവിന്‍റെ ഉത്തമദൃഷ്ടാന്തമായി അതിനെ കാണാം.
ഒക്ടോപസ്സുമായുള്ള ബന്ധത്തിലൂടെ ഫോസ്റ്ററിന് പ്രപഞ്ചത്തിലെ താനുള്‍പ്പടെയുള്ള സര്‍വ്വജീവന്റെയും ക്ഷണികതയെയും നൈര്‍മ്മല്യത്തെയും തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമാകുന്നു. അത് അയാളെ ആകമാനം പരിവര്‍ത്തിപ്പിക്കുകയും അതെത്തുടര്‍ന്ന് തന്റെ മകനുമായി കൂടുതല്‍ അടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ‘ജന്മപരമ്പരകളിലൂടെ തുടരുന്ന കര്‍മ്മബന്ധങ്ങളെ’ക്കുറിച്ചുള്ള സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. അമ്മ ഒക്ടോപസ്സിന്റെ മരണത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫോസ്റ്ററും മകനും ഒരുമിച്ച് സമുദ്രത്തിനടിയില്‍ നീന്തുന്നതും അവിടെവെച്ച് മകന്‍ ഒരു ചെറിയ ഒക്ടോപസ്സിനെ കണ്ടെത്തുന്നതും വിസ്മയപൂര്‍വ്വം അത് അവളുടെ കുഞ്ഞ് തന്നെയായിരിക്കുമോ എന്ന് അവര്‍ സങ്കല്‍പ്പിക്കുന്നതും നാം കാണുന്നു.
അടുത്ത വര്‍ഷങ്ങളില്‍ ഫോസ്റ്ററും മറ്റു ചില പങ്കാളികളും കൂടി ചേര്‍ന്ന് കടല്‍ക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന Sea Change Project എന്ന ഒരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. ഇന്ന് ഫോസ്റ്റര്‍ ഒറ്റയ്ക്കല്ല നീന്തുന്നത്, അയാള്‍ക്കൊപ്പം ഒരു പറ്റം ചെറുപ്പക്കാരുമുണ്ട്, കടലിനടിയിലെ പായല്‍ക്കാടുകള്‍ക്കുള്ളിലെ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും അവയെക്കുറിച്ച് പഠിക്കാനും അവയെ കരുതലോടെ പരിപാലിക്കാനുമായി.
ചിത്രത്തിന്റെ സാങ്കേതികത്തികവിനെക്കുറിച്ചുകൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവുകയില്ല. ഒന്നിലധികം പേരുടെ ദീര്‍ഘകാലത്തെ അശ്രാന്തപരിശ്രമവും അര്‍പ്പണമനോഭാവവും കൊണ്ടുമാത്രമേ ഇത്തരത്തിലുള്ള ഒരു ചിത്രം നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. ജലത്തിനടിയിലെ രംഗങ്ങള്‍ പ്രത്യകം ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്, റോജര്‍ ഹോറോക്സ് ആണ് ഛായാഗ്രഹണം. കടല്‍ക്കാടുകളുടെയും ഒക്ടോപസ്സിന്റെയും മറ്റ് കടല്‍ജീവികളുടെയുമെല്ലാം ക്ലോസപ് ഷോട്ടുകള്‍ നമ്മെ ശരിക്കും കടലിനടിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിധം അതിമനോഹരമാണ്.
കെവിന്‍ സ്മട്സിന്‍റെ സംഗീതമാണ് ചിത്രത്തിലെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. ഓരോ രംഗത്തിനും അനുയോജ്യമായി ഒരുക്കിയിരിക്കുന്ന സംഗീതം ചിത്രത്തിന്റെ വൈകാരികതീവ്രതയ്ക്ക് ആക്കം കൂട്ടുന്നു, ഒപ്പം ഒരു സമ്പൂര്‍ണ്ണ അനുഭവം പ്രദാനം ചെയ്യുന്നു. ഫോസ്റ്ററിന്‍റെയും ഒക്ടോപസ്സിന്റെയും ഭാവവൈവിധ്യങ്ങള്‍ കൃത്യമായി കാണികളിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ സ്മട്സിന്റെ സംഗീതത്തിന് വലിയ പങ്കുണ്ട്. പിപ്പാ ഏര്‍ലിച്ചും ജയിംസ് റീഡും ചേര്‍ന്നാണ് ചിത്രത്തിന്‍റെ എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം കണ്ടുതീരുമ്പോള്‍ നമ്മുടെ മനസ്സില്‍ പ്രതീക്ഷയുടെ നിറവ് ബാക്കിയാകും എന്നത് തീര്‍ച്ച.