ഒരു പക്ഷിക്ക് മുത്തുപിള്ള എന്നാണ് പേര് എന്നറിഞ്ഞാൽ നമുക്ക് എന്തുതോന്നും?
എന്ത്, പക്ഷികളിലുമുണ്ടോ മതവും ജാതിയും എന്നാവും. ഇതെന്താ എൻ എസ് എസ് കരയോഗത്തിലാണോ ഈ പക്ഷിക്ക് കൂട് എന്നും തോന്നാം. മുത്തുപിള്ള എന്ന പേരിൽ ഇ ഉണ്ണികൃഷ്ണൻ എഴുതിയ ഒരു പക്ഷി രാഷ്ട്രീയ കഥ അഥവാ നോവൽ ഉണ്ട്. ഇത് കണ്ടപ്പോഴാണ് ഈ ചോദ്യം എന്റെ മനസ്സിൽ ഉദിച്ചത്
പക്ഷികൾക്കില്ലെങ്കിലും പക്ഷികൾക്ക് പേരിട്ട മനുഷ്യർക്കിടയിൽ ഈ ജാതി ചിന്ത പലതരത്തിൽ പ്രവർത്തിച്ചിരുന്നു എന്നാണ് ഉണ്ണികൃഷ്ണൻ നോവലിൽ സൂചിപ്പിക്കുന്നത്. കൃഷ്ണപ്പരുന്തിനെ ബ്രാഹ്മിണി കൈറ്റ് എന്നും ചക്കിപ്പരുന്തിനെ പറയി കൈറ്റ് എന്നും സായിപ്പ് പേരിട്ടത് പക്ഷികളുടെ നിറം നോക്കിത്തന്നെയാണ്. ജാതീയ ഉച്ചനീചത്വങ്ങളുടെ സൂചകമായ ഇത്തരം പേരുകൾ ലോകവ്യാപകമായി അക്കാദമിക് തലത്തിൽ ഒഴിവാക്കി തുടങ്ങി എന്നും ഉണ്ണി എഴുതുന്നു.
ഇ. ഉണ്ണികൃഷ്ണൻ കേരളത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും ഗവേഷകനുമാണ്. കാവുകളെക്കുറിച്ച് കേരളത്തിലെ വിശുദ്ധ വനങ്ങൾ എന്ന പുസ്തകം വളരെ ശ്രദ്ധേയമാണ്
എന്താണ് മുത്തുപിള്ളയുടെ കഥ?
സാധാരണ പക്ഷി നിരീക്ഷകർ പോലും അത്ര കാര്യമായി ശ്രദ്ധിക്കാത്ത ഒരു പക്ഷിയായിരുന്നു മുത്തുപിള്ള. ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളിൽ 476 ആം പേജിൽ ഈ പക്ഷി ഒളിച്ചിരിപ്പുണ്ടായിരുന്നെങ്കിലും. ‘മുത്തുപിള്ളയും ചെമ്പുവാലനും ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണു കേരളത്തിൽ കാണപ്പെടുക. വനങ്ങളോട് ഇഷ്ടമല്ലെങ്കിലും കാട്ടുപ്രദേശത്താണ് കാണുക. കാട്ടോരങ്ങളിലെ പൊന്തകളെയാണ് ഇഷ്ടപ്പെടുന്നത്.’ എന്നാണ് ഇന്ദുചൂഡൻ എഴുതുന്നത്
ബ്രൗൺ ബ്രെസ്റ്റഡ് ഫ്ലൈ ക്യാച്ചർ എന്ന് ഇംഗ്ലീഷിലും മസ്കികാപ്പ മുത്തു എന്ന് ശാസ്ത്രീയമായും അറിയപ്പെടുന്ന ഈ കുഞ്ഞുപക്ഷിക്ക് മലയാളത്തിലാണ് മുത്തു പിള്ള എന്ന് പേര്. മുത്തുപിള്ള എന്ന വിചിത്രമായ പേരിന്റെ പുരാവൃത്തം തേടിയുള്ള യാത്രയാണ് കഥയുടെ കാതൽ.
ഇതൊരു ദേശാടന പക്ഷിയാണ്. മ്യാൻമറിൽ നിന്ന് മേഘാലയിലെ ഖാസി കുന്നുകളിലെത്തി അവിടെനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ പറന്ന് ദേശാടനം നടത്തി കേരളത്തിലെത്തുകയാണ് ഈ മുത്തുപിള്ള. എങ്കിൽ കേസരി എഴുതിയതുപോലെ നാഗന്മാർ നായന്മാരായി വന്നതോ മറ്റോ ആണോ ഈ പിള്ളയെന്നും കഥാകൃത്ത് ഇടയ്ക്കൊന്ന് സംശയിക്കുന്നുണ്ട്.
അതീവ രസകരമായ ഈ അന്വേഷണം ഒരു ഡിറ്റക്റ്റീവ് നോവൽ എന്ന പോലെ ഉദ്വേഗജനകമായി പുരോഗമിക്കുന്നു. കഥ സലിം അലിയിലേക്കും സലിം അലിയുടെ മലയാളിയായ ഒരു സഹായിയിലേക്കും അതിനും നൂറു വർഷം പിറകിൽ ശ്രീലങ്കയിൽ പക്ഷി നിരീക്ഷണ ശാസ്ത്രത്തിന് അടിത്തറയിട്ട ലിയാർഡിലേക്കും നീളുന്നു.
അങ്ങനെ എങ്ങനെ കഥ പരിണാമ ഗുപ്തിയിലെത്തി എന്ന് വിശദീകരിച്ച് ഞാൻ വായനയുടെ കൗതുകം നശിപ്പിക്കുന്നില്ല.. ട്രെയിൻ യാത്രയിൽ ഒന്നര മണിക്കൂറിൽ വായിച്ചുതീർക്കാം എന്നാണ് ഉണ്ണി പറഞ്ഞത്. ശരിയാണ്. ലളിതമായ വായനയാണ്. ചിത്രങ്ങളടക്കം 130 പേജിൽ താഴെയേ വരൂ. എന്നാൽ ഒറ്റ വായനയിൽ ഒതുങ്ങാത്ത വൈചിത്ര്യവും വൈവിധ്യവും ഉണ്ണി ഈ പുസ്തകത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ കഥയെന്നോ നോവലെന്നോ ചിന്തകളുടെ ബോധധാരയെന്നോ ഒന്നും വിശേഷിപ്പിച്ചാൽ ഒതുങ്ങാത്ത ഒരു പ്രതിപാദന ശൈലിയാണിത്.
വായിച്ചു തുടങ്ങുമ്പോൾ ഉണ്ണി ഇതേവരെ ജീവിതത്തിൽ നടത്തിയ നിരന്തരമായ അന്വേഷണങ്ങളിൽ നിന്നും ലഭിച്ച വൈവിധ്യമാർന്ന പരപ്പുള്ള വിജ്ഞാന സ്രോതസ്സുകൾ ഇടകലർന്നു കിടക്കുന്ന പ്രതിപാദന ശൈലിയിൽ നമ്മൾ ലയിച്ചുപോവുകയും ഓരോ റഫറൻസും എന്താണ് എന്ന ആലോചനയിൽ വായന മുറിയുകയും ചെയ്യും. നെരൂദയും ശ്രീനാരായണഗുരുവും ജി ശങ്കരക്കുറുപ്പും മാധവിക്കുട്ടിയും കെ ജി എസ്സും നമുക്ക് കൃത്യമായി പിടിതരാത്ത മറ്റുപലരും കടന്നുവരും
ഉദാരമായ ഭാവനയിൽ പ്രകൃതിയുടെ കാഴ്ചകൾക്ക് സവിശേഷമായ അനുഭൂതി പകരാൻ ഉണ്ണിക്ക് പ്രത്യേക കഴിവാണ്. അങ്ങനെയാണ് പറമ്പുപണിക്കാരൻ കണ്ണാട്ടൻ മുറുക്കാൻ പൊതിയഴിക്കുന്ന സൂക്ഷ്മതയോടെ തുലാത്തുമ്പികളെ തിന്നുന്ന കിളിയേയും മറ്റും ഉണ്ണി വർണിക്കുന്നത്.
ഈ നൈസർഗികമായ ഒഴുക്കിൽ പയ്യന്നൂരിന്റെ പ്രാദേശിക ചരിത്രം വരും. ജാതിയെക്കുറിച്ചുള്ള ചർച്ചയിൽ ജാതിപ്പേരുകൾ പലമട്ടിൽ മാറ്റിയിട്ട് മൊത്തം കൺഫ്യൂഷനിലൂടെ വിപ്ലവം സൃഷ്ടിച്ച സ്വാമി ആനന്ദതീർത്ഥൻ വരും. “കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി …എന്നെഴുതിയ പൊയ്കയിൽ യോഹന്നാൻ വരും. ലക്ഷക്കണക്കിന് വർഷങ്ങളായി ചുഴലിക്കാറ്റുകളും ആണവ പരീക്ഷണങ്ങളും അതിജീവിച്ചു തുടരുന്ന ദേശാന്തര യാത്രകൾ ജീവന്റെ അനുസ്യൂതിയായി മാറുന്നതിന്റെ വായനക്കിടയിൽ പലപ്പോഴും നമ്മൾ കൂടുതൽ ധ്യാന നിമഗ്നരാവും. ചിലപ്പോൾ കരഞ്ഞുപോകും.
അങ്ങനെ ഒരു പക്ഷിയുടെ പേരിന്റെ അന്വേഷണത്തിലൂടെ നമ്മുടെ പ്രകൃതി ചരിത്രത്തിലേക്ക് രസകരമായ ഒരു ജാലകം തുറക്കുകയാണ് ഉണ്ണികൃഷ്ണൻ. ഈ പുസ്തകം കൂടുതൽ കൂടുതൽ ആളുകളിൽ എത്തട്ടെ. കൂടുതൽ വായിക്കപ്പെടട്ടെ
❣️❣️