Read Time:20 Minute

സയൻസ് എഴുത്ത് പൊതുവെ പ്രയാസമുള്ള കാര്യമാണ്; അതിവേഗം വികസിക്കുന്ന ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങൾ സാമൂഹിക ശ്രദ്ധയിൽ നിന്ന് പൊഴിഞ്ഞുപോകാൻ വലിയ കാലതാമസമുണ്ടാകാറില്ല. എന്നാൽ അപൂർവമായി ചില പുസ്‌തകങ്ങൾ അനേക ദശകങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാതെ നിലകൊള്ളും. അത്തരം ഒരു കൃതിയെകുറിച്ചാണ് പറയാനുള്ളത്.

ജോർജ് ഗാമോവ് (George Gamow)

ജോർജ് ഗാമോവ് (George Gamow ശരിയുച്ചാരണം ഗാമോഫ്) 1904 ൽ ഉക്രെനിലെ ഒഡേസ്സ പട്ടണത്തിൽ ജനിച്ചു. പ്രഗത്ഭനായ ഭൗതിക ശാസ്ത്രജ്ഞനായ അദ്ദേഹം പിൽകാലത്ത് അമേരിക്കയിലേയ്ക്ക് കുടിയേറി. ഫിസിക്‌സിൽ മൗലികമായ സംഭാവനകൾ നടത്തിയ അദ്ദേഹം ശാസ്ത്രം സാധാരണക്കാരിലേയ്ക്കെത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. അദ്ദേഹത്തിന്റെ പല പുസ്‌തകങ്ങളും വിപുലമായ ജനപ്രീതി കൈവരിച്ചിരുന്നു. മാത്രമല്ല, കാഠിന്യം ലഘുവാക്കി, ശാസ്ത്രകുതുകികളായ പൊതുവായനക്കാർക്കും ശാസ്ത്രാന്വേഷികളായ ചെറുപ്പക്കാർക്കും സയൻസിന്റെ അത്ഭുതലോകത്തേയ്ക്ക് പ്രവേശനം സാധ്യമാക്കുന്ന പുസ്‌തകങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. മിസ്റ്റർ ടോംപ്‌കിൻസ് എന്ന ജിജ്ഞാസുവായ ബാങ്ക് ക്ലാർക്ക് കടന്നുപോയ അമ്പരപ്പിക്കുന്ന അനുഭവങ്ങൾ വിവരിക്കുന്ന പരമ്പരതന്നെ അദ്ദേഹം രചിക്കുകയുണ്ടായി. പുസ്ത‌കങ്ങൾ അന്നത്തെ യുവാക്കൾ ആവേശത്തോടെ വായിക്കുകയും, ശാസ്ത്രത്തിലേയ്ക്ക് അവർക്കൊരു വഴികാട്ടിയും ആയി മാറിയിരുന്നു. അക്കാലം മുതലിന്നുവരെ പുസ്തകങ്ങൾ വായിക്കപ്പെട്ടുവരുന്നത് ആശ്ചര്യം തന്നെയാണ്.

ഒന്നാം പതിപ്പായി 1940, 1945 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ആദ്യ രണ്ട് വോള്യം പുസ്‌തകങ്ങൾ റോജർ പെൻറോസ് സംശോധനം നടത്തി 1992 ൽ പുനഃപ്രസിദ്ധീകരിച്ചു. മൂലകൃതിയിലെ ശാസ്ത്ര സങ്കൽപ്പങ്ങൾ എഡിറ്റ് ചെയ്യുകയും കാലിക പ്രസക്തിയുള്ളതാക്കുകയും ചെയ്തു. കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച പുതിയ പതിപ്പ് (2013) ഇപ്പോൾ ലഭ്യമാണ്. മിസ്റ്റർ ടോംപ്കിൻസ് പരമ്പരയിലെ ആദ്യ രണ്ടു കൃതികളായ ‘Tompkins in wonderland’, ‘Mr Tompkins explores the atom’ ചേർത്ത് ‘MR TOMPKINS IN PAPERBACK’ പേരിലാണിപ്പോൾ പുസ്‌തകം ലഭിക്കുക.

സയൻസിലേയ്ക്ക് ചെറുപ്പക്കാരെ ആകർഷിക്കും വിധമാണ് മിസ്റ്റർ ടോംപ്കിൻസ് കഥകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ബാങ്കിലെ ആവർത്തന വിരസതയുള്ള ജോലി കഴിഞ്ഞാൽ യൂണിവേഴ്സിറ്റിയിൽ നടക്കാറുള്ള പബ്ലിക് പ്രഭാഷണങ്ങൾ കേൾക്കാൻ പോകലാണ് ടോംപ്‌കിൻസിന് തന്റെ വിശ്രമവേളകളിൽ ആശ്വാസമേകുന്നത്. അക്കാലത്തെ സുപ്രധാന ഭൗതികശാസ്ത്ര വിഷയങ്ങളായ ക്വാണ്ടം സിദ്ധാന്തം, ആപേക്ഷികസിദ്ധാന്തം എന്നിവ ലളിത ഭാഷയിൽ പ്രഫസർ വിവരിച്ചുതുടങ്ങുമ്പോൾ ശ്രദ്ധാലുവായി ടോംപ്‌കിൻസ് അവിടെയുണ്ടാകും. ക്രമേണ അയാൾ സ്വപ്നത്തിലേയ്ക്ക് വഴുതിവീഴുകയും റിലേറ്റിവിറ്റിയും അനുബന്ധ ശാസ്ത്രവും സ്വപ്നദർശനമായി അയാൾ കാണുന്നത്; അയാൾ കൂടി പങ്കാളിയാകുന്ന വിചിത്രാനുഭവങ്ങൾ അനുക്രമമായി വികസിച്ചുവരികയാണ്. മറൊരുരീതിയിൽ പറഞ്ഞാൽ. ടോംപ്‌കിൻസിന്റെ സ്വ‌പ്നം, ഗഹനമായ ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളുടെ പ്രയോഗികതലം അനുഭവിപ്പിക്കലായി മാറുന്നു. ന്യൂട്ടോണിയൻ ഫിസിക്‌സിന്റെ പരിമിതിയും, അതിന്റെ സീമകൾ തരണം ചെയ്താൽ നാമെത്തുന്ന അതിയാഥാർഥ്യമെന്നു തോന്നിപ്പിക്കുന്ന ഐഴസ്റ്റൈനിയൻ പ്രപഞ്ചവും കഥപോലെ ടോംപ്‌കിൻസിനോടൊപ്പം നമുക്കും അനുഭവിക്കാനാകും. നാം ജീവിക്കുന്ന ത്രിമാന (three dimension) ലോകത്തിൽ നിന്നുകൊണ്ട് സമയം എന്ന നാലാം മാനത്തെ മനസ്സിലാക്കാൻ പ്രയാസമാണ്; അതിനൊരുപാധിയാണ് ആദ്യകഥകളിൽ ടോംപ്കിൻസ് അനുഭവിക്കുന്നത്. ഒപ്പം, പ്രഫസർ വന്ന് റിലേറ്റിവിറ്റി പ്രപഞ്ചത്തിൻ്റെ സങ്കീർണതകൾ നമ്മോട് വിവരിക്കുകയും ചെയ്യുന്നു.

ഗാമോവ് ഇതെഴുതിയകാലത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ വിചിത്രമായിരുന്നു. സയൻസ് ഫിക്‌ഷൻ എന്ന വിഭാഗത്തിൽ വരാത്ത, എന്നാൽ നേരിട്ട് സത്യസന്ധമായി ശാസ്ത്രം പറയുന്ന എന്നാൽ കഥയും ശാസ്ത്രവിചാരവും ചേർത്ത ഹൈബ്രിഡ് സാഹിത്യം അന്നോളം ആർക്കും പരിചിതമായിരുന്നില്ല. മിസ്റ്റർ ടോംപ്കിൻസ് എന്ന കേന്ദ്രകഥാപാത്രത്തെ പഠിച്ച് എഴുതിയ ആദ്യ കഥ അദ്ദേഹം 1938 ൽ ഹാർപെഴ്സ് മാഗസിന് (Harper’s Magazine) അയച്ചുകൊടുത്തു. പ്രസിദ്ധീകരണ യോഗ്യമല്ലെന്ന കുറിപ്പോടെ തിരിച്ചയച്ചു. അടുത്ത ആറു പ്രസിദ്ധീകരണങ്ങളും ഇതുതന്നെ ചെയ്തു. കുറേക്കാലം കഴിഞ്ഞു വർസ്വ (Warsaw) പട്ടണത്തിൽ നടന്ന ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കവെ ഗാമോവ് തന്റെ സുഹൃത്തായ സർ ചാൾസ് ഗാൾട്ടൻ ഡാർവിനെ (Sir Charles Darwin) കണ്ടുമുട്ടി. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ ഇദ്ദേഹത്തിന്റെ പിതാമഹനാണ്. ശാസ്ത്രം സമൂഹത്തിലെത്തിക്കാനുള്ള മാർഗങ്ങൾ ചർച്ചചെയ്യവേ, ഗാമോവ് തന്റെ തിക്താനുഭവങ്ങൾ തന്റെ സുഹൃത്തിനോട് പറഞ്ഞു. ശാസ്ത്രമെഴുതിയാൽ മാത്രം പോരല്ലോ, ആരെങ്കിലും പ്രസിദ്ധീകരിക്കുക കൂടി വേണ്ടേ? ഇതിനൊരു പോംവഴി പറഞ്ഞത് ഡാർവിൻ ആയിരുന്നു. ബ്രിട്ടനിൽ കേംബ്രിഡ്ജ്ജ് യൂണിവേഴ്സിറ്റി ‘ഡിസ്‌കവറി’ എന്ന പേരിൽ ഒരു ശാസ്ത്ര മാഗസിൻ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിന്റെ എഡിറ്റർ ഡോ. സി. പി. സ്നോ ശാസ്ത്രപ്രചാരണത്തിൽ വിശ്വസിക്കുന്നയാളുമാണ്. അമേരിക്കയിൽ തിരിച്ചെത്തിയശേഷം ഗാമോവ് ആദ്യം ചെയ്‌തത്‌ ഇതുതന്നെ. വളരെ താമസമില്ലാതെ സ്നോ അയച്ച ടെലിഗ്രാം ഗാമോവിന് കിട്ടി. ‘നിങ്ങളുടെ കഥ അടുത്ത ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കഥകൾ അയക്കുക.’ ഗാമോവിന്റെ ടോംപ്കിൻസിന് കൂടുതൽ ഫിസിക്സ് പ്രഭാഷണങ്ങൾ കേൾക്കാനും സ്വപ്നങ്ങളിൽ സഞ്ചാരം നടത്താനും അവസരമുണ്ടായതങ്ങനെയാണ്.

വലിയ താമസമുണ്ടായില്ല, പുസ്‌തകങ്ങൾ വലിയ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങി. പല ഭാഷകളിലേയ്ക്ക് പരിഭാഷകളുണ്ടായി. ചൈനീസ്, ഹിന്ദി ഭാഷകളിലും പരിഭാഷകളെത്തി. ഒരുകാലത്തെ വിദ്യാർത്ഥികളെയും യുവാക്കളായ വായനക്കാരെയും ശാസ്ത്ര വിഷയങ്ങളിലേയ്ക്ക് ആകർഷിക്കാൻ ടോംപ്‌കിൻസ് കഥകൾക്ക് സാധ്യമായി. അതിസങ്കീർണമെന്ന് നമുക്ക് തോന്നുന്ന റിലേറ്റിവിറ്റി, ക്വാണ്ടം സിദ്ധാന്തങ്ങളെ നമ്മുടെ അനുഭവതലത്തിൽ കൊണ്ടുവരാൻ സാധിക്കുക ചെറിയകാര്യമല്ല. അതുപോലെ ശാസ്‌തമെഴുത്തിനു പുതിയൊരു ദിശാബോധമുണ്ടാക്കാനും ഗാമോവിന് കഴിഞ്ഞു. കഴിഞ്ഞ ദശകങ്ങളിൽ ആംഗലഭാഷയിൽ പ്രസിദ്ധീരിച്ച ശാസ്ത്ര പുസ്‌തകങ്ങൾ പലതും സാധാരണ വായനക്കാരെ സ്പർശിക്കുന്ന രീതിയിൽ രചിക്കപ്പെട്ടത് ഗാമോവ് സ്വാധീനം കൊണ്ടു കൂടിയാണെന്ന് കരുതാം. നാം വളർന്നുവരുമ്പോൾ മുതൽ അറിഞ്ഞും അറിയാതെയും നമുക്ക് കിട്ടുന്ന പാഠങ്ങൾ ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്ഥിരതയെ അടിസ്ഥാനപ്പെടുത്തിയാണ്. എല്ലാ സ്ഥാവരജംഗമ വസ്‌തുക്കളും നാം ആമഗ്നരായ ലോകവും പലതരത്തിൽ ചലിക്കുന്നു. അതിനാൽ വസ്‌തുക്കളുടെ പ്രവേഗവും സ്ഥാനവും ഒപ്പം കണ്ടെത്താനാവില്ലെന്ന് ക്വാണ്ടം ലോകപഠനങ്ങൾ പറയുന്നത്. ന്യൂട്ടോണിയൻ ലോകത്ത് രണ്ടും ഒപ്പം കണ്ടെത്താമെന്ന് നാം കരുതുന്നത് ക്വാണ്ടം സംഖ്യ ദശാംശത്തെ പിന്തുടർന്ന് 27 പൂജ്യങ്ങളുള്ളതിനാൽ മാത്രം. ടോംപ്കിൻസ് ഇത് മനസ്സിലാക്കുന്നത് അയാൾ എത്തപ്പെട്ട അത്ഭുത ലോകത്ത് കണ്ട പ്രതിഭാസത്തിലൂടെയാണ്. പരന്ന പ്രതലത്തിൽ ഒരാൾ ബില്ലിയാർഡ്‌സ് കളിക്കുന്നു. ആദ്യ ബോൾ മുന്നോട്ടു ഉരുണ്ടുതുടങ്ങിയപ്പോൾ അതിന്റെ വിചിത്രാനുഭവം ശ്രദ്ധയിൽ പെട്ടത്. ബോൾ അവ്യക്തമാകുകയും, ഒന്നിനുള്ളിലേയ്ക്ക് മറ്റൊന്നെന്ന രീതിയിൽ വ്യാപിക്കുകയും ചെയ്‌. ബോൾ ഉരുണ്ടുപോയി മറ്റൊന്നിൽ തട്ടിയത് അസാധാരണമാം വിധം വലിയ ശബ്ദത്തോടെയായിരുന്നു. രണ്ടു ബാളും അസ്‌പഷ്ടമാകുകയും ഒന്നിനുള്ളിലായി അനേകം ബോൾ ഉള്ളതായി പ്രതീതിയുണ്ടാകുകയും ചെയ്തു. ഇപ്പോഴാണ് പ്രോഫസർ എത്തിയത്. ഒരു പരന്ന പ്രതലത്തിൽ സംഭവിക്കുന്ന ക്വാണ്ടം മെക്കാനിക്കൽ പ്രതിഭാസമാണിത്. അതിസൂക്ഷ്‌മമായ ക്വാണ്ടം സംഖ്യ ഒന്നിനോടടുക്കുമ്പോൾ കാര്യങ്ങൾ ഇപ്രകാരമാകും. ഇമ്മാതിരി ഉയർന്ന ക്വാണ്ടം സംഖ്യയുള്ള ഗോളങ്ങൾ ത്രികോണാകൃതിയിലുള്ള ചെറുപെട്ടിയിൽ പ്രഫസർ നിക്ഷേപിച്ചുകൊണ്ട് പറഞ്ഞു; ഇപ്പോൾ നമ്മൾ ഈ ഗോളങ്ങളുടെ ചലനത്തിന് പരിധി നിശ്ചയിച്ചിരിക്കുന്നു. ഇനിയതിനെന്താകും സംഭവിക്കുക? ഗോളങ്ങൾ പെട്ടിക്കുള്ളിൽ വേഗത്തിൽ സഞ്ചരിക്കുകയും പ്രകാശമാനമാകുകയും ചെയ്തു. അല്പ‌ം കൂടി കഴിഞ്ഞപ്പോൾ ഗോളങ്ങളുടെ ഊർജം വർധിക്കുകയും ഗോളങ്ങൾ പെട്ടിയുടെ ഭിത്തികളിൽ കൂടി ചോർന്ന് പുറത്തുവന്നു. ഇത് സംഭവ്യമാണ്; പല ക്വാണ്ടം അനുഭവങ്ങളും അങ്ങനെതന്നെ. പുറത്തെത്തിയ ഗോളങ്ങൾ ബില്ലിയാർഡ്‌സ് പ്രതലത്തിന്റെ വക്കോളമെത്തുകയും അതിന്റെ ഭിത്തിയിലൂടെ ചോർന്ന് പറന്നുപോകുകയും ചെയ്തു. ഒരടഞ്ഞ പെട്ടിയിൽ ഒന്നിനെയും വളരെക്കാലം തടഞ്ഞുവെയ്ക്കാനാകില്ല, അതിന് വേണ്ടത്ര ഊർജവും അനുകൂലമായ ക്വാണ്ടം സംഖ്യയും ഉണ്ടെങ്കിൽ.

സിദ്ധാന്തങ്ങളെ അപഗ്രഥിക്കുകയും മനസ്സിലാക്കും വിധം പറയുകയും മാത്രമല്ല ടോംപ്‌കിൻസ് കഥകളിലൂടെ ഗാമോവ് ചെയ്യുന്നത്. ഒരു ഗവേഷകന് പുതിയ ചിന്തകൾ മിന്നൽപിണർ പോലെ മനസ്സിൽ വരാം. പലപ്പോഴും നിസ്സാരമോ തമാശനിറഞ്ഞതോ ആയ അനുഭവമായിരിക്കും വലിയ, വലിയ കണ്ടെത്തലുകളുടെ പിന്നിൽ പ്രവർത്തിക്കുക. അതിനർത്ഥം, നമ്മുടെ വിദ്യാർത്ഥികളും, ചെറുപ്പക്കാരും വന്യമായ ചിന്തകളും പൊതുധാരയ്ക്ക് വഴങ്ങാത്ത ആശയങ്ങളും പിന്തുടരുന്നതിൽ അമാന്തിക്കേണ്ടതില്ല. ഗാമോവ് പറയുന്ന ഒരു കഥ ഇങ്ങനെയാണ്.

സി റ്റി ആർ വിൽസൺ കണ്ടുപിടിച്ച ക്ലൗഡ് ചേംബർ (Cloud chamber)

ടോംപ്കിൻസിന് ഒരുനാൾ ലൗറൻസ്ട്രോൺ എന്ന ഉപകരണം പരിചയപ്പെടുത്തുകയായിരുന്നു പ്രൊഫസർ. വർദ്ധിതമായ തോതിൽ ഊർജമുള്ള അസംഖ്യം മൗലികകങ്ങൾ ഉല്പാദിപ്പിക്കാൻ കഴിവുള്ള ഉപകാരണമാണത്. അതോടെ മൗലികങ്ങളെ പഠിക്കാനും അവയുടെ പ്രയാണ പാത, മാസ്സ്, ആയുസ്സ്, പരസ്‌പരപ്രവർത്തനം, തുടങ്ങി അനേകം ഗുണവിശേഷങ്ങൾ മനസ്സിലാക്കാനുമുള്ള ശ്രമങ്ങൾക്ക് ആക്കം കൂടി. ആദ്യകാലത്തു സി റ്റി ആർ വിൽസൺ എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച ക്ലൗഡ് ചേംബറാണ് (Cloud chamber) ഇതിനായി ഉപയോഗിച്ചിരുന്നത്. സ്ഫടികം ഉപരിതലമായ ഒരു ചേമ്പറാണിത്. ഇതിലെ വായുവിലേയ്ക്ക് പൂർണപൂരിതമായ അളവിൽ നീരാവി നിറച്ചിട്ടുണ്ടാകും. ലക്ഷക്കണക്ക് ഇലെക്ട്രോൺ വോൾട് ഉള്ള മൗലികകങ്ങളെ കടത്തിവിടുന്നു. ഘട്ടത്തിൽ ചേമ്പറിന്റെ കീഴ്ത്തട്ട് കുറേക്കൂടി താഴോട്ടിറക്കുന്നു; അപ്പോൾ വ്യാപ്തി (volume) വർധിക്കുന്നതിനാൽ വായു വികസിക്കുകയും തണുക്കുകയും ചെയ്യും. സാച്ചുറേഷൻ പരിധി കടക്കുന്ന നീരാവിയുടെ കുറച്ചു ഭാഗം തണുത്ത് ചെറുജലകണങ്ങളായി മുകൾത്തട്ടിൽ സ്ഫടിക ഭിത്തിയിൽ പിടിക്കും. ഇലക്ട്രിക്ക് ശക്തിയുള്ള മൗലികങ്ങൾ സഞ്ചരിക്കുന്ന ഇടമായതിനാൽ അവ ഗ്യാസ് തന്മാത്രകളെ അയോണുകൾ ആക്കുകയും ചേംബർ ഭിത്തിയിൽ അവയുടെ പ്രയാണം അടയാളപ്പെടുത്തുകയും ചെയ്യും. ചേമ്പറിലേയ്ക്ക് കടത്തിവിടുന്ന പ്രകാശത്തിൽ ഈ രേഖകൾ കണ്ടെത്താനാകും. പറഞ്ഞുവരുമ്പോൾ വളരെ ലളിതമായി തോന്നാവുന്ന ഈ പരീക്ഷണോപകരണം കണ്ടുപിടിച്ച വിൽസൺ 1927 ൽ നോബൽ ജേതാവായി.

ഡൊണാൾഡ് ഗ്ലേസർ (Donald Glaser)

ഒരു തലമുറക്കാലം കഴിഞ്ഞില്ല, അതിനുമുമ്പ് ഫിസിക്സ‌സ് കോസ്‌മിക്‌ റേ പഠനങ്ങളിലേയ്ക്ക് കുതിച്ചു. കോസ്‌മിക് റേ കണികകൾക്ക് മുൻ കണികകളെക്കാൾ ആയിരം മടങ്ങ് ഊർജം ഉണ്ടായിരുന്നു. അതിനാൽ അവയുടെ പ്രയാണരേഖകൾ അതിദീർഘവുമായിരുന്നു. പഴയ ക്ലൗഡ് ചേമ്പറിൽ ഈ കണികകളെ പൂർണമായി പഠിക്കുക എന്നത് അസാധ്യവുമായിരുന്നു. ഡൊണാൾഡ് ഗ്ലേസർ (Donald Glaser) എന്ന യുവഗവേഷകൻ ഈ പ്രശ്‌നത്തിൽ ആ കൃഷ്ടനായി. ഒരുനാൾ അദ്ദേഹം വിരസത മാറ്റാൻ പബ്ബിൽ ഇരിക്കുകയായിരുന്നു; മുന്നിൽ ഒരു മഗ്ഗ് ബിയർ. അതിലേയ്ക്ക് സൂക്ഷിച്ചു നോക്കുമ്പോൾ അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചു; കുഞ്ഞുകുഞ്ഞു കുമിളകൾ ബീയ്റിന്റെ ഉപരിതലത്തേയ്ക്ക് പൊങ്ങി വരുന്നത്. സർവസാധാരണമായ കാഴ്ച; എന്നാൽ ഗ്ലേസർക്ക് ഒരാശയമുദിച്ചു. വിൽസൺ വാതകത്തിനുള്ളിൽ ദ്രാവകകങ്ങളുടെ പ്രയാണം പഠിച്ചുവെങ്കിൽ, എന്തുകൊണ്ട് ദ്രാവകത്തിൽ വാതകകണങ്ങളുടെ പ്രയാണം പഠിച്ചുകൂടാ.

ബബിൾ ചേംബർ എന്ന മനോഹരമായ പരീക്ഷണ ദൗത്യത്തിനെങ്ങനെ ആരംഭം കുറിച്ചു. ദ്രവീകരിച്ച ഹൈഡ്രജൻ അതിന്റെ തിളനിലയ്ക്ക് തൊട്ടുതാഴെയെത്തും വരെ ചൂടാക്കി ചേംബറിലെത്തും. ചേമ്പറിലെ പിസ്റ്റൺ വലിച്ചു സമ്മർദം കുറിക്കുമ്പോൾ ദ്രാവകം അതി താപനിലയിൽ മെറ്റാസ്‌റ്റേബിൾ (meta- stable) അവസ്ഥയിലാകും. ചുറ്റുമുള്ള കാന്തവലയത്തിന്റെ സ്വാധീനത്തിൽ കണികകളുടെ യാത്രാപഥം പ്രത്യേകം ഒരുക്കിയ കാമറകൾ ചിത്രമാക്കി മാറ്റും. പരീക്ഷണം വിജയകരമായതിനെത്തുടർന്ന് ഗ്ലേസർ 1960 ലെ നോബൽ സമ്മാനത്തിന് അർഹനായി.

മിസ്റ്റർ ടോംപ്കിൻസ് കഥകൾ വരും തലമുറകളെയും അത്ഭുതപ്പെടുത്തട്ടെ.

(ഗാമോവിന്റെ കാലത്ത് ബിയർ മഗ്ഗ് സംഭവം പ്രചാരത്തിലുണ്ടായിരുന്നു. നോബൽ സമ്മാനം കിട്ടി 46 വർഷത്തിന് ശേഷം 2006 ൽ ഒരു പ്രഭാഷണത്തിൽ പരീക്ഷണത്തിന് പ്രചോദനം ബിയർ മഗ്ഗ് ആയിരുന്നില്ലെന്നും, എന്നാൽ പരീക്ഷണം വിശദീകരിക്കാൻ ബിയർ മഗ്ഗ് അനുഭവം ഉപയോഗിച്ചരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.)

പുസ്തകത്തിന്റെ ഡിജിറ്റൽ / പി.ഡി.എഫ് പതിപ്പുകൾ വായിക്കാം

  1. Mr. Tompkins in Wonderland – Archive PDF
  2. MR TOMPKINS EXPLORES THE ATOM – Aravind Gupta Toys PDF
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കപ്പാബസ് – സൂപ്പർ കപ്പാസിറ്റർ ഇലക്ട്രിക് ബസ്സുകൾ
Next post എന്താണ് നിഴലില്ലാനേരം ? എങ്ങനെ കണ്ടെത്താം?
Close