Read Time:7 Minute

ദീപക് ഗോപാലകൃഷ്ണന്‍

Indian Institute of Tropical Meteorology

ഈ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇത്തവണയും പ്രളയം ഉണ്ടാവാൻ പോകുന്നു എന്ന മട്ടിൽ പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തകൾ കാണുകയും സോഷ്യൽ മീഡിയകളിൽ പരക്കെ ഷെയർ ചെയ്യപ്പെടുന്നുണ്ട്..അങ്ങിനെ നമുക്ക് പ്രളയം പ്രവചിക്കാനാകുമോ ?

മൺസൂൺ മഴയും പ്രളയവും

ഒരു ചെറിയ മണ്ഡലത്തിൽ ഒരു വോട്ടെടുപ്പ് നടക്കുന്നു എന്ന് കരുതുക. ആകെ വോട്ടർമാർ 1000 പേരാണ്. സാധാരണ ഒരു 700 പേരൊക്കെയാണ് വോട്ട് ചെയ്യാൻ വരാറ്. വോട്ടിങ് സമയം രാവിലെ 8 മുതൽ 1 വരെ. ഇനി, വോട്ട് ചെയ്യുന്നതിന് താഴെ പറയുന്ന രണ്ട് സാധ്യതകൾ നോക്കാം:

  1. കുറച്ചു പേരായി ഈ സമയത്തിനുള്ളിൽ വന്നാൽ വലിയ തിരക്കില്ലാതെ, അധികനേരം ക്യൂവിൽ നിൽക്കാതെ വോട്ട് ചെയ്തുപോകാം. അങ്ങനെ ഈ 3 മണിക്കൂറിനുള്ളിൽ, പലസമയങ്ങളിലായി 850 ആളുകൾ വന്നുവോട്ട് ചെയ്തുപോയിയെന്ന് കരുതുക. അതായത് ധാരണയിലും അധികം പോളിംഗ് നടന്നു (സാധാരണആകെപോളിംഗ് 700 ആണല്ലോ).

ഇനി അടുത്ത ഒരു സാധ്യത:

  1. എല്ലാവരും രാവിലെ വോട്ട്ചെയ്തു അവരവരുടെ ജോലിക്ക്പോകാം എന്ന്കരുതി 8 മണിക്ക്തന്നെ എത്തുന്നു. എന്തായിരിക്കും ഫലം ? നിശ്ചയമായും ആകെ തിരക്കാകുന്നു, വലിയക്യൂ, ബഹളം. പക്ഷെആകെ 500 പേർ മാത്രമേ വോട്ട്ചെയ്യാൻവന്നുള്ളൂ. അതായത് സാധാരണ നടക്കുന്നതിലുംപോളിംഗ് വളരെകുറവ്.

ആദ്യത്തെ കേസിൽ പതിവിലും കൂടുതൽ ആളുകൾ വന്നെങ്കിലും ക്രമമായ ഇടവേളകളിൽ വന്നതിനാൽ തിരക്കില്ലാതെ പരിപാടി കഴിഞ്ഞു. എന്നാൽ രണ്ടാമത്തെ കേസിൽ പതിവിൽ കുറവ് ആളുകളേ വന്നുള്ളൂ എങ്കിലും എല്ലാവരും ഒരുമിച്ചു വന്നതിനാൽ ആകെ തിരക്കായി മാറി. എല്ലാ വർഷവും മുകളിൽ പറഞ്ഞ രണ്ടു സാധ്യതൾ മാത്രം ആവണമെന്നില്ല. ആദ്യത്തെ കേസിൽ തന്നെ 8 മണി മുതൽ 12.30 വരെ 400 പേർ വന്നിട്ട് അവസാന അരമണിക്കൂറിൽ ബാക്കി 450 ആളുകൾ വന്നാലും തിരക്കാവും. അതുപോലെ തന്നെ ക്രമമായ സമയങ്ങളിൽ 500 പേർ മാത്രം വരുന്ന അവസ്ഥയും ഉണ്ടാവാം. അതായത് എത്ര പേർ വോട്ട് ചെയ്തു എന്ന് നോക്കിയാൽ മാത്രം തിരക്കുണ്ടായോ എന്ന് പറയാൻ കഴിയില്ല. എത്രപേർ ഒരുമിച്ചു വരുന്നു എന്നതാണ് പ്രധാനമായ കാര്യം.

പ്രളയത്തിന്റെ കാര്യവും ഏതാണ്ട് ഇതുപോലെയാണ് (ലേശം ലളിതവൽക്കരണമാണ്, എന്നാലും). ഒരു മൺസൂൺ കാലത്തു കൂടുതൽ മഴ ലഭിക്കും എന്ന് പറഞ്ഞാൽ ഉടനെ പ്രളയമാണ് വരാൻ പോകുന്നത് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഇത്തവണ വോട്ടിങ്ങിന് 850 പേർ വരാൻ സാധ്യതയുണ്ട് എന്ന് പറയുന്നതുപോലെയാണ്. ക്രമമായ ഇടവേളകളിൽ പെയ്താൽ ഒരു പ്രളയവും കൂടാതെ ആ മഴക്കാലം കഴിഞ്ഞുപോകും (ആദ്യ കേസിലെ വോട്ടിങ്ങിനെ കുറിച്ച് പറഞ്ഞതുപോലെ). കുറെ ആളുകൾ ഒരുമിച്ചു വരുന്നതുപോലെ, കുറെ ദിവസം കൊണ്ട് ലഭിക്കേണ്ട മഴ 1-2 ദിവസം കൊണ്ട് പെയ്യുന്ന സ്ഥിതി (extreme rainfall events) വന്നാലാണ് പ്രളയത്തിൽ കലാശിക്കുന്നത്. അതുപോലെ തന്നെ ഈ വർഷം കുറവു മഴയേ ലഭിക്കൂ എന്ന് പറഞ്ഞാലോ സാധാരണ അളവിൽ മഴ ലഭിക്കും എന്ന് പറഞ്ഞാലോ പ്രളയം ഉണ്ടാവില്ല എന്ന് പറയാൻ കഴിയില്ല (രണ്ടാമത്തെ കേസിലെ വോട്ടിങ്ങിനെ കുറിച്ച് പറഞ്ഞതുപോലെ). ആകെ മഴ സാധാരണ നിലയിൽ ആണെങ്കിലും, കുറഞ്ഞാലും കൂടിയാലും അവിടെ പ്രളയം ഉണ്ടാവാം ഉണ്ടാവാതിരിക്കാം. പ്രളയം ഉണ്ടാവുന്നത് ഓരോ സമയത്തെയും മഴപ്പെയ്ത്തിന്റെ തീവ്രതയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. കൂടാതെ, ഓരോ സ്ഥലങ്ങളിലെയും ഭൂപ്രകൃതിയെയും മറ്റു പ്രത്യേകതകളെയുമൊക്ക അനുസരിച്ചു പ്രളയസാധ്യതയിൽ വ്യത്യാസമുണ്ടാകും.

ഒരു മഴക്കാലം (summer monsoon) തുടങ്ങുന്നതിന് ഏതാനും മാസങ്ങൾ മുൻപ് നമ്മുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചനക്കുറിപ്പുകൾ (longrange forecasts) പുറത്തിറക്കാറുണ്ട്. മാസങ്ങൾ മുൻപേയുള്ള ഇത്തരം പ്രവചനങ്ങളിൽ ആകെ എത്ര മഴ ലഭിക്കും എന്ന് മാത്രമേ സാങ്കേതികമായി പറയാൻ സാധിക്കൂ.

ഈ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇത്തവണയും പ്രളയം ഉണ്ടാവാൻ പോകുന്നു എന്ന മട്ടിൽ പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തകൾ കാണുകയും സോഷ്യൽ മീഡിയകളിൽ പരക്കെ ഷെയർ ചെയ്യപ്പെടുന്നതും കണ്ടു. പ്രളയത്തിനും മറ്റും കാരണമാവുന്ന അതി തീവ്ര പ്രതിഭാസങ്ങൾ പരമാവധി 10-14 ദിവസങ്ങൾക്ക് മുൻപേ മാത്രമേ മുൻകൂട്ടി അറിയാൻ കഴിയൂ. മാസങ്ങൾ മുന്നേ ചുഴലിക്കാറ്റുകളോ അതിതീവ്ര മഴയോ കൃത്യമായി പ്രവചിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരിടത്തും നിലവിലില്ല. അതായത്, ഈ വർഷത്തെ മഴക്കാലത്തിനിടയ്ക്ക് പ്രളയം ഉണ്ടാവുമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല എന്ന് ചുരുക്കം.

എന്നാൽ, ആഗോളതാപനത്തിന്റെ ഫലമായി ലോകത്തു പലയിടത്തും അതിതീവ്ര പ്രതിഭാസങ്ങൾ കൂടിവരുന്നതായിട്ടാണ് പഠനങ്ങൾ നിരീക്ഷിക്കുന്നത്. അതിനാൽ  മുൻവർഷങ്ങളെ അപേക്ഷിച്ചു ഇത്തരം അതിതീവ്ര മഴപ്പെയ്ത്തുകൾക്കുള്ള സാധ്യത ഇപ്പോൾ കൂടുതലാണ് എന്നത് വസ്തുതയാണ്. അതുകൊണ്ട് ഒരു ജാഗ്രത എന്തുകൊണ്ടും നല്ലതാണ്.


ലൂക്ക മുമ്പ് പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങള്‍

  1. ലോറൻസിന്റെ ശലഭങ്ങളും അന്തരീക്ഷ പ്രവചനവും
  2. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും
Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഈ വര്‍ഷം പ്രളയം ഉണ്ടാകുമോ ?

Leave a Reply

Previous post ലോക്ക് ഡൗണും അക്കാദമിക രംഗത്തെ സ്ത്രീകളും
Next post മാനവവംശത്തിന്റെ ചരിത്രവും ഭാവിയും
Close