Read Time:5 Minute
ഭൂമിയിൽനിന്ന് നോക്കിയാൽ ചന്ദ്രനിൽ ഒരു ഗർത്തം കാണാം ക്ലാവിയസ് ഗർത്തം. അവിടെ ജലതന്മാത്രകളെ കണ്ടെത്തിയിരിക്കുകയാണ് സോഫിയ എന്ന പറക്കും ടെലിസ്കോപ്പ്.
വിമാനത്തിലേറി പറക്കുന്ന ടെലിസ്കോപ്പാണ് സോഫിയ. ഒരു ഇൻഫ്രാറെഡ് ടെലിസ്കോപ്പ് ആണിത്. നിരവധി കണ്ടെത്തലുകൾ നടത്തിയ സോഫിയ (Stratospheric Observatory for Infrared Astronomy) ഇപ്പോഴിതാ ചന്ദ്രനിൽ വെള്ളവും കണ്ടെത്തിയിരിക്കുന്നു. ചന്ദ്രനിലെ സൂര്യപ്രകാശം വീഴാത്ത നിഴൽപ്രദേശങ്ങളിലും മറ്റും ഇതിനു മുൻപുതന്നെ ജലസാന്നിദ്ധ്യം നമ്മൾ കണ്ടെത്തിയതാണ്. പക്ഷേ ഇപ്പോൾ സൂര്യപ്രകാശം വീഴുന്ന ഇടത്താണ് ഇപ്പോൾ വെള്ളത്തിന്റെ തന്മാത്രകളെ കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രനിലെ ക്ലോവിയസ് എന്ന ഗർത്തത്തെയാണ് സോഫിയ നിരീക്ഷിച്ചത്. ഭൂമിയിൽനിന്ന് നോക്കിയാൽ കാണാവുന്ന ഭാഗത്താണ് ക്ലാവിയസ് എന്ന ഗർത്തം. ഇവിടെയാണ് ജലതന്മാത്രകൾ സുഖകരമായി കഴിഞ്ഞുകൂടിയിരുന്നത്. നേച്ചർ ആസ്ട്രണോമി ജേണലിൽ പുതിയ കണ്ടെത്തൽ വായിക്കാം. (https://www.nature.com/articles/s41550-020-01222-x)
ഗ്ലാസ് രൂപത്തിലുള്ള ചെറിയ തരികളിലാവാം വെള്ളം കുടുങ്ങിക്കിടക്കുന്നത്. അതിനാലാവും സൂര്യപ്രകാശം വീണിട്ടും ഇവ ബാഷ്പീകരിച്ചു പോവാത്തത്. 2018 ആഗസ്റ്റിലാണ് ഇവിടം സോഫിയ നിരീക്ഷണം നടത്തിയത്. രണ്ടു വർഷത്തിനുശേഷം ഇപ്പോഴിതാ അതിന്റെ നിഗമനങ്ങളും പുറത്തുവന്നിരിക്കുന്നു. ഇപ്പോൾ കണ്ടെത്തിയ ജലം വളരെ അധികമൊന്നും ഇല്ല. ഇത് ഒരു ഒറ്റപ്പെട്ട പ്രതിഭാസം ആയിരിക്കാം. ചന്ദ്രനിൽ എല്ലായിടത്തും ഇത്തരത്തിൽ ജലതന്മാത്രകൾ ഉണ്ടാവണം എന്നില്ല. ക്ലാവിയസ് ഗർത്തത്തിലെ ഈ പ്രദേശത്തു മാത്രമുള്ള പ്രതിഭാസം ആവാനേ തരമുള്ളൂ. മാത്രമല്ല വളരെക്കുറച്ചു വെള്ളമേ ഇവിടെയുള്ളൂ. ഇത്തരമൊരു നിരീക്ഷണം സഹാറ മരുഭൂമിയിൽ നടത്തിയാൽ ഇതിന്റെ നൂറിരട്ടി ജലസാന്നിദ്ധ്യം അവിടെയുണ്ടാവും. എന്നിരുന്നാലും ചന്ദ്രോപരിതലത്തിൽ ചിലയിടങ്ങളിലെങ്കിലും ജലസാന്നിദ്ധ്യം കണ്ടെത്താനാവുക എന്നത് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.
മറ്റു ഗ്രഹങ്ങളിലേക്കുള്ള യാത്രയിൽ ചന്ദ്രനെ ഇടത്താവളമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ചന്ദ്രനെക്കുറിച്ച് കിട്ടുന്ന ഏത് അറിവും അത്തരം കോളനികൾ ഉണ്ടാക്കുന്നതിൽ ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ സോഫിയ എന്ന ഇൻഫ്രാറെഡ് ടെലിസ്കോപ്പ് ഇപ്പോൾ നടത്തിയിരിക്കുന്ന കണ്ടെത്തലും ഏറെ പ്രധാനപ്പെട്ടതുതന്നെ. ചന്ദ്രനിലെ ഗർത്തങ്ങളിൽ പലയിടത്തും ഐസ് രൂപത്തിൽ ജലം നാം ഇതിനു മുന്നേ കണ്ടെത്തിയിട്ടുണ്ട്.
ചന്ദ്രയാൻ ഒന്നിലെ ഉപകരണങ്ങൾ ഹൈഡ്രോക്സിൽ രൂപത്തിലുള്ള ജലവും ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബോയിങ് 747SP എന്ന വിമാനത്തിലാണ് സോഫിയ ടെലിസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഏറെ ഉയരത്തിലൂടെയുള്ള ഓരോ പറക്കലിലും പ്രപഞ്ചത്തിലെ പല രഹസ്യങ്ങളിലേക്കുമാണ് സോഫിയ കണ്ണുതുറക്കുന്നത്. ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന മറ്റു പല ടെലിസ്കോപ്പുകളെക്കാളും ഏറെ മികവോടെ പ്രവർത്തിക്കാൻ സോഫിയയ്ക്ക് ആവുന്നുണ്ട്. എന്തായാലും പുതിയ പുതിയ കണ്ടെത്തലുകളുമായി സോഫിയ നമ്മെ ഇനിയും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും.
വീഡിയോ കാണാം
Related
1
0