കഴിഞ്ഞ നൂറ്റാണ്ട് എഴുപതുകളുടെ അവസാനം പാലക്കാടു സൈലന്റ് വാലി വനമേഖലയിൽ ആരംഭിക്കാനിരിക്കുന്ന ഒരു ജലവൈദ്യുത പദ്ധതിക്കെതിരെ പരിസ്ഥിതി വാദികൾ പ്രതിഷേധിക്കുന്നു. അന്ന് ടെലിവിഷൻ ചാനലുകൾ നമ്മുടെ സായാഹ്നങ്ങളെ കീഴടക്കിയിരുന്നില്ല ഉണ്ടായിരുന്നെങ്കിൽ ഈ പോരാട്ടത്തിന് എന്ത് സംഭവിക്കുമായിരുന്നു?
കേരളത്തിന്റെ മുഖഛായ മാറ്റാൻ പോവുന്ന ഒരു പദ്ധതി കുറെ സിംഹവാലൻ കുരങ്ങന്മാർക്കു വേണ്ടി കളയുന്നു എന്ന ചർച്ച ഏകദേശം ഒരു ദശകം നീണ്ടു നിന്നേനെ. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ചെറുപ്പക്കാരനായ ഒരു കോളേജ് അധ്യാപകൻ ആയിരുന്നു. ഏകദേശം നാല്പതു വയസ്സുള്ളപ്പോഴാണ് പ്രൊഫസ്സർ എം കെ പ്രസാദ് കേരളത്തിലെ വ്യവസ്ഥാപിത വികസന ചിന്തകളെ ഏതാണ്ട് ഒറ്റയ്ക്ക് നേരിട്ടത്.
സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റ് വേണ്ടാ എന്ന് എഴുപതുകളുടെ അവസാനം വാദിക്കാൻ കുറച്ചു ധൈര്യമൊന്നും പോരാ. 150 മെഗാവാട് തുടക്കത്തിൽ തന്നെ ലഭിക്കുന്ന വലിയൊരു ജല വൈദ്യുത പദ്ധതിയായിരുന്നു സൈലന്റ് വാലി. ഈ പദ്ധതിക്ക് വേണ്ടി ശക്തമായി വാദിച്ചത് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള CITU ആയിരുന്നു. കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും അതി രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുമ്പോൾ അതിനൊരു പ്രതിവിധി എന്ന നിലക്കാണ് വൈദ്യുതി ബോർഡ് സൈലന്റ് വാലി പദ്ധതി അവതരിപ്പിക്കുന്നത്.
അപ്പോഴാണ് ചെറുപ്പക്കാരനായ എം കെ പ്രസാദ് എന്ന ഒരു ബോട്ടണി അധ്യാപകൻ ഈ പദ്ധതിക്കെതിരെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ലേഖനം എഴുതുന്നത്. പ്രസാദ് മാഷിന്റെ കൂടെ തുടക്കത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും ഉണ്ടായിരുന്നില്ല. വളരെ ശ്രമപ്പെട്ടാണ് ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഈ പോരാട്ടത്തിൽ പ്രസാദ് മാഷ് പങ്കാളിയാക്കിയത്. പ്രസാദ് മാഷിന്റെ വാദങ്ങൾ പരിശോധിക്കാൻ പരിഷത് ഒരു പഠന സമിതി രൂപീകരിച്ചു. എം പി പരമേശ്വരൻ, വി കെ ദാമോദരൻ, കെ പി കണ്ണൻ, കെ എൻ ശ്യാമസുന്ദരൻ നായർ എന്നിവരൊക്കെ അടങ്ങുന്ന സംഘം. അവരെ കൃത്യമായ വാദങ്ങളാൽ ബോധ്യപ്പെടുത്താൻ പ്രസാദ് മാഷിന് കഴിഞ്ഞു. അങ്ങനെയാണ് സൈലന്റ് വാലി പദ്ധതിക്കെതിരെ പരിഷത് നിലപാടെടുക്കുന്നത്. ബാക്കി ചരിത്രം.
പരിഷത്തിന്റെ ഈ നിലപാട് മാറ്റം സംഘടനയുടെ മാത്രമല്ല, കേരളത്തിന്റെയും ചരിത്രത്തിൽ നിർണായകമായിരുന്നു. കേരളത്തിലെ കവികളും സാഹിത്യ നായകന്മാരും സാമൂഹിക ബോധമുള്ള ശാസ്ത്രജ്ഞന്മാരും മറ്റു പ്രകൃതി സംരക്ഷണ പ്രവർത്തകരുമെല്ലാം അണിചേർന്നു നടത്തിയ മുന്നേറ്റം ചരിത്രത്തിന്റെ ഭാഗമാണ്. എൻ വി കൃഷ്ണ വാരിയർ, സുഗത കുമാരി, വിഷ്ണു നാരായണൻ നമ്പൂതിരി, ആശാൻ എന്നറിയുന്ന കെ വി സുരേന്ദ്രനാഥ്, ഡോ. സതീഷ്‌ചന്ദ്രൻ, ആർ വി ജി മേനോൻ എന്നിങ്ങനെ വലിയൊരു സംഘമാണ് ഈ പരിസ്ഥിതി അവബോധ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. കേരളത്തെ ലോക പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഒരു ജനകീയ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു അത്.
ദേശീയ അന്തർദേശീയ പരിസ്ഥിതി മേഖലകളിൽ ധാരാളം സുഹൃത്തുക്കൾ പ്രസാദ് മാഷിനുണ്ടായിരുന്നു. സലിംഅലി, സഫർ ഫത്തേഹള്ളി, അനിൽ അഗർവാൾ, മാധവ് ഗാഡ്‌ഗിൽ, പത്ര പ്രവർത്തകൻ ഡാറിൽ ഡിമോന്റെ എന്നിവരെല്ലാം പ്രസാദ് മാഷിന്റെ സുഹൃദ് വലയത്തിൽ ഉണ്ടായിരുന്നു. ദേശീയ രംഗത്തെ ഈ അംഗീകാരം സൈലന്റ് വാലി പോരാട്ടത്തിൽ വളരെ പ്രയോജനപ്പെട്ടു. പ്രൊഫസ്സർ എം ജി കെ മേനോന്റെ റിപ്പോർട്ട് ഇന്ദിര ഗാന്ധി അംഗീകരിക്കുന്നതോടു കൂടിയാണ് പദ്ധതി വേണ്ടാ എന്ന തീരുമാനം വരുന്നത്. എന്തായാലും വികസനത്തെക്കുറിച്ചുള്ള ധാരണകൾ പുനർ ചിന്തക്ക് വിധേയമാക്കാൻ കേരള സമൂഹത്തെ ഈ പോരാട്ടം സഹായിച്ചു.
പ്രസാദ് മാഷ്, കാണുമ്പോൾ പൊതുവെ ഒരു ഗൗരവക്കാരനാണ്. എന്നാൽ അടുത്ത് കഴിഞ്ഞാൽ നല്ല തമാശക്കാരനും രസികനുമാണ്. പ്രസാദ് മാഷിന്റെ അച്ഛൻ കോരു വൈദ്യൻ പ്രശസ്തനായ നാട്ടു വൈദ്യനായിരുന്നു. സഹോദരൻ അയ്യപ്പന്റെ സഹപ്രവർത്തകൻ. ഇന്ത്യയിലെ ആദ്യത്തെ പന്തിഭോജനം നടക്കുമ്പോൾ ആ പ്രസ്ഥാനത്തിനു മുൻപിൽ കോരു വൈദ്യരും ഉണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്നാവണം പ്രസാദ് മാഷിന് ഈ പോരാട്ട വീര്യവും സാമൂഹിക പരിഷ്കരണ മൂല്യങ്ങളും പാരമ്പര്യമായി കിട്ടിയത്..
“മാഷെ, സത്യത്തിൽ ഈ സിംഹവാലൻ കുരങ്ങിന് എന്താണിത്ര പ്രാധാന്യം?” മാഷോട് വളരെ അടുപ്പമായിക്കഴിഞ്ഞു ഒരു ദിവസം ഞാൻ ചോദിച്ചു: “ഇതിനു വേണ്ടി ഒരു ജലവൈദ്യുത പദ്ധതിയെ എതിർത്തത് എന്തിനു വേണ്ടിയാണ്?”
“എഡോ, തന്റെ വകയിൽ ഒരു മുത്തപ്പനാണല്ലോ കക്ഷി..”
പ്രസാദ് മാഷ് പരിഹസിച്ചു ചിരിച്ചു: പിന്നീട് വിശദീകരിക്കുകയും ചെയ്തു.
“പരിണാമ പ്രക്രിയയിൽ ഇദ്ദേഹത്തിനു വളരെ പ്രബലമായ ഒരു സ്ഥാനമുണ്ട്. കുരങ്ങൻ ഭൂമിയിലിറങ്ങി രണ്ടു കാലിൽ നടക്കുമ്പോഴാണ് മനുഷ്യൻ ഉണ്ടാവുന്നത് എന്ന് വേണമെങ്കിൽ പറയാം. അതത്ര ശരിയായ ശാസ്ത്ര ഭാഷ ഒന്നും അല്ലെങ്കിലും. ഈ പ്രക്രിയയിൽ ഭൂമിയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുൻപ് ഉള്ള ഒരു സ്റ്റേജ് ആണ് ലയൺ ടയിൽ മക്കാക് എന്ന സിംഹവാലൻ കുരങ്ങൻ. നമ്മുടെ ട്രോപ്പിക്കൽ മഴക്കാടുകളിലാണ് ഇവരെ കാണുക. കഴിവതും സമയം മരങ്ങളുടെ ശിഖരങ്ങളിൽ തന്നെ ഇരിക്കും. പ്രൈമേറ്റുകളിൽ വളരെ പ്രധാനപ്പെട്ട ഒരു endagered സ്പീഷീസ് ആണ് സിംഹ വാലൻ കുരങ്ങൻ.”
പ്രസാദ് മാഷ് കുറച്ചു നേരം മൗനമായി ഇരുന്നു…
“എഡോ…പരിണാമ പ്രക്രിയയെ പറ്റി പഠിക്കുന്നവർക്ക് ഈ കുരങ്ങന്മാർ വളരെ പ്രധാനപ്പെട്ട കണ്ണിയാണ്. എന്നാൽ സൈലന്റ് വാലി പദ്ധതിക്കെതിരെ ഞങ്ങൾ ഉയർത്തിയ വാദം ഇത് മാത്രം ആയിരുന്നില്ല. അത് വികസനത്തെക്കുറിച്ചുള്ള ഒരു സമഗ്ര വീക്ഷണം ആയിരുന്നു.”
ഈ വീക്ഷണം മുൻ നിർത്തിയാണ് പ്രസാദ് മാഷ് ഓരോ പ്രശ്നത്തിലും ഇടപെട്ടത്. കൊച്ചിയിലെ വ്യവസായ മേഖലയായ ഏലൂരിലെ മലിനീകരണം ആയാലും ചാലിയാർ പുഴയുടെ മലിനീകരണം ആയാലും കുട്ടനാടിന്റെ സവിശേഷ വികസന പ്രശ്നങ്ങൾ ആയാലും പ്രസാദ് മാഷ് മുൻ നിരയിൽ ഉണ്ടായിരുന്നു.
“1970 കളിലെ പരിഷത് സമരങ്ങൾ ശാസ്ത്രീയമായ അറിവുകളെ ആധാരമാക്കിയ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആയിരുന്നു. ഈ ബോധവത്ക്കരണം ഫാക്ടറികൾക്കോ വ്യവസായത്തിനോ“ പ്രസാദ് മാഷ് എഴുതുന്നു. “വിശാലാടിസ്ഥാനത്തിൽ കേരളത്തിന്റെ വികസനത്തിനോ എതിരായിരുന്നില്ല. തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, മെച്ചപ്പെട്ട ആരോഗ്യം, വർധിച്ച ആയുസ്സ് എന്നിവയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളിൽ ശാസ്ത്രത്തെ ആയുധമാക്കിക്കൊണ്ടുള്ള ജനപക്ഷ ഇടപെടലുകൾ ആയിരുന്നു അവ.”
അറിവിനെ ആയുധമാക്കുകയും അങ്ങനെ ജനകീയ സമരങ്ങൾക്ക് മൂർച്ച കൂട്ടുകയും ചെയ്ത എം കെ പ്രസാദ് മാഷിനെ പോലുള്ളവരെ രാമചന്ദ്ര ഗുഹ പാരിസ്ഥിതിക മാർക്സിസ്റ്റുകൾ എന്നാണ് വിശേഷിപ്പിച്ചത്. ഞാൻ കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ പ്രസാദ് മാഷ് കോഴിക്കോട് സർവകലാശാലയുടെ പ്രൊ. വൈസ് ചാൻസലർ ഒക്കെയാണ്. അതുകൊണ്ടുതന്നെ അക്കാലത്തൊന്നും അത്ര അടുത്ത് ഇടപഴകാൻ കഴിഞ്ഞില്ല.
എന്നാൽ പിന്നീട് പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള സോഷ്യൽ റിയാലിറ്റി ഷോ ഗ്രീൻ കേരള എക്സ്പ്രസ് ഞാനും മോഹൻകുമാറും ചേർന്ന് ഒരുക്കിയപ്പോൾ ഏതാണ്ട് എല്ലാ ദിവസവും രാവിലെ ഏഴു മണി മുതൽ വൈകിട്ട് വരെ തുടർച്ചയായി നടക്കുന്ന റെക്കോർഡിങ്ങുകൾക്കു ജൂറിയായി കെ പി കണ്ണൻ, ആർ വി ജി മേനോൻ, വിനീത മേനോൻ, ആർ ഹേലി എന്നിവർക്കൊപ്പം പ്രസാദ് മാഷും ഞങ്ങൾക്കൊപ്പം കൂടി. പഞ്ചായത്തു പ്രസിഡന്റുമാർക്കു പരിസ്ഥിതിയെക്കുറിച്ചു പുതിയൊരു അവബോധം നൽകാൻ ഈ പരിപാടി പ്രസാദ് മാഷ് വളരെ സമർത്ഥമായി ഉപയോഗിച്ചു. ഓരോ പഞ്ചായത്തിലും ജൈവ വൈവിധ്യ രജിസ്റ്റർ ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന പഞ്ചായത്തുകൾക്ക് കൂടുതൽ മാർക്ക് കൊടുത്തു.
സത്യത്തിൽ പ്രസാദ് മാഷിനെക്കുറിച്ചു എഴുതി തുടങ്ങിയാൽ അത് കേരള പരിസ്ഥിതി ചരിത്രത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു പുസ്തകമായി മാറും. പ്രസാദ് മാഷ് പരിഷത്തിന്റെ പ്രസിഡന്റും പരിസ്ഥിതി സമിതി കൺവീനറുമൊക്കെ ആയിരുന്ന കാലത്തെ കഥകൾ കെ കെ കൃഷ്ണകുമാർ എന്ന ഞങ്ങളുടെ കൃഷ്ണേട്ടൻ പറയുന്നത് കേൾക്കാൻ രസമാണ്.
“പ്രസാദ് മാഷിന്റെ സവിശേഷത വസ്തുതകളിലുള്ള ഊന്നലാണ്.” കൃഷ്ണേട്ടൻ പറയും: “ഏതു മീറ്റിംഗിലും ഒരു ഘട്ടമാവുമ്പോൾ പ്രസാദ് മാഷ് തന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ നോട്ട് പുസ്തകം പുറത്തെടുക്കും. അതോടെ മീറ്റിംഗിന്റെ സ്വഭാവം മാറും. കൃത്യമായ കണക്കുകൾ, വസ്തുതകൾ, കർശനമായ വിശകലനം ഒരിക്കൽ ഞങ്ങൾ വനം മന്ത്രി നൂറുദീനെ കാണാൻ പോയി. വയനാട്ടിലെ വനം വെട്ടൽ നിർത്താൻ ആവശ്യപ്പെടാനാണ്. മന്ത്രി വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ പ്രസാദ് മാഷ് തന്റെ ചെറിയ പുസ്തകം പുറത്തെടുത്തു. ഏതു വാർഡിൽ എത്ര സ്ഥലം എന്നിങ്ങനെ കൃത്യമായ കണക്കുകൾ. മന്ത്രിക്കു ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.”
ചാലിയാർ, കല്ലട, വെള്ളൂർ ന്യൂസ്‌പ്രിന്റ് എന്നീ മൂന്നു പ്രധാന പരിസ്ഥിതി സമരങ്ങൾക്ക് മുന്നിലും പ്രസാദ് മാഷ് ഉണ്ടായിരുന്നു. കൃത്യമായ പഠനത്തോടെ. തൊണ്ണൂറുകളോടെ പരിഷത് പരിസ്ഥിതി പ്രവർത്തനങ്ങളിൽ പിന്നോട്ട് പോയി എന്നൊരു തോന്നലുണ്ട്. എന്നാൽ കേരള സമൂഹത്തിൽ ധാരാളം പ്രാദേശിക പരിസ്ഥിതി സമരങ്ങൾ ഉയർന്നു വന്നു, ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയവരിൽ വലിയൊരു പങ്കും പ്രസാദ് മാഷിന്റെ ശിഷ്യന്മാർ ആയിരുന്നു.
പരിസ്ഥിതി പ്രവർത്തകർക്കിടയിൽ എല്ലാ കാലത്തും ഏറെ ആദരവുള്ള ഒരു പേരാണ് പ്രസാദ് മാഷിന്റേത്. കേരളത്തിന്റെ വികസന ചർച്ചകളിൽ ഇനിയും പ്രസാദ് മാഷിന്റെ ശബ്ദം ഉയർന്നു കേട്ടുകൊണ്ടിരിക്കും. ഒരു ചെറിയ വൈറസ് ലോകത്തിനെ നിശ്ചലമാക്കിയ കാലമാണ്. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധങ്ങൾ വീണ്ടും വീണ്ടും പുനഃ പരിശോധിക്കാനുള്ള അവസരം. ഇതേവരെ പിന്തുടർന്ന പാത തെറ്റാണെന്ന് നാമിനിയും സമ്മതിക്കുന്നില്ലെങ്കിൽ ഈ പാഠമെല്ലാം വിഫലമാവുകയേ ഉള്ളൂ.