Read Time:15 Minute

 

2021 ജൂൺ ആദ്യ ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ച അഭിമുഖക്കുറിപ്പ്. തയ്യാറാക്കിയത് : ടി.സത്യനാരായണൻ

പ്രസാദ് മാഷ് എന്നു വിശേഷിപ്പിക്കുന്ന ഒരു മൂത്താരെപ്പറ്റി കേട്ടിട്ടുണ്ടൊ?! പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ.എം.കെ. പ്രസാദ്. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണരംഗത്ത് അദ്ദേഹം നൽകിയ സേവനങ്ങൾക്ക് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 50 വർഷം മുമ്പ് പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി പറഞ്ഞാൽ ആരും ചെവി കൊടുത്തിരുന്നില്ല. പരിസ്ഥിതി എന്ന വാക്ക് പോലും പ്രചാരത്തിലുണ്ടായിരുന്നില്ല. അങ്ങനെ പറയുന്നവരെ തലയ്ക്ക് വെളിവ് ഉള്ളവരായി പോലും പരിഗണിക്കാത്തകാലം..! അക്കാലത്താണ് സൈലന്റ് വാലി സംരക്ഷിക്കാനുള്ള ആഹ്വാനം ഉണ്ടായത്.


സൈലന്റ് വാലി സംരക്ഷിക്കാൻ വേണ്ടി നടന്ന ഐതിഹാസിക സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് പ്രൊഫ.എം.കെ.പ്രസാദ്.
ഇക്കഴിഞ്ഞ ദിവസം യുറീക്കയുടെ എഡിറ്റർ മീരടീച്ചറുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ നിന്നുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരുടെ സംഘം കടവന്ത്രയിലുള്ള വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടിരുന്നു. സംഘത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, എ.പി.ശങ്കരനാരായണൻ, സി. ബാലചന്ദ്രൻ, ടി.സത്യനാരായണൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ഏറെ നേരം അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാരിസ്ഥിതിക തകർച്ചയുടെ വക്കിലെത്തി നില്ക്കുന്ന കേരളനാടിന്റെ ദുരവസ്ഥയെപ്പറ്റിയുള്ള ആശങ്കകൾഅദ്ദേഹം സംഘത്തോട് പങ്കുവെച്ചു. കാടും മണ്ണും കുടിവെള്ളവുംവായുവുമെല്ലാം നീതിരഹിതമായവിധം കച്ചവടച്ചരക്കുകളായി മാറ്റുന്നു. മനുഷ്യരുടെ ഉപഭോഗാസക്തി, അത്യാർത്തി, ലാഭക്കൊതി എന്നിവ വരുത്തിവെക്കുന്ന വിനകൾ ഏറെയാണ്. ഈ ദുഷ്‌പ്രവണതയ്ക്ക് അറുതിവരുത്താൻകുട്ടികളും യുവാക്കളും മാതൃകാപരമായി മുന്നിട്ടിറങ്ങണം. ലോകത്തിന്റെ വിവിധ കോണുകളിൽ അത്തരം ശുഭകരമായ നീക്കങ്ങൾ നടക്കുന്നതായി മാഷ് ചൂണ്ടിക്കാണിച്ചു. ഗ്രെറ്റ തുംബർഗ്, റിദ്ദിമ പാണ്ഡേ,സെവേൺ സുസുക്കി എന്നിവരുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി.  പരിസ്ഥിതി പഠനം ശീലമാക്കുകയും പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയായി കരുതുകയും വേണം. കേരളീയരിൽ പരിസ്ഥിതി ബോധം ഉണ്ടാക്കാൻ അദ്ദേഹം നടത്തിയ മഹത്തരമായ പ്രവർത്തനങ്ങൾ അന്നേരം ഞങ്ങളുടെ മനസ്സുകളിൽ വന്നെത്തി.

സൈലന്റ് വാലി പ്രക്ഷോഭം നൽകുന്ന പാഠം…

ഇന്ത്യയിലെ പരിസ്ഥിതി ബോധവൽക്കരണത്തിന്റെ അതിശക്തമായ തുടക്കമാണ് സൈലന്റ് വാലി സംരക്ഷണ പ്രവർത്തനങ്ങൾ. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്ന് 45 കി.മീ. വടക്കോട്ടു സഞ്ചരിച്ചാൽ ആ പ്രദേശത്തെത്താം. ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് സൈലന്റ് വാലി. 80 ചതുരശ്ര കിലോമീറ്ററോളം നീണ്ടുപരന്നുകിടക്കുന്ന റിസർവ് വനം. ജൈവവൈവിധ്യത്തിന്റെഅത്യപൂർവ കലവറ തന്നെ! ഈ പ്രദേശത്ത്, കുന്തിപ്പുഴയിൽ അണക്കെട്ട് നിർമ്മിച്ച്വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ‍് (KSEB) പദ്ധതിയിട്ടു. ആ പദ്ധതിയെയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിവിധ സംഘടനകളും ശാസ്ത്രബോധമുള്ള വ്യക്തികളും ശാസ്ത്രജ്ഞരും ചേർന്ന് ചെറുത്തു തോൽപ്പിച്ചത്.! പരിസ്ഥിതിരംഗത്ത് ഈ പദ്ധതി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പാരിസ്ഥിതിക ആഘാത പഠനത്തിൽ തെളിഞ്ഞിരുന്നു. അതേതുടർന്ന് അഞ്ച് വർഷത്തോളം നീണ്ടപ്രക്ഷോഭം തന്നെ ഉണ്ടായി. ആധുനികമായ താപനിലയം സ്ഥാപിക്കുക, വൈദ്യുതി പ്രേഷണ നഷ്ടം (transmission loss) കുറയ്ക്കുക എന്നീ ബദലുകളും ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ചു. പാലക്കാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള നിർദ്ദേശങ്ങളും വെച്ചു. ഒടുവിൽ സർക്കാർ പദ്ധതി ഉപേക്ഷിച്ചു. ആ പ്രദേശം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. പദ്ധതി വന്നാലുള്ള ഭവിഷ്യത്തിനെപ്പറ്റി വസ്തുനിഷ്ഠമായി പ്രക്ഷോഭകാലത്ത്
ജനങ്ങളെ ബോധവൽക്കരിച്ചു. അതിനുള്ള നൂറുകണക്കിന് യോഗങ്ങളിലാണ് പ്രസാദ് മാഷ് പ്രസംഗിച്ചത്! അക്കാലത്തു നടന്ന രസകര
മായ സംഭവം അദ്ദേഹം ഓർത്തെടുത്തു. ജലവൈദ്യുത പദ്ധതിയെ ശക്തിയുക്തം അനുകൂലിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ സംഘടിപ്പിച്ച യോഗത്തിൽ യാദൃച്ഛികമായി പ്രസാദ് മാഷ് പങ്കെടുത്ത് സംസാരിച്ചു. പദ്ധതി പ്രാവര്‍ത്തികമായാൽ നാടിനുണ്ടാകുന്ന കനത്ത നഷ്ടത്തെപ്പറ്റി സവിസ്തരം അദ്ദേഹം
സംസാരിച്ചു. അതോടെ യോഗത്തിനെത്തിയ മുഴുവൻ പേരും മാഷിന്റെ പിന്നിൽ അണിനിരന്നു. അറിവില്ലായ്മയാണ് ജനതയെ വഴി തെറ്റിക്കുന്നത്. പ്രതികൂലികളെ അനുകൂലികളാക്കാൻ കൃത്യമായ വിവരങ്ങൾ പകരണം. അതിനുള്ള വെളിച്ചം വീശലായി ഈ സംഭവം എന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ പ്രസാദ് മാഷിന്റെലേഖനം മാതൃഭൂമി വാരികയിൽ അന്ന് പ്രസിദ്ധീകരിച്ചു. അതേതുടർന്ന് അന്നത്തെ എഡിറ്റർ എൻ.വി.കൃഷ്ണവാര്യരെ തൽസ്ഥാനത്ത് നിന്ന് മാതൃഭൂമി മാനേജ്മെന്റ് നീക്കി. അദ്ദേഹം ഓര്‍മിച്ചു. പത്രങ്ങളുൾപ്പെടെ ബഹുഭൂരിപക്ഷം
പേരും സൈലന്റ് വാലി പദ്ധതിയ്ക്ക് വേണ്ടി നിലകൊണ്ടിരുന്നു. എന്നിട്ടും ധാർമിക ബോധമുള്ള ന്യൂനപക്ഷത്തിന്റെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ആണ് സൈലന്റ് വാലി പ്രക്ഷോഭത്തെ വിജയിപ്പിച്ചത്. സമരത്തിന് നായകത്വം നൽകിയ പ്രസാദ് മാഷിന് ഇതുപോലെ എത്രയോ സമരങ്ങളെ പറ്റി പറയാനുണ്ടെന്നോ !

മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനം

ആവാസ വ്യവസ്ഥയെ വീണ്ടെടുക്കുക !

പ്രസാദ് മാഷുടെ ഭാഷണം സമകാലിക പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് എത്തിച്ചേർന്നു. മലിനീകരണവും വനനശീകരണവും മൂലം കേരളത്തിന്റെ ആവാസവ്യവസ്ഥ അനുദിനം നശിക്കുന്നതിന്റെ നേർചിത്രങ്ങൾ അദ്ദേഹം നിരത്തി. അങ്ങനെ നശിക്കുന്ന ‘ആവാസവ്യവസ്ഥയെ വീണ്ടെടുക്കുക’ (Ecosystem Restoration) എന്നതാണ് 2021 ലെ പരിസരദിനസന്ദേശം എന്നദ്ദേഹം പറഞ്ഞു.

കുട്ടികളുടെ പങ്ക്

‘അണ്ണാറക്കണ്ണനും തന്നാലായത് ‘ എന്നത് പോലെ പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികൾക്കും പങ്ക് വഹിക്കാനുണ്ട്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിഗമനത്തിലെത്തുക എന്നതാണ് ശാസ്ത്രരീതി. പ്രകൃതിപഠനത്തിലും സംരക്ഷണത്തിലും ഈ സമീപനം അനിവാര്യമാണ്. കൂട്ടുകാർ തങ്ങളുടെ പ്രദേശത്തെപ്പറ്റി പഠിക്കണം. ഭൂപരമായ പ്രത്യേകതകൾ, സാമൂഹിക ജീവിതവും പ്രകൃതി ജീവിതവും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ,  ബന്ധങ്ങൾ എന്നിവ. അതിന്റെ അടിസ്ഥാനത്തിൽ ബദൽ ജീവിതമാതൃകകൾ സൃഷ്ടിക്കാൻ കുട്ടികൾ ശ്രമിക്കണം.  കൊച്ചു കൊച്ചു പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ജീവിക്കാൻ ശ്രമിക്കണം. അതിനു സഹായിക്കാവുന്ന ഗുരുനാഥന്മാരെയും കൂട്ടുകാരെയും കണ്ടെത്തണം.

പ്രസാദ് മാഷ് എങ്ങനെയാണ് ഒരു പ്രകൃതി സ്നേഹിയായത് ?

“എന്റെ അച്ഛൻ എം.കെ. കോരു വൈദ്യർസഹോദരൻ അയ്യപ്പന്റെ ശിഷ്യനാണ്. 1917  മെയ് 29 ന് ചെറായിയിൽ നടത്തിയ ചരിത്രപ്രധാനമായ പന്തിഭോജനത്തിൽ പങ്കെടുത്ത 12 പേരിൽ ഒരാൾ അച്ഛൻ ആയിരുന്നു. അച്ഛൻ വൈദ്യവൃത്തിയുടെ ഭാഗമായി പലയിടങ്ങളിലും പോയി ഔഷധസസ്യങ്ങൾ കൊണ്ടുവരും. വേരും, കായും, ഇലയും, പൂവും തണ്ടും എല്ലാം മരുന്നിന്  ഉപയോഗിക്കും. അങ്ങനെയുള്ള ജോലികൾക്ക് അച്ഛൻ എന്നെയും കൂടെ കൂട്ടും. എനിക്കങ്ങനെ കൊച്ചു നാളിലേ പ്രകൃതി നീരീക്ഷണത്തിനുള്ള അവസരമുണ്ടായി.  ഒരുപിടി മണ്ണിൽ ഒരായിരം കാര്യങ്ങൾ…! മണ്ണു കാക്കലാണ് മാനവരക്ഷയ്ക്കുള്ള പ്രധാന കർത്തവ്യം. പരിസ്ഥിതി വ്യൂഹത്തിന്റെ ചെറിയൊരു പരിഛേദമാണ് ഒരുപിടി മണ്ണ്. ഒരു പിടി മണ്ണ്
ട്രേയിലെടുത്ത് സൂചി കൊണ്ടിളക്കി പരിശോധിച്ചാൽ നിരവധി കാര്യങ്ങൾ മനസ്സിലാക്കാനാവും. അതിലെ ഘടകങ്ങളായ സൂക്ഷ്മാണുക്കൾ,
മണ്ണിര, ജൈവാശം, തുടങ്ങി വിവിധ കാര്യങ്ങൾ…

മണ്ണൊലിപ്പ് കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ, നദികളുടെ ഉത്ഭവം, മഴ പെയ്യുന്നതെങ്ങിനെ? അതിൽ മരങ്ങളുടെ പങ്കെന്ത് ? മഴമാപിനി എങ്ങനെഉണ്ടാക്കാം?, ഉപയോഗിക്കാം ?തുടങ്ങി നുറു നൂറ് അന്വേഷണങ്ങളും പ്രവർത്തനങ്ങളും കുട്ടികൾക്ക് നടത്താനാവും. പലപ്പോഴും ഇത്തരം പ്രവർത്തനങ്ങൾക്ക് മിക്ക സ്ക്കൂളുകളിലും അവസരമുണ്ടാകില്ല. മണ്ണ് കൈകൊണ്ട് തൊടാൻ മടിയുള്ളവരാണ് ഏറെയും.നഗ്നപാദരായി മണ്ണിൽ ചവിട്ടി നടക്കാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടോ? കർഷകർ ഉണ്ടായിരിക്കും. ആഗ്രഹിക്കുന്ന മിക്കവർക്കും അങ്ങനെ ചെയ്യാൻ ഭയമാണിന്ന്. അതിനാൽ പരിസ്ഥിതി പഠനം വീട്ടിൽ നിന്നു തന്നെതുടങ്ങണം. അവർ ചെടികൾക്കിടയിലൂടെ മണ്ണിൽ ചവിട്ടി നടക്കട്ടെ. ചുറ്റുപാടുള്ള സസ്യങ്ങളെ
കണ്ട് മനസ്സിലാക്കട്ടെ. അവയെ പട്ടികപ്പെടുത്തുകയും അവയുടെ ഔഷധമൂല്യം അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്യട്ടെ. കുറിപ്പുകൾ തയ്യാറാക്കട്ടെ. വീടിന് സമീപം കുളമുണ്ടെങ്കിൽ ഒരു ആവാസവ്യവസ്ഥ എന്ന നിലയിൽ അതിനെ വിശദമായ പഠനത്തിന് വിധേയമാക്കട്ടെ. അദ്ദേഹം പറഞ്ഞു നിർത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ കാവലാളായ, മഹാനായ ആ മനുഷ്യന് മധുരവും ഉപഹാരവും നൽകിയാണ് പരിഷദ്സംഘം അദ്ദേഹത്തോട് യാത്ര പറഞ്ഞത്.

പ്രൊഫ. എം.കെ.പ്രസാദ് ഇന്ത്യൻ ബയോഡൈവേഴ്സിറ്റി കോൺഗ്രസിൽ പങ്കെടുത്ത് സംസാരിക്കുന്നു.

പ്രൊഫ. എം കെ പ്രസാദ്

പെരുമന കോരു വൈദ്യരുടെയും ദേവകിയുടേയും അഞ്ചു മക്കളിൽ രണ്ടാമനായി എറണാകുളം ജില്ലയിലെ ചെറായിയിൽ ജനനം. ചെറായി വാടയ്ക്കകം ബാലവിദ്യാ രഞ്ജിനി എൽ പി സ്കൂൾ, ചെറായി വി.വി.എസ്. യു. പി. സ്കൂൾ , ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മെട്രിക്കുലേഷനും സസ്യശാസ്ത്രത്തിൽ ബിരുദവും നേടി.ബിരുദാനന്തര ബിരുദം രാജസ്ഥാനിലെ ബിർള കോളേജിൽ നിന്ന്. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് അധ്യാപകനായി തുടങ്ങിയ ഔദ്യോഗികജീവിതം മഹാരാജാസ് കോളേജിലെ പ്രിൻസിപ്പാൾ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, കോഴിക്കോട് സർവ്വകലാശാല പ്രോ. വൈസ് ചാൻസലർ എന്നീ പദവികൾ വരെ തുടർന്നു. പരിസ്ഥിതിസൗഹൃദ സുസ്ഥിര വികസന കാഴ്ചപ്പാട് അവതരിപ്പിച്ച് നിരവധി വേദികളിൽ പ്രസംഗിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻറ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഉപദേശക സമിതി അധ്യക്ഷൻ, സെന്റർ ഓഫ് എൻവയോൺമെൻറ് എജുക്കേഷൻ അംഗം തുടങ്ങി നിരവധി ഔദ്യോഗികവും അനൗദ്യോഗികവുമായ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രൊഫ.എം.കെ.പ്രസാദ് അന്തരിച്ചു
Next post Noted environmentalist M K Prasad passes way
Close