മിറാക്കിൾ ഫ്രൂട്ട് – എന്തും മധുരിപ്പിക്കും അത്ഭുതപ്പഴം 


ഡോ . സംഗീത ചേനംപുല്ലി 

ചുവപ്പ് നിറത്തിലുള്ള ചെറിയ പഴം, അത് കഴിച്ചാൽ പിന്നെ പുളിയുള്ളതെല്ലാം മധുരിക്കും. മിറാക്കിൾ ഫ്രൂട്ട് എന്ന അത്ഭുതപ്പഴത്തെപ്പറ്റി ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഈ കുഞ്ഞൻ പഴത്തിന് ഇത്രയും അത്ഭുതകരമായ കഴിവ് എങ്ങനെ എന്ന് കഴിച്ചവരെല്ലാം അത്ഭുതപ്പെട്ടിട്ടുമുണ്ടാവും . ആഫ്രിക്കക്കാരിയായ ഈ അത്ഭുതച്ചെടി നാവിൽ മധുരം ഉണർത്തുന്നതെങ്ങനെ എന്ന് നോക്കാം. 

അത്ഭുതപ്പഴത്തിന്റെ ചരിത്രം 

മദ്ധ്യ-പടിഞ്ഞാറൻ ആഫ്രിക്കയാണ് മിറാക്കിൾ ഫ്രൂട്ടിന്റെ ജന്മ ദേശം. Synsepalum dulcificum എന്ന് ശാസ്ത്രീയ നാമമുള്ള ഇത് സപ്പോട്ടയുടെ കുടുംബക്കാരിയാണ്. കോംഗൊ, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ പണ്ട് മുതലേ ആഹാരത്തിൽ ചേർക്കാൻ ഉപയോഗിക്കപ്പെട്ടിരുന്നു . പുളിയുള്ള റൊട്ടിയെ സ്വാദുള്ളതാക്കാനും പനവീഞ്ഞിന് മധുരം നൽകാനുമൊക്കെ ഇതുപയോഗിച്ചിരുന്നു. 1725 ൽ റെയ്നോദ് ഡീ മാർക്കൈസ് ആണ് മിറാക്കിൾ ഫ്രൂട്ടിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത് . എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയും ഇതിന്റെ അത്ഭുതകരമായ പ്രവര്ത്തനത്തിന്റെ കാരണം കണ്ടെത്തപ്പെട്ടിരുന്നില്ല. 1968 ൽ മിറാക്കുലിൻ എന്ന രാസഘടകമാണ് ഇതിന്റെ സവിശേഷതകൾക്ക് കാരണം എന്ന് തിരിച്ചറിയുകയും 1989 ൽ ജപ്പാനിൽ നിന്നുള്ള ഒരു ശാസ്ത്ര സംഘം അതിന്റെ ഘടനയുടെ ചുരുളഴിക്കുകയും ചെയ്തു.

മധുരത്തിന്റെ രഹസ്യം 

മറ്റ് പല ഫലങ്ങളുടേയും പോലെ ഫൈറ്റോ കെമിക്കലുകളുടെ കലവറയാണ് മിറാക്കിൾ ഫ്രൂട്ടും. അതിലൊന്നാണ് അത്ഭുത മധുരത്തിന് പിന്നിലെ തന്മാത്രയായ മിറാക്കുലിൻ. അത്ഭുതങ്ങൾ കാട്ടുന്ന കൺകെട്ട് വിദ്യകൾ പോലെ ഒരു നാവുകെട്ട് വിദ്യയാണ് മിറാക്കുലിന്റേത്. ഇത് ഒരു ഗ്ലൈക്കോപ്രോട്ടീനാണ്. കാർബോഹൈഡ്രേറ്റ് , പ്രോട്ടീൻ ഭാഗങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന തന്മാത്രകളാണ് ഗ്ലൈക്കോപ്രോട്ടീനുകൾ.

Miraculin ഘടന കടപ്പാട് വിക്കിപീഡിയ

മധുരം , ഉപ്പ്, കയ്പ്പ് , പുളി, ഉമാമി എന്നിങ്ങനെ അഞ്ച് തരം രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന രുചിമുകുളങ്ങളാണ് നമുക്കുള്ളത്. ഭക്ഷണത്തിൽ അടങ്ങിയ സ്വാദുത്പാദിപ്പിക്കാൻ സഹായിക്കുന്ന ഫങ്ഷണൽ ഗ്രൂപ്പുകൾ (ഒന്നോ അതിലധികമോ ആറ്റങ്ങൾ ചേർന്നുണ്ടാകുന്നതും ചില പ്രത്യേക രാസ സ്വഭാവങ്ങൾ കാണിക്കുന്നതുമായ ഗ്രൂപ്പുകളാണ് ഇവ , ഉദാഃ  ആൽക്കഹോൾ -OH) രുചിമുകുളങ്ങളുമായി ബന്ധിക്കപ്പെടുമ്പോഴാണ് നാം രുചികൾ തിരിച്ചറിയുന്നത് . നാവിലെ മധുരം തിരിച്ചറിയാൻ സഹായിക്കുന്ന രുചിമുകുളങ്ങളുമായി മിറാക്കുലിൻ പറ്റിച്ചേരും, കൃത്യമായി പറഞ്ഞാൽ ഇവയുടെ പുറത്തുള്ള ആവരണവുമായി. സാധാരണ pH ൽ മിറാക്കുലിന് മധുരമില്ല. മാത്രമല്ല രുചിമുകുളങ്ങളെ മൂടിവെച്ച്  ബന്ധനം തടയുന്നതിനാൽ മറ്റ് വസ്തുക്കൾക്ക് മധുരം ഇല്ലാതാക്കുകയും ചെയ്യും. എന്നാൽ താഴ്ന്ന pH ൽ  അതായത് ആസിഡ് സ്വഭാവമുള്ള ഭക്ഷണം കഴിക്കുമ്പോൾ കഥ മാറും. താഴ്ന്ന pH ൽ മിറാക്കുലിന്റെ ഘടനയ്ക്ക് മാറ്റം സംഭവിക്കുകയും അത് മധുരം തിരിച്ചറിയുന്ന രുചി മുകുളവുമായി ബന്ധിക്കപ്പെടുകയും ചെയ്യും. അത് ഈ രുചിമുകുളങ്ങളെ ഉദ്ദീപിപ്പിച്ച് തലച്ചോറിലേക്ക് മധുരമുള്ള സന്ദേശങ്ങൾ അയക്കും. പിന്നെ എല്ലാ രസവും മധുരമായി മാറും. പുളിയുള്ള നാരങ്ങയൊക്കെ മധുരത്തോടെ കടിച്ച് തിന്നാം. ഉമിനീർ ഈ രാസവസ്തുവിനെ പൂർണ്ണമായും നീക്കം ചെയ്യും വരെ അതായത് അര മണിക്കൂറോളം ഇതിന്റെ അത്ഭുതം നിലനിൽക്കും. മറ്റ് പതിമൂന്ന് രാസവസ്തുക്കൾ കൂടി മിറാക്കിൾ ഫ്രൂട്ടിൽ നിന്ന് വേർത്തിരിച്ചെടുത്തിട്ടുണ്ട്.

മിറാക്കുലിന്റെ സാധ്യതകൾ 

പുളിപ്പിനേയും മധുരമാക്കി മാറ്റുന്ന മിറാക്കുലിന്റെ അത്ഭുത വിദ്യ നമുക്ക് എങ്ങനെയാണ് ഉപയോഗപ്പെടുത്താൻ കഴിയുക ? പഞ്ചസാര കഴിക്കാനാകാത്ത പ്രമേഹ രോഗികൾക്ക് മധുരത്തിനുള്ള പകരക്കാരനായി ഇത് ഉപയോഗിക്കാൻ കഴിയും . മാത്രമല്ല പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണത്തിനും അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുമുണ്ട്. അവർക്കും മിറാക്കുലിൻ ആശ്വാസം നല്കും.  1970 കളിൽ റോബർട്ട് ഹാർവേ എന്ന ബയോകെമിസ്ട്രി വിദ്യാർഥി വൻതോതിൽ  മിറാക്കുലിൻ നിർമ്മിക്കാനായി മിറാലിൻ കോർപ്പറേഷൻ എന്ന കമ്പനി സ്ഥാപിച്ചിരുന്നു. എന്നാൽ FDA യുടെ അംഗീകാരം നേടാനായില്ല. സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഭക്ഷ്യ ചേരുവകളുടെ പട്ടികയിലാണ് US Food and Drug Administration ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത് . സസ്യത്തിൽ നിന്നുള്ള ഏത് ഉത്പന്നവും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഇവയിൽ നിന്ന് വേർത്തിരിച്ചെടുക്കുന്ന പദാർഥങ്ങളിൽ പലതരം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാവും. പലതും ആരോഗ്യത്തിന് ദോഷകരവുമാകാം. ചില ഘടകങ്ങൾ പാചകം ചെയ്യാതെ കഴിക്കുന്നതും അപകടം ഉണ്ടാക്കും. അതുകൊണ്ട് ഷുഗർ മാറാൻ കറ്റാർവാഴ നീരും പാവക്ക നീരും ഒക്കെ കുടിക്കും മുമ്പ് ഒന്ന് ആലോചിക്കുന്നത് നന്നാവും.

മിറാക്കുലിൻ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ വേറെയും പരിമിതികൾ ഉണ്ട്. പ്രത്യേക കാലാവസ്ഥയിൽ മാത്രമാണ് മിറാക്കിൾ ചെടി വളരുക. കുഞ്ഞു കായ്കളിൽ നിന്ന് കിട്ടുന്ന മിറാക്കുലിന്റെ അളവാകട്ടെ തീരെ കുറവും. ഇത് വില വല്ലാതെ കൂടാനും കാരണമാകും. മിറാക്കുലിൻ ഉത്പാദിപ്പിക്കുന്ന ജീനിനെ ബാക്റ്റീരിയയിലും യീസ്റ്റിലും ഉൾക്കൊള്ളിച്ച് വൻതോതിൽ ഉത്പാദിപ്പിക്കാൻ ആയിരുന്നു ആദ്യ ശ്രമം. ഇൻസുലിൻ നിർമ്മിക്കുന്നതിന് സമാനമായ പ്രക്രിയയാണിത്. എന്നാൽ ഇങ്ങനെ നിർമ്മിച്ച മിറാക്കുലിന് അതിന്റെ അത്ഭുത സ്വഭാവം നഷ്ടമായിരുന്നു. സസ്യങ്ങളിൽ വെച്ച് മാത്രം സാധ്യമാകുന്ന ചില രാസപ്രവർത്തനങ്ങൾ നടക്കാത്തതാണ് കാരണം  എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിന് പരിഹാരമായി മിറാക്കുലിൻ ഉത്പാദിപ്പിക്കുന്ന ജീനിനെ ലെറ്റിസിലും തക്കാളിയിലും ഒക്കെ ഉൾപ്പെടുത്താൻ ശ്രമിച്ചു. അത് വിജയം കണ്ടു. തക്കാളിയിൽ കൂടിയ അളവിൽ മിറാക്കുലിൻ നിർമ്മിക്കപ്പെട്ടു എന്ന് മാത്രമല്ല ഈ ഗുണം വിത്തിലൂടെ അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുന്നതായും കണ്ടെത്തി. ജനിതക വ്യതിയാനത്തിലൂടെ ഉത്പാദിപ്പിക്കുന്ന മിറാക്കുലിന്റെ സുരക്ഷ ഉറപ്പാക്കി കഴിഞ്ഞാൽ അത് വിപണിയിൽ എത്തിക്കാൻ കഴിയും. ഒപ്പം ഒരുപാട് പരിമിതികളും പ്രശ്നങ്ങളും ഉള്ള കൃത്രിമ മധുരങ്ങൾക്ക് ഒരു പകരക്കാരനെ കണ്ടെത്താനും കഴിയും.

ചൂട് കൂടിയ ഈർപ്പമുള്ള കാലാവസ്ഥ ആയതിനാൽ നമ്മുടെ നാട്ടിലും ഈ അത്ഭുതച്ചെടി വളരും.  ഐ ആർ ടി സിയുടെ സമത വില്ലേജിലെ നഴ്സറിയിൽ നിന്നാണ് ഈ മന്ത്രികനെ ആദ്യമായി പരിചയപ്പെട്ടത്. അന്ന് കടിച്ച നാരങ്ങയുടെ മധുരം ദാ ഇപ്പഴും നാവിൻ തുമ്പിൽ!

പാലക്കാട് മുണ്ടൂർ ഐ ആർ ടി സിയുടെ സമത വില്ലേജ് നഴ്സറി

അവലംബം 

  1. https://www.sciencedirect.com/science/article/pii/S2405844020326797
  2. Miraculin: The Miracle in Miracle Fruit

 

Leave a Reply