Read Time:6 Minute
ബഹിരാകാശവാരത്തിന്റെ രണ്ടാം ദിവസം സോവിയറ്റ് യൂണിയന്റെ അത്ഭുതം സൃഷ്ടിച്ച മിർ എന്ന ബഹിരാകാശ നിലയത്തെ കുറിച്ചാണ് പറയുന്നത്. മിർ എന്നാൽ “സമാധാനം” എന്നാണ് റഷ്യൻ ഭാഷയിൽ അർഥം. മോഡുലാർ മാതൃകയിൽ, വ്യത്യസ്ത ഭാഗങ്ങൾ ബഹിരാകാശത്തു കൊണ്ടുപോയി അവിടെ വെച്ച് അസംബിൾ ചെയ്തു നിർമിച്ച ബഹിരാകാശ നിലയമായിരുന്നു മിർ. ഒരു ബേസ് മോഡ്യൂളും ആറു സഹമൊഡ്യൂളുകളും ധാരാളം സൗരപാനലുകളും ചേർന്ന് ബഹിരാകാശത്തു അതൊരു വലിയെ തുമ്പിയെപ്പോലെ നിലകൊണ്ടു. അഞ്ചു വർഷം ആയുസ്സു കല്പിച്ചിരുന്ന മിർ അതിന്റെ മൂന്നിരട്ടി, 15 വർഷം ബഹിരാകാശത്തു പ്രവർത്തിച്ചു.
മിറിനെ കുറിച്ച് സോവിയറ്റ് യൂണിയന്റെ മുഖ്യ പ്രതിയോഗി ആയ നാസയുടെ റെക്കോർഡുകളിൽനിന്നും ഉദ്ധരിക്കട്ടെ (1991 നു ശേഷമുള്ളത്) : “റഷ്യയുടെ കഴിഞ്ഞ കാലത്തേ ഉജ്ജ്വല നേട്ടങ്ങളുടെയും വരും കാലത്തെ ബഹിരാകാശ നേതൃത്വത്തിന്റെയും മുദ്രയായി അതിന്റെ ആയുഷ്കാലത്തു ഒരു ഇതിഹാസമായി മിർ നിലകൊണ്ടു………സന്തോഷകരമായ കൂടിച്ചേരലിന്റെയും ധീരമായ പ്രവർത്തികളുടെയും ഭീതിപ്പെടുത്തുന്ന നിമിഷങ്ങളുടെയും സീൻ ആയിരുന്നു മിർ അപകടം നിറഞ്ഞ തീപിടുത്തത്തെയും അന്ത്യം കുറിച്ചക്കാവുന്ന കൂട്ടിയിടിയെയും നിയന്ത്രണം നഷ്ടപ്പെട്ട് തകിടം മറിയലിനെയും മിർ അതിജീവിച്ചു. റഷ്യയുടെ മഹത്തായ നേട്ടങ്ങളുടെയും ബഹിരാകാശ ഗവേഷണ രംഗത്തെ നേതൃത്വത്തിന്റെയും പ്രതീകമായി മിർ ഉയർന്നു നിന്നു. വർഷങ്ങളിലൂടെ, പുതിയ മോഡലുകൾ ചേർത്തും ഇടക്കൊക്കെ അവയെ മാറ്റി ഘടിപ്പിച്ചും ബഹിരാകാശത്തു ഇന്നേവരെ കണ്ടിട്ടില്ലാത്ത അസാധാരണവും ആശ്ചര്യജനകവുമായ ഒരു വലിയ നിലയമാണ് റഷ്യക്കാർ നിർമ്മിച്ചത്.
പല ദീർഘകാല റെക്കോർഡുകളും മിർ ആണ് സൃഷ്ടിച്ചത്.
ഡോ .വലേറി പോളിയാക്കോവ് (Valeri Polyakov) മിറിൽ 437 ദിവസവും 17 മണിക്കൂറും 38 മിനുട്ടും തുടർച്ചയായി ഒരൊറ്റ യാത്രയിൽ കഴിച്ചു റെക്കോർഡ് സൃഷ്ടിച്ചു. യൂ എസ്.എ.യുടെ ഷാനോൻ ലൂസിഡ് തുടർച്ചയായി 188 ദിവസവും 4 മണിക്കൂറും കഴിച്ചു സ്ത്രീകളുടെ ദീർഘകാല താമസ റെക്കോർഡ് ഉണ്ടാക്കി. (ഇത് പിന്നീട് സുനിത വില്യംസും , അതിൽ പിന്നീട് ക്രിസ്റ്റിന കോച്ചും തിരുത്തിയിട്ടുണ്ട് – ലേഖകൻ) 23,000 ശാസ്ത്ര-മെഡിക്കൽ പരീക്ഷണങ്ങളുടെ ലബോറട്ടറിയായിരുന്നു മിർ. ആദ്യമായി ബഹിരാകാശത്ത് വിത്തിൽ നിന്നും വിത്തുവരെ ഗോതമ്പു കൃഷി നടത്തി. 86000 തവണ മിർ ഭൂമിയെ വലം വെച്ചു.
39 ദൗത്യങ്ങളിലായി 104 പേർ മിറിൽ എത്തി. അതിൽ 11 പേര് സ്ത്രീകളായിരുന്നു. 18 പേർ രണ്ടു പ്രാവശ്യവും 4 പേർ മൂന്ന് പ്രാവശ്യവും ഒരാൾ നാലു പ്രാവശ്യവും മറ്റൊരാൾ അഞ്ച് പ്രാവശ്യവും മിർ സന്ദർശിച്ചു. ഇവരിൽ 42 സോവിയറ്റ്/റഷ്യക്കാർ , 44 അമേരിക്കക്കാർ, 6 ഫ്രഞ്ചുകാർ , 4 ജർമൻകാർ, അഫ്ഗാനിസ്ഥാൻ, ഓസ്ട്രിയ ,ബൾഗേറിയ കാനഡ, ജപ്പാൻ, സ്ലൊവാക്യ, സിറിയ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും ഉണ്ടായിരുന്നു.
എന്തായിരുന്നു മിർ ?
ആകമോ പുറമോ പെയിന്റ് ചെയ്യാൻ പറ്റാത്ത ഒരു വീട്. അതിനകത്തു മിക്കവാറും എപ്പോഴും 6 പേര് താമസം. മറ്റൊരു 100 പേര് 2 ഉം 3 ഉം പേരായി ഇടക്കൊക്കെ വരികയും താമസിക്കുകയും തിരിച്ചു പോകുകയും ചെയ്യുന്നു. മുറികൾ നിറയെ ഉപകരണങ്ങളും, ഭക്ഷണവും ഇന്ധനവും മറ്റും സ്റ്റോർ ചെയ്തിരിക്കുന്നു. മാസങ്ങളോളം എച്ചിലും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കളയാതെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഇടക്കൊരു തീ പിടുത്തവും, പുറത്തു ഒരു മോട്ടോർ വാഹനം വന്ന് ഇടിയും നിരന്തരം പര സഹസ്രം ചെറിയ കല്ലുകൾ വന്നു വീട്ടിന്മേൽ പതിക്കുകയും ചെയ്യുന്നു. ഇതിനില്ലാത്തിനുമിടയിൽ ആളുകൾ വന്നു താമസിച്ചു ജോലി ചെയ്യുകയും, സന്ദർശകർ വന്നെത്തുകയും അവരെ സ്വീകരിക്കലും ചെയ്താൽ എന്തായിരിക്കും ആ വീടിന്റെ സ്ഥിതി?, അഞ്ചു കൊല്ലത്തേക്ക് മാത്രം ഉപയോഗിക്കാൻ പണിത വീട്, തട്ടിയും മുട്ടിയും 15 വർഷം താമസിച്ചുകൊണ്ടിരിക്കുക!! ഇതായിരുന്നു മിറിന്റെ സ്ഥിതി. സത്യത്തിൽ ഒരു മഹാത്ഭുതം തന്നെ. 2001 മാർച്ചിൽ മിറിന് ഡി-ഓർബിറ്റ് ചെയ്തു അന്തരീക്ഷത്തിൽ പ്രവേശിപ്പിച്ചു നശിപ്പിച്ചു വിട നൽകി
Related
0
0