വിജയകുമാര്‍ ബ്ലാത്തൂര്‍
മറ്റ് ആർത്രോപോഡുകളിൽ നിന്നും വ്യത്യസ്ഥമായി തേരട്ടകൾ കൂടുതൽ ആയുസ്സുള്ളവരാണ്. ചില സ്പീഷിസുകൾ ഏഴു വർഷം വരെ ജീവിക്കും. ആൺ തേരട്ടകൾ ഒരു ഇണചേരൽ കാലം കഴിഞ്ഞാൽ അതോടെ ആയുസ്സൊടുങ്ങി മരിച്ചുപോകുകയാണ് ചെയ്യുക. എന്നാൽ പെൺ തേരട്ടകൾ പിന്നെയും ഉറപൊഴിക്കൽ നടത്തി വീണ്ടും പുതിയ ആളായി വളർന്ന് പുത്തൻ ജീവിതം വീണ്ടും തുടരും.
കരഭൂമിയിൽ അന്റാർട്ടിക്കിലൊഴികെ ബാക്കിയെല്ലായിടത്തും തേരട്ടകളുണ്ട് ജീവൻ ജലത്തിൽ പരിണമിച്ചുണ്ടായശേഷം കരയിലേക്ക് കയറി ജീവിതം ആരംഭിച്ച ആദ്യ ജീവികളാണിവരുടെ പൂർവ്വികർ . കരയിൽ ശ്വസിക്കാനുള്ള ശ്വസന സംവിധാനങ്ങൾ 428 ദശലക്ഷം വർഷം പഴക്കമുള്ള ഒരു തേരട്ട ഫോസിലിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്.. 450 ദശലക്ഷം വർഷം മുമ്പ് സിലുറിയൻ കാലത്ത് തന്നെ ഇവർ പരിണമിച്ചുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്.. ചരിത്രാതീത കാലത്തു ജീവിച്ചിരുന്ന ചില ഇനം തേരട്ടകൾ രണ്ട് മീറ്റർ വരെ നീളമുള്ളവയാണെങ്കിലും ഇപ്പോൾ കണ്ടെത്തിയവയിൽ ഏറ്റവും വലിയവരായ ആഫ്രിക്കൻ ഭീമൻ തേരട്ടയ്ക്ക് (Archispirostreptus gigas ) പോലും 38 സെന്റീമീറ്റർ നീളമേ ഉള്ളു. ഡിപ്ലോപോഡ ക്ലാസിൽ പെട്ട ഇവയുടെ ശരീരം നിരവധി ഖണ്ഡങ്ങൽ അഥവാ ചുറ്റുകൾ ചേർന്നതാണ്. ഓരൊ ഖണ്ഡത്തിലും രണ്ടു ജോഡി കാലുകൾ ഉണ്ടാവും. മില്ലിപെഡ് എന്നാണ് സാധാരണ ഇംഗ്ളീഷ് നാമം ‘ആയിരം കാലൻ’ എന്നർഥമുള്ള ലാറ്റിൻ വാക്കിൽ നിന്നാണ് ഈ പേര് കിട്ടിയത്. പക്ഷെ ഇതുവരെയായും ആയിരം കാലുള്ള ഒറ്റ തേരട്ടയേയും കണ്ടെത്താനായിട്ടില്ല. ഏറ്റവും കൂടുതൽ കാലുകളുള്ള ഇനമായ കാലിഫോർണിയയിലെ Illacme plenipes നുപോലും 750 കാലുകളേ ഉള്ളു. തേരട്ടയുമായി വലിയ അടുപ്പം ഇല്ലാത്ത ആക്രമകാരികളായ പഴുതാരകളുടെ പേര് ‘നൂറുകാലൻ‘ (സെന്റി പെഡ്) എന്നാണല്ലൊ. പഴുതാരകളുടെ ഓരോഖണ്ഡത്തിലും ഓരോ ജോഡി കാലുകളേ ഉണ്ടാവുകയുള്ളു. തേരട്ടകളുടെ ശരീരം ഇരുപതു മുതൽ അറുപതുവരെ ചെറുഖണ്ഡങ്ങൾ ചേർന്ന കുഴല്പോലെ ഉരുണ്ടോ അടിഭാഗം പരന്നോ ഒക്കെയാണ് കാഴ്ചയിൽ.

ലോകത്ത് 12000 ഇനം തേരട്ടകളെ ഇതുവരെയായി കണ്ടെത്തീട്ടുണ്ട്. എങ്കിലും എൺപതിനായിരം വരെ സ്പീഷിസുകൾ ഭൂമുഖത്ത് ഉണ്ടാവാം എന്നാണ് കരുതപ്പെടുന്നത്. അഴുകിയ ഇലകൾ തന്നെയാണ് പ്രധാന ഭക്ഷണം. ഇവയില്ലെങ്കിൽ മരത്തണലുകളിലെ ഇലക്കൂമ്പാരങ്ങൾ അഴുകി മണ്ണാകാൻ കാലമേറെ വേണ്ടിവരുമായിരുന്നു. മറ്റു ജൈവാവശിഷ്ടങ്ങളും പൂപ്പലുകളും നുറുക്കിഅഴുകാൻ സഹായിക്കുന്നതും ഇവർ തന്നെ. ചിലയിനങ്ങൾ സസ്യനീരുകൾ ഊറ്റിക്കുടിച്ച് ചില ശല്യങ്ങൾ കൃഷിക്കാർക്ക് അപൂർവ്വമായി ചെയ്യാറുണ്ടെന്ന് മാത്രം. ശത്രുക്കളുടെ മുന്നിൽ പെട്ടാൽ കുഞ്ഞിക്കാലുകൾ കൊണ്ട് ഓടിഒളിക്കാൻ പെട്ടെന്ന് ആവില്ല. രക്ഷപ്പെടാനുള്ള സൂത്രപ്പണിയാണ് അരിനുറുക്കു പോലെ ചുരുക്കം. തവിട്ടോ കറുപ്പോ നിറത്തിലുള്ള പുറം ഭാഗത്തെ ഉറപ്പുള്ള കവചഖണ്ഡങ്ങൾ എളുപ്പത്തിൽ നുറുക്കാൻ പറ്റില്ല . ചുരുണ്ട് കിടക്കുമ്പോൾ മൃദുവായ ഉദരഭാഗവും കാലുകളും ഒളിപ്പിച്ച് രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത് . വട്ടത്തിൽ ഇറുങ്ങി പരന്ന് ചുരുണ്ട് കിടക്കുന്ന ഇതിനെ കൊത്തി വിഴുങ്ങാൻ പക്ഷികൾക്കും മറ്റ് ഇരപിടിയന്മാർക്കും വിഷമമായതിനാൽ ഒഴിവാക്കിവിടും. കൂടാതെ ചുരുളും മുമ്പ് രൂക്ഷഗന്ധവും അരുചിയും ഉള്ള ഫിനോളിക്ക് സ്രവങ്ങൾ തേരട്ടകൾ പുറപ്പെടുവിപ്പിക്കുകയും ചെയ്യും. ചവറുകളും ഇലയും ഒക്കെ തിന്നു ദ്രവിപ്പിച്ച് മണ്ണിനു ഫലഭൂയിഷ്ടാമാക്കുന്നതിൽ ഇവർക്ക് പ്രധാന പങ്കാണുള്ളത്. എങ്കിലും Xenobolus carnifex എന്ന ഇനം നമ്മുടെ നാട്ടിൽ പഴയ കാലത്ത് ഓലമേഞ്ഞ വീടുകളിലെ വലിയ ശല്യക്കാരായിരുന്നു. തേരട്ടകളെ ക്കുറിച്ചുള്ള പഠിനശാഖയാണ് diplopodology

വിരിഞ്ഞിറങ്ങുമ്പോൾ വെറും മൂന്നു ജോഡി കാലുകളും ആറുഖണ്ഡങ്ങളും മാത്രമേ ഉണ്ടാകുകയുള്ളൂവെങ്കിലും ഓരൊ തവണയും ഉറപൊഴിച്ച് വളരുമ്പോൾ പുതുതായി ഖണ്ഡങ്ങളും കാലുകളും ചേർക്കപ്പെടുന്നു. ഒന്നാം ഖണ്ഡത്തിൽ കാലുകൾ ഉണ്ടാവില്ല .നാലുവരെഉള്ള കഷണങ്ങളിലും സ്പീഷിസുകൾ അനുസരിച്ച് കാലുകളുടെ സാന്നിദ്ധ്യത്തിൽ വ്യത്യാസം കാണും. ഉറപൊഴിക്കൽ കാലത്ത് ഇവ ഒളിവിടങ്ങളിൽ ഇരപിടിയന്മാരുടെ കണ്ണിൽപ്പെടാതെ മാളങ്ങളിലും സസ്യാവശിഷ്ടങ്ങൾക്കടിയിലും ആയായിരിക്കും ജീവിക്കുക. ചിലയിനം പഴുതാരകളും തേരട്ടകളും ഒറ്റനോട്ടത്തിൽ പരസ്പരം മാറി ആശയക്കുഴപ്പം ഉണ്ടാക്കും. മാംസഭോജികളാണ് പഴുതാരകൾ പൊതുവെ. ഒരോ ഖണ്ഡത്തിലും ഒരു ജോഡികാലുകൾ മാത്രമുള്ള പഴുതാരകളുടെ അവസാനത്തെ ഒരുജോഡി കാലുകൾ പിറകിലേക്ക് ചരിഞ്ഞ് ആയിരിക്കും ഉണ്ടാവുക. .തേരട്ടയുടെ കാലുകൾ അടിഭാഗത്താണെങ്കിൽ പഴുതാരയുടെ കാലുകൾ അരികുകളിലാണുണ്ടാവുക.

പ്രതുത്പാദന കാര്യത്തിലും പല സ്പീഷിസുകളിലും വ്യത്യാസം കാണിക്കുന്നുണ്ട് . ചിലവയിൽ ആൺ വർഗ്ഗങ്ങൾ ഒട്ടും ഇല്ല . പാർത്തനോജെനിസിസ് എന്ന രീതിയിൽ ബീജ സങ്കലനം നടക്കാതെ തന്നെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നു. സാധാരണയായി ആണിലും പെണ്ണിലും ലൈംഗീക അവയവം മൂന്നാം ഖണ്ഡത്തിലാണുണ്ടാവുക . എന്നാൽ ആൺ തേരട്ടയുടെ ഏഴാം ഖണ്ഡത്തിലെ ഒരുജോഡി കാലുകൾ രൂപാന്തരണം സംഭവിച്ച് ബീജത്തെ പെൺ സ്വീകരണിയിൽ നിക്ഷേപിക്കുന്നതിനുള്ള അവയവമായിമാറുന്നു. ഇതിനെ ഗോണോപോഡ്സ് എന്നാണ് വിളിക്കുക . ഇണചേർന്ന് കഴിഞ്ഞ പെൺ തേരട്ട മണ്ണിൽ കുഴികുത്തി അതിൽ മുട്ടയിടുന്നു.ചിലപ്പോൾ നൂറോളം മുട്ടകളുണ്ടാകും സ്വന്തം വിസർജ്ജ്യങ്ങൾ ഉപയോഗിച്ച് അവ കുഞ്ഞുങ്ങൾക്ക് ഒരു സംരക്ഷണ കവചം ഉണ്ടാക്കുന്നു. മുട്ടയിട്ടാൽ തേരട്ട അതിന്റെ പാട്ടിനുപോകും. ഏതാനും ആഴ്ച കൊണ്ട് മുട്ടകൾ വിരിയും.
