Read Time:8 Minute

ചൊവ്വയിൽ ഉൽക്കാപതനം

ചൊവ്വയിൽ ഉൽക്കാപതനം – പുറത്തെത്തിയത് മണ്ണിനടിയിൽ കിടന്ന ഐസ്, അവശിഷ്ടങ്ങൾ തെറിച്ചുപോയത് കിലോമീറ്ററുകളോളം ദൂരത്തിൽ

ഒരു ഭൂമികുലുക്കം, ഛേ… സോറി, ചൊവ്വാകുലുക്കം. അതും 4 മാഗ്നിറ്റ്യൂഡ് ഉള്ളത്. കഴിഞ്ഞ ഡിസംബർ 24നായിരുന്നു അതു സംഭവിച്ചത്. നാസയുടെ ഇൻസൈറ്റ് ലാൻഡർ അന്ന് റെക്കോഡ് ചെയ്ത ആ ചൊവ്വാകുലുക്കത്തിന്റെ കാരണം കഴിഞ്ഞ ദിവസമാണ് സയന്റിസ്റ്റുകൾ പുറത്തുവിട്ടത്. ഒരു ഉൽക്കാപതനമായിരുന്നത്രേ ഈ ചൊവ്വാകുലുക്കം സൃഷ്ടിച്ചത്.

പേടകങ്ങളൊക്കെ ചൊവ്വയിൽ പോയി പര്യവേക്ഷണം തുടങ്ങിയതിൽപ്പിന്നെ ഇത്രയും വ്യക്തമായൊരു ഉൽക്കാപതനം ദൃശ്യമായിട്ടില്ലെന്നാണ് നാസ പറയുന്നത്. ഉൽക്ക വന്ന് ചൊവ്വയിൽ ഇടിച്ചിറങ്ങിയതിനെക്കാൾ വലിയൊരു കണ്ടെത്തലും ഇതിന്റെ കൂടെയുണ്ടായി. ഇടിയുടെ ആഘാതത്തിൽ വലിയൊരളവിൽ ഐസ് പുറത്തുവന്നത്രേ. അതും വാട്ടർ ഐസ്!

Credit: NASA/JPL-Caltech/CNES/Imperial College London

ചൊവ്വയുടെ ചുറ്റും കറങ്ങുന്ന മാർസ് റക്കനൈസൻസ് ഓർബിറ്റർ എടുത്ത രണ്ടു ചിത്രങ്ങൾ പരിശോധിച്ചാണ് സയന്റിസ്റ്റുകൾ ഈ നിഗമനത്തിലേക്ക് എത്തിച്ചേർന്നത്; ഉൽക്കാപതനത്തിനു മുൻപും പിൻപുമുള്ള രണ്ടു ചിത്രങ്ങൾ. ഒക്ടോബർ 27ലെ ജേണൽ സയൻസിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചോ പത്തോ മീറ്റർ വലിപ്പം വരുന്നൊരു ഉൽക്ക. ഭൂമിയിലെങ്ങാനുമായിരുന്നേൽ തറയിലെത്തുംമുന്നേ കത്തിപ്പോയേനെ. പക്ഷേ ഇതു ചൊവ്വയായിപ്പോയി. നല്ല കരുത്തുറ്റ അന്തരീക്ഷം ഒന്നുമില്ല. അതോണ്ടുതന്നെ കത്തിത്തീരുവൊന്നും ഇല്ല. അങ്ങനെ അത് ചൊവ്വയിൽവന്ന് ഇടിക്കുകയാണു ചെയ്തത്.

ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ ചൊവ്വയിലുണ്ടായ ഗർത്തത്തെ അളന്നാണ് ഉൽക്കയുടെ വലിപ്പമൊക്കെ നിശ്ചയിക്കുന്നത്. കിറുകൃത്യമൊന്നും ആവില്ല. പകരം 5 മുതൽ 12വരെ മീറ്റർ വലിപ്പമുണ്ടായേക്കാം എന്നൊക്കെയേ പറയാനാകൂ.എന്തായാലും ഈ ഉൽക്കാപതനം സൃഷ്ടിച്ച ഗർത്തത്തിന് 150മീറ്റർ വലിപ്പമുണ്ട്, 21 മീറ്റർവരെ ആഴവും. ഉൽക്ക ചെറുതെങ്കിലും ഗർത്തം മോശമായില്ല എന്നു ചുരുക്കം. കഴിഞ്ഞില്ല, ഉൽക്കാപതനം കാരണം അവിടത്തെ മണ്ണും ഐസുമെല്ലാം 37കിലോമീറ്റർ അകലേക്കുവരെ തെറിച്ചുപോവുകയും ചെയ്തു! (മീറ്ററല്ല, കിലോമീറ്ററാണേ)

ഉൽക്കാപതനത്തിന് മുമ്പും ശേഷവും Credit: NASA/JPL-Caltech/CNES/Imperial College London

ചിത്രങ്ങളുടെയും ഇൻസൈറ്റ് പേടകത്തിൽനിന്നു ലഭിച്ച ചൊവ്വാകുലുക്ക ഡാറ്റയുടെയും അടിസ്ഥാനത്തിൽ ഒരു കാര്യം ഉറപ്പാണത്രേ. – സൗരയൂഥം മുഴുവൻ പരിശോധിച്ചാലും ഈയിടെ ഇത്രയും വലിയൊരു ഗർത്തം ഉണ്ടായതായി കാണാൻ കഴിയില്ല.

ഇൻസൈറ്റ് ദൗത്യം ഏതാണ്ട് അവസാനിപ്പിച്ചതായിത്തന്നെ പറയാം. അടുത്ത കുറച്ചു മാസങ്ങളായി ഇൻസൈറ്റിനു പ്രവർത്തിക്കാൻ അവശ്യമായ ഊർജ്ജം നൽകാൻ സോളാർപാനലുകൾക്കു കഴിയുന്നില്ല. പൊടിക്കാറ്റും പൊടിയും അത്രയുമധികം ഇൻസൈറ്റിനെ ബാധിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയായി ഇൻസൈറ്റ് നൽകിയ ഡാറ്റ ചെറുതൊന്നുമല്ല. അവയെല്ലാം ഇനി പഠനവിധേയമാക്കാൻ കിടക്കുന്നേയുള്ളൂ. ഇൻസൈറ്റ് പ്രവർത്തനം നിർത്തിയാലും കണ്ടെത്തലുകൾ തുടർന്നുകൊണ്ടേയിരിക്കും എന്നു ചുരുക്കം.

ഡിസംബർ മാസത്തിൽ സംഭവിച്ച പതനമായിട്ടും അതു കണ്ടെത്തിയത് രണ്ടു മാസത്തിനുശേഷം ഫെബ്രുവരിയിലാണ്. പിന്നീട് നിരവധി കണക്കുകൂട്ടലുകൾക്കു ശേഷമാണ് ഇത് ഡിസംബർ 24നാണ് എന്ന് ഉറപ്പിച്ചത്. ഇൻസൈറ്റ് ലാന്ററിൽനിന്നുള്ള ഡാറ്റ ഇതിനെ സഹായിക്കുകയും ചെയ്തു.

ചൊവ്വയിലുണ്ടായ ഗർത്തം – ഒരു അനിമേഷൻ

ചൊവ്വയിലെ ഐസ്

ഉൽക്കാപതനത്തെത്തുടർന്ന് പുറത്തേക്കു വന്ന ഐസ് മറ്റൊരു പ്രധാന കണ്ടെത്തലാണ്. ചൊവ്വയുടെ ഉപരിതലത്തിനടിയിൽ ഐസ് ഉണ്ടെന്ന കാര്യം മുൻപുതന്നെ നമുക്കറിയാം. എന്നാൽ മധ്യരേഖയോടു ചേർന്ന ഭാഗത്ത് ഇത്രയുമധികം ഐസ് കാണപ്പെടുന്നതാണ് കൂടുതൽ ആവേശം പകരുന്നത്. വരുംകാല ദൗത്യങ്ങൾക്കാണ് ഇത് വലിയ സഹായമാവുന്നത്. ജലം ഐസായി കിടപ്പുണ്ട് എന്നത് ചൊവ്വയിലിറങ്ങാൻ പോകുന്ന ഗവേഷകർക്ക് വലിയ ആശ്വസമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. ജലം എന്നാൽ ഗ്രഹാന്തരദൗത്യങ്ങളിൽ വെറും കുടിവെള്ളം മാത്രമല്ല. ഹൈഡ്രജനും ഓക്സിജനുമായി വേർതിരിച്ച് ഇന്ധനമുണ്ടാക്കാൻകൂടിയുള്ള നിധിയാണ് എന്നതുകൂടി കൂട്ടിവായിക്കണം എന്നു മാത്രം.

ചൊവ്വാക്കുലുക്കം – കേൾക്കാം

2021 ഡിസംബർ 24 ലൊ ചൊവ്വാക്കുലക്കം ഇൻസൈറ്റ് മാർസ് ലാൻഡർ റെക്കോർഡ് ചെയ്‌ത സിഗ്നലുകളുടെ സീസ്‌മോഗ്രാമും സോണിഫിക്കേഷനും ഉപയോഗിച്ച് ഉണ്ടാക്കിയ ശബ്ദരേഖ കേൾക്കാം. കടപ്പാട്: NASA/JPL-Caltech/CNES/ഇംപീരിയൽ കോളേജ് ലണ്ടൻ


ചൊവ്വാ വാർത്തകൾ

ലൂക്ക പ്രസിദ്ധീകരിച്ച ചൊവ്വാ വാർത്തകൾ വായിക്കാം

Happy
Happy
46 %
Sad
Sad
0 %
Excited
Excited
31 %
Sleepy
Sleepy
0 %
Angry
Angry
8 %
Surprise
Surprise
15 %

One thought on “ചൊവ്വയിൽ ഉൽക്കാപതനം

Leave a Reply

Previous post ജ്യോതിശ്ശാസ്ത്രരംഗം- പഠനാവസരങ്ങളും തൊഴിൽ സാധ്യതകളും – സെമിനാറിൽ പങ്കെടുക്കാം
Next post പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ: സംസ്ഥാന സെമിനാർ, കോഴിക്കോട്ട് ഇന്ന് തുടക്കമായി
Close