Read Time:12 Minute

പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?

മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.

ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber


കേൾക്കാം

ഡോ. ഡാലി ഡേവിസ് എഴുതുന്ന പംക്തി, അവതരണം : രാഹുൽ ടി.ഒ.

“ഒരു ഞായറാഴ്ച ദിവസം സൂര്യനുദിച്ചപ്പോൾ ആർത്തിക്കാരനായ ഒരു കുഞ്ഞൻ പുഴു ആ മുട്ടയിൽ നിന്ന് പുറത്തുവന്നു. അവൻ തിന്നാനെന്തുകിട്ടുമെന്ന് നോക്കി. തിങ്കളാഴ്ച അവൻ ഒരു ആപ്പിൾ തിന്നു. പക്ഷേ അവനു പിന്നെയും വിശപ്പുണ്ടായിരുന്നു, ചൊവ്വാഴ്ച അവൻ രണ്ട് മാങ്ങ തിന്നു, പക്ഷേ അവനു പിന്നെയും വിശപ്പുണ്ടായിരുന്നു. ബുധനാഴ്ച അവൻ 3 പ്ലം തിന്നു, പക്ഷേ അവനു പിന്നെയും വിശപ്പുണ്ടായിരുന്നു. വ്യാഴാഴ്ച അവൻ 4 സ്ട്രോബറി തിന്നു, പക്ഷെ അവനു പിന്നെയും വിശപ്പുണ്ടായിരുന്നു, വെള്ളിയാഴ്ച അവൻ 5 ഓറഞ്ച് തിന്നു. പക്ഷേ അവനു പിന്നെയും വിശപ്പുണ്ടായിരുന്നു. ശനിയാഴ്ച അവൻ ഒരു കഷ്ണം കേക്ക്, ഒരു ഐസ്ക്രീം, ഒരു മിഠായി, ഒരു പഴംപൊരി, ഒരു അപ്പം, ഒരു കഷ്ണം തണ്ണിമത്തങ്ങ എന്നിവ തിന്നു. അപ്പോൾ അവനു വയറു വേദന വന്നു. അന്ന് അവൻ ഒരു ഇലതിന്നു. പിന്നെ അവനു വിശന്നില്ല. അവൻ കൊക്കൂൺ എന്ന് പേരുള്ള ഒരു വീടുണ്ടാക്കി രണ്ടാഴ്ച അതിൽ കിടന്നുറങ്ങി. ശേഷം കൊക്കൂണിലൊരു ഓട്ടയുണ്ടാക്കി പുറത്ത് വന്ന അവൻ സുന്ദരനായ ഒരു പൂമ്പാറ്റയായി മാറിയിരുന്നു.”

കൊച്ചുകുട്ടികൾക്കുള്ള ‘ആർത്തിക്കാരനായ പുഴു’ എന്ന പുസ്തകത്തിലെ കഥയാണിത്. പുറത്തുവന്ന പുഴു ആ കഴിഞ്ഞുപോയ മൂന്നാഴ്ചകൾ എന്തൊക്കെ ചെയ്തു എന്നത് ഓർക്കുന്നുണ്ടാകുമോ? മാങ്ങയുടെ രുചിയോ ഐസ്ക്രീമിന്റെ തണുപ്പോ അതിനു ഓർമയുണ്ടാകുമോ?

നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ ഓർമ ഏതാണ്? ആദ്യമായി സ്കൂളിൽ പോയത്? ആദ്യമായി നടന്നുതുടങ്ങിയത്? ഒരു കുട്ടി ഋതുമതി അല്ലെങ്കിൽ പ്രായപൂർത്തിയാകുമ്പോൾ പഴയ ഓർമകൾ ഒക്കെ അതേ പോലെ ഉണ്ടാകുമോ? വർഷങ്ങളായി ശാസ്ത്രജ്ഞരെ അലട്ടിയിരുന്ന ചില ചോദ്യങ്ങളാണിവ.

40 ലേറെ വർഷമായി ഇതേ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.

ആദ്യമായി മുട്ടയിൽ നിന്ന് നേരിട്ട് ഒരു പ്രാണിയുണ്ടാകുന്നത് 48 കോടി വർഷങ്ങൾക്ക് മുൻപായിരിക്കും. എന്നാൽ രൂപാന്തരണം വഴി ഒരു പുഴു പൂമ്പാറ്റയാകുന്നത് പിന്നേയും കോടി വർഷങ്ങൾ കഴിഞ്ഞാണു, ഏതാണ്ടൊരു 35 കോടി വർഷം മുൻപായിരിക്കും ആദ്യമായി അങ്ങനെ സംഭവിച്ചിരിക്കുക. മുതിർന്ന ജീവികളും കുഞ്ഞുങ്ങളും തമ്മിൽ തീറ്റ തേടുന്നതിൽ ഉള്ള മത്സരം ഇല്ലാതാക്കി ആ ജീവികളെ സംരക്ഷിക്കുക എന്നതായിരിക്കാം രൂപാന്തരണത്തിന്റെ ലക്ഷ്യം. പുഴുവും പൂമ്പാറ്റയും ഒരേ ഭക്ഷണമല്ലല്ലോ തിന്നുന്നത്. ശരിക്കും ഇങ്ങനെ രൂപാന്തരണത്തിലൂടെ ഉണ്ടാകുന്ന ജീവികളായ പൂമ്പാറ്റ, പലതരത്തിലുള്ള ഈച്ചകൾ, ഉറുമ്പ് ഇവയുടെയൊക്കെ എണ്ണം നോക്കിയാലറിയാം പ്രകൃതി എത്ര ഗംഭീരമായ തന്ത്രമാണു ഈ കൊച്ചു ജീവികളുടെ കാര്യത്തിലുണ്ടാക്കിയെടുത്തിരിക്കുന്നതെന്ന് രസിച്ചു തിന്ന ഒരു മാമ്പഴത്തിന്റെ സ്വാദ് എങ്ങനെയാണ് ഒരു പുഴു മറക്കുന്നത്? എന്നിട്ട് അത് പൂക്കളിലെ തേൻ തേടിപ്പോകുന്നു എന്നതിന്റെ ഉത്തരം കിട്ടാൻ ശാസ്ത്രജ്ഞർ പഴയീച്ചകളിലെ ന്യൂറോണിന്റെ പുറകെ പോയി. ഓർമകൾ എല്ലാം സൂക്ഷിക്കുന്നത് അവിടെ ആണല്ലോ. ആദ്യം തന്നെ പുഴുവാകുമ്പോൾ ഉണ്ടാകുകയും പൂമ്പാറ്റയാകുമ്പോൾ ഇല്ലാതാകുകയും ചെയ്യുന്ന 10 ന്യൂറോണുകൾ കണ്ടുപിടിച്ചു. ഒരു പുഴു പ്യൂപ്പയാകുമ്പോൾ എന്ത് സംഭവിക്കുന്നു എന്നറിയാൻ കൊക്കൂൺ തുറക്കാനൊന്നും പറ്റില്ല; പുഴു ചത്തുപോകും. അതുകൊണ്ട് ഒരു മരുന്നിലൂടെ ചുവന്ന ഫ്ലൂറസെൻസ് ന്യൂറോണിൽ ഉണ്ടാക്കുന്ന ഘടകം കൂട്ടിചേർത്തു. എന്നിട്ട് ഈ പഴയീച്ചകളെ നിരന്തരം പഠിച്ചു.

പഴയീച്ച കൊക്കൂണിൽ നിന്നും പുറത്തുവരുന്നു. Dr. Jeremy Burgess/Science Source

പൊതുവേ, രൂപാന്തരണത്തിൽ പഴയീച്ചയുടെ ലാർവാശരീരകോശങ്ങളിൽ ഭൂരിഭാഗവും ചത്തുപോകുന്നുണ്ടെങ്കിലും, അതിന്റെ തലച്ചോറിലെ പല ന്യൂറോണുകളും മരിക്കുന്നില്ല. കാരണം പ്രാണികളിൽ ന്യൂറോണുകൾ ഉണ്ടാകുന്ന പ്രക്രിയയ്ക്ക് രൂപാന്തരണത്തേക്കാൾ പഴക്കമുണ്ട്. അതുകൊണ്ട് കുറച്ചധികം വളർന്ന പ്രാണികളിൽ ന്യൂറോണുകളെ പരിഷ്കരിക്കുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ പഴയീച്ചയുടെ ഒട്ടുമിക്കവാറും കോശങ്ങൾ രൂപാന്തരണത്തിൽ ചത്ത് ഇല്ലാതാകുമ്പോൾ ന്യൂറോണുകൾ പുതുക്കപ്പെട്ട് മറ്റൊരു പ്രവൃത്തിക്ക് ഉപയോഗിക്കുന്നു. മിഷിഗനിലെ ശാസ്ത്രജ്ഞർ പഴയീച്ചയി ലെ 10 ന്യൂറോണുകളെ ചുവന്ന ഫ്ലൂറസൻസ് ടാഗിട്ട് പഠിച്ചപ്പോൾ രൂപാന്തരണത്തിൽ ഏഴെണ്ണവും പുനരുപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ മൂന്നെണ്ണം ചത്തുപോവുകയും ചെയ്യുന്നു. ലാർവാ പുഴുവിൽ ഉണ്ടായിരുന്ന എല്ലാ ഇൻപു ട്ട്-ഔട്ട്പുട്ട് ബന്ധങ്ങളും അലിഞ്ഞ് രൂപാന്തരണത്തിൽ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്നൊരു നിർവികാരവസ്ഥയുണ്ടാകുന്നു. രൂപാന്തരണം കഴിയുമ്പോൾ പഴയ സ്വത്വം ഒന്നുമില്ല.

Merrill Sherman/Quanta Magazine; source: 10.7554/eLife.80594

ഓർമകൾ മണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു (ഓർമ്മകൾക്കെന്തു സുഗന്ധം ?). ഇത്തരം ഓർമകളെ അസ്സോസിയേറ്റിവ് ഓർമകൾ (associative memories) എന്ന് വിളിക്കുന്നു. അത്തരം ഓർമകൾ എല്ലാം തന്നെ രൂപാന്തരണത്തിൽ ഇല്ലാതാകുന്നു. അതിനാൽ പുഴുവായിരുന്നപ്പോൾ കാർന്നുതിന്ന മാമ്പഴത്തിന്റെ രുചി ഈച്ചയ്ക്ക് ഓർമയില്ല. പുതിയ ഇണയെ കണ്ടെത്തി പ്രജനനം നടത്തുക എന്നതാണ് അതിന്റെ ഇപ്പോഴത്തെ മുൻഗണന. പൂമ്പാറ്റയെപ്പോലെ കുറച്ചുകൂടി വികസിച്ച പ്രാണികളിൽ ഒരുപക്ഷേ അസോസിയേറ്റീവ് ഓർമകൾക്കൊപ്പം മറ്റുതരം ഓർമകളും കണ്ടേക്കാം. അതുകൊണ്ടാണ് നാരകത്തിൽ നിന്നും പറന്നുപോകുന്ന പൂമ്പാറ്റ വീണ്ടും മുട്ടയിടാൻ അങ്ങോട്ടുതന്നെ എത്തുന്നത്.

കാഫ്ക

“ഒരു ദിവസം കാലത്ത് ഗ്രിഗർ സാംസ ദുസ്വപ്നങ്ങളിൽ നിന്ന് ഉണർന്നു നോക്കിയപ്പോൾ താനൊരു ഭീമാകരനായ കീടമായി രൂപാന്തരപ്പെട്ടതായി കണ്ടു. “

ലോകപ്രശസ്ത കഥാകാരൻ ഫ്രാൻസിസ് കാഫ്കയുടെ മെറ്റമോർഫസിസ് (രൂപാന്തരണം) എന്ന കഥയുടെ തുടക്കവാചകമാണിത്. സാഹിത്യാസ്വാദകർ ഓർത്തിരിക്കുന്ന ഏറ്റവും പ്രശ്നമായ തുടക്കവാചകങ്ങളിൽ ഒന്നാണിത്. ദുരന്തമായിരുന്ന ഗ്രിഗർ സാംസയുടെ ജീവിതത്തിലെ ഓർമകൾ ഭീമാകാരനായ ഒരു പ്രാണിയായി രൂപാന്തരപ്പെട്ടതിനു ശേഷവും തുടരുകയാണ് കഥയിൽ.

ഒരുപക്ഷേ ഗ്രിഗർ സാംസ രൂപാന്തരപ്പെട്ടപ്പോൾ ശരിക്കും അയാളുടെ ഓർമ അലിഞ്ഞുപോയി മറ്റൊന്നായി മാറിയിട്ടുണ്ടായിരിക്കാം.


അധികവായനയ്ക്ക്

  1. https://elifesciences.org/articles/80594
  2. Why Insect Memories May Not Survive Metamorphosis

microscopic shot of a virus

പംക്തിയിലെ മറ്റു ലേഖനങ്ങൾ

Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
7 %
Surprise
Surprise
27 %

3 thoughts on “പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?

  1. In that case, how does the butterfly go to the specific plant/leaf for laying eggs? I have observed that most butterflies lay eggs on specific leaves of specific plants. If the memory of the caterpillar is not transferred to the butterfly, how do they find the same host plant?

    1. Article itself mention about this. “ഓർമകൾ മണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു (ഓർമ്മകൾക്കെന്തു സുഗന്ധം ?). ഇത്തരം ഓർമകളെ അസ്സോസിയേറ്റിവ് ഓർമകൾ (associative memories) എന്ന് വിളിക്കുന്നു. അത്തരം ഓർമകൾ എല്ലാം തന്നെ രൂപാന്തരണത്തിൽ ഇല്ലാതാകുന്നു. അതിനാൽ പുഴുവായിരുന്നപ്പോൾ കാർന്നുതിന്ന മാമ്പഴത്തിന്റെ രുചി ഈച്ചയ്ക്ക് ഓർമയില്ല. പുതിയ ഇണയെ കണ്ടെത്തി പ്രജനനം നടത്തുക എന്നതാണ് അതിന്റെ ഇപ്പോഴത്തെ മുൻഗണന. പൂമ്പാറ്റയെപ്പോലെ കുറച്ചുകൂടി വികസിച്ച പ്രാണികളിൽ ഒരുപക്ഷേ അസോസിയേറ്റീവ് ഓർമകൾക്കൊപ്പം മറ്റുതരം ഓർമകളും കണ്ടേക്കാം. അതുകൊണ്ടാണ് നാരകത്തിൽ നിന്നും പറന്നുപോകുന്ന പൂമ്പാറ്റ വീണ്ടും മുട്ടയിടാൻ അങ്ങോട്ടുതന്നെ എത്തുന്നത്.”

Leave a Reply

Previous post ആദിമ സൗരയൂഥത്തിന്റെ കഷ്ണത്തിൽ നൈട്രജനെന്താ കാര്യം?
Next post എം.എസ്. സ്വാമിനാഥൻ അന്തരിച്ചു
Close