Read Time:9 Minute

അല്ലാ, ഈ ആദിമസൗരയൂഥത്തിന്റെ കഷ്ണത്തിൽ നൈട്രജനെന്താ കാര്യം?

ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുമായി കഴിഞ്ഞ ദിവസം എത്തിയ പേടകത്തെ നല്ല ‘ക്ലീൻ റൂമിൽ’ ആണ് സൂക്ഷിച്ചിരിക്കുന്നത്. പോരാത്തതിന് അതിലൂടെ നല്ല നൈട്രജൻ പ്രവാഹം ഉറപ്പുവരുത്തുകേം ചെയ്തിട്ടുണ്ട്. സാമ്പിൾ ഇരിക്കുന്നിടത്തോളംകാലം അതിലൂടെ നൈട്രജൻ വാതകം ഒഴുക്കിവിടുക എന്നതാവും ആ മുറിസൂക്ഷിപ്പുകാരുടെ പ്രധാന പണി!

രണ്ടു വർഷം പിന്നോട്ടുപോകാം. അന്ന് ബെന്നുവിൽനിന്ന് സാമ്പിൾ ശേഖരിക്കാൻ ഒസിരിസ്-റെക്സ് ദൗത്യം ഉപയോഗിച്ച ഒരു സൂത്രമുണ്ട്. നല്ല മർദ്ദത്തിൽ നെട്രജൻ വാതകം ബെന്നുവിലേക്ക് ചീറ്റിക്കുക! അതിൽപ്പെട്ട് മുകളിലേക്കുയരുന്ന ബെന്നുവിന്റെ സാമ്പിളുകളെ അടിച്ചുമാറ്റി സൂക്ഷിക്കുക!

അവിടേം നൈട്രജൻ, ഇവിടേം നൈട്രജൻ! ആദിമസൗരയൂഥത്തിന്റെ സാമ്പിളിലെന്താ നൈട്രജനു കാര്യം എന്നു ചോദിച്ചുപോകും എല്ലാരും!

ഒക്സിജനെന്ന വില്ലനും നൈട്രജനെന്ന ഹീറോയും

അതല്പം കെമിസ്ട്രിയാ! നൈട്രജൻ ഒരു നിർഗുണപരബ്രഹ്മമാണെന്നാ കെമിസ്ട്രിക്കാര് പറയാറ്. ആരോടും ഒന്നിനോടും ഒരു പ്രതിപത്തീം ഇല്ല. ആ സ്ഥാനത്ത് നമ്മുടെ ഓക്സിജനോ മറ്റോ ആയിരിക്കണമായിരുന്നു. എന്തിനോടും കേറി മുട്ടിക്കളയും കക്ഷി. എന്തു കണ്ടാലും അതിനോടു ചേർന്ന് ഓക്സീകരണം എന്നൊരു ഗുലുമാൽ ഒപ്പിക്കും. ഇരുമ്പിനെ തുരുമ്പാക്കുന്നതു മുതൽ തീപിടിപ്പിക്കുന്നതുവരെയുള്ള എല്ലാ തോന്നാസ്യങ്ങൾക്കും ഓക്സിജൻ റെഡി!

പക്ഷേ പാവം നൈട്രജൻ അങ്ങനല്ല. ആർക്കും എന്തിനും നൈട്രജനുള്ളിലൂടെ സുഖമായി നടക്കാം. ആക്രമണഭീതിയേ വേണ്ട! ഒരു കെമിക്കൽ റിയാക്ഷനോടും താത്പര്യമില്ല! ബഹുഭൂരിപക്ഷം കെമിക്കലുകളോടും പ്രതിപ്രവർത്തിക്കാത്ത ഒരു പാവം! വായുനിറച്ച റ്റ്യുബ്(ടയർ) പെട്ടെന്നു കേടാവുന്നതും നൈട്രജൻ നിറച്ച ടയർ കൂടുതൽ കാലം ഈടുനിൽക്കുന്നതും ഇതേ കാരണത്താൽത്തന്നെ!

ബെന്നുവിൽനിന്നുള്ള സാമ്പിളിൽ പല പല കെമിക്കലുകളും ഉണ്ടാകും. പല സംയുക്തങ്ങളും ഉണ്ടാവും. അതിനെ അതേപടി കിട്ടണമെങ്കിൽ ഒരുതരം രാസപ്രവർത്തനവും സാമ്പിളിൽ നടക്കാൻ പാടില്ല. വായുവിലെങ്ങാനും തുറന്നുവച്ചുപോയാൽ കഥ കഴിഞ്ഞു! പത്തു ‌നാഞ്ഞൂറ്റമ്പതു കോടി വർഷങ്ങളോളം ഓക്സിജനെ കാണാതിരുന്ന പല രാസവസ്തുക്കൾക്കും പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാവില്ല. പെട്ടെന്നുകേറി ഓക്സിജനുമായി കൂടിക്കുഴഞ്ഞ് പുതിയ രാസവസ്തുവായി അങ്ങു മാറിക്കളയും!

റിക്കവറി ടീം അംഗം നാസയുടെ ആദ്യത്തെ ഛിന്നഗ്രഹ സാമ്പിളുകൾ അടങ്ങിയ ക്യാപ്‌സ്യൂൾ പരിശോധിക്കുന്നു ഫോട്ടോ: Rick Bowmer/AP

നൈട്രജന്റെ പ്രധാന്യം!

കോടിക്കണക്കിനു പൈസേം ചെലവഴിച്ച്, അഞ്ചാറു വർഷോം എടുത്തു ഭൂമിലെത്തിച്ച ബെന്നുവിന്റെ സാമ്പിളിനെ അങ്ങനെ അങ്ങ് ഓക്സീകരിച്ചുകളയാൻ പറ്റില്ലല്ലോ! അവിടെയാണ് നൈട്രജന്റെ പ്രധാന്യം! ബെന്നുവിൽനിന്ന് സാമ്പിൾ ശേഖരിക്കാൻ വായുപ്രവാഹമോ മറ്റേതെങ്കിലും വാതകങ്ങളുടെ പ്രവാഹമോ ഉപയോഗിച്ചിരുന്നേൽ ആ സാമ്പിൾ അവിടെവച്ചുതന്നെ ഉപയോഗശൂന്യമായേനെ! പക്ഷേ നൈട്രജനാവുമ്പോ ആ പേടി വേണ്ട. കല്ലും മണ്ണും പൊടിയുമെല്ലാം അതേപടി ഇരുന്നോളും!

ബെന്നു സാമ്പിൾ കാപ്സ്യൂൾ താത്ക്കാലിക ക്ലീൻറൂമിൽ ബാക്ക് കവർ നീക്കി പരിശോധിക്കുന്നു.

ഭൂമിയിലെത്തിയശേഷം ആ സാമ്പിളിനെ നൈട്രജൻ പ്രവാഹത്തിൽ സൂക്ഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മാത്രമല്ല, ഭൂമിയിലെ അന്തരീക്ഷത്തിലെയോ അല്ലാതെയോ ഉള്ള ഒരു വസ്തുവും ആ സാമ്പിളിൽ ചെന്നുപെടാൻ പാടില്ല. നിരന്തരം നൈട്രജൻ പ്രവാഹത്തിൽ സൂക്ഷിച്ചാൽ അങ്ങനെയൊരു അപകടവും ഒഴിവാക്കാം.

ഇനി വേറൊരു കാര്യംകൂടി. കൊടും തണുപ്പും അത്യാവശ്യം നല്ല ചൂടും മാറിമാറി വരുന്ന പ്രതലമായിരുന്നു ബെന്നു എന്ന ഛിന്നഗ്രഹത്തിന്റേത്. (ഏകദേശം 100ഡിഗ്രി സെൽഷ്യസിനും -100ഡിഗ്രി സെൽഷ്യസിനും ഇടയിലാവും താപനില). ആ ചൂടിൽ അല്പം ഓക്സിജന്റെ സാന്നിദ്ധ്യംകൂടി ഉണ്ടായാൽ അപ്പോത്തീരും നമ്മുടെ സാമ്പിളിന്റെ കഥ! ചൂട് രാസപ്രവർത്തനങ്ങളെ അങ്ങ് പെട്ടെന്നാക്കിക്കളയും!

എന്തായാലും അവിടെനിന്നാണ് ഒസിരിസ്-റെക്സ് ദൗത്യം ഛിന്നഗ്രഹത്തിന്റെ കുറച്ചുഭാഗങ്ങളും പേറി ഇന്നലെ ഭൂമിയിലെത്തിയത്. ഭൂമിയിലേക്കുള്ള വീഴ്ചയിൽ ആ പേടകത്തിന്റെ പുറത്തുണ്ടായ ചൂട് വച്ചുനോക്കിയാൽ ബെന്നുവിന്റെ ചൂടൊക്കെ കൊടുംതണുപ്പാണെന്നു പറയേണ്ടിവരും!

അത്രയും ചൂടിലും ബെന്നുവിന്റെ സാമ്പിൾ സുരക്ഷിതമായിരിക്കാൻ വേണ്ട മുൻകരുതലുകൾ പേടകത്തിൽ ഉണ്ടായിരുന്നു. അവിടെയും നൈട്രജൻ തന്നെയായിരുന്നു ഒരു രക്ഷ! അങ്ങനെയങ്ങനെ ഒരു നിർഗുണപരബ്രഹ്മം എന്നു പേരുദോഷം കേട്ടുകൊണ്ടിരുന്ന നൈട്രജൻ ഇപ്പോ ഹീറോ ആയിരിക്കുകയാണ്. ആദിമസൗരയൂഥത്തെ ഭൂമിയിലെത്തിക്കാൻ സഹായിച്ചതിന്റെ ഗമ മുഴുവൻ നൈട്രജന്റെ മുഖത്ത് സൂക്ഷിച്ചുനോക്കിയാൽ കാണാം!


ലൂക്ക ഇന്ററാക്ടീവ് ആവർത്തനപ്പട്ടിക സ്വന്തമാക്കാം

Happy
Happy
35 %
Sad
Sad
0 %
Excited
Excited
35 %
Sleepy
Sleepy
6 %
Angry
Angry
0 %
Surprise
Surprise
24 %

Leave a Reply

Previous post തപിക്കുകയല്ല ; ഭൂമി തിളയ്ക്കുകയാണ് !!!
Next post പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?
Close