Read Time:27 Minute

കരീം യൂസഫ്

മെര്‍ക്കുറി മൂലകത്തെക്കുറിച്ചറിയാം

ആവര്‍ത്തനപ്പട്ടികയിലെ എണ്‍പതാമത്തെ മൂലകമാണ് മെര്‍ക്കുറി.അറ്റോമിക നമ്പര്‍ 80. അറ്റോമിക ഭാരം 200.59  പ്രതീകം Hg  ക്വിക്ക് സില്‍വര്‍ എന്നും മെര്‍ക്കുറി അറിയപ്പെടുന്നു.സിന്നബാര്‍ (Hgs) ആണ് മെര്‍ക്കുറിയുടെ പ്രധാന അയിര്).പ്രാചീന കാലം തൊട്ടേ വ്യാപകമായിരുന്നതിനാല്‍ തന്നെ മെര്‍ക്കുറി കണ്ടെത്തിയത് ആരാണെന്ന് കൃത്യമായ രേഖകളില്ല. ദ്രാവക രൂപത്തിലുള്ള ലോഹമാണെന്ന് മെര്‍ക്കുറിയെ വിശേഷിപ്പിക്കാറുണ്ട്.സ്റ്റാന്‍ഡേര്‍ഡ് ടെമ്പറേച്ചറിലും പ്രഷറിലും(105 pa)ദ്രാവക രൂപത്തില്‍ സ്ഥിതി ചെയ്യുന്ന ഏക ലോഹം കൂടിയാണ് രസം എന്ന മെര്‍ക്കുറി.ഇന്ന് ലോക വ്യാപകമായി വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്കായി മെര്‍ക്കുറിയെ ഉപയോഗപ്പെടുത്തുന്നുണ്ട്.

രസതന്ത്രം കൊണ്ടു വന്ന രസം

പഴയകാലം മുതലേ  രസതന്ത്രമെന്ന പേരിലായിരുന്നു കെമിസ്ട്രി എന്ന ശാസത്ര ശാഖ നമ്മുടെ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. രസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മെര്‍ക്കുറിയെക്കുറിച്ചുള്ള പഠനം മാത്രമാണ് രസതന്ത്രം എന്ന തെറ്റിദ്ധാരണയും ആ കാലത്തുണ്ടായിരുന്നു. രസത്തിലെ സള്‍ഫറിന്റെ അളവില്‍ മാറ്റം വരുത്തി ഏത് ലോഹവും നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും അവയില്‍ ഏറ്റവും ശുദ്ധമായത് സ്വര്‍ണ്ണമാണെന്നുമുള്ള ആല്‍ക്കെമിസ്റ്റുകളുടെ വിശ്വസമാണ് കെമിസ്ട്രിയെന്ന ശാസ്ത്രശാഖയുടെ ഉദയത്തിന് കാരണമായത്. മെര്‍ക്കുറിയെ ഉപയോഗപ്പെടുത്തി സ്വര്‍ണ്ണം നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ അനേകം മൂലകങ്ങളുടെ കണ്ടെത്തലിന് കാരണമായി. ദ്രാവകാവസ്ഥയിലുള്ള മെര്‍ക്കുറിയുടെ പേരിന്റെ ഉത്ഭവം റോമന്‍ ദേവനായ മെര്‍ക്കുറിയില്‍ നിന്നാണ്. എന്നാല്‍ ഹൈഡ്രോജെറോസ് എന്ന ഗ്രീക്ക് പദത്തിന്റെ ലാറ്റിന്‍ രൂപമായ ഹൈഡ്രോജെറത്തില്‍ നിന്നാണ് മൂലകത്തിന്റെ പ്രതീകമായ hg യുടെ വരവ്. വെള്ളിപോലെ തിളങ്ങുന്ന, ജലം പോലെയുള്ളതെന്നാണ് ഹൈഡ്രോജെറത്തിന്റെ വിവക്ഷ.

തെറ്റിദ്ധരിക്കപ്പെട്ട മൂലകം

പണ്ടുകാലത്ത് മെര്‍ക്കുറിക്ക് വിഭിന്നമായ പല സിദ്ധികളുമുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇന്ത്യയിലും ചൈനയിലും പ്രാചീനകാലത്ത് തന്നെ സുലഭമായിരുന്ന മെര്‍ക്കുറി വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നു. ഭൂമിയില്‍ ആദ്യം രൂപപ്പെട്ട  ദ്രവ്യം മെര്‍ക്കുറിയാണെന്നും അവയില്‍ നിന്നാണ് മറ്റുള്ള ദ്രവ്യങ്ങള്‍ രൂപപ്പെട്ടതെന്നും ആദ്യകാലത്തെ ആല്‍ക്കെമിസ്റ്റുകള്‍ വിശ്വസിച്ചിരുന്നു. ഈജിപതിലും റോമിലും സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നമായി മെര്‍ക്കുറി ഉപയോഗപ്പെടുത്തിയിരുന്നു. 3500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈജിപ്ത്യന്‍ കല്ലറകളില്‍ നിന്നും ഈ മൂലകത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ചൈനീസ് ആല്‍ക്കെമിസ്റ്റായ കെയോഹാങ് ജനങ്ങളുടെ പാദങ്ങളില്‍ മെര്‍ക്കുറി പുരട്ടിയിരുന്നു. ഇങ്ങനെ ചെയ്താല്‍ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

മെര്‍ക്കുറി ഡിസ്ചാര്‍ജ്ജ് (സ്പെക്ട്രല്‍ കാലിബ്രേഷന്‍) ലാമ്പ് കടപ്പാട് വിക്കിപീഡിയ

ഉപയോഗങ്ങള്‍

തെര്‍മ്മോ മീറ്റര്‍,ബാരോ മീറ്റര്‍,സ്ഫിഗ്മോമാനോമീറ്റര്‍,ഫ്‌ളോട്ട് വാല്‍വ്,കളര്‍ മീറ്റര്‍ ഫ്‌ളൂറസെന്റ് ട്യൂബ്, മെര്‍ക്കുറി ലാമ്പുകള്‍, വിവിധ തരം പെയിന്റുകള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ അനേകം വസ്തുക്കളില്‍ മെര്‍ക്കുറി ഉപയോഗപ്പെടുത്തുന്നുണ്ട്. ആദ്യ കാലത്ത് വ്യാപകമായി പല്ലിന്റെ പോടുകള്‍ അടയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഡെന്റല്‍ അമാല്‍ഗത്തില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ലിക്വിഡ് മിറര്‍ ടെലിസ്‌കോപ്പുകളില്‍ മെര്‍ക്കുറി ഒരു മുഖ്യ ഘടകമാണ്.

മെര്‍ക്കുറി അമാല്‍ഗം ദന്തചികിത്സയില്‍

അമാല്‍ഗം

മെര്‍ക്കുറി പ്രധാന ഘടകമായിട്ടുള്ള മിശ്രലോഹത്തെ(ലോഹ സങ്കരം) അമാല്‍ഗം എന്ന് വിളിക്കുന്നു. അമാല്‍ഗം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രക്രിയയാണ് അമാല്‍ഗമേഷന്‍. സോഡിയം,സില്‍വര്‍,ഗോള്‍ഡ് അമാല്‍ഗങ്ങള്‍ വര്‍ഷങ്ങളായി വിപണിയിലുണ്ട്. സ്‌പെയിനിലെ അല്‍മദിന്‍ പട്ടണം  മെര്‍ക്കുറി ഖനനവുമായി ബന്ധപ്പെട്ട് ഏറെ പ്രസിദ്ധമാണ്. മെര്‍ക്കുറിയുമായി ഗാഢസമ്പര്‍ക്കത്തിന് വിധേയമാക്കിയോ വൈദ്യുത വിശ്ലേഷണം നടത്തിയോ മെര്‍ക്കുറിയില്‍ മുക്കിവെച്ചോ ആണ് വൈവിധ്യമാര്‍ന്ന ലോഹങ്ങളുടെ അമാല്‍ഗങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത്. പ്രാചീന കാലം തൊട്ടേ സ്വര്‍ണ്ണം -വെള്ളി പൂശലുകള്‍ക്ക് ഇവയുടെ അമാല്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു.

കണ്ണാടിയില്‍ പൂശുന്നതിന് വെള്ളി അമാല്‍ഗമായിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത്. പോളിമര്‍ കോംപോസിറ്റ് മെറ്റീരിയലുകളുടെ കണ്ടെത്തലിന് മുമ്പ് ലോക വ്യാപകമായി പല്ലുകളുടെ പോടുകള്‍ അടയ്ക്കുന്നതിന് സില്‍വര്‍,ടിന്‍ അമാല്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. വെള്ളി അമാല്‍ഗത്തില്‍ 50 ശതമാനം മെര്‍ക്കുറിയും 20-30 വരെ വെള്ളിയും ബാക്കി ഭാഗം മറ്റ് ലോഹങ്ങളും ഉപയോഗിക്കുന്നു. സ്വര്‍ണ്ണത്തോടും വെള്ളിയോടുമുള്ള പ്രവര്‍ത്തനത്തില്‍ മെര്‍ക്കുറിയുടെ അഫിനിറ്റി കൂടുതലാകുന്നതിനാല്‍തന്നെ സില്‍വര്‍,ഗോള്‍ഡ് അമാല്‍ഗങ്ങള്‍ വളരെ എളുപ്പത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുന്നു. മെര്‍ക്കുറിയുടെ സാന്നിദ്ധ്യം സ്വര്‍ണ്ണം,വെള്ളി വസ്തുക്കളില്‍ നിറം മാറ്റമുണ്ടാക്കുന്നു.

രാസഗുണങ്ങള്‍

മെര്‍ക്കുറിക് സള്‍ഫൈഡ് പോലെയുള്ള ഗാഢത കുറഞ്ഞ രൂപങ്ങളില്‍ നിരുപദ്രവകാരിയാണെങ്കിലും ഡൈമീഥൈല്‍ മെര്‍ക്കുറി,മെര്‍ക്കുറിക് ക്ലോറൈഡ് തുടങ്ങിയ രൂപങ്ങളില്‍ അപകടകാരിയാണ്. ഉയര്‍ന്ന താപനിലയില്‍ മെര്‍ക്കുറി ഓക്‌സിജനുമായി സംയോജിച്ചാണ് മെര്‍ക്കുറിക്ക് ഓക്‌സൈഡ് ഉണ്ടാകുന്നത്. ക്രിയാശീലതയില്‍ ഹൈഡ്രജന് താഴെയാണ് മെര്‍ക്കുറിയുടെ സ്ഥാനം. സള്‍ഫ്യൂരിക് ആസിഡ്,നൈട്രിക് ആസിഡ് എന്നിവയുടെ ഗാഢ ലായനിയില്‍ മെര്‍ക്കുറി ലയിച്ച് സള്‍ഫേറ്റ്, നൈട്രേറ്റ് ഘടകങ്ങള്‍ രൂപപ്പെടുന്നു.

പ്രധാന വസ്തുതകള്‍

ഭൗതിക സ്വഭാവം:  ദ്രാവകം
ദ്രവണാങ്കം 234.32 K (-38.83 °C, -37.89 °F)
തിളനില 629.88 K (356.73 °C, 674.11 °F)
സാന്ദ്രത 13.534 g/cm3
ഇലക്ട്രോ നെഗറ്റിവിറ്റി  2.00 (പോളിങ് സ്‌കെയില്‍)

ഐസോ ടോപ്പുകള്‍

സ്ഥിരതയുള്ള ഏഴ് ഐസോ ടോപ്പുകളാണ് മെര്‍ക്കുറിക്കുള്ളത്.അവയില്‍ 202Hg ആണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഐസോ ടോപ്പ്.ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ഐസോടോപ്പാണ്  194Hg

 

മിനാമാതാ രോഗവും മെര്‍ക്കുറിയും

1956 ല്‍ ജപ്പാനിലെ മിനാമാതാ നഗരത്തിലാണ് മിനമാതാരോഗം ആദ്യമായി കണ്ടെത്തുന്നത്. പ്രദേശവാസികളായ ഏതാനും പേര്‍ പനിക്ക് സമാനമായ അസുഖം വന്ന് മരിച്ചു പോകുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുണ്ടായിരുന്നത്. പകര്‍ച്ചപ്പനി,വിഷബാധ തുടങ്ങിയവയാകാം മരണകാരണമെന്ന് ആദ്യം അനുമാനിച്ചെങ്കിലും നദീമത്സ്യങ്ങള്‍ ഭക്ഷിച്ചവരിലുണ്ടായ മരണസംഖ്യാവര്‍ദ്ധനവ് നദീ ജല പരിശോധനയിലേക്കും നീണ്ടു. മിനാമാതയില്‍ നിരവധി പെട്രോ-കെമിക്കല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അവയില്‍ നിന്നുള്ള മാലിന്യമായിരിക്കാം രോഗകാരണമെന്ന ഊഹാപോഹവും നില നിന്നിരുന്നു. 1959 ല്‍ കുമാമോട്ടോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ നിന്നാണ് രോഗകാരണം മെര്‍ക്കുറിയായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ചിസോ കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ നിന്നും നദിയിലേക്കൊഴുക്കിയ മീഥൈല്‍ മെര്‍ക്കുറി കലര്‍ന്ന മലിന ജലമാണ് നിരവധി പേരുടെ ജീവനെടുത്തതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു.(മീഥൈല്‍ മെര്‍ക്കുറി ഏറെ അപകടകാരിയായ വസ്തുവാണ്. മിനമാതയിലെ ഉള്‍ക്കടലിലെ ബാക്ടീരിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് മെര്‍ക്കുറി,മീഥൈല്‍ മെര്‍ക്കുറിയായി മാറിയത്)

എന്നാല്‍ ഈ പഠനത്തെ ചിസോ കോര്‍പ്പറേഷന്‍ നിരന്തരം നിഷേധിച്ചു. അതോടെ അന്വേഷണം കമ്പനിക്കുള്ളിലേക്കും വ്യാപിപ്പിച്ചു. 27 ടണ്ണോളം മെര്‍ക്കുറി കമ്പനിയുടെ മാലിന്യ കൂമ്പാരത്തില്‍ നിന്നും  അന്ന് കണ്ടെത്തി. ചിസോ കോര്‍പ്പറേഷന്‍ പ്രതികൂട്ടിലായി. മിനമാതാ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന സ്ഥാപനമായിരുന്നു ചിസോ. നഗരത്തിന്റെ നികുതി വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും നല്‍കിയിരുന്ന കമ്പനി ആദ്യ കാലത്ത് മിനമാതാ നഗരത്തിന്റെ ഭാഗ്യമായാണ് കണക്കാക്കപ്പെട്ടിരുന്നത്. 1932 മുതല്‍ 1968 വരെ ഷിരാനൂയി കടലിലെ കടല്‍  സമ്പത്തിനെയാകെ മെര്‍ക്കുറിബാധിച്ചുവെന്ന് പഠനങ്ങള്‍ പുറത്ത് വന്നു. കടല്‍ സമ്പത്തിലൂടെ മീഥൈല്‍ മെര്‍ക്കുറി പിന്നെയും വര്‍ഷങ്ങളോളം മനുഷ്യനെ വേട്ടയാടി.

മീനമാത സ്മാരകം

മൂന്ന് പതിറ്റാണ്ടിലേറെയാണ് മനുഷ്യനും മൃഗങ്ങള്‍ക്കും മെര്‍ക്കുറി ദുരിതങ്ങള്‍ സമ്മാനിച്ചത്. 1908 ല്‍ആണ് ചിസോ കോര്‍പ്പറേഷന്‍ മിനമാതയില്‍ ഫാക്ടറി ആരംഭിച്ചത് 1925 ആയപ്പോഴേക്കും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങാന്‍ തുടങ്ങി. ആദ്യ കാലത്ത് മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നത് മാത്രമായിരുന്നു പ്രദേശ വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത് പിന്നെ അതേ രോഗം കൊക്കുകളിലേക്കും കഴുകന്മാരിലേക്കും പടര്‍ന്നു.അമ്പതുകളിലാണ് മനുഷ്യരിലേക്ക് രോഗവ്യാപനം നടക്കുന്നത്.ഞരമ്പുകളെ ബാധിച്ച് അസഹ്യമായ വേദന കൊണ്ട് കഷ്ടപ്പെടുന്ന രോഗി വിവിധദിശയിലേക്ക് ചലിക്കുന്നതായാണ് മറ്റുള്ളവര്‍ക്ക് തോന്നുക. മിനമാതാ രോഗം ഡാന്‍സിംഗ് ക്യാറ്റ് ഫിവര്‍ (മാര്‍ജ്ജാര നൃത്ത രോഗം)  എന്ന പേരിലും അറിയപ്പെട്ടിരുന്നു. മിനമാതയിലെ മത്സ്യം ഭക്ഷിച്ച് രോഗം ബാധിതരായ പൂച്ചകളേറെയും വിറച്ചും പിടഞ്ഞുമാണ് മരിച്ചിരുന്നത്. (ചത്ത പൂച്ചകളെ നിരീക്ഷിച്ച് ഫാക്ടറിയിലെ ഡോക്ടര്‍  തന്നെയാണ് മരണകാരണം മെര്‍ക്കുറിയാണെന്ന് ആദ്യം കണ്ടെത്തിയതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു)

സമാനമായ രോഗ ലക്ഷണങ്ങള്‍ തന്നെയാണ് മനുഷ്യരിലും കണ്ടെത്തിയിരുന്നത്. കേള്‍വിയോ കാഴ്ചയോ നഷ്ടപ്പെടുക,സംസാര ശേഷിയെ സാരമായി ബാധിക്കുക, ക്രമാതീതമായ വിറയല്‍, പേശികള്‍ ചലിക്കാതെയാവുക, ശരീരത്തിന്റെ ബാലന്‍സ് തെറ്റുക ഇങ്ങനെ മിനമാതാ രോഗം ആ പ്രദേശത്തെ അനേകം പേരുടെ ജീവനെടുത്തു.1995 ല്‍ ജപ്പാനിലെ പരമോന്നത കോടതി ചിസോ കമ്പനിയാണ് മിനമാതാദുരന്തത്തിന് കാരണക്കാരെന്ന് വിധി എഴുതി. പ്രതിരോധ ശേഷിയെ സാരമായി ബാധിക്കുന്ന മെര്‍ക്കുറിജന്യ അസുഖമായ മിനമാതാഡിസീസ് ഇന്ന്  ശാസ്ത്ര ലോകത്തിന് സുപരിചിതമാണ്. ഡബ്യു ഇ സ്മിത് എന്ന ഫോട്ടോ ഗ്രാഫര്‍ പകര്‍ത്തിയ വൈകല്യം ബാധിക്കപ്പെട്ട പെണ്‍കുട്ടിയുടെ കൈകകള്‍ മിനമാതാ ചിഹ്നമായി ചിത്രീകരിക്കാറുണ്ട്.

മിനമാതാകണ്‍വെന്‍ഷന്‍

മെര്‍ക്കുറിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ജപ്പാനിലെ കുമാട്ടോയില്‍ വെച്ച് വിവിധ ലോക രാജ്യങ്ങള്‍ ഒപ്പ് വെച്ച കരാറിന്റ പേര് മിനമാത എന്നായിരുന്നു. 2013 ല്‍ രൂപീകരിക്കപ്പെട്ട പ്രസ്തുത കരാര്‍ 2017 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

കൊടൈക്കനാലിലെ മെര്‍ക്കുറി ദുരന്തം

നമ്മുടെ രാജ്യത്തെ കൊടൈക്കനാലിലും വര്‍ഷങ്ങള്‍ക്ക് മുമ്പ്  മെര്‍ക്കുറി സംബന്ധമായ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കൊടൈക്കനാലിലെ തോര്‍മോമീറ്റര്‍ നിര്‍മ്മാണ ഫാക്ടറിയിലെ ഏഴ് ടണ്ണിലേറെ വരുന്ന മാലിന്യം പൊതുമാലിന്യസ്ഥലത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു.അനേകം തൊഴിലാളികളെ രോഗബാധിരാക്കുകയും ചിലരെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത മെര്‍ക്കുറി വിഷബാധ ഒരു കാലത്ത് ഇന്ത്യയിലെ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു.തൊഴില്‍ ജന്യ രോഗത്തെ തുടര്‍ന്ന് സുപ്രിം കോടതി ഇടപെട്ട് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിധിച്ച  രാജ്യത്തെ ആദ്യത്തെ കേസും കൊടൈക്കനാലിലേതാണ്.

മെര്‍ക്കുറിയും വാക്‌സിനുകളും

ലോകത്തെ പല വാക്‌സിനുകളിലും പ്രിസര്‍വേറ്റീവായി മെര്‍ക്കുറിയെ ഉപയോഗിക്കുന്നുണ്ട്. വാക്‌സിനുകളില്‍ സുരക്ഷാകവചമായി ഉപയോഗപ്പെടുന്ന മെര്‍ക്കുറി അപകടരഹിത ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈഥൈല്‍ മെര്‍ക്കുറിയാണ്‌.

മെര്‍ക്കുറിയും വൈദ്യശാസ്ത്രചരിത്രത്തിലെ തെറ്റിദ്ധാരണകളും

ഇരുപതാം നൂറ്റാണ്ടിന് മുമ്പ് മെര്‍ക്കുറി ലൈംഗിക രോഗമായ സിഫിലിസ് ചികിത്സയില്‍ ഉപയോഗിച്ചിരുന്നു. ഗുളികകളായും ലോപനമായും ഇങ്ങനെ മെര്‍ക്കുറി ഉപയോഗിച്ചതിന്റെ ഫലമായി പല രോഗികളുടേയും പല്ല് പൊഴിയുകയും ശരീരത്തിലാകമാനം വ്രണങ്ങളുണ്ടാകുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സ്റ്റീം ബാത്തിനായി മെര്‍ക്കുറി ഉപയോഗിച്ചിരുന്നതിന്റെ ഫലമായി പലരും വളരെ പെട്ടെന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഒരു കാലത്ത് കുഷ്ഠരോഗത്തിനുള്ള ചികിത്സയില്‍ നമ്പര്‍ വണ്‍ ഔഷധം മെര്‍ക്കുറി ആയിരുന്നു. മെര്‍ക്കുറി അമരത്വത്തെ പ്രദാനം നല്‍കുമെന്ന വിശ്വാസത്താല്‍ മെര്‍ക്കുറി ഗുളികകള്‍ സ്ഥിരമായി കഴിച്ച് മരണം വരിച്ച് ചക്രവര്‍ത്തിയുടെ ചരിത്രമാണ് ചൈനയിലുള്ളത്. ആദ്യ ചക്രവര്‍ത്തിമാരിലൊരാളായ ക്വിന്‍ ഷി ഹ്വാങ് ഡിയെ മെര്‍ക്കുറി ഗുളികകളാണ് കൊന്നതെന്ന് പറയപ്പെടുന്നു. മെര്‍ക്കുറിക്ക് ഒടിവുകള്‍ സുഖപ്പെടുത്താന്‍ സാധിക്കുമെന്ന വിശ്വാസമാണ് ടിബറ്റിലുണ്ടായിരുന്നത്.

മെര്‍ക്കുറി എന്ന വിഷം

മെര്‍ക്കുറിയുടെ അമിത ഉപയോഗം മാരകരോഗത്തിലേക്ക് നയിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മെര്‍ക്കുറി നാഡീവ്യൂഹത്തെ അപകടകരമായ രീതിയില്‍ ബാധിക്കും. മയക്കം,വര്‍ദ്ധിച്ച ക്ഷീണം,പേശികളുടെ ബലഹീനത എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തലവേദന,വായിലെ ലോഹരുചി, വിശപ്പില്ലായ്മ, ഉമിനീരിലുള്ള വര്‍ദ്ദനവ്,മോണകള്‍ വീങ്ങിയുണ്ടാകുന്ന രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണപ്പെടാം. മെര്‍ക്കുറിയുമായുള്ള അമിതമായ ഇടകലരല്‍ വര്‍ദ്ധിച്ച കരള്‍ രോഗമോ ക്ഷയമോ ഉണ്ടാക്കാം.  ഹൃദയത്തിന്റെ താളം തെറ്റിക്കാനും തൈറോയ്ഡ് പോലെയുള്ള ഗ്രന്ഥികളെ രോഗത്തിലേക്ക് തള്ളിവിടാനും കാരണമാകാം..

ഇന്ന് വിവിധ ആവശ്യങ്ങള്‍ക്കായി മെര്‍ക്കുറിയെ മൂന്ന് രൂപത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.  എലമെന്റല്‍, ഇന്‍ ഓര്‍ഗാനിക് സാള്‍ട്ട്,  മീഥൈല്‍ സാള്‍ട്ട് എന്നിവയാണത്.  ചൂടാക്കുന്ന സമയത്ത് നീരാവിയായി മാറുന്ന എലമെന്റല്‍ മെര്‍ക്കുറിയാണ് ബി.പി അപ്പാരറ്റസുകളില്‍ (സ്ഫിഗ്മോമാനോമീറ്റര്‍) ഉപയോഗിക്കുന്നത്.  ഇന്‍ ഓര്‍ഗാനിക് സാള്‍ട്ട് രൂപത്തിലുള്ള മെര്‍ക്കുറി, തൊലിപ്പുറത്ത് പുരട്ടുന്ന മരുന്നുകളിലും ആഹാരപദാര്‍ത്ഥങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇത്തരം വസ്തുക്കളുടെ ദീര്‍ഘകാല ഉപയോഗം പല്ലുകളുടെ ബലക്ഷയം, വായ്പുണ്ണ്, ഉമിനീര്‍ വ്യാപനം, ശരീരം മുഴുവന്‍ തിണര്‍ക്കുക, അമിത വിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം.

ഒരു ദിവസം മനുഷ്യ ശരീരത്തില്‍ ഉള്‍ക്കൊള്ളാവുന്ന മെര്‍ക്കുറിയുടെ അളവ് 180ppb ആണെന്ന് ഗവേഷകര്‍ പറയുന്നു. മെര്‍ക്കുറിയുടെ പ്രത്യാഘാതത്തെ തുടര്‍ന്ന് 2016 ല്‍ നടന്ന റിയോ ഒളിമ്പിക്‌സിലെ മെഡലുകള്‍ മെര്‍ക്കുറി വിമുക്തമാക്കിയിരുന്നു. 2020 ആകുമ്പോഴേക്കും മെര്‍ക്കുറി ഉപയോഗപ്പെടുത്തിയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗം ആഗോളതലത്തില്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ലോക വ്യാപകമായി നടന്നു വരികയാണ്.

ജലാശയങ്ങളും മത്സ്യസമ്പത്തും.

നമ്മുടെ ജലാശയങ്ങളും മത്സ്യസമ്പത്തും മെര്‍ക്കുറിയുടെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ നിന്നുള്ള രാസവള അവശിഷ്ടങ്ങള്‍, ഈ-മാലിന്യങ്ങള്‍,വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ എന്നിവയൊക്കെ ജലാശയങ്ങളെ വന്‍ തോതിലുള്ള മെര്‍ക്കുറി നിക്ഷേപത്തിലേക്ക് നയിക്കുന്നു. ലോകത്ത് ലഭ്യമായിട്ടുള്ള പല മത്സ്യങ്ങളിലേയും മെര്‍ക്കുറി ലെവല്‍ അനുവദനീയമായതിനും മുകളിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്.

മെര്‍ക്കുറിയുടെ ഉറവിടങ്ങള്‍

അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍,കാട്ടു തീ, ഫോസിലിന്ധനങ്ങള്‍ എന്നിവയൊക്കെ പ്രകൃതിജന്യമായ മെര്‍ക്കുറി ഉറവിടങ്ങളാണ്. കല്‍ക്കരി ജ്വലന ഫാക്ടറികള്‍,സ്വര്‍ണ്ണനിര്‍മ്മാണ കേന്ദ്രങ്ങള്‍,സ്‌മെല്‍ട്ടേഴ്‌സ് സെന്ററുകള്‍,സിമന്റ്‌നിര്‍മ്മാണ ഫാക്ടറികള്‍,ക്ലോറൈഡ് പ്രൊഡക്ഷന്‍ പ്ലാന്റുകള്‍,കാസ്റ്റിക് സോഡ,സ്റ്റില്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവയൊക്കെ നല്ല രീതിയില്‍ മെര്‍ക്കുറി മാലിന്യം സൃഷ്ടിക്കുന്നവയാണ്.

തെര്‍മോമീറ്ററിലെ മെര്‍ക്കുറി

 

ഒരു തെര്‍മ്മോമീറ്റര്‍ പൊട്ടിയാല്‍ എന്ത് ചെയ്യണം

നിത്യ ജീവിതത്തില്‍ വളരെ നിസ്സാരമെന്ന് തോന്നാവുന്ന ചോദ്യമാണിത്.എങ്കില്‍ഈ കാര്യത്തില്‍ വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കേട്ടോളൂ.. തറയില്‍ തെര്‍മ്മോ മീറ്റര്‍ തകര്‍ന്ന് മെര്‍ക്കുറി ബോളുകള്‍ താഴെ പോയാല്‍  കൈ കൊണ്ട് അവ വൃത്തിയാക്കാന്‍ ശ്രമിക്കരുത്. വാക്വം ക്ലീനറോ, ചൂലോ ഉപയോഗിക്കുന്നത് തെര്‍മ്മോ മീറ്ററില്‍ നിന്നും പുറത്തെത്തുന്ന മെര്‍ക്കുറി നിരവധി ചെറുഗോളങ്ങളായി മാറാനും ഇവ അന്തരീക്ഷ താപനിലയില്‍ ബാഷ്പീകരണത്തിന് വിധേയമായി അന്തരീക്ഷത്തെ വിഷലിപ്തമാക്കാനും സാധ്യതയുണ്ട്. . കണ്ണട,ഗ്ലൗസ്,റെസ്പിറേറ്റര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ മെര്‍ക്കുറി ശേഖരിക്കാവൂ. കാര്‍ബോര്‍ഡില്‍ ബ്രഷ് ഉപയോഗിച്ച്  മെര്‍ക്കുറി ശേഖരിക്കാവുന്നതാണ്. ശേഖരിച്ച മെര്‍ക്കുറി പൊതുയിടങ്ങളിലോ ജലാശയത്തിലോ നിക്ഷേപിക്കരുത്.

മെര്‍ക്കുറി പ്രതലത്തില്‍ നിന്നും നീക്കിയാലും പൊട്ടാസ്യം പെര്‍മാംഗനേറ്റ്,ബ്ലീച്ചിങ് ലായനി തുടങ്ങിയവ ഉപയോഗിച്ച് മെര്‍ക്കുറി വീണ പ്രതലം വൃത്തിയാക്കേണ്ടതാണ്. ലാബുകളില്‍ മെര്‍ക്കുറി പുറത്തേക്കെത്താനുള്ള സാഹചര്യമുണ്ടായാല്‍ അതിന്റെ മുകളില്‍ അല്‍പ്പം സള്‍ഫര്‍ പൊടി വിതറുകയാണ് പതിവ്. സള്‍ഫര്‍ മെര്‍ക്കുറിയുമായി സംയോജിക്കുന്നതിലൂടെ പ്രതലത്തില്‍ നിന്നും തെന്നിനീങ്ങുന്ന മെര്‍ക്കുറിയുടെ സ്വഭാവം മാറും. മെര്‍ക്കുറി അടങ്ങിയ വൈദ്യുതി ബള്‍ബുകള്‍ പൊട്ടിയാലും മേല്‍പ്പറഞ്ഞ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

മെര്‍ക്കുറി അയിരായ സിന്നബാര്‍

 

മെര്‍ക്കുറിയുടെ അലങ്കാരവിദ്യകള്‍

സ്‌പെയിനിലും ഫ്രാന്‍സിലും കണ്ടെടുക്കപ്പെട്ട മുപ്പതിനായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഗുഹകളില്‍ പലതും മനോഹരമായി അലങ്കരിക്കപ്പെട്ടവയാണ്. പ്രസ്തുത ചുവരുകള്‍ അലങ്കരിക്കുവാന്‍  പാലിയത്തോലിക് ചിത്രകാരന്മാര്‍ ധാരാളമായി ഉപയോഗിച്ച വസ്തു മെര്‍ക്കുറിയുടെ അയിരായ സിന്നബാര്‍ ആണ്.


 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “മെര്‍ക്കുറി – ഒരുദിവസം ഒരു മൂലകം

Leave a Reply

Previous post ശാസ്ത്രചരിത്രം – തീ മുതല്‍ ലാവോസിയര്‍ വരെ
Next post ധൈര്യമായി കുടിയ്ക്കാം UHT പാല്‍
Close