ആർത്തവം ആചാരമായല്ല അനുഭവമായറിയണം

[author title=”ഡോ. ജയശ്രീ എ. കെ.” image=”http://luca.co.in/wp-content/uploads/2016/08/DrJAK.jpg”]പ്രൊഫസര്‍, കമ്മ്യൂണിറ്റി മെഡിസിന്‍, പരിയാരം മെഡിക്കല്‍ കോളേജ്[/author]

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ  കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത് മാറിപ്പോയി.

 

[dropcap][/dropcap]ർ‍ത്തവവും (Menstruation) പ്രത്യുത്പാദനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആധുനികശാസ്ത്രത്തിന് കൃത്യതയോടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ അറിവ് പെണ്‍കുട്ടിക്ക്/സ്ത്രീക്ക് തന്‍റെ ജീവിതത്തിന്‍റെമേൽ നിയന്ത്രണത്തിനായുള്ള ഒരുപാധിയാകേണ്ടതാണ്. ഗർ‍ഭം എപ്പോഴുണ്ടാകാമെന്നും എപ്പോൾ‍ വേണ്ട എന്നും അവൾ‍ക്ക് അതു വഴി തീരുമാനിക്കാൻ കഴിയും. എന്നാൽ അത് അപൂർ‍വ്വമായേ സംഭവിക്കുന്നുള്ളൂ. പകരം പരമ്പരാഗതമായ ആചാരങ്ങൾ‍ക്ക് അവൾ‍ ഇപ്പോഴും വിധേയയാക്കപ്പെടുന്നു. മറ്റുള്ളവരെ തൊടാൻ പാടില്ല, വിളക്ക് വയ്ക്കുന്നിടത്ത് പോകാൻ പാടില്ല, ക്ഷേത്രങ്ങളിൽ കയറാൻ പാടില്ല, ഓടാനും ചാടാനും പാടില്ല ഇങ്ങനെ പോകുന്നു നിയന്ത്രണങ്ങൾ‍. ഇവയാണ് സഹജമായ ശാരീരികപ്രക്രിയ എന്നതിനപ്പുറം ആർത്തവം വേദനയും മാനസികപ്രശ്നവുമുണ്ടാക്കുന്നതിന് കാരണം.

[box type=”note” align=”” class=”” width=””]അടുത്ത തലമുറയെ സൃഷ്ടിച്ച് വംശം നിലനിർത്തുന്ന മഹത്തായ പ്രവർത്തനത്തിന് കഴിവുനേടുന്നതിന്റെ സൂചനയായ ആദ്യാർത്തവത്തെ ആഹ്ലാദപൂർവ്വം പ്രതീക്ഷിക്കാൻ, നേരത്തേ അമ്മമാരോ മറ്റുള്ളവരോ പറഞ്ഞ് കൊടുക്കുകയും വളരെ സാധാരണമാണെന്ന മട്ടിൽ സംസാരിക്കുകയും ചെയ്യുകയാണെങ്കിൽ, ഉറങ്ങുക, ഉണർന്നിരിക്കുക, വിയർക്കുക എന്നിങ്ങനെയുള്ള ശാരീരികാവസ്ഥകള്‍ പോലെ മറ്റൊരവസ്ഥയായി ആർത്തവകാലം അനുഭവിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചേക്കും.[/box]

ആരോഗ്യമേഖലയിൽ  വളർ‍ച്ചയുടേയും ആരോഗ്യത്തിന്‍റേയും സൂചികയായി ആർത്തവം പരിഗണിക്കാറുണ്ട്. ശരീരത്തിലുണ്ടാകുന്ന വളർ‍ച്ചയുടെ മറ്റ് പല ലക്ഷണങ്ങളോടുമൊപ്പമാണ് ആദ്യാർ‍ത്തവവുമുണ്ടാകുന്നത്. ഇത് മിക്കവാറും 9 വയസ്സിനും 16 വയസ്സിനുമിടയിലായിരിക്കും. കേരളത്തിൽ ശരാശരി 13-14 വയസ്സിൽ ഇത് നടക്കുന്നു. അരക്കെട്ടിന്‍റെ വികാസം, പൊക്കവും വണ്ണവും, സ്തനവളർ‍ച്ച, രോമങ്ങളുടെ വളർ‍ച്ച എന്നിവയെല്ലാം ഇതോടൊപ്പമുണ്ടാകും. ഇതിൽ ആദ്യം ഏത് എന്ന് മുൻകൂട്ടി നിർ‍ണ്ണയിക്കാൻ കഴിയില്ല. ഒരുമിച്ചോ ഒന്നൊന്നിനു പിറകേയായോ ആകാമത്. അണ്ഡാശയത്തിൽ (ovary) നിന്നുള്ള ഈസ്ട്രജൻ, ശ്ലേഷ്‌മഗ്രന്ഥിയിൽ (Pituitary gland) നിന്നുള്ള പ്രൊലാക്ടിൻ, എന്നീ ഹോർ‍മോണുകളാണ് ഈ മാറ്റങ്ങളെ നയിക്കുന്നത്. അഡ്രീനൽ ഗ്രന്ഥികളിൽ നിന്നുമുണ്ടാകുന്ന സെക്സ് ഹോർ‍മോണുകൾ‍ വിയർ‍പ്പിലും തൊലിയിലും മണത്തിലും ഒക്കെ മാറ്റങ്ങളുണ്ടാക്കുന്നു. മുഖക്കുരു ഉണ്ടാകുന്നതും ഈ മാറ്റങ്ങളോടൊപ്പമാണ്. ബാഹ്യമായ മാറ്റങ്ങളോടൊപ്പം ആന്തരികമായി ഗർ‍ഭപാത്രത്തിലും (uterus) അണ്ഡാശയത്തിലും മാറ്റം സംഭവിക്കും. യോനീദളങ്ങളിലുണ്ടാകുന്ന രൂപാന്തരവും യോനിയിൽ (vagina) നിന്നുണ്ടാകുന്ന സ്രവവും ശ്രദ്ധിച്ചാൽ ഈ മാറ്റങ്ങൾ‍ അറിയാൻ കഴിയും.

രജസ്വലയായ പെൺകുട്ടിക്ക് കക്കൂസിനു പിന്നിൽ ഭക്ഷണം നല്കുന്നു. ചിത്രത്തിന് കടപ്പാട് - WaterAid/Poulomi Basu
രജസ്വലയായ പെൺകുട്ടിക്ക് കക്കൂസിനു പിന്നിൽ ഭക്ഷണം നല്കുന്നു | ചിത്രത്തിന് കടപ്പാട് – WaterAid/Poulomi Basu

ജീവന്‍റെ പ്രവാഹം: ഹോർ‍മോണുകളുടെ ധർമ്മം

മസ്തിഷ്കത്തിലും ഉദരത്തിലും ജനനേന്ദ്രിയത്തിലും മറ്റുമായി, ജനിക്കുന്നതിനു മുമ്പ് തന്നെ തയാറാക്കി വച്ചിരിക്കുന്ന ചാക്രികമായ ഒരു ക്രിയാപദ്ധതിയാണ് ആർത്തവസമയത്ത് പ്രകടമാവുന്നത്. ശൈശവാവസ്ഥയിൽ തന്നെ തുടങ്ങുകയും പ്രായപൂർ‍ത്തിസമയമാവുമ്പോഴേക്കും മസ്തിഷ്കത്തിന്‍റെ സംവേദനസ്വഭാവത്തിൽ നേരിയ മാറ്റം വരുത്തി പ്രത്യുത്പാദനക്ഷമത വർ‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണത്. മസ്തിഷ്കത്തിന്‍റെ ഭാഗമായ ഹൈപോതലാമസ്, പിറ്റ്യുട്ടറി ഗ്രന്ഥികൾ‍, ഫോളിക്കിൾ‍ സ്റ്റിമുലേറ്റിംഗ് ഹോർ‍മോൺ (FSH), ലൂറ്റിനൈസിങ്ങ് ഹോർ‍മോൺ (LH), അണ്ഡാശയം എന്നിവയാണ്  ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. അണ്ഡാശയത്തിൽ നിന്നുണ്ടാവുന്ന ഈസ്ട്രജനാണ് പ്രായപൂർ‍ത്തിയുടെ ലക്ഷണങ്ങൾ‍ വളർ‍ത്തുന്നതും ആർ‍ത്തവത്തെ ക്രമപ്പെടുത്തുന്നതും. എട്ട് വയസ്സോടെ വളർ‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോർ‍മോണുകൾ‍ അഡ്രീനൽ ഗ്രന്ഥികളിൽ നിന്നുണ്ടാവുകയും ഈ വളർ‍ച്ച മേൽപ്പറഞ്ഞ ലൈംഗികഹോർ‍മോണുകളെ പ്രവർ‍ത്തനക്ഷമമാക്കുകയുമാണ് ചെയ്യുന്നത്.

ആര്‍ത്തവം എന്നാല്‍ എന്ത്?

കൗമാരകാലത്ത് ഉറക്കത്തിലാണ് ലൂറ്റിനൈസിംഗ് ഹോർ‍മോൺ ഉതിരുന്നത്. മുതിർ‍ന്നു കഴിഞ്ഞാൽ പകൽ സമയത്തും ഇത് ഉണ്ടാവുന്നു. മസ്തിഷ്കത്തിന്‍റെ ഉയർ‍ന്ന തലത്തിൽ നിന്ന് ലഭിക്കുന്ന സംവേദനത്തിനനുസരിച്ച് ഹൈപ്പൊതലാമസിൽ നിന്നും കൂടുതൽ FSH റിലീസിംഗ് ഹോർ‍മോൺ ഉതിരുന്നു. ഇത് പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ പ്രവർ‍ത്തിച്ച് കൂടുതൽ FSH ഉണ്ടാകുകയും അത് അണ്ഡാശയത്തിൽ അണ്ഡോത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അണ്ഡത്തിന്‍റെ കുലകളിൽ നിന്നും ഈസ്ട്രജൻ ഉണ്ടാവുകയും അത് ഗർ‍ഭാശയഭിത്തികളിൽ ഒരുക്കങ്ങൾ‍ നടത്തുകയുമാണ് പിന്നെ നടക്കുന്നത്. കൂടുതൽ ഈസ്ട്രജൻ രക്തത്തിൽ കലരുന്നത് FSH, LH എന്നീ ഹോർ‍മോണുകളുടെ അളവു കുറയ്ക്കാനുള്ള സന്ദേശമാണ് പിറ്റ്യുട്ടറിക്ക് നല്‍കുന്നത്. ഇതേ സമയം LH അണ്ഡം പൊഴിയാൻ പ്രേരകമാവുകയും അണ്ഡം പൊഴിഞ്ഞ കുലയിൽ നിന്നും പ്രൊജസ്റ്ററോൺ എന്ന ഹോർ‍മോൺ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ബീജസങ്കലനം (Fertilization) നടന്നിട്ടില്ലെങ്കിൽ പിറ്റ്യുട്ടറിയിൽ നിന്നുമുള്ള LH കുറയും. ക്രമേണ ഈസ്ട്രജന്‍റേയും പ്രൊജസ്ട്രോണിന്‍റേയും അളവ് കുറയുകയും ഗർ‍ഭാശയത്തിന്‍റെ ആന്തരികപാളികൾ‍ ഇളകി ആർ‍ത്തവം ഉണ്ടാവുകയും ചെയ്യുന്നു. ഈ ചക്രം എല്ലാ മാസവും ആവർ‍ത്തിക്കപ്പെടുകയാണ്. ഇതിൽ ദുരൂഹമായോ അശുദ്ധമായോ ഒന്നുമില്ല. പ്രകൃതിയുടെ കരുതലിന്‍റെ സവിശേഷമായ ഒരാവിഷ്കാരം. അതറിയുന്നതും അനുഭവിക്കുന്നതും രസകരമല്ലേ?

Lining_of_Uterine_Wall
കടപ്പാട് : National Institute of Child Health and Human Development /Wikimedia Commons
ജനിതകത്തിലൂടെ പാരമ്പര്യവും ആർ‍ത്തവത്തിന്‍റെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്. ചക്രത്തിന്‍റെ ദൈർ‍ഘ്യം, രക്തസ്രാവം നീണ്ടു നില്‍ക്കുന്ന ദിവസങ്ങൾ‍, വേദന എന്നിവയൊക്കെ ജനിതകമായി അടുത്തു നില്‍ക്കുന്നവരുമായി കൂടുതൽ സാമ്യപ്പെടുന്നതായി കാണാം. ഇരട്ട സഹോദരിമാർ‍, മറ്റ് സഹോദരിമാർ‍, അമ്മ എന്നിവരുമായി സാമ്യമുണ്ടാകും. വളർ‍ച്ചയുടെ സ്വഭാവത്തെ അച്ഛനും സ്വാധീനിക്കും.

ആര്‍ത്തവത്തെ പറ്റി ശരീരധർമ്മശാസ്ത്രം പറയുന്നത്

പ്രത്യുത്പാദനധർ‍മ്മത്തിന്‍റെ ശാരീരികമായ പ്രകാശനമായി ആർ‍ത്തവത്തിനെ മനസ്സിലാക്കാം. ശരീരധർ‍മ്മശാസ്ത്രത്തെപ്പറ്റി മനസ്സിലാക്കുന്നത് അതിനെപ്പറ്റിയുള്ള ദുരൂഹത അകറ്റാൻ സഹായിക്കും. അണ്ഡവിക്ഷേപവും (Ovulation) ആർ‍ത്തവവും തമ്മിലുള്ള ബന്ധം അറിഞ്ഞിരിക്കേണ്ടതുണ്ട്. ജനിക്കുമ്പോൾ‍ തന്നെ പെൺകുഞ്ഞിന്‍റെ അണ്ഡാശയത്തിൽ ലക്ഷക്കണക്കിന് കോശസഞ്ചയങ്ങള്‍ (follicles) ഉണ്ടായിരിക്കും. ഇവയ്ക്ക് ഓരോന്നിനും നടുവിലായി വളർ‍ച്ചയെത്താത്ത അണ്ഡവും (Ovum) ഉണ്ടാവും. പ്രായപൂർ‍ത്തിയെത്തിക്കഴിഞ്ഞാൽ ഹോർ‍മോണുകളുടെ പ്രവർ‍ത്തനഫലമായി ഓരോ ചക്രത്തിലും (menstrual cycle) ഒരു കോശസഞ്ചയം പൂർ‍ണ്ണവളർ‍ച്ച പ്രാപിക്കുന്നു. ഇതോടൊപ്പം ഇതിലെ കോശങ്ങൾ‍ ഈസ്ട്രജൻ എന്ന ഹോർ‍മോൺ ഉണ്ടാക്കുകയും ചെയ്യുന്നു. അണ്ഡം പൂർ‍ണ്ണവളർ‍ച്ചയെത്തുമ്പോഴേക്കും ആ കോശസഞ്ചയം അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലേക്ക് നീങ്ങുകയും അണ്ഡാശയം ചെറുതായി വിടർ‍ന്ന് അണ്ഡം പുറത്തേക്ക് കൊഴിയുകയും (Ovulation) ചെയ്യുന്നു. ഈ സമയത്ത് ചില സ്ത്രീകൾ‍ക്ക് വയറുവേദന അനുഭവപ്പെടാറുണ്ട്. കൊഴിഞ്ഞ അണ്ഡത്തെ അണ്ഡവാഹിനിക്കുഴലുകൾ‍ (Fallopian tubes) വിടർ‍ന്ന അഗ്രത്തിലൂടെ ഉള്ളിലേക്ക് ആനയിക്കുകയും അത് ഗർ‍ഭാശയത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യും. അണ്ഡം കൊഴിഞ്ഞ കോശസഞ്ചയം രൂപാന്തരം പ്രാപിച്ച് കോർ‍പസ് ലൂട്ടിയം ആയി മാറുന്നു. ഇത് ഈസ്ട്രജനോടൊപ്പം പ്രൊജസ്ട്രോൺ കൂടി ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. അണ്ഡം കുഴലിൽ വച്ച് ബീജവുമായി സന്ധിച്ച് ബീജസങ്കലനം നടക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെയായാൽ പുതുതായുണ്ടാകുന്ന കുഞ്ഞിന്‍റെ ആദ്യരൂപമായ കോശം ഗർ‍ഭാശയഭിത്തിയിൽ സ്വയം പറ്റിച്ചേരുകയും അണ്ഡാശയത്തിലേക്ക് ആ സന്ദേശം അയക്കുകയും ചെയ്യും. അണ്ഡാശയം പ്രൊജസ്ട്രോൺ ധാരാളമായി ഗർ‍ഭാശയത്തിലേക്ക് എത്തിക്കുകയും അത് കുഞ്ഞിന് വളരാൻ പാകത്തിൽ ഗർ‍ഭാശയഭിത്തി സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. എന്‍ഡോമെട്രിയം (Endometrium) എന്നറിയപ്പെടുന്ന ഈ ഭിത്തി കട്ടിയുള്ളതാവുകയും അതിൽ രക്തക്കുഴലുകളും പോഷകദ്രവം നിറഞ്ഞ ഗ്രന്ഥികളും തിങ്ങി നിറയുകയും ചെയ്യും

[box type=”shadow” align=”” class=”” width=””]
ആര്‍ത്തവചക്രം വിശദീകരിക്കുന്ന വീഡിയോ | By Osmosis via Wikimedia Commons[/box]

എല്ലായ്പോഴും  ബീജസങ്കലനം നടക്കാറില്ലല്ലോ. ആ അവസ്ഥയിൽ കോർ‍പ്പസ് ലൂട്ടിയം അണ്ഡാശയത്തിനുള്ളിലേക്ക് പിൻവലിയുകയും ഹോർ‍മോണുകളുടെ അളവ് ക്രമേണ കുറഞ്ഞു വരികയും ചെയ്യും. ഇത് രണ്ടാഴ്ചയോളം തുടരുകയും അപ്പോൾ‍ ഹോർ‍മോൺ അളവിൽ പെട്ടെന്നുണ്ടാകുന്ന താഴ്ച ആർ‍ത്തവത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു. ഈ സമയത്ത് രക്തക്കുഴലുകൾ‍ ചുരുങ്ങി എന്‍ഡോമെട്രിയത്തിന് പോഷണം ലഭ്യമല്ലാതെ വരികയും അത് ഇളകിപ്പോവുകയും രക്തക്കുഴലുകളിൽ നിന്ന് രക്തം യോനി വഴി പുറത്തേക്കൊഴുകുകയുമാണുണ്ടാവുന്നത്. എന്ഡോമെട്രിയത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇങ്ങനെ ഇളകിപ്പോവുകയും അവശേഷിക്കുന്നത് വീണ്ടും വളർ‍ന്ന് അടുത്ത ചക്രമുണ്ടാവുകയും ചെയ്യുന്നു. ഈ ചക്രം സാധാരണ 24 ദിവസം മുതൽ 36 ദിവസം കൊണ്ടാണ് പൂർ‍ത്തിയാവുന്നത്. തുടക്കത്തിലും പ്രസവത്തിനും അബോർഷനും ശേഷവും മറ്റും ഇതിന് വ്യത്യാസമുണ്ടാകാം. ആർ‍ത്തവം സാധാരണ രണ്ട് മുതൽ എട്ട് ദിവസം വരെ നീളാം. കൂടുതൽ പേർ‍ക്കും മൂന്നോ നാലോ ദിവസമാണുണ്ടാവുക. ഈ രക്തത്തിൽ എന്‍ഡോമെട്രിയത്തിലെ കോശങ്ങൾ‍ കൂടാതെ അതിലുള്ള സ്രവങ്ങളും ഉണ്ടായിരിക്കും.

[box type=”info” align=”” class=”” width=””]വൃത്തിയുള്ള തുണിക്കഷണമോ പാഡുകളോ രക്തം ആഗിരണം ചെയ്യുന്ന തരത്തിൽ ഉപയോഗിക്കാം. ഇത് ദിവസത്തിൽ മൂന്നോ നാലോ തവണ മാറ്റുന്നത് നന്നായിരിക്കും. ഇതിനപ്പുറം ശുചിത്വത്തെ ചൊല്ലിയുള്ള ആകുലചിന്ത വളർ‍ത്തേണ്ടതില്ല.[/box]

ധർ‍മ്മ-ശാസ്ത്രങ്ങൾ‍ക്കപ്പുറം

വൈദ്യശാസ്ത്രത്തിന്‍റേയും ശരീരധർ‍മ്മശാസ്ത്രത്തിന്‍റേയും അന്വേഷണങ്ങളും കണ്ടെത്തലും ആർ‍ത്തവവുമായി ബന്ധപ്പെട്ട ദുരൂഹതകളേയും ദുരാചാരങ്ങളേയും ദൂരീകരിക്കാനുതകുന്നവയാണ്. എന്നാൽ, അവ തന്നെ വീണ്ടും സ്ത്രീകളെപ്പറ്റി പറഞ്ഞു വച്ചിരിക്കുന്ന വാർ‍പ്പ് മാതൃകകളെ ഉറപ്പിക്കാനും വാണിജ്യതാല്പര്യങ്ങൾ‍ക്ക് ഉപയോഗപ്പെടുത്താനുമുള്ള സാദ്ധ്യത എപ്പോഴുമുണ്ട്. ആർ‍ത്തവം മാറ്റാനായി ഹോർ‍മോൺ ഗുളികകൾ‍ പ്രചരിപ്പിക്കുകയും സ്ത്രീകൾ‍ അവ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. അനാവശ്യമായി ഈ ഗുളികകൾ‍ ഉപയോഗിക്കുന്നത് ശരീരത്തിനു നല്ലതല്ല എന്ന അറിവുണ്ടായിരിക്കെത്തന്നെ ആർത്തവം അശുദ്ധിയാണെന്ന സങ്കല്പ്പത്തിനു പ്രാധാന്യം നല്‍കി കൊണ്ട് ശാസ്ത്രത്തെ ആചാരങ്ങൾ‍ നില നിർ‍ത്താനായി ഉപയോഗിക്കുകയാണ്. ചെലവു കുറഞ്ഞ തരത്തിൽ നാപ്കിനുകൾ‍ ഉണ്ടാക്കാമെന്നിരിക്കെ, അശുദ്ധിയും അസൌകര്യവും പെരുപ്പിച്ച് കാട്ടി വലിയ വിലയ്ക്ക് അവ മാർ‍ക്കറ്റ് ചെയ്യപ്പെടുന്നുമുണ്ട്. അനുഭവാത്മകജ്ഞാനം കൂടി കണക്കിലെടുത്തു കൊണ്ടുള്ള പഠനങ്ങളും സ്ത്രീപക്ഷപഠനങ്ങളും ഈ വിഷയത്തിൽ ഇനിയും ധാരാളമായി ഉണ്ടാകേണ്ടതാണ്.

വിയർപ്പ്, മലമൂത്ര വിസർജ്ജനം, ശുക്ലസ്രവം തുടങ്ങിയവ പോലെ സാധാരണമായ ഒരു ശാരീരിക പ്രവർത്തനമാണ് ആർത്തവം. ആദ്യം പറഞ്ഞവയ്ക്കൊന്നും ഇല്ലാത്ത അയിത്തം ആർത്തവത്തിന് ഉണ്ടാവേണ്ടതില്ല

ആർ‍ത്തവമുള്ളവരെ അശുദ്ധരായി കാണുമ്പോൾ‍ തന്നെ ആർ‍ത്തവമില്ലാത്തവരെ വില കുറഞ്ഞവരായും കാണുന്നു എന്നത് ഒരു വിരോധാഭാസമാണ്. പ്രായഭേദം കൊണ്ടും ഹോർ‍മോൺ വ്യതിയാനം കൊണ്ടും ലിംഗവിമതത്വം കൊണ്ടും ചിലപ്പോൾ‍ ചില രോഗങ്ങൾ‍ കൊണ്ടും മറ്റും സ്ത്രീകളായി എണ്ണപ്പെട്ടവർ‍ക്ക്  ആർ‍ത്തവമില്ലാതെയിരിക്കാം. അത് ഒരു പ്രശ്നമായാണ് അപ്പോൾ‍ കണക്കാക്കുന്നത്. ആർ‍ത്തവചാരികൾ‍ (menstruators) എന്ന് സ്വയം വിശേഷിപ്പിച്ച് അതിനോടുള്ള അവജ്ഞ അകറ്റാൻ ശ്രമിക്കുന്ന സ്ത്രീപക്ഷപ്രവർ‍ത്തകരുണ്ട്. അതു വഴി സ്ത്രീ/പുരുഷൻ എന്ന ദ്വന്ദ്വത്തിനു നേരെ അവർ ചോദ്യമുയർത്തുന്നു. എല്ലാ സ്ത്രീകൾ‍ക്കും ആർ‍ത്തവമില്ലാത്തതു പോലെ തന്നെ ലിംഗവിമതരായ ചില പുരുഷന്മാർ‍ക്ക് അതുണ്ടാവുകയും ചെയ്യാം. ഒരേ ആളുടെ ജീവിതത്തിൽ തന്നെ രണ്ടവസ്ഥയും ഉണ്ടാകാം. ആർ‍ത്തവം ആസ്വദിക്കുന്നതു പോലെ തന്നെ അതില്ലാത്ത അവസ്ഥയും ആസ്വദിക്കാവുന്നതാണ്.

[box type=”success” align=”” class=”” width=””]കാലചക്രത്തിൽ വസന്തവും ഹേമന്തവും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ഈ മാറ്റങ്ങൾ‍ നവോന്മേഷം ഉണ്ടാക്കുന്നതാണ്. ഋതുഭേദങ്ങളെപ്പോലെ തന്നെ ഈ മാറ്റങ്ങളും ആസ്വദിച്ച് അറിയാവുന്നതാണ്. [/box]

 

One thought on “ആർത്തവം ആചാരമായല്ല അനുഭവമായറിയണം

  1. ആര്‍ത്തവം നീട്ടിത്തരാന്‍ ആവശ്യപ്പെട്ടുകൊണ്ടു വരുന്ന അമ്മമാരും പെണ്‍കുട്ടികളും: പ്രാഥമികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡോക്ടര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ഒരു സാധാരണ അനുഭവമാണ്. വീട്ടിലെ പുരുഷന്മാര്‍ ശബരിമലയ്ക്ക് വ്രതമെടുത്ത് മാലയിടുന്നു എന്നതാണ് കാരണം.
    “ശബരിമല അയ്യപ്പന്‍’ അവിടെ ചെല്ലുന്നയാളുടെ മനസ്സ് ശുദ്ധമാണോ, പ്രവൃത്തികള്‍ നല്ലതാണോ എന്നേ നോക്കാന്‍ വഴിയുള്ളൂ. അയാളുടെ ഭാര്യയോ സഹോദരിയോ മകളോ രാജസ്വലയായിട്ടുണ്ടോ എന്നത് പ്രശ്നമാകേണ്ടതില്ല എന്നാണ് ഞാന്‍ സാധാരണ പറയാറുള്ള മറുപടി. താരതമ്യേന ശുദ്ധമായ ആര്‍ത്തവ രക്തത്തെ അപേക്ഷിച്ച്, മലീമസമായ മലമൂത്ര വിസര്‍ജനം വ്രത കാലമത്രയും തടയാന്‍ എന്തേ ഇവര്‍ ആവശ്യപ്പെടാത്തത് എന്നൊരു മറുചോദ്യവും കൊണ്ട് ആ സാധു സ്ത്രീകള്‍ മടങ്ങാറുമുണ്ട്. ആത്യന്തികമായി, വൈദ്യശാസ്ത്രത്തെ ഉപയോഗിച്ച് അന്ധവിശ്വാസം പരത്തുക എന്നതാണ് ഇവിടെ സംഭവിക്കുന്നത്

Leave a Reply