Read Time:13 Minute
ആർത്തവ അവധിക്കൊപ്പം വേണം അടിസ്ഥാന സൗകര്യങ്ങൾ

കേരളത്തിലെ പല സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകാൻ ഉത്തരവായി എന്നത് ഏറെ സന്തോഷമുള്ള ഒരു വാർത്തയാണ്. ആർത്തവത്തെപ്പറ്റി തുറന്ന് സംസാരിക്കാൻ മടിച്ചു നിന്ന സമൂഹത്തിൽനിന്ന് ആർത്തവ അവധി വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ഇത്തരത്തിലുള്ള മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ ആർത്തവ അവധി നൽകിയത് കൊണ്ട് മാത്രം ആർത്തവം ഉള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? ഒരിക്കലുമില്ല. ഇനിയും ചില മാറ്റങ്ങൾ അനിവാര്യമാണ്.

കോളേജിൽ പഠിക്കുന്ന കാലം. ആർത്തവമുള്ള ദിവസമാണ്. ഒട്ടും പ്രതീക്ഷിക്കാതെ രാവിലെതന്നെ പാഡ് മുഴുവൻ നിറഞ്ഞതായി അനുഭവപ്പെട്ടു. പാഡ് മാറ്റണം. ഭാഗ്യത്തിന് മറ്റൊരാളുടെ കയ്യിൽ പാഡ് ഉണ്ടായിരുന്നു. ഞങ്ങളുടെ കെട്ടിടത്തിൽ വെള്ളമില്ലാത്തതിനാൽ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് പോയി. നിർഭാഗ്യവശാൽ അവിടെയും വെള്ളം ഇല്ല. അങ്ങനെ കോളേജിലെ തന്നെ പഴയൊരു വർക്ക്ഷോപ്പിന്റെ അടുത്തോട്ടു പോയി. അവിടെ വെള്ളം ഉണ്ടാകുമെന്ന് വഴിയിൽ വെച്ച് കണ്ട കുട്ടികൾ പറഞ്ഞിരുന്നു.

വര : ശ്രീജ പള്ളം

ആകെ വലയും പൊടിയും പിടിച്ച് ഒരു ബാത്റൂം. ഭാഗ്യത്തിന് ഒരു ബക്കറ്റിന്റെ മുക്കാൽഭാഗം വെള്ളമുണ്ട്. ആ ബാത്റൂം അധികമാരും ഉപയോഗിക്കാത്തതിനാൽ തന്നെ ആ വെള്ളത്തിൽ നിറയെ കൊതുക് മുട്ടയിട്ടു കൂത്താടി ആയി. ക്ലോസെറ്റ് ഒക്കെ അഴുക്കുപിടിച്ച് കിടപ്പുണ്ട്. പതിയെ പാഡ് മാറ്റി പുതിയ പാഡ് വെച്ചു. ഒപ്പം കൂത്താടി നിറഞ്ഞ ബക്കറ്റിലെ വെള്ളം ക്ലോസ്സറ്റിലേക്ക് ഒഴിക്കുകയും ചെയ്തു. ബാത്റൂമിലെ വാതിലിനു കുറ്റി ഇല്ലാത്തതിനാൽ തന്നെ എന്റെ കൂട്ടുകാരിയാണ് പുറത്തുനിന്ന് വാതിൽ ചാരി പിടിച്ചത് എന്ന് കൂടെ ഓർമ്മിപ്പിക്കട്ടെ. ആ അനുഭവം ഇപ്പോഴും മനസ്സിൽ തന്നെ കിടപ്പുണ്ട്. മറ്റൊരു മാർഗവും ഇല്ലാത്തതിനാലാണ് അന്ന് അങ്ങനെ ചെയ്യേണ്ടി വന്നത്. ഞാൻ ആ നിമിഷത്തിൽ ഏറ്റവുമധികം ആഗ്രഹിച്ചത് എല്ലാ സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ലഭ്യമാക്കണമെന്നാണ്.

വര : ശ്രീജ പള്ളം

ഓരോ വ്യക്തിക്കും ആർത്തവവുമായി ബന്ധപ്പെട്ട് വരുന്ന ശാരീരിക – മാനസിക ബുദ്ധിമുട്ടുകൾ വ്യത്യസ്തമാണ്. ആർത്തവ സമയത്ത് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് അധികവും. പലരും അതികഠിനമായ വയറുവേദന അനുഭവപ്പെട്ട് തുടങ്ങുമ്പോഴാണ് ആർത്തവം ആരംഭിക്കാറായി എന്ന് മനസ്സിലാക്കുന്നത്. എന്നാൽ ഇത്തരത്തിൽ ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്തവരും നമുക്ക് മുന്നിലുണ്ട്.

ധാരാളം പേർ പ്രീ മെൻസ്ട്രൽ സിൻഡ്രോം (Premenstrual Syndrome) എന്ന അവസ്ഥയിലൂടെ കടന്ന് പോകാറുണ്ട്. ഇതിന് ദേഷ്യം, ആകാംഷ, വിഷാദം, തലവേദന, ഉറക്കകുറവ്, ക്ഷീണം തുടങ്ങി പല ലക്ഷണങ്ങളുണ്ട്. സാധാരണയായി ആർത്തവം ആരംഭിക്കുന്നതിന് 14 ദിവസം മുൻപ് മുതൽ ഈ ലക്ഷണങ്ങൾ കണ്ട് തുടങ്ങാം. ഇതിന് പുറമെയാണ് ആർത്തവ ദിവസങ്ങളിലെ ബുദ്ധിമുട്ടുകൾ. കഠിനമായ വയറുവേദന, ക്ഷീണം, ഛർദി, വയറിളക്കം, ദേഹം വേദന തുടങ്ങി പല പല ശാരീരിക പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഈ സമയത്ത് ആർത്തവം ഉള്ളവർ നേരിടുന്നുണ്ട്. ഇനി എൻഡോമെട്രിയോസിസ് (Endometriosis) പോലെയുള്ള പ്രശ്നങ്ങളുള്ളവർക്ക് വേദന അസഹനീയമായിരിക്കും എന്നതിനോടൊപ്പം തന്നെ മാനസിക സംഘർഷവും കൂടുതലായിരിക്കും. (ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമായ എൻഡോമെട്രിയത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് ‘എൻഡോമെട്രിയോസിസ്.’)

ഇങ്ങനെ പല കാരണങ്ങളാൽ തന്നെ ആർത്തവ സമയത്ത് അവർ സ്ഥിരം ചെയ്യുന്ന പ്രവർത്തികളിൽ നിന്നും പലർക്കും ഒരു ഇടവേള ആവശ്യമായി വരാറുണ്ട്. ഇത്തരത്തിൽ ആർത്തവമുള്ള ദിവസങ്ങളിൽ സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികൾക്ക് നൽകുന്ന അവധിയെ ആർത്തവ അവധി എന്നാണ് പറയാറ്. കേരളത്തിന് അകത്തും പുറത്തുമായി ധാരാളം സ്ഥാപനങ്ങൾ ഇതിനോടകം തന്നെ ആർത്തവ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. അതായത് ആർത്തവം ഉള്ളവർക്ക് വർഷത്തിൽ ഒരു നിശ്ചിത എണ്ണം ദിവസങ്ങൾ അവധി നൽകും. ഇത് ഒരു വശത്ത് നല്ലൊരു കാര്യം തന്നെയാണ്, കാരണം ആർത്തവം ഉള്ള ദിവസങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം യാത്ര ചെയ്യാനും മറ്റുമൊക്കെ പ്രയാസം അനുഭവിക്കുന്നവർ നമുക്ക് മുമ്പിലുണ്ട്.

വര : ശ്രീജ പള്ളം

പണ്ട് മുതലേ ആർത്തവമുള്ള ദിവസങ്ങളിൽ രാവിലെ സ്കൂളിലായാലും ജോലിക്കായാലും പോകാൻ പ്രയാസമായിരുന്നു. ഒരു വശത്ത് വയറുവേദന, മറുവശത്ത് പാഡ് ശരിയായ സ്ഥാനത്ത് ആണോ ഇരിക്കുന്നത് എന്നുള്ള ടെൻഷൻ. ഇനി ബസ്സിലൊക്കെ നല്ല തിരക്കാണെങ്കിൽ പറയുവോം വേണ്ട. അതൊക്കെ നോക്കുമ്പോൾ ഒരു അവധി ഒക്കെ കിട്ടിയാൽ കൊള്ളാം.

എന്നാൽ, ഇത്തരത്തിൽ അവധി കൊടുക്കുമ്പോൾ ആർത്തവം ഉള്ളവർ മാസത്തിൽ ചില ദിവസവസമെങ്കിലും തൊഴിൽ ചെയ്യാൻ കഴിവില്ലാത്തവർ എന്നൊരു മിഥ്യാധാരണ പടരുന്നുണ്ട്. ഒരുതരത്തിൽ ആർത്തവത്തിന്റെ പേര് പറഞ്ഞു ഒരു വേർതിരിവ് പലർക്കും തോന്നാറുണ്ട്. മറുവശത്ത് പല ഘടകങ്ങളും ആർത്തവ അവധിക്ക് അപേക്ഷ നൽകുന്നതിൽ നിന്ന് പലരെയും പിന്നോട്ട് വലിക്കുന്നുണ്ട്. അവിടെയും ‘എനിക്ക് ആർത്തവം ആണ്’ എന്ന് തുറന്നുപറയാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും പലപ്പോഴും നാം മടിക്കുന്നു. എല്ലാപേരുടെയും അവസ്ഥ ഇതാണെന്നല്ല.

വര : ശ്രീജ പള്ളം

എന്നിരുന്നാലും ആർത്തവത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന പല മിഥ്യാധാരണകളും ഇതിന് കാരണമാകുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടത്തിൽ ആർക്കെങ്കിലും ആർത്തവം ഉണ്ടായാൽ എല്ലാപേരോടും പാഡ് ചോദിക്കും. ഇനി അഥവാ കിട്ടിയില്ലെങ്കിൽ പോലും വീട്ടിൽ പോകാൻ പലരും മടി കാണിച്ചിരുന്നു. കഷ്ടപ്പെട്ട് ക്ലാസ്സിൽ തന്നെ തുടരും. ക്ലാസ്സിൽ എല്ലാപേരും ഇതേപ്പറ്റി അറിയും എന്നത് തന്നെ കാരണം.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആർത്തവം ഉള്ളവരുമായി ഞാൻ ഇതേ വിഷയം ചർച്ച ചെയ്തിരുന്നു. അതിൽ നിന്നും മനസ്സിലാക്കാനായത് ആർത്തവ ദിവസങ്ങളിൽ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആർത്തവ അവധി ആഗ്രഹിക്കുന്നുണ്ടെന്നാണ്. എന്നാൽ ആർത്തവ അവധി മിക്ക സ്ഥലങ്ങളിലും മാസത്തിൽ ഒരു ദിവസത്തേക്ക് ചുരുങ്ങുന്നു. സാധാരണ ഗതിയിൽ 3 മുതൽ 7 ദിവസം വരെയൊക്കെ ആർത്തവം നീണ്ടുനിന്നെന്ന് വരാം. അങ്ങനെ വരുമ്പോൾ രണ്ടാമത്തെ ദിവസം മുതൽ അവർ വീണ്ടും തൊഴിലിടങ്ങളിൽ പോകേണ്ടി വരുകയും ബുദ്ധിമുട്ടുകൾ നേരിടുകയും ചെയുന്നു. മാസത്തിൽ ഒരു സിക്ക് ലീവ് നൽകിയിട്ടുള്ള സ്ഥാപനങ്ങളിൽ ആർത്തവ ദിവസങ്ങളിൽ ഇത് പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. അവിടെയും അടുത്തദിവസം മുതൽ അവസ്ഥ പഴയതുതന്നെ. ഇനി ആർത്തവ ദിവസങ്ങളിൽ ഓഫീസിൽ വന്നിട്ട് ആർത്തവ അവധി മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കുന്നവരുമുണ്ടെന്നതാണ് രസകരം.

വര : ശ്രീജ പള്ളം

ഇവയെല്ലാം ഒന്നിച്ച് പരിഗണിക്കുമ്പോൾ ആർത്തവ അവധിക്ക് പുറമേ തൊഴിലിടങ്ങളിലെല്ലാം ആർത്തവ സമയത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൊടുക്കുന്നതും നല്ലതല്ലെ? ഇതിൽ ആർത്തവ ഉത്പന്നങ്ങളുടെ ലഭ്യത, വെള്ളം, ശുചിമുറി പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ, വിശ്രമ മുറി എന്നിവ ഉൾപ്പെടുന്നു. വേണ്ടിവന്നാൽ അവർക്ക് ആ ദിവസം കുറച്ചുനേരത്തെ വീട്ടിൽ പോകാനുള്ള സൗകര്യം ഒരുക്കലും. ജോലിക്കിടയിൽ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ അവർക്ക് വിശ്രമമുറിയിൽ പോയി അല്പ സമയം വിശ്രമിക്കാനാകും. ഒപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ അവർക്ക് ആർത്തവശുചിത്വം കൈവരിക്കാനുമാകും. ഇത്തരത്തിൽ സൗകര്യമൊരുക്കുന്നതിലൂടെ ആർത്തവ അവധി എടുക്കാത്തവർക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകും.

പലപ്പോഴും ആർത്തവ ദിവസങ്ങളിൽ ബുദ്ധിമുട്ട് കാരണം അവധി വേണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ആർത്തവ അവധി കൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കാനാവും എന്നും തോനുന്നില്ല. അതിനാൽ തന്നെ നിലവിൽ ആർത്തവ അവധി നൽകുന്ന സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത് കുറച്ചു കൂടെ ഫലപ്രദമാണ്. മറ്റ് സ്ഥലങ്ങളിലും ഇവ പരിഗണിക്കേണ്ടതുണ്ട്. തൊഴിലിടങ്ങൾ പോലെ തന്നെ പൊതുവിടങ്ങളിലും മറ്റും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതിൽ വലിയൊരു പങ്കുണ്ട്.


രേഷ്മ ചന്ദ്രൻ എഴുതിയ ആർത്തവം – ശാസ്ത്രവും വിശ്വാസവും എന്ന പുസ്തകത്തിൽ നിന്നും

ആർത്തവം: ശാസ്ത്രവും വിശ്വാസവും

രേഷ്മ ചന്ദ്രൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇപ്പോൾ ഓൺലൈനായി വാങ്ങാം


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖ

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
17 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post പ്രാണികളുടെ പ്രതിസന്ധി
Next post ഈ നിമിഷത്തിന്റെ കറുപ്പ് – ഡോ.റൊമില ഥാപ്പർ
Close