രണ്ടു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ രണ്ട് അതികായന്മാർ തമ്മിലുണ്ടായ ഒരു ‘ഏറ്റുമുട്ടലി’ന്റെ കഥയാണിത്. ഗ്രിഗർ മെൻഡലിന്റെ 200ാം ജന്മവാർഷികത്തിന്റെ ഭാഗമായി ലൂക്ക പ്രസിദ്ധീകരിക്കുന്ന ജനിതകശാസ്ത്ര ലേഖന പരമ്പര..
ജനിതകത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആളാണ് ഗ്രിഗർ മെൻഡൽ. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആണ് അദ്ദേഹം ജീവിച്ചിരുന്നത്. ജനിതകശാസ്ത്രത്തിനു് സ്റ്റാറ്റിസ്റ്റിക്സിന്റെ (സംഖ്യാശാസ്ത്രം- സാംഖ്യികം) അടിത്തറ ഉണ്ടാക്കിയത് ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ റൊണാൾഡ് ഫിഷർ ആണ്. മെൻഡലിന്റെ കാലം കഴിഞ്ഞ് വളരെവർഷങ്ങൾക്കുശേഷം ആയിരുന്നു അത്. അങ്ങനെ ഇവർ രണ്ടുപേരും ചേർന്നാണ് ആധുനിക ജനിതകത്തിന്റെ രൂപരേഖ ചമച്ചത് എന്നു പറഞ്ഞാൽ തെറ്റില്ല. എന്നാൽ രണ്ടു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ രണ്ട് അതികായന്മാർ തമ്മിലുണ്ടായ ഒരു ‘ഏറ്റുമുട്ടലി’ന്റെ കഥയാണ് ഇനി പറയുന്നത്.
യോഹാൻ മെൻഡൽ ‘അഗസ്തീനിയന്മാർ’ എന്ന ഒരു കത്തോലിക്ക സന്യാസസംഘത്തിലെ അംഗമായിരുന്നു. അദ്ദേഹത്തിന്റെ വിളിപ്പേര് ‘യൊഹാൻ’ എന്നായിരുന്നു. പഠിക്കാൻ പണമില്ലാത്തതുകൊണ്ട് പഠിക്കുവാനുള്ള സൗകര്യത്തിനുവേണ്ടിയാണ് അദ്ദേഹം സന്യാസസമൂഹത്തിൽ അംഗമായത് എന്നു പറയപ്പെടുന്നു. അഗസ്തീനിയൻ സംഘക്കാരാണ് അദ്ദേഹത്തിന് ‘ഗ്രിഗോർ’ എന്ന പേരു കൂടി നൽകിയത്. എന്നാൽ അദ്ദേഹം ബലി അർപ്പിക്കാൻ യോഗ്യതയുള്ള പുരോഹിതൻ ആയില്ല, ആശ്രമജീവിതം നയിച്ചിരുന്ന ഒരു സന്യാസി – ‘ബ്രദർ’- മാത്രം ആയിരുന്നു. അതുകൊണ്ടുതന്നെ ഒരു ഇടവകയുടെ ചുമതലയുള്ള പുരോഹിതൻ ആയിട്ടല്ല, മറിച്ച ആശ്രമത്തിൽ ജീവിച്ചിരുന്ന ഒരു ‘മോങ്ക്’ ആയി അദ്ദേഹം ജീവിതം കഴിച്ചുകൂട്ടി.
ജീവികളിൽ പലതരത്തിലുള്ള സവിശേഷതകൾ ഉണ്ട്. മനുഷ്യരെ എടുത്താൽ ചിലർ പൊക്കമുള്ളവരായിരിക്കും, ചിലർ കുള്ളന്മാരും. ചിലരുടെ തൊലിയുടെ നിറം കുടുതൽ വെളുത്തതായിരിക്കും, മറിച്ചും. ചിലർക്ക് നീണ്ടു വടിവൊത്ത മൂക്കായിരിക്കും, ചിലരുടെത് പതിഞ്ഞതും. മുടിയുടെ നിറം, പ്രത്യേകിച്ച് പാശ്ചാത്യരിൽ, സ്വർണ്ണനിറം മുതൽ കറുപ്പോ, തവിട്ടുനിരമോ ആകാം. അതുപോലെ കൃഷ്ണമണിയുടെ നിറം. ഈ പ്രത്യേകതകൾ പലപ്പോഴും തലമുറകളിലേക്ക് വ്യാപിക്കുമെന്നും നമുക്കറിയാം.
എന്നാൽ ഇത് എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവിനു കഷ്ടി നൂറ്റി എഴുപത് വർഷത്തെ പഴക്കമേ ഉള്ളു. ഈ അറിവിനു ബീജാവാപം ചെയ്തത് ഗ്രിഗർ മെൻഡൽ ആയിരുന്നു എന്ന് പറയാം. അദ്ദേഹത്തിനു മുൻപ് ഇതൊരു പിടികിട്ടാത്ത കാര്യമായിരുന്നു. അന്നൊക്കെ വിശ്വസിച്ചിരുന്നത് പാരമ്പര്യ സ്വഭാവങ്ങൾ അവയുടെ സ്വതസിദ്ധമായ ‘ശക്തി’ അനുസരിച്ച് മാതാപിതാക്കളിൽ നിന്ന് സന്തതികളിലേക്ക് പ്രവഹിച്ച് ഇടകലരുന്നു എന്നും, അതുകൊണ്ടുതന്നെ അതൊരു ‘അനുസ്യൂത’ സ്വഭാവമുള്ള (കണ്ടിന്യൂവസ്- പ്രത്യേകമായി തരം തിരിക്കാൻ പറ്റാത്ത സ്വഭാവമുള്ള) ഒരു പ്രക്രിയയാണ് എന്നും ആയിരുന്നു.
- ആധിപത്യത്തിന്റെ നിയമം (Law of Dominance): ജീവികളുടേ ഓരോ ഗുണത്തിനും – പൊക്കം, നിറം എന്നിങ്ങനെ- പരസ്പരവിരുദ്ധമായ രണ്ടു ഭാവങ്ങൾ ഉണ്ടായിരിക്കും: ഒന്ന് ആധിപത്യ സ്വഭാവമുള്ളതും, മറ്റേത് ആധിപത്യസ്വഭാവം കാണിക്കാത്തതും. ഇവയിൽ ആധിപത്യസ്വഭാവമുള്ള ഭാവമാണ് പ്രകടമാക്കപ്പെടുന്നത്. ഉദാഹരണത്തിനു മുടിയുടെ കാര്യത്തിൽ ഒരു പക്ഷേ ചുരുണ്ടമുടി ആധിപത്യ സ്വഭാവമുള്ളതും, കോലൻ മുടി ആധിപത്യസ്വഭാവം ഇല്ലാത്തതുമായിരിക്കാം. (ഇതൊരു ഉദാഹരണം മാത്രമാണ്- വസ്തുതയായിരിക്കണമെന്നില്ല); മുടിയുടെ ഈ ഗുണത്തിന്റെ രണ്ടുഭാവങ്ങളും ചേരാനിടവന്നാൽ ആധിപത്യസ്വഭാവമുള്ള ചുരുണ്ടമുടിയായിരിക്കും പ്രകടമായിരിക്കുക.
- വേർതിരിക്കലിന്റെ നിയമം (Law of Segregation): സന്തതികൾ ഉത്പാദിപ്പിക്കപ്പെടുമ്പോൾ, ഈ ഗുണങ്ങളുടെ രണ്ട് ഭാവങ്ങളും വേർതിരിക്കപ്പെടുന്നു: അടുത്ത തലമുറയിലെ ഓരോ വ്യക്തിയും ഇവയിൽ ഒരു ഭാവം മാത്രമാണ് മാതപിതാക്കളിൽ ഓരോരുത്തരിൽ നിന്നും സ്വന്തമാക്കുന്നത്.
- സ്വതന്ത്രസമ്മിശ്രണത്തിന്റെ നിയമം (Law of Independent Assortment): തലമുറമാറ്റത്തിന്റെ സമയത്ത് വിവിധഗുണങ്ങളുടെ വിരുദ്ധഭാവങ്ങൾ തമ്മിൽ സ്വതന്ത്രമായ സമ്മിശ്രണം നടക്കുന്നു.
തലമുറകളിലൂടെ ജീവികളിലെ വ്യത്യസ്തഗുണങ്ങൾ നിലനിർത്തുന്നത് ഈ നിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം കരുതി. പക്ഷെ ഈ ഗുണങ്ങളെ നിയന്ത്രിക്കുന്ന ഘടകങ്ങളെ ‘ജീൻ’ എന്നു പേരിട്ടു വിളിച്ചത് അദ്ദേഹമല്ല. മെൻഡൽ ഇവയെ ‘ഘടകങ്ങൾ’ എന്നു മാത്രമാണ് വിവരിച്ചത്. ജീനുകളും ക്രോമോസോമുകളും ഡി എൻ ഏയുമൊക്കെ വളരെവർഷങ്ങൾക്കുശേഷം കണ്ടെത്തിയ പ്രതിഭാസങ്ങളാണ്.
ഈ നിയമങ്ങൾ ഉരുത്തിരിഞ്ഞത് പയർ ചെടികളിൽ അദ്ദേഹം ചെയ്ത സൂക്ഷ്മമായ പരീക്ഷണങ്ങളിൽ കൂടി ആയിരുന്നു. ആശ്രമത്തിന്റെ വളപ്പിൽ അദ്ദേഹം പയർ വളർത്തുകയും, അവയിൽ ഓരോ തലമുറയേയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. മാത്രമല്ല, പരീക്ഷണാർത്ഥം ചില പ്രത്യേകതകൾ- ഗുണങ്ങൾ അഥവാ സ്വഭാവങ്ങൾ– തെരഞ്ഞെടുത്ത് അവയെ അടുത്ത തലമുറയിലേക്ക് കൃത്യമായി പകരാൻ സാധിക്കുമോ എന്നറിയാൻ അദ്ദേഹം കൃത്രിമ പരാഗണവും നടത്തി. (ചിത്രകാരന്മാർ ഉപയോഗിക്കുന്ന ബ്രഷ് ആണ് ആൺചെടിയുടെ പരാഗം പെൺചെടിയിലേക്ക് പകർത്താൻ അദ്ദേഹം ഉപയോഗിച്ചത്). അങ്ങനെ തലമുറകളായി പയർ ചെടികളെ വളർത്തുകയും നിരീക്ഷിക്കുകയും അവയുടെ സവിശേഷതകൾ എങ്ങനെ പകർത്തപ്പെടുന്നു എന്ന് എഴുതി വെക്കുകയും ചെയ്തുകൊണ്ടാണ് ജനിതകനിയമങ്ങൾ അദ്ദേഹം കണ്ടെത്തിയത്.
![](https://i0.wp.com/luca.co.in/wp-content/uploads/2022/07/Mendel-and-his-pea-plants.png?resize=1140%2C805&ssl=1)
പരീക്ഷണത്തിന്റെ രീതി ചെറുതായി വിവരിച്ചാൽ, മെൻഡൽ ചെയ്തത് ഇപ്രകാരമാണ്: ഓരോ ഗുണത്തിന്റെയും രണ്ടു ഭാവങ്ങളുള്ള ചെടികളും അദ്ദേഹം ‘ശുദ്ധമായി’ വളർത്തിയെടുത്തു (‘pure breeding’). ഉദാഹരണത്തിന് പൂവിന്റെ നിറത്തിന്റെ കാര്യം എടുക്കാം. വെള്ളപ്പൂക്കളുള്ള ചെടികളെ വെള്ളപ്പൂക്കൾ മാത്രമുള്ള ചെടികളുമായി പരാഗണം നടത്തിയാൽ ഉണ്ടാകുന്ന ചെടികളിലും വെള്ളപ്പൂക്കളായിരിക്കും. ഇവയെ ആണ് ‘ശുദ്ധമായി വളർത്തിയവ’ എന്ന പറയാവുന്നത്. (ഇങ്ങിനെ വെള്ളപ്പൂക്കൾ മാത്രമായി കിട്ടാൻ ചിലപ്പോൾ പല തലമുറകൾ വേണ്ടിവന്നേക്കാം. പക്ഷേ ചെടികൾ വളർത്തുമ്പോൾ നമുക്ക് ഇഷ്ടമുള്ള ചില പ്രത്യേകതകൾ ഇങ്ങിനെ തെരഞ്ഞെടുത്ത് വളർത്തിയെടുക്കുന്നത് സാധാരണമാണ്). ആധിപത്യസ്വഭാമുള്ളത് വെള്ളനിറവും, അങ്ങനെയല്ലാത്തത് വയലറ്റ് നിറവും ആണെന്നിരിക്കട്ടെ. ഈ രണ്ടുതരത്തിലുള്ള ചെടികൾ തമ്മിൽ കൃത്രിമപരാഗണം നടത്തുമ്പോൾ ഉണ്ടാകുന്ന ചെടികളിൽ വെള്ളപ്പൂവുകളും വയലറ്റ് പൂവുകളും ഉണ്ടാകുന്നത് ഒരു പ്രത്യേക അനുപാതത്തിലായിരിക്കും. ശുദ്ധമായി വളർത്തിയ വെള്ളപ്പൂക്കൾ മാത്രമുള്ള ചെടികളും, ശുദ്ധമായി വളർത്തിയ വയലറ്റ് പൂക്കൾ മാത്രമുള്ള ചെടികളും തമ്മിൽ പരാഗണം നടത്തിയാൽ അതിൽ നിന്നുണ്ടാകുന്ന ചെടികളിൽ വെള്ളപ്പൂക്കൾ മാത്രമെ ഉണ്ടാകൂ, കാരണം വെള്ളപ്പൂക്കൾ ആധിപത്യ ഭാവം ഉള്ളവയാണ്. പക്ഷെ ഈ രണ്ടാം തലമുറയിലെ ചെടികളെ തമ്മിൽ പരാഗണം നടത്തിയാൽ, മൂന്ന് വെള്ളപ്പൂക്കളുള്ള ചെടിക്ക് ഒരു വയലറ്റ് പൂവുള്ള ചെടി എന്ന അനുപാതത്തിൽ കാണാനാവും. ഇതിനുകാരണം ആധിപത്യഭാവം ഉള്ളവയും ഇല്ലാത്തവയും ആയ ചെടികളുടെ ഇടകലരിന്റെ അനുപാതമാണ്. (‘ക’ എന്നത് ആധിപത്യഭാവത്തെയും, ‘ഗ’ എന്നത് ആധിപത്യമില്ലാത്ത ഭാവത്തെയും ആണു സൂചിപ്പിക്കുന്നതെങ്കിൽ, ചെടികളിൽ യഥാക്രമം ‘ക ക’, ‘ക ഗ’, ‘ഗ ക’, ‘ഗ ഗ’ എന്നിങ്ങനെയായിരിക്കും ഭാവങ്ങളുടെ വിന്യാസം. ഇവയിൽ ‘ക ക’, ‘ക ഗ’, ‘ഗ ക’ എന്നിവ വെള്ളപ്പൂക്കളുള്ള ചെടികളായിരിക്കും, കാരണം ‘ക’ എന്നത് ആധിപത്യ ഭാവമാണ്. എന്നാൽ ‘ഗ ഗ’ എന്നത് ആധിപത്യം ഇല്ലാത്ത ഭാവത്തെ സൂചിപ്പിക്കുന്നു; അവ വയലറ്റ് പൂക്കളായി പ്രകടമാകുന്നു). മെൻഡലിന്റെ പരീക്ഷണങ്ങളുടെ ആദ്യപടിയുടെ ഒരു ലളിതവിവരണമാണ് ഇത്. അദ്ദേഹം പക്ഷെ പല തലമു റകളിലായി അനേകം പയർ ചെടികളെ വളർത്തുകയും അവയുടെ സ്വഭാവങ്ങളിലുള്ള മാറ്റം പഠിക്കുകയും ചെയ്തു.
പയർചെടികളിലെ ഏഴോളം സവിശേഷ ഗുണങ്ങളാണ് അദ്ദേഹം പഠനവിഷയമാക്കിയത്. പൂവിന്റെ നിറം, ചെടിയുടെ പൊക്കം, പയർമണികളുടെ നിറം, അവയുടെ തോടിന്റെ സ്വഭാവം- മിനുസമുള്ളതോ, ചുക്കിച്ചുളിഞ്ഞതോ എന്നത്- ഇവ അദ്ദേഹം പഠിച്ച ഗുണങ്ങളിൽ ചിലതാണ്. ഇവയിലോരോന്നിനും ആധിപത്യസ്വഭാവമുള്ള ഒരു ഭാവവും, ആധിപത്യസ്വഭാവമില്ലാത്ത ഒരു ഭാവവും ഉണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. പൂവിന്റെ നിറം നിർണ്ണയിക്കുന്ന ഘടകത്തിന്റെ ഭാവങ്ങൾ തമ്മിൽ തലമുറമാറ്റത്തിന്റെ സമയത്ത് വേർതിരിയുകയും, പിന്നീട് സ്വതന്ത്രമായി കൂടിച്ചേരുകയും ചെയ്യുന്നതുകൊണ്ടാണ് ഈ അനുപാതം സൃഷ്ടിക്കപ്പെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഇങ്ങിനെ ഏഴുഗുണങ്ങളുടെ രണ്ടുഭാവങ്ങളുള്ള ചെടികൾ തമ്മിൽ പരാഗണം ചെയ്ത് അവയിലുണ്ടാകുന്ന ചെടികളുടെ ഗുണങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു. ഏകദേശം മുപ്പതിനായിരത്തോളം പയർ ചെടികൾ അദ്ദേഹം വളർത്തി നിരീക്ഷിച്ചു എന്നാണു കരുതപ്പെടുന്നത്.
![](https://i0.wp.com/luca.co.in/wp-content/uploads/2022/07/1024px-Mendel_seven_characters.svg_.png?resize=1024%2C439&ssl=1)
1865ൽ ആണ് അദ്ദേഹത്തിന്റെ പേപ്പർ മെൻഡൽ ഒരു ചെറു ഗ്രൂപ്പിൽ വായിച്ചത്. 1866ൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ അതിന് അർഹിക്കുന്ന ശ്രദ്ധ ലഭിച്ചില്ല. ജൈവശാസ്ത്രത്തിൽ വിപ്ലവം കുറിക്കുന്ന കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം അങ്ങനെ ആരും കാണാതെ പോയി. പരിണാമ സിദ്ധാന്തം ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കിയിട്ട് അധികകാലം ആയിരുന്നില്ല. ഒരു പക്ഷേ അതിനെ പറ്റിയുള്ള വാഗ്വാദങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയതാവാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ആണ് മെൻഡലിന്റെ കണ്ടുപിടിത്തങ്ങളുടെ പ്രസക്തി ശാസ്ത്രലോകം മനസ്സിലാക്കിയത് അപ്പോഴേക്കും അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നു.
ഫിഷറുടെ നിഗമനങ്ങൾ
മെൻഡൽ പേപ്പർ പ്രസിദ്ധീകരിച്ച് മുപ്പതുവർഷത്തിലധികം അത് ശ്രദ്ധിക്കപ്പെടാതെ ഇരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി അദ്ദേഹത്തിന്റെ മരണശേഷമാണെങ്കിൽ പോലും അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൽ ശ്രദ്ധിക്കപ്പെടുകയും ആധുനിക ജനിതകം പിറവിയെടുക്കുകയും ചെയ്തു. മെൻഡൽ കണ്ടുപിടിച്ച ‘ഘടക’ങ്ങൾക്ക് ‘ജീൻ’ എന്ന പേരും ലഭിച്ചു.(‘ജീൻ’എന്ന പേരിന്റെ ഉപജ്ഞാതാവ് വില്യം ബേറ്റ്സൺ ആണെന്നു കരുതപ്പെടുന്നു). എങ്കിലും ജീനുകളുടെ സ്വഭാവം അപ്പോഴും അജ്ഞാതമായിരുന്നു.
ഫിഷർ പ്രധാനമായും ഒരു ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു. ആധുനകസ്റ്റാറ്റിസ്റ്റിക്സിന്റെ അടിത്തറ ഉണ്ടാക്കിയതിൽ പ്രധാനി അദ്ദേഹമാണ്. അദ്ദേഹം നിർദ്ദേശിച്ച ടെസ്റ്റുകൾ (പരിശോധനകൾ) ആണ് ഇപ്പോഴും പല സ്റ്റാറ്റിസ്റ്റിക്സ് സമ്പ്രദായങ്ങളിലും ഉപയോഗപ്പെടുത്തുന്നത്. അദ്ദേഹം അതേ സമയം ഒരു ജൈവശാസ്ത്രജ്ഞനും ആയിരുന്നു. യു.കെ യിലെ റോഥംസ്റ്റെഡ് കൃഷിഗവേഷണകേന്ദ്രത്തിൽ ഒട്ടേറെ പരീക്ഷണങ്ങൾ രൂപകല്പനചെയ്ത് ആധുനികകൃഷിശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുള്ള ആളാണ് ഫിഷർ. ജനിതകവിജ്ഞാനവും പരിണാമവും തമ്മിൽ സംയോജിപ്പിച്ചുകൊണ്ടുള്ള ഇരുപതാം നൂറ്റാണ്ടിലെ ബയോളജിയിലെ ‘നിയോഡാർവീനിയൻ സിന്തസിസ്’ (നവഡാർവീനിയൻ ഉദ്ഗ്രഥനം) എന്നു വിളിക്കപ്പെടുന്ന ഏറ്റവും പ്രധാന കാൽ വെയ്പ്പിന്റെ ബൗദ്ധികസ്രോതസ്സുകളിൽ ഒന്ന് ഫിഷർ ആയിരുന്നു. റിചാർഡ് ഡോക്കിൻസ് അദ്ദേഹത്തെപ്പറ്റി ‘ഡാർവിനുശേഷം ബയോളജിക്ക് ഏറ്റവും വലിയ സംഭാവനകൾ നടത്തിയ ആൾ’ എന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംഭാവനകളുടെ ഗൗരവം അളക്കാമല്ലോ.
ഫിഷർ 1936ൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറിൽ, മെൻഡലിന്റെ ഡാറ്റ പുനരവലോകനം ചെയ്തു. പ്രധാനമായും അതേ ഡാറ്റ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിനു വിധേയമാക്കുകയാണ് ഫിഷർ ചെയ്തത്. (മെൻഡലിന്റെ കാലത്ത് സ്റ്റാറ്റിസ്റ്റിക്കൽ സയൻസ് അത്രകണ്ട് വികസിച്ചിരുന്നില്ല എന്നത് പ്രത്യേകം ഓർക്കണം). മെൻഡലിന്റെ ഡാറ്റ അവിശ്വസനീയമാണെന്ന ഒരു പ്രസ്താവനയാണ് ഫിഷർ നടത്തിയത്. (ടൂ ഗുഡ് റ്റു ബി ട്രൂ- വിശ്വസിക്കാൻ കഴിയാത്തത്ര കൃത്യമായിരിക്കുന്നു- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ). അന്ധർ മാവിലെറിഞ്ഞപോലെ എന്നൊരു ചൊല്ലുണ്ടല്ലോ- ചിലപ്പോൾ ഭാഗ്യത്തിനു മാങ്ങ വീണെന്നിരിക്കും. എന്നാൽ ഒരു അന്ധർ എറിയുമ്പോഴൊക്കെ മാങ്ങ വീണാലോ? അയാൾ അന്ധരല്ല എന്നാരെങ്കിലും സംശയിച്ചാൽ അത് ന്യായമാണ്. ഏതാണ്ട് അതുപോലെ ഒരു പ്രസ്താവനയാണ് ഫിഷർ നടത്തിയത്. വേറൊരു വിധത്തിൽ പറഞ്ഞാൽ, പയറുചെടികളുടെ ഗുണങ്ങളിൽ താലമുറകളിലൂടെ ഉണ്ടാകുന്ന വ്യത്യസ്തമായ വിന്യാസത്തെക്കുറിച്ചുള്ള മെൻഡലിന്റെ നിരീക്ഷണങ്ങൾ, അദ്ദേഹം പ്രതീക്ഷിച്ച അനുപാതങ്ങളോട് അവിശ്വനീയമായ കൃത്യത പുലർത്തി എന്നും, ഇതിനു കാരണം മെൻഡലിന്റെ ഡാറ്റ കെട്ടിച്ചമച്ചവയാണോ എന്നു സംശയം തോന്നും എന്നുമായിരുന്നു ഫിഷറുടെ പ്രസ്താവന. പക്ഷെ ഫിഷർ മെൻഡലിനെ കുറ്റപ്പെടുത്തിയില്ല, പകരം അദ്ദേഹത്തിന്റെ മനസ്സറിയുന്ന ഏതോ സഹായി കൃത്രിമത്വം കാണിച്ചു എന്ന നിഗമനത്തിലാണെത്തിയത്.
![](https://i0.wp.com/luca.co.in/wp-content/uploads/2022/07/41437_2020_394_Fig1_HTML.jpg?resize=510%2C746&ssl=1)
ഫിഷറിന്റെ വിമർശനം
ഫിഷർ പറഞ്ഞതെന്താണെന്ന് മനസിലാകണമെങ്കിൽ ചുരുക്കമായെങ്കിലും സ്റ്റാറ്റിസ്റ്റിക്സിന്റെ രീതിശാസ്ത്രം അറിയണം. സാധാരണയായി ഭൗതികശാസ്ത്രത്തിലും മറ്റും ഒരു പ്രവചനം നടത്തുമ്പോൾ അത് കൃത്യമായിരിക്കണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണല്ലോ ന്യൂട്ടന്റെ നിയമങ്ങൾ അനുസരിച്ച് റോക്കറ്റുകളുടെയും മറ്റും ഗതി കൃത്യമായി നിയന്ത്രിക്കാൻ നമുക്കു പറ്റുന്നത്. എന്നാൽ ബയോളജിയിൽ ഇതുപോലെയുള്ള കൃത്യത അപൂർവമാണ്. ഒരേ പ്രതിഭാസം വീണ്ടും വീണ്ടും ഉണ്ടാകുമ്പോൾ, അഥവാ ഒരു പരീക്ഷണം പലതവണ ആവർത്തിക്കുമ്പോൾ ഫലത്തിന് ഒരു പാറ്റേൺ ഉണ്ടാകും എന്നു മാത്രമെ പറയാനാകൂ. (ഇങ്ങിനെയുള്ള പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നത് സംഭവ്യത- പ്രൊബാബിലിറ്റി ആയതുകൊണ്ട് അവയെ സ്റ്റൊക്കാസ്റ്റിക് പ്രതിഭാസങ്ങൾ എന്നു പറയാറുണ്ട്). സ്റ്റൊക്കാസ്റ്റിക്ക് പ്രതിഭാസങ്ങൾ പല ശാസ്ത്രശാഖകളിലും സാധാരണമാണ്- കാലാവസ്ഥാ പ്രവചനം, ഭൂമികുലുക്കങ്ങൾ എന്നിവ ഉദാഹരണമായ എടുക്കാം. സാമൂഹ്യവിജ്ഞാനത്തിലും പ്രൊബാബിലിസ്റ്റിക് പ്രവചനങ്ങൾ മാത്രം സാധ്യമായ സ്റ്റൊക്കാസ്റ്റിക്ക് പ്രതിഭാസങ്ങൾ സാധാരണമാണ്.
എല്ലാവർക്കും മനസ്സിലാവുന്ന ഒരു പ്രതിഭാസം പരിശോധിക്കാം: ജനിക്കുന്ന കുട്ടികളുടെ ലിംഗം. നമുക്കറിയാം ജനിക്കുന്ന കുട്ടികളിൽ ആൺ-പെൺ അനുപാതം ഏകദേശം 1:1 എന്ന നിലയിൽ ആയിരിക്കും എന്നത്. എന്നാൽ ഓരോ ദമ്പതികൾക്കും ജനിക്കുന്ന കുട്ടികളിൽ ഈ അനുപാതം പാലിക്കപ്പെടണം എന്നില്ലല്ലോ. രണ്ട് ആൺകുട്ടികൾ, രണ്ട് പെൺകുട്ടികൾ, രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും, മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും എന്നിങ്ങനെ അവ വ്യത്യസ്തപ്പെട്ടിരിക്കുന്നു. എന്നാൽ ഒരു കൂട്ടം ദമ്പതികളുടെ കുട്ടികളുടെ എണ്ണമെടുത്താൽ ആൺ-പെൺ അനുപാതം 1:1 എന്നതായിരിക്കും അല്ലെങ്കിൽ അതിനോട് അടുത്ത് ഇരിക്കും. മാത്രമല്ല, ദമ്പതികളുടെ എണ്ണം കൂടുന്തോറും ഈ അനുപാതത്തോട് അടുക്കുന്നത് കാണാൻ കഴിയും.
ഫിഷർ പറഞ്ഞതിന്റെ അർത്ഥം ഇതാണ്: മെൻഡൽ ഒരു കൂട്ടം പയർ ചെടികളിൽ പരീക്ഷണം നടത്തി പല ഗുണങ്ങളുടെയും അനുപാതം നിരീക്ഷിക്കുന്നു. പക്ഷെ ഇവ അദ്ദേഹം പ്രതീക്ഷിക്കുന്നതിനോട് വളരെ കൃത്യമായി ചേർന്നിരിക്കുന്നു. മെൻഡൽ പല ആവർത്തി ഇത് ചെയ്തിട്ട് ഇങ്ങിനെ ഒരു അനുപാതം കിട്ടി എന്നു പറഞ്ഞാൽ കൂടുതൽ വിശ്വസനീയമായിരുന്നേനെ. മെൻഡലിന്റെ കണക്കുകളിൽ ഓരോ പരീക്ഷണവും ഒരു തവണ ചെയ്തതിന്റെ ഡാറ്റ മാത്രമെ ഉള്ളു. (പല ദമ്പതികളുടെ കുട്ടികളും കൃത്യമായി ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും എന്നിങ്ങനെ കാണപ്പെട്ടാൽ നമുക്ക് അതിൽ എന്തോ കൃത്രിമത്വം തോന്നുമല്ലോ). അതുകൊണ്ട് പ്രതീക്ഷിക്കുന്ന അനുപാതത്തിലേക്ക് ഡാറ്റ മെൻഡൽ കൃത്രിമമായി ഇണക്കിച്ചേർത്തതാണ് എന്നായിരുന്നു ആരോപണം. ഫിഷർ ‘ഖൈ സ്ക്വയർ’ എന്ന സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റ് ഉപയോഗിച്ച് ഇങ്ങിനെ ആദ്യ പരീക്ഷണം കൊണ്ട് തന്നെ പ്രതീക്ഷിതമായ അനുപാതം ലഭിക്കാനുള്ള സാദ്ധ്യത ഏകദേശം ഒരു ലക്ഷത്തിൽ ഏഴുഭാഗം മാത്രമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. അതായത് വളരെ അപൂർവം.
വിവാദത്തിന്റെ വഴി
മെൻഡലും ഫിഷറും ഇല്ലാത്ത കാലത്താണ് ഈ വിവാദം കൊടുമ്പിരിക്കൊണ്ടത് എന്നത് ശ്രദ്ധേയമാണ്. മെൻഡൽ മന:പൂർവ്വം കൃത്രിമഡാറ്റ ഉണ്ടാക്കി എന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസമായിരുന്നു. അദ്ദേഹത്തെ ‘രക്ഷിക്കാനു’ള്ള ശ്രമങ്ങൾ പ്രധാനമായും രണ്ടു രീതിയിലാണ് നടന്നത്:
- ചിലപ്പോൾ പ്രതീക്ഷിത അനുപാതം അനുസരിക്കുന്ന ഡാറ്റ മാത്രമേ മെൻഡൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടാവൂ, മറ്റുള്ളവ തള്ളിക്കളഞ്ഞുകാണൂം. ഇത് അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ അത്ര അസാധാരണമല്ല; തെറ്റായിപ്പോലും കാണാൻ പറ്റില്ല. പക്ഷെ മെൻഡലിന്റെ വിവരണങ്ങളിൽ ഇപ്പോഴും ചിലവ അദ്ദേഹത്തിനുപോലും വിശദീകരിക്കാൻ പറ്റാത്തവയാണെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഇത് ശരിയല്ല എന്നു കാണിക്കുന്നു.
- അദ്ദേഹത്തിന്റെ മനസ്സറിയുന്ന അസ്സിസ്റ്റൻ്റുമാർ ആരെങ്കിലും പ്രതീക്ഷിക്കനുസരിച്ച് ഡാറ്റ റിപ്പോർട്ട് ചെയ്തതാകാം. ഇത് പക്ഷെ വിശ്വസിക്കാൻ പ്രയാസമാണ്; കാരണം മെൻഡൽ വളരെ കൃത്യമായി അദ്ദേഹത്തിന്റെ കുറിപ്പുകൾ സൂക്ഷിച്ചിരുന്നു.
ഫിഷറിന്റെ വിമർശനത്തിൽ പിഴവുകണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ മെൻഡൽ മന:പൂർവ്വം തെറ്റുചെയ്തു എന്ന് ഫിഷർ ആരോപിച്ചു എന്നതും ശരിയല്ല. ഫിഷറുടെ മറ്റ് പല സന്ദർഭങ്ങളിലുമുള്ള എഴുത്തുകളിൽ നിന്ന് മെൻഡലിനെക്കുറിച്ചും അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെക്കുറിച്ചും ഫിഷർക്ക് വലിയ മതിപ്പായിരുന്നു എന്നത് വ്യക്തമാണ്. പിന്നെ എന്താണ് ഈ വിവാദത്തിന്റെ വിശദീകരണം?
ബാക്കിപത്രം
മെൻഡൽ-ഫിഷർ വിവാദം 1960 മുതൽ കത്തിനിൽക്കുന്ന ഒന്നാണ്. ബയോളജിയിലും സ്റ്റാറ്റിസ്റ്റിക്സിലും പ്രഗൽഭരായ പലരും ഇതിനെ സംബന്ധിച്ച് പ്രബന്ധങ്ങളും പുസ്തകങ്ങൾ തന്നെയും രചിച്ചിട്ടൂണ്ട്. എങ്കിലും ഇന്നും ഇതിനൊരവസാനവിധി വന്നിട്ടില്ല എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. പ്രധാനമായും താഴെപ്പറയുന്ന രീതിയിലായിരുന്നു വിവാദത്തിന്റെ വിവിധ ഘട്ടങ്ങൾ:
- മന:പൂർവമായല്ലാതെ മെൻഡൽ ഡാറ്റ ചെറുതായി സംസ്കരിച്ചു, അഥവാ അദ്ദേഹത്തിന്റെ മനസ്സറിയുന്ന സഹായികളാരോ അങ്ങനെ ചെയ്തു എന്ന വാദം. പക്ഷെ ഇത് മിക്കവാറും അസംഭവ്യമാണ്. അദ്ദേഹത്തിനു സഹായികൾ ഉണ്ടായിരുന്നതായി അറിവില്ല. മാത്രമല്ല, പ്രതീക്ഷിച്ചപോലെയല്ലാതെയുള്ള ഫലങ്ങൾ കിട്ടിയ ചില പരീക്ഷണങ്ങളെപ്പറ്റി മെൻഡൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. കള്ളം കാണിക്കൽ അദ്ദേഹത്തിന്റെ ഉദ്ദേശമായിരുന്നെങ്കിൽ അങ്ങനെ ചെയ്യുകയില്ലായിരുന്നല്ലോ.
- ഫിഷറുടെ അപഗ്രഥനം ശരിയല്ല; ശരിയായ സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റുകൾ അല്ല അദ്ദേഹം ഉപയോഗിച്ചത്. എന്നാൽ ഇതും തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. മാത്രമല്ല, പലതരത്തിലുള്ള പുനരവലോകനങ്ങളും ഫിഷറുടെ സംശയം ശരി വെക്കുകയാണു ചെയ്തിട്ടുള്ളത്. ഇവയിൽ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ‘മോണ്ടി കാർളൊ സിമുലേഷനു’കളും ഉൾപ്പെടും. ‘ഖൈ സ്ക്വയർ ടെസ്റ്റ്’ ആദ്യം വിവരിച്ചത് ഫിഷറുടെ ഗുരുവായ പിയേഴ്സൻ ആയിരുന്നു എന്നതുകൊണ്ട് ഫിഷർക്ക് അതിൽ തെറ്റുപറ്റും എന്നു കരുതാനും വയ്യ.
- വേറൊരു വാദം, മെൻഡൽ പ്രതീക്ഷക്കു ചേരാത്ത ചില ഫലങ്ങൾ മാറ്റിവെച്ചു എന്നതാണ്. അതായത്, അനേകം പരീക്ഷണങ്ങൾ ചെയ്തതിൽ നിന്ന്, പ്രതീക്ഷക്ക് അനുകൂലമായതിനെ മാത്രം തെരഞ്ഞെടുത്തു. ഇതും ശരിയാവാൻ സാദ്ധ്യതയില്ല എന്നു തന്നെയാണ് ഇത് പരിശോധിച്ചിട്ടുള്ളവർ അഭിപ്രായപ്പെട്ടിട്ടുള്ളത്.
- ഇനിയൊരു വാദം, ബയോളജിയുടെ സാങ്കേതികതയിൽ ഊന്നിയാണ്. അതായത് പയറുചെടികളുടെ പരാഗണത്തിന്റെ ചില പ്രത്യേകതകൾ കാരണം ഇത്തരത്തിലുള്ള ഫലം ലഭിക്കാം എന്നത്. ഇതിനും വലിയ ആധാരമൊന്നുമില്ല.
- ഒരു ലക്ഷത്തിൽ ഏഴുഭാഗം ഈ ഫലം ആകസ്മികമായി ലഭിക്കാം എന്നു മറന്നുകൂടാ എന്നും ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇന്നത്തെ അഭിപ്രായ സമന്വ്യയം പ്രധാനമായും മൂന്നാണ്:
- മെൻഡൽ മന:പൂർവം ഡാറ്റ വളച്ചൊടിച്ചു എന്നതിനു തെളിവൊന്നുമില്ല
- ഫിഷറുടെ വിമർശനങ്ങളിൽ കാമ്പുണ്ട്
- ശരിയായ കാര്യം ഇപ്പോഴും അജ്ഞാതമായിരിക്കുന്നു; ഒരു പക്ഷേ നമുക്ക് അത് ഒരിക്കലും വെളിവാക്കപ്പെടുകയുമില്ല. അസംഖ്യം വിദ്ഗദ്ധർ ഇത് പരിശോധിച്ചിട്ടും ഒരു അവസാനവാക്ക് പറയാനായിട്ടില്ല.
2010 ൽ പ്രസിദ്ധീകൃതമായ ഒരു പേപ്പർ, പലതരം ‘തിരക്കഥകൾ’ (ഷിനാരിയോകൾ- എന്തു നടന്നിരിക്കാം എന്നതിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ) കമ്പ്യൂട്ടർ അനുകരണത്തിലൂടെ (സിമുലേഷൻ) പഠനവിധേയമാക്കിയപ്പോൾ അവരെത്തിയ നിഗമനം ശ്രദ്ധേയമാണ്: തന്റെ പ്രതീക്ഷയോടൊപ്പം നിൽക്കാത്ത പരീക്ഷണങ്ങൾ മാത്രം തെരഞ്ഞെടുത്ത് മെൻഡൽ ആവർത്തിക്കുകയും, ഏറ്റവും അനുയോജ്യമായവ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇങ്ങിനെ ഒരു പാറ്റേൺ കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. (ശ്രദ്ധിക്കേണ്ട കാര്യം, മെൻഡൽ അങ്ങനെ ചെയ്തു എന്നു നമുക്കു പറയാനാവില്ല; എന്നാൽ ചെയ്തില്ല എന്നും പറയാനാവില്ല. ഫലങ്ങൾ അത് ചെയ്തിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം).
One thought on “മെൻഡലും ഫിഷറും – ഒരു ശാസ്ത്രവിവാദത്തിന്റെ ചരിത്രം”