Read Time:26 Minute


ഡോ. അരുൺ കെ ശ്രീധർ
ജിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ

ഭൂമിയുടെ ചരിത്രത്തിൽ 23 ദശലക്ഷം വർഷം മുമ്പു മുതൽ 5.3 ദശലക്ഷം വർഷം മുമ്പു വരെയുള്ള കാലഘട്ടത്തെയാണ് മയോസീൻ (Miocene) എന്ന് വിളിക്കുന്നത്. ഈ കാലഘട്ടത്തിൽ നടന്ന പ്ലേറ്റ് ടെക്ടോണിക്‌സ് (Plate tectonics) പ്രവർത്തനങ്ങളാണ് ഭൂമിയെ ഇന്ന് കാണുന്ന രീതിയിലാക്കി മാറ്റിയത്.

പ്ലേറ്റ് ടെക്ടോണിക്‌സ് ഭൂഖണ്ഡങ്ങൾ വിഘടിക്കുന്നതിനും കൂടിച്ചേരുന്നതിനും കാരണമായി. തൻമൂലം സമുദ്ര ജല പ്രവാഹത്തിൽ മാറ്റം വന്നു. അതുവഴി ആഗോള സമുദ്ര താപ കൈമാറ്റത്തിൽ (Global Ocenaic Heat Transfer) മാറ്റം വന്നു. ഈ പ്രവർത്തനങ്ങളെല്ലാം മൂലം ഭൂമിയിലെ കാലാവസ്ഥയും സസ്യജാലങ്ങളും മാറ്റത്തിന് വിധേയമായി. ഇങ്ങനെ മയോസീൻ കാലഘട്ടത്തിൽ നടന്ന പ്ലേറ്റ് ടെക്ടോണിക്സ് മൂലം ഭൂമിയിലുണ്ടായ മാറ്റങ്ങളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.

ഫലകചലനസിദ്ധാന്തം അഥവാ പ്ലേറ്റ് ടെക്റ്റോണിക്സ്
ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കത്തി (ലിത്തോസ്‌ഫിയർ) ലുണ്ടാകുന്ന വൻ‌തോതിലുള്ള ചലനങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ ഫലകചലനസിദ്ധാന്തം അല്ലെങ്കിൽ വൻകരാവിസ്ഥാപന സിദ്ധാന്തം.ഭൂമിയുടെ പുറമ്പാളി പ്രധാനമായും ഏഴു ഭൂവൽക്കഫലകങ്ങൾ ചേർന്നതാണ്‌. ഈ ഏഴു പ്രധാന ഫലകങ്ങൾക്കു പുറമേ ഒട്ടനവധി ചെറുഫലകങ്ങളുമുണ്ട്. അഗ്നിപർവതങ്ങൾ, കടലുകൾ, മലനിരകൾ, ദ്വീപുകൾ, തടാകങ്ങൾ എന്നിവ രൂപം കൊള്ളുന്നതിനും, ഭൂകമ്പങ്ങൾക്കും കാരണം ഫലകചലനമാണ്‌. രണ്ടോ അതിൽ കൂടുതലോ ഫലകങ്ങതമ്മിൽ കൂട്ടിമുട്ടുന്ന സ്ഥലത്തെയാണ് convergent plate boundaries എന്ന് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ ഒരു പ്ലേറ്റ് മറ്റേ പ്ലേറ്റിൻറെ അടിയിലേക്ക് പോകുന്ന പ്രക്രിയയെ subduction എന്ന് വിളിക്കുന്നു. പർവ്വത രൂപീകരണ പ്രക്രിയയെയാണ് orogeny എന്ന് വിളിക്കുന്നത്. Subduction zone, orogenic belt കൂടിയാണ്. Convergent plate margin-ൽ കാണപ്പെടുന്ന തടാകങ്ങളെ back arc basin എന്നു പറയുന്നു.

യുറേഷ്യൻ ബെൽറ്റ് (നീളം 13000 കിലോമീറ്റർ), ആൻഡിയൻ-കോർഡില്ലെറൻ ബെൽറ്റ് (16000 കിലോമീറ്റർ നീളം) എന്നിങ്ങനെ രണ്ട് കൺവെർജന്റ് ഓറോജെനിക് ബെൽറ്റുകളുടെ ചലനം മൂലമാണ് മയോസീനിന്റെ ഭൗമശാസ്ത്രപരവും കാലാവസ്ഥാപരവുമായ മാറ്റങ്ങൾ പ്രാഥമികമായി സംഭവിച്ചത്. കൂടാതെ, അലൂഷ്യൻസ് മുതൽ ന്യൂസിലാൻഡ് വരെ പടിഞ്ഞാറൻ പസഫിക് മാർജിനിൽ കൂടെ ഉണ്ടായ (ഏകദേശം 17000 കിലോമീറ്റർ) ബാക്ക് ആർക്ക് ബേസിന്റെ (back arc basin) വികാസം മൈയോസിൻ കാലഘട്ടത്തിൻറെ ഭൗമശാസ്ത്രപരവും കാലാവസ്ഥാപരവുമായ മാറ്റങ്ങൾക്ക് കാരണമായി.

ടെക്റ്റോണിക് പ്ലേറ്റുകളെ അവയുടെ ചലന വെക്റ്ററുകൾ കാണിക്കുന്ന വിശദമായ മാപ്പ് കടപ്പാട്:Eric Gaba (Sting – fr:Sting)

മയോസീൻ പ്ലേറ്റ് ടെക്റ്റോണിക്സ് ഇന്നത്തെ ലോക ഭൂപ്രകൃതിയെ രൂപപ്പെടുത്തി, അതിന്റെ പഠനം അക്കാലത്തെ ആഗോളതലത്തിലെ പർവ്വത രൂപീകരണ പ്രക്രിയയെ (ഓറോജെനികളെ) മനസ്സിലാക്കുന്നതിന് വളരെ ഉപയോഗപ്രദമാണ്.

200 ദശലക്ഷം വർഷങ്ങൾക്കു മുൻപ് അന്റാർട്ടിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങൾ ഒരുമിച്ചു ചേർന്നുണ്ടായ വലിയ ഭൂഖണ്ഡത്തെയാണ് ഗോണ്ട്വാന ലാന്റ് (Gondwana land) എന്ന് വിളിക്കുന്നു

 

200 ദശലക്ഷം വർഷങ്ങൾക്കു മുൻപ് വടക്കേ അമേരിക്ക,ഗ്രിൻ ലാന്റ്, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങൾ ഒരുമിച്ചു ചേർന്നുണ്ടായ വലിയ ഭൂഖണ്ഡത്തെയാണ് ലൌറേഷ്യ എന്ന് വിളിക്കുന്നത് ഗോണ്ട്വാനലാന്റിനും ലൌറേഷ്യക്കും ഇടയിൽ ഉണ്ടായിരുന്ന സമുദ്രമാണ് തെഥിസ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിരകൾ

ആൻഡീസ് പർവതനിരകൾ: Carlos Adampol Galindo from DF, México

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ട് പർവത ശൃംഖലകൾ

  1. ആൽപൈൻ-കാർപാത്തിയൻ-സാഗ്രോസ്-ഹിമാലയത്തിന്റെ യൂറേഷ്യൻ ശൃംഖല -യുറേഷ്യയുടെ തെക്കേ തീരത്തുകൂടി, Java, Sumatra, India, China, Iran Caucasus, Anatolia, Mediterranean തുടങ്ങിയ പ്രദേശങ്ങളിലൂടെ Atlantic സമുദ്രത്തിലേക്ക് നീളുന്ന പർവത നിരകളാണ് Alpine-Himalayan പർവ്വത നിരകൾ. ഇതിന്റെ നീളം13000 കിലോമീറ്റർ ആണ്
  2. പടിഞ്ഞാറൻ അമേരിക്കയിലെ ആൻഡിയൻ-കോർഡിലേറൻ പർവ്വത ശൃംഖല – പസഫിക് സമുദ്രത്തിന്റെ കിഴക്കേ തീരത്തു കാണപ്പെടുന്ന പർവ്വത നിരകളാണ് Andean Cordilleran mountain chain. ഇത് 16000 കിലോമീറ്റർ നീളത്തിൽ പരന്നു കിടക്കുന്നു.

ഈ രണ്ട് പർവത ശൃംഖലകളും വളരെ വ്യത്യസ്തമായ ഭൗമശാസ്ത്ര പ്രക്രിയകളാലാണ് രൂപപ്പെട്ടത്‌. യൂറേഷ്യൻ പ്ലേറ്റുമായി ഗോണ്ട്വാന ശകലങ്ങളുടെ കൂട്ടിയിടി പെർമിയൻ കാലഘട്ടത്തിൽ ആരംഭിച്ചു (299 ദശലക്ഷം മുതൽ മുതൽ 252 ദശലക്ഷം വർഷം വരെയുള്ള കാലഘട്ടമാണ് Permian), ഇത് യൂറേഷ്യൻ പർവത ശൃംഖലയിൽ സങ്കീർണ്ണമായ suture-കളുടെ (രണ്ടു പ്ലേറ്റ്കൾ തമ്മിൽ കൂട്ടിയിടിച്ചു സംയോജിക്കുന്ന മേഖലയാണ് suture zone-കൾ) വികാസത്തിലേക്ക് നയിച്ചു. ഈ കൂട്ടിയിടികൾ ആഫ്രിക്ക, അറേബ്യ, ഇന്ത്യ എന്നിവയെ വളരെയധികം ബാധിച്ചു. ഈ കൂട്ടിയിടികൾ ആത്യന്തികമായി തെഥിസ് കടൽ അപ്രത്യക്ഷമാകുന്നതിനു കാരണമായി. ഗോണ്ട്വാന ശകലങ്ങളും യൂറേഷ്യൻ ഫലകങ്ങളും തമ്മിലുള്ള തുടർച്ചയായ കൂട്ടിയിടി നിരവധി കൂട്ടിയിടി പർവത ശൃംഖലകൾ (collision mountain chains), പീഠഭൂമികൾ, വലിയ ഇന്റർമൗണ്ടൻ തടങ്ങൾ എന്നിവ തെക്കൻ ഏഷ്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ രൂപപ്പെടാൻ കാരണമായി.

എന്നാൽ ആൻഡിയൻ-കോർഡില്ലെറൻ പർവതശൃംഖലയ്ക്ക് യൂറേഷ്യൻ പർവതശൃംഖലയേക്കാൾ സങ്കീർണത കുറഞ്ഞ ചരിത്രമാണുള്ളത്. പടിഞ്ഞാറോട്ടു നീങ്ങുന്ന അമേരിക്കൻ പ്ലേറ്റുകളും പസഫിക് സമുദ്രത്തിലെ സബ്ഡക്റ്റിംഗ് ലിത്തോസ്ഫിയറും തമ്മിലുള്ള കൂട്ടിയിടി മൂലമാണ് ആൻഡിയൻ-കോർഡില്ലെറൻ പർവത ശൃംഖല ഉത്ഭവിച്ചത്. അമേരിക്കൻ പ്ലേറ്റുകളും യൂറേഷ്യൻ പ്ലേറ്റുകളും തമ്മിലുള്ള suture zone-കളുടെ വ്യത്യസ്ത വീതി അവയുടെ വ്യത്യസ്ത കൂട്ടിയിടി ചരിത്രങ്ങൾ മൂലമുള്ളതാണ് . യുറേഷ്യയിലെ പർവതങ്ങൾ, പീഠഭൂമികൾ, പർവ്വതങ്ങൾക്കിടയിലെ തടങ്ങൾ എന്നിവയുടെ suture zone-കളുടെ വീതി ആയിരക്കണക്കിന് കിലോമീറ്ററുകളാണ് . എന്നാൽ ആൻഡിയൻ-കോർഡില്ലെറൻ പർവതശൃംഖലകൾ തെക്കേ അമേരിക്കയിൽ ഇടുങ്ങിയതായും വടക്കേ അമേരിക്കയിൽ വീതി കൂടിയതായും കാണപ്പെടുന്നു.

മുകളിൽ സൂചിപ്പിച്ച പ്ലേറ്റ് ടെക്റ്റോണിക് പ്രക്രിയകൾ മയോസീൻ യുഗത്തിൽ സംഭവിച്ച ഭൂമിശാസ്ത്രപരമായ സംഭവങ്ങളെ സ്വാധീനിച്ചു.

ചിത്രത്തിൽ കാണുന്നത് ആൽപൈൻ ഹിമാലയൻ പർവ്വത നിരകളും Andean Cordilleran പർവ്വത നിരകളും Super Plume-കളും ആണ് (After Dickinson et al 1986, Tamaki and Honsa, 1991 and Courtillot et al, 2003

ഇന്നു കാണുംവിധമുള്ള ഭൂഖണ്ഡങ്ങളുടെ രൂപപ്പെടൽ

56 ദശലക്ഷം മുതൽ 33.9 ദശലക്ഷം വരെയുള്ള കാലമാണ് ഇയോസീൻ (Eocene). ഇയോസീനിന്റെ അവസാനം – മയോസീനിന് തൊട്ടുമുമ്പുള്ള കാലത്താണ് (Late Eocene to Early Miocene) ഇന്നത്തെ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളും തിരിച്ചറിയപ്പെടുന്ന രൂപത്തിലായത്. ഈ കാലയളവിൽ എല്ലാ ഭൂഖണ്ഡങ്ങളിലെയും പർവതപ്രദേശങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന രീതിയിലുള്ളതും എന്നാൽ നദീവ്യവസ്ഥകൾ ഇന്നത്തേക്കാൾ വളരെ വ്യത്യസ്തമായതും ആയിരുന്നു. ഇന്നത്തെ ലോകവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പർവതത്തിലെ ഹിമാനികളുടെ സാന്നിധ്യം ചെറുതായിരുന്നു. ഇന്നത്തെ ലോകത്തിലെ വലിയ നദീവ്യവസ്ഥകളിൽ പലതും ഉണ്ടായിരുന്നില്ല, അതുപോലെ തന്നെ മുമ്പുണ്ടായിരുന്ന പല നദികളും അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. ഒലിഗോസീൻ-ആദ്യകാല മയോസീൻ കാലഘട്ടങ്ങളിൽ കാലാവസ്ഥ ചൂടുള്ളതായിരുന്നു. ഈ കാലയളവിൽ അന്റാർട്ടിക്കയിൽ ചെറിയ ഹിമാനികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 16 ദശലക്ഷം വർഷം ആയപ്പോഴേക്കും ലോകമെമ്പാടും അനുയോജ്യമായ കാലാവസ്ഥ നിലനിന്നിരുന്നു.

ഈ കാലയളവിൽ അമേരിക്കകൾ പരസ്പരം വിഭജിക്കപ്പെട്ടു, യുഎസ്എയുടെയും അർജന്റീനയുടെയും തെക്കുകിഴക്കൻ തീര സമതലങ്ങൾ ഇന്നത്തെ കാലത്തേക്കാൾ ചെറുതായിരുന്നു, കാലിഫോർണിയയിലെ ഗ്രേറ്റ് വാലി സമുദ്രജലത്തിനടിയിൽ മുങ്ങുകയും ഗ്രീൻലാൻഡും കാനഡയും ഒരുമിച്ച് ചേരുകയും ചെയ്തു. ടെഥിസ് കടൽ ഇന്ത്യയും പാകിസ്ഥാനും മുതൽ അറ്റ്ലാന്റിക് സമുദ്രം വരെ നിലനിന്നിരുന്നു. തെക്കൻ റഷ്യയിലും കസാക്കിസ്ഥാനിലും ആഴം കുറഞ്ഞ കടൽ നിലനിന്നിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ തേർ നദീവ്യവസ്ഥകൾ ഇന്നത്തെ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്തോനേഷ്യയിലും ഭൂവിതരണം ഇന്നത്തെ കാലത്തെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായിരുന്നു. മിഡിൽ മയോസീനിൽ ആരംഭിച്ച ടെക്റ്റോണിക് പ്രക്രിയകൾ കാരണം ലോകം ഇന്ന് കാണുന്നതുപോലെയായിത്തീർന്നു.

അടയ്ക്കപ്പെട്ടതും തുറന്നതുമായ സമുദ്ര കവാടങ്ങൾ

13 ദശലക്ഷം വർഷത്തിനും 17 ദശലക്ഷം വർഷത്തിനും ഇടയിൽ അഥവാ മിയോസീൻ കാലത്തിന്റെ മധ്യത്തിൽ ആഴക്കടൽ ജലത്തിന്റെ താപനില 4 ഡിഗ്രി സെൽഷ്യസ് മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. പ്ലേറ്റ് ടെക്റ്റോണിക് പ്രവർത്തനം മൂലം സെനോസോയിക്ക് ( 66ദശലക്ഷം മുതൽ ഇക്കാലം വരെ) സമയത്ത് നിരവധി സമുദ്ര കവാടങ്ങൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും കാരണമായി. തൽഫലമായി ആഗോള സമുദ്ര താപ കൈമാറ്റത്തിൽ മാറ്റം സംഭവിച്ചു.

തുറന്ന മൂന്ന് സമുദ്ര കവാടങ്ങൾ

  1. ഡ്രേക്ക് പാസേജ് – തെക്കേ ആമേരിക്കക്കും അന്റാർട്ടിക്കക്കും ഇടയിലുള്ള കടലിടുക്കാണ് Drake Passage
  2. ടാസ്മാനിയൻ കടൽ – ഓസ്ട്രേലിയക്കും ന്യസിലാൻഡിനും ഇടയിൽ തെക്കേ പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കടലിടുക്കാണ് Tasmanian sea
  3. ഗ്രീൻലാൻഡ്-സ്കോട്ട്ലൻഡ് റിഡ്ജ് – കിഴക്കേ ഗ്രീൻലാന്റിനും ഐസ്ലാന്റിനും ഇടയിൽ സമുദ്രത്തിനടിയിൽ കാണപ്പെടുന്ന ridge അഥവാ വരമ്പാണ് Greeland -Scotland ridge എന്നിവയാണ് തുറന്ന മൂന്ന് സമുദ്ര കവാടങ്ങൾ.

അടക്കപ്പെട്ട മൂന്ന് സമുദ്ര കവാടങ്ങൾ

  1. തെഥിയാൻ സമുദ്ര കവാടം
  2. ഇന്തോനേഷ്യൻ ഗേറ്റ് വേ – ഇന്തോനേഷ്യയായിലെ ബോർണിയോ (Borneo) ക്കും ന്യൂഗിനിയ (New Guinea)ക്കും ഇടയിൽ പസിഫിക് സമുദ്രത്തെയും ഇന്ത്യൻ മഹാ സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ഇത്
  3. Isthumus of Panama – കരീബിയൻ കടലിനും പസഫിക് സമുദ്രത്തിനും ഇടയിൽ വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ വരമ്പാണ് Isthumus of Panama എന്നിവയാണ് അടക്കപ്പെട്ട മൂന്ന് സമുദ്ര കവാടങ്ങൾ.

ഗോണ്ട്വാനാ കരയുടെ വിഭജനവുമായി ബന്ധപ്പെട്ട ടെക്റ്റോണിക് പ്രവർത്തനമാണ് ഈ സമുദ്ര കവാടങ്ങൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും കാരണമായത്. ഡ്രേക്ക് പാസേജും ടാസ്മാനിയൻ പാസേജും തുറന്നപ്പോൾ, സർക്കംപോളാർ അന്റാർട്ടിക് പ്രവാഹം ആരംഭിച്ചു, ഇത് ചൂടുള്ള ഭൂമധ്യരേഖാ ജലം അന്റാർട്ടിക് പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. തൽഫലമായി കിഴക്കൻ അന്റാർട്ടിക് മഞ്ഞുപാളി പടിഞ്ഞാറൻ അന്റാർട്ടിക്ക വരെ വ്യാപിച്ചു. ഗ്രീൻലാൻഡ്-സ്കോട്ട്ലൻഡ് റിഡ്ജ് തുറന്നത് തണുത്ത ആർട്ടിക് ജലത്തെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു, ഇത് ആഗോള സമുദ്രവ്യവസ്ഥയെ മാറ്റിമറിച്ചു. ഇന്തോനേഷ്യൻ ഗേറ്റ് വേയുടെ അടക്കൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂടുള്ള ഭൂമധ്യരേഖാ ജലം പസഫിക് സമുദ്രത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. സമുദ്ര കവാടങ്ങൾ തുറക്കുകയും അടയ്ക്കുകയും ചെയ്തതിനാൽ, ഗൾഫ് സ്ട്രീം നേരത്തെയുള്ള ആഗോള ഭൂമധ്യരേഖാ പ്രവാഹത്തിന്റെ സ്ഥാനത്ത് ആരംഭിച്ചു. ചുരുക്കത്തിൽ, ഉയർന്ന അക്ഷാംശ കവാടങ്ങൾ തുറക്കപ്പെട്ടു , അതേസമയം താഴ്ന്ന അക്ഷാംശ കവാടങ്ങൾ അടക്കപ്പെട്ടു , ഇത് ധ്രുവങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്ക് ജല പ്രവാഹം ആരംഭിക്കുന്നതിനു കാരണമായി.

അടക്കപ്പെട്ടതും തുറന്നതുമായ സമുദ്ര കവാടങ്ങളും അതുവഴി മാറ്റപ്പെട്ട സമുദ്ര ജല പ്രവാഹങ്ങളും

കാലാവസ്ഥാ മാറ്റം – ഏഷ്യൻ മൺസൂണിന്റെ തുടക്കം

ഏകദേശം 14 ദശലക്ഷം വർഷം മുമ്പ് ചെറിയ കിഴക്കൻ അന്റാർട്ടിക് മഞ്ഞുപാളി പടിഞ്ഞാറൻ അന്റാർട്ടിക്കയിലേക്ക് വളരുകയും ഗ്രീൻലാൻഡിൽ ഗ്ലേസിയേഷൻ സംഭവിക്കുകയും ചെയ്തു. ഈ സമയത്ത് ആർട്ടിക് സമുദ്രത്തിൽ ആർട്ടിക് ഹിമത്തിന്റെ സാന്നിദ്ധ്യം കാരണം അവസാദ നിരക്ക് വർദ്ധിച്ചു. അർജന്റീനയിൽ മയോസീൻ കാലഘട്ടത്തിൽ ആൻഡിയൻ താഴ്വരകളുടെ 20 മുതൽ 50 കിലോമീറ്റർ വരെ പുറത്തേക്കു ഹിമാനികൾ വളർന്നു. ഉത്തരാർദ്ധ ഗോളത്തിലെ ഉയർന്ന അക്ഷാംശങ്ങളിൽ ഭൂഖണ്ഡങ്ങൾ അടിഞ്ഞു കൂടിയതും (clustering) മുമ്പത്തെ ആഗോള ഭൂമധ്യരേഖാ പ്രവാഹം ഇല്ലാതായതും ഗ്ലേസിയേഷൻ പ്രക്രിയയെ വർദ്ധിപ്പിച്ചു.

മദ്ധ്യ അക്ഷാംശങ്ങളിലെ മരുഭൂമിവൽക്കരണം മയോസീൻ കാലത്തിന്റെ അവസാനത്തിൽ ഹിമാലയത്തിന്റെ ഉയർച്ച സംഭവിച്ചതും ടെത്തിസ് കടലിന്റെ അടച്ചുപൂട്ടലും പ്രധാന സംഭവങ്ങളാണ്. ഇതിന്റെ ഫലമായി, മോൾഡേവിയ മുതൽ ബൈക്കൽ തടാകം വരെയും വടക്കൻ ചൈനയിലും വരൾച്ച വർദ്ധിച്ചു. ഹിമാലയത്തിന്റെ ഉയർച്ച ഏഷ്യൻ മൺസൂൺ (33 ദശലക്ഷം വർഷം) ഉത്ഭവിക്കുന്നതിനു കാരണമായി. മയോസീൻ കാലത്ത് സഹാറ പ്രദേശം മരുഭൂമിയായി മാറി. തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ നമീബ് മരുഭൂമിയിൽ മദ്ധ്യ മയോസീനിന്റെ തുടക്കത്തിൽ (15 ദശലക്ഷം വർഷം മുമ്പ്) കൊടും വരൾച്ച രൂപപ്പെട്ടു. ഓസ്ട്രേലിയയിൽ മരുഭൂമിവൽക്കരണ നിരക്ക് 12 ദശലക്ഷം വർഷത്തിനും 14 ദശലക്ഷം വർഷത്തിനും ഇടയിൽ വർദ്ധിച്ചു.

ഭൂഖണ്ഡങ്ങളിലെ ടെക്ടോണിക് പ്രവർത്തനം

ആഫ്രിക്ക

  • തെക്കുപടിഞ്ഞാറൻ ദിശയിൽ ട്രാൻസ്-ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റത്തിന്റെ വിപുലീകരണം. (ഒരു ടെക്റ്റോണിക് പ്ലേറ്റ് രണ്ടോ ആതിലധികമോ ആയി വിഭജിച്ചു മാറുന്നതിനെയാണ് റിഫ്റ്റ് എന്ന് വിളിക്കുന്നത്. ഇങ്ങനെ Aftica-യുടെ കിഴക്കേ ഭാഗത്തു കാണപ്പെടുന്ന വലിയ വിള്ളൽ ആണ് Trans African Rift System)
  • ചെങ്കടൽ വീതികൂടി
  • തെക്കൻ, കിഴക്കൻ ആഫ്രിക്കയുടെ ഭൂരിഭാഗവും ഉയർന്നു
  • വടക്കൻ ആഫ്രിക്കയിൽ അറ്റ്ലസ് പർവതത്തിന്റെ ഉയർച്ചയും ജിബ്രാൾട്ടർ കടലിടുക്ക് അടച്ചു
  • അപ്പർ മയോസീനിൽ ആഫ്രിക്കയിലെ റോൺ, നൈൽ ആഴത്താഴ്വരകൾ (canyons). നദികളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ഇടുങ്ങിയതും ആഴമേറിയതുമായ താഴ്വരകളാണ് canyons

യൂറേഷ്യ Eurasia

  • ആൽപൈൻ-കാർപാത്തിയൻ-സാഗ്രോസ്- ഹിമാലയൻ പർവതനിരകളുടെ പുനരുജ്ജീവനവും ഉയർച്ച
  • ടെഥിസ് കടൽ അടച്ചുപൂട്ടൽ
  • 11 ദശലക്ഷം വർഷത്തിനും 23 ദശലക്ഷം വർഷത്തിനും ഇടയിൽ ആൽപ്സ് പർവതത്തിന്റെ ഉയർച്ച
  • യൂറോപ്പിലെ റൈൻ-റോൺ-നോർത്ത് സീ റിഫ്റ്റ് സിസ്റ്റത്തിന്റെ രൂപീകരണം
  • തെക്കുകിഴക്കൻ ഏഷ്യയുടെ കടൽത്തീരത്ത് clastic sedimentation നിരക്ക് മധ്യമയോസീൻ കാലത്ത് വർദ്ധിച്ചു.
  • വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും clastic sedimentation നിരക്ക് വർദ്ധിച്ചു
  • പടിഞ്ഞാറൻ ചൈനയിലെ ടിയെൻ ഷാൻ പർവതത്തിന്റെ ഉയർച്ച 15.5 ദശലക്ഷം വർഷത്തിൽ ആരംഭിച്ചു.
  • വടക്കൻ പസഫിക് പ്ലേറ്റിന്റെ പുനഃക്രമീകരണവും ബാക്ക് ആർക്ക് തടങ്ങൾ നികന്നു

അമേരിക്ക

തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതം മിഡിൽ, അപ്പർ മയോസീൻ കാലഘട്ടത്തിൽ അതിന്റെ ഇപ്പോഴത്തെ രൂപം കൈവരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്ന ആമസോൺ നദിയുടെ ഇപ്പോഴത്തെ ഒഴുക്ക് പാത 11 ദശലക്ഷം വർഷത്തിനും 12 ദശലക്ഷം വർഷത്തിനും ഇടയിൽ കൈവരിച്ചു . മയോസീൻ ടെക്റ്റോണിക് പ്രവർത്തനം കാരണം സാൻ ആൻഡ്രിയാസ് ഫോൾട്ടിന്റെ വടക്കൻ ഭാഗം രൂപപ്പെട്ടു. സിയറ മാഡ്രെ ഓക്സിഡന്റൽ പീഠഭൂമിയിലെ മലയിടുക്കുകൾ മയോസീനിൽ രൂപംകൊണ്ടു. 18 ദശലക്ഷം വർഷത്തിനും 15 ദശലക്ഷം വർഷത്തിനും ഇടയിൽ കാലിഫോർണിയ ഉൾക്കടലിലെ ഗ്വായ്മാസ് തടത്തിൽ കടൽക്ഷോഭമുണ്ടായി. 17 ദശലക്ഷം വർഷത്തിൽ ബ്രിട്ടീഷ് കൊളംബിയ, വാഷിംഗ്ടൺ, ഒറിഗോൺ എന്നിവിടങ്ങളിൽ വിപുലമായ ഒരു ബസാൾട്ടിക് വോൾക്കാനിസം ഉണ്ടായി. മിഡിൽ മയോസീനിൽ റോക്കി പർവതം ഉയർന്നു. മയോസീൻ സമയത്ത് യുക്കോൺ നദി അതിന്റെ ഇപ്പോഴത്തെ ഒഴുക്ക് പാത കൈവരിച്ചു.

ഓസ്ട്രേലിയ/ ന്യൂസിലാൻഡ്

  • അപ്പർ ഒലിഗോസീൻ, മയോസീൻ (അതായത് 30-5 ദശലക്ഷം) സമയത്ത്, ഓസ്ട്രേലിയ കൺവെർജന്റ് പ്ലേറ്റ് അതിരുകളിൽ നിന്ന് അകലെയായി സ്ഥിതി ചെയ്തതിന്റെ ഫലമായി മയോസീൻ ടെക്റ്റോണിക് സംഭവങ്ങൾ ഓസ്ട്രേലിയയിൽ ഇല്ല.
  • ക്രിറ്റേഷ്യസ് കാലം മുതൽ ന്യൂസീലാൻഡ് പസഫിക്, ഓസ്ട്രേലിയൻ പ്ലേറ്റ് അതിർത്തികൾക്ക് അടുത്താണ് സ്ഥിതി ചെയ്തിരുന്നത്. തൽഫലമായി ന്യൂസീലാൻഡിന്റെ ആൽപൈൻ ഫാൾട്ട് രൂപപ്പെട്ടു.
ഭൂമിയുടെ മാന്റിലിനുള്ളിൽ സംഭവിക്കുന്ന സംവഹന (convection) പ്രക്രിയ ആണ് മാന്റിൽ പ്ലൂം (mantle plume).

എന്തുകൊണ്ട് പ്ലേറ്റ് ടെക്ടോണിക്സ് സംഭവിക്കുന്നു ?

ഭൂമിയുടെ മാന്റിലിനുള്ളിൽ സംഭവിക്കുന്ന സംവഹന (convection) പ്രക്രിയ ആണ് മാന്റിൽ പ്ലൂം (mantle plume). ഇത് പ്രകാരം ചൂടുള്ള മാഗ്മ മാന്റിലിനു അടിയിൽ നിന്ന് മുകളിലേക്ക് ഉയരുകയും മുകളിലെത്തുമ്പോൾ തണുക്കുന്ന മാഗ്മ താഴേക്കു പോകുകയും ചെയ്യുന്നു. ഇങ്ങനെ മാന്റിലിനുള്ളിൽ രൂപപ്പെടുന്ന സംവഹനപ്രവാഹമാണ് mantle plume. 100 കിലോമീറ്ററിൽ താഴെ വീതിയുള്ള ഇടുങ്ങിയ പ്ലൂമുകളുടെ നിരയെയോ അല്ലെങ്കിൽ ~1000 കിലോമീറ്റർ വീതിയുള്ള കൂറ്റൻപ്ലൂമിനെയോ ആണ് സൂപ്പർപ്ലൂമുകൾ എന്ന് വിളിക്കുന്നത്. മയോസീൻ ആഗോള ടെക്റ്റോണിക് സംഭവങ്ങൾ രണ്ട് മാന്റിൽ സൂപ്പർപ്ലൂമുകളിലൂടെ ഉണ്ടായ ത്വരിതഗതിയിലുള്ള പ്രവർത്തനം മൂലമാണ് സംഭവിച്ചത്. മയോസീൻ ആഗോള ടെക്റ്റോണിക് സംഭവങ്ങൾ സൃഷ്ടിച്ച സൂപ്പർപ്ലൂം പ്രവർത്തനം യഥാർത്ഥത്തിൽ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ സംഭവിച്ച പ്രധാന സൂപ്പർപ്ലൂം പ്രവർത്തനത്തിന്റെ അവശിഷ്ടങ്ങളായിരുന്നു.

Sun et al (2007)-ൻറെ അഭിപ്രായത്തിൽ രണ്ട് സൂപ്പർപ്ലൂമുകൾ

  1. ദക്ഷിണാഫ്രിക്കയ്ക്ക് താഴെയും
  2. മധ്യ-പസഫിക്കിന് താഴെയും പ്രവർത്തിക്കുന്നു

ഈ രണ്ട് സൂപ്പർപ്ല്യൂമുകളും നൂറുകണക്കിന് ദശലക്ഷക്കണക്കിന് വർഷങ്ങളായി സബ്ഡക്ഷൻ സോണുകളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ 200 ദശലക്ഷം വർഷങ്ങളായി ഈ സൂപ്പർപ്ലൂമുകളിലൂടെയുള്ള മാഗ്മാറ്റിക് സ്ഫോടനം ലാർജ് ഇഗ്നിയസ് പ്രോവിൻസ് ( Large Igneous Province സൃഷ്ടിച്ചു .വളരെ വലിയ പ്രദേശത്തു കാണപ്പെടുന്ന ആഗ്നേയ ശിലക (igneous rock) കളുടെ ശേഖരത്തെയാണ് Large Igneous Province എന്ന് വിളിക്കുന്നത്. ഈ രണ്ട് സൂപ്പർ പ്ലൂമുകളും പുറപ്പെടുവിച്ച താപവും ആസ്തെനോസ്ഫിയറിൽ സൃഷ്ടിച്ച തിരശ്ചീനമായ ഒഴുക്കും പ്ലേറ്റ് ചലനങ്ങളും ഹോട്ട് സ്പോട്ടുകളും (മാന്റിലിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയുടെ പുറത്തേക്കു പ്രവഹിക്കുന്ന മാഗ്മയാണ് hotspot. ഇവ plate margin-ൽ നിന്നകലെ കാണപ്പെടുന്നു). ആഫ്രിക്കയ്ക്കും മധ്യ-പസഫിക്കിനും താഴെയുള്ള സൂപ്പർപ്ലൂമുകൾ പ്ലേറ്റ് ടെക്റ്റോണിക് ചലനങ്ങൾ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടിരുന്നു, അത് നമ്മുടെ ഇന്നത്തെ ലോകത്തെ രൂപപ്പെടുത്തി.


അധികവായനയ്ക്ക്

  1. Potter P E and Szatmari P (2009). Global Miocene tectonics and the modern world. Earth Science Reviews
  2. Shephard G E et al (2010). Miocene drainage reversal of the Amazon River driven by plate–mantle interaction. Nature Geoscience
  3. Herold N et al (2008). Middle Miocene tectonic boundary conditions for use in climate models. Geochemistry Geophysics Geosystems
  4. Steinthorsdottir M et al (2020). The Miocene: The Future of the Past. Palaeocenography and Palaeoclimatology

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗ്രിഗ‍ര്‍ മെൻഡലിന് 200വയസ്സ് – വിദ്യാർത്ഥികൾക്ക് വീഡിയോ നിർമ്മാണ മത്സരം
Next post മെൻഡലും ഫിഷറും – ഒരു ശാസ്ത്രവിവാദത്തിന്റെ ചരിത്രം
Close