തൃശൂർ: മലയാളത്തിലെ ശാസ്ത്രസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായ എം.സി.നമ്പൂതിരിപ്പാടിന്റെ സ്മരണാർത്ഥം ഏറ്റവും മികച്ച ശാസ്ത്രപ്രചാരകർക്ക് നൽകുന്ന പുരസ്കാരത്തിന് ഡോ.കെ.രാജശേഖരൻനായർ, ഡോ.ഡി.എസ്.വൈശാഖൻതമ്പി, ഡോ.ഡാലി ഡേവീസ് എന്നിവർ അർഹമായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ, ടി.രാധാമണി, കെ.കെ.കൃഷ്ണകുമാർ എന്നിവരടങ്ങുന്ന വിധിനിർണയ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. ഡോ.കെ.രാജശേഖരൻനായർ ആരോഗ്യശുശ്രൂഷാ രംഗത്ത് വിശിഷ്ട സേവനത്തിനുടമയാണ്. പ്രസിദ്ധ ന്യൂറോളജിസ്റ്റും ശാസ്ത്രസാഹിത്യകാരനുമാണ്. ഡോ.വൈശാഖൻ തമ്പി അറിയപ്പെടുന്ന ശാസ്ത്രപ്രഭാഷകനും പ്രബന്ധകാരനും ശാസ്ത്രസാഹിത്യകാരനുമാണ്. ഡോ.ഡാലി ഡേവീസ് ബോംബെ സോമയ്യ വിദ്യാവിഹാർ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ശാസ്ത്രജ്ഞയും എഴുത്തുകാരിയും ലൂക്ക എഡിറ്റോറിയൽ ബോർഡംഗവുമാണ്.