
ദൂരെ ദൂരെ, അങ്ങ് ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിൽ ഏകദേശം പതി നാറടിയോളം പൊക്കം വരുന്ന, ഒരുവിധം എല്ലാ വർഷവും കായ്ക്കുന്ന മറുല എന്ന് പേരുള്ള ഒരു മരമുണ്ട് (Sclerocarya birrea). ആ, നിൽക്ക് നിൽക്ക്, ഒരു നിമിഷം… തുടരുന്നതിന് മുൻപ് ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ…
വീഡിയോ
വർഷം 1974.
ജാമി ഉയ്സ് (Jamie Uys) എന്ന ഡോക്യുമെന്ററി ഫിലിം മേക്കർ ‘അനിമൽസ് ആർ ബ്യൂട്ടിഫുൾ പീപ്പിൾ’ എന്ന പേരിൽ ഡോകുമെന്ററി നിർമ്മിച്ചു. അതിൽ മറുലപ്പഴങ്ങൾ കഴിച്ച് മദ്യപിക്കുന്ന ദക്ഷിണാഫ്രിക്കൻ വന്യമൃഗങ്ങളെയാണ് ചിത്രീകരിക്കുന്നത്. ആ ഡോക്യുമെന്ററിയുടെ ഫൂട്ടേജ് ഉടനടി ഹിറ്റായിമാറുകയും, മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് പോലും ലഭിക്കുകയും ചെയ്തു.

മറുല പഴം
ഒരു സാധാരണ പ്ലമ്മിന്റെ അത്ര വലിപ്പം, പഴുത്താൽ മഞ്ഞ നിറം, ഉൾഭാഗം ജ്യൂസ് പോലെ. മാങ്ങയുടെ കുടുംബം (അനകാർഡിയേസീ) പുളിയും മധുരവും നിറഞ്ഞ രുചി, ധാരാളം വിറ്റാമിൻ സി, മിനറലുകൾ അടങ്ങിയിട്ടുണ്ട്. മരത്തിന്റെ തൊലി മുതൽ ഫലംവരെ അനേകം ഔഷധ ഗുണങ്ങൾ ഉണ്ടെന്നു കരുതപ്പെടുന്നു.
അമറുല ക്രീം
ആനയും മറ്റു വന്യജീവികളും മറുലപ്പഴങ്ങൾ ഭക്ഷിച്ച് മദോന്മത്തരായി നടക്കുന്ന ഈ വീഡിയോ ജനശ്രദ്ധ പിടിച്ചെടുത്തു. അത് ഒരു മദ്യ ബ്രാൻഡിനെ പ്രചോദിപ്പിക്കുകയും, അവർ മറുലയെ അമറുല’ ക്രീമാക്കി. (ഇത് രുചികരമായ മദ്യമാണ്). ഇക്കാരണത്താൽ മറുലമരത്തെ ചിലപ്പോൾ അമറുലവൃക്ഷം എന്നും, ആന മരം എന്നും വിളിക്കാറുണ്ട് (കൂടാതെ മരത്തോടൊപ്പം ആഫ്രിക്കൻ ആനകളെയും സംരക്ഷിക്കുന്ന 2002 ൽ സ്ഥാപിതമായ ഒന്നാണ് അമറുല ട്രസ്റ്റ്). അങ്ങനെ, ആനകൾക്ക് മറുലപ്പഴം ലഹരിയാണന്നും അവ മത്തുപിടിപ്പിക്കുമെന്നും ഇന്ന് ദശലക്ഷക്കണക്കിനാളുകൾ കരുതുന്നു.


ഈ വിശ്വാസത്തിനു പിന്നിലെ യാഥാർഥ്യം നമുക്കൊന്നന്വേഷിച്ചാലോ?
ആനകൾക്കും മറ്റു വന്യജീവികൾക്കും മറുലമരം അത്രയേറെ പ്രിയമാണ് എന്നത് സത്യം. അവ മറുലപ്പഴങ്ങൾ ധാരാളമായി ഭക്ഷിക്കുകയും ചെയ്യുന്നു. മരത്തിൽനിന്ന് വീഴുകയും മണ്ണിലിരുന്നു പുളിക്കുകയും ചെയ്യുന്ന പഴങ്ങളിൽ മദ്യത്തിന്റെ അംശം ഉണ്ടെന്നതും നേര്. ആഫ്രിക്കയിലെ മനുഷ്യർ മദ്യം (മറൂല ബിയർ) നിർമിക്കാൻ ഈ പഴങ്ങൾ ഉപയോഗിക്കാറും ഉണ്ട്. ഏതാണ്ട് നമ്മുടെ മുന്തിരിയൊക്കെ പോലെ.
പക്ഷെ അത് പോരല്ലോ?
പ്രായോഗികമായി, മദോന്മത്തരാവാൻ ഏതൊരു വ്യക്തിയും (അല്ലെങ്കിൽ മൃഗവും) സ്വന്തം ശരീരഭാരത്തിന്റെ 25% പുളിച്ച പഴങ്ങൾ (ഒറ്റത്തവaണ) കഴിക്കേണ്ടതുണ്ട്. വീഡിയോയിൽ കാണുപോലെ പൂസാവണമെങ്കിൽ ഒരാന 1500 പഴങ്ങളെങ്കിലും തിന്നണം.
അതിന്റെ പകുതിയെ ഒരാനക്ക് ഒരുദിവസം തിന്നാനാവൂ. അത്രയധികം പുളിച്ച പഴങ്ങൾ കിട്ടില്ലെന്നത് രണ്ടാമത്തെ പ്രശ്നം. മറുലപ്പഴങ്ങൾ തിന്നുന്ന മിക്ക മൃഗങ്ങളും മരക്കൊമ്പുകളിൽ നിന്ന് നേരിട്ടോ വീണ ഉടനെയോ എടുക്കുകയോ ആണ് ചെയ്യുക. ആനകൾക്ക് തുമ്പിക്കൈകൊണ്ട് സമൃദ്ധമായി കായ്കൾ കിട്ടും. സ്വാഭാവികമായും, പഴങ്ങൾ നിലത്തുവീഴുന്നതുവരെ അവർ കാത്തിരിക്കേണ്ടതില്ല.


ആഫ്രിക്കൻ സാവന്നയിൽ ഭക്ഷണം വിലപ്പെട്ടതാണ്. മറുലപ്പഴം പാകമാകുമ്പോൾ, ആനകൾ മാത്രമല്ല, അവിടത്തെ ആദിമവാസികളും കൂട്ടമായി പോയി പഴങ്ങൾ ശേഖരിക്കും.
അപ്പൊ നമ്മുടെ വീഡിയോയിലെ മത്തുപിടിച്ച മൃഗങ്ങളോ?
ജീവശാസ്ത്രജ്ഞനായ സ്റ്റീവ് മോറിസിന്റെ അഭിപ്രായത്തിൽ, ശാസ്ത്രീയമായ യാതൊരു തെളിവും ഈ പൂസാവലിനില്ല. കൃത്രിമമായി മദ്യം കലർത്തിയ മറൂല പഴങ്ങൾ കൊടുത്ത് ചിത്രീകരിച്ചതാവാനാണ് സാധ്യത! (ഇത്തരമൊരു വീഡിയോ ഇന്ന ത്തെക്കാലത്താണ് എടുത്തിരുന്നതെങ്കിൽ വൻ വിവാദമായേനെ) മോറിസിന്റെ അഭിപ്രായത്തിൽ, “ആളുകൾ മദ്യപിച്ച ആനകളിൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.” എന്തൊക്കെ ആയാലും കുടിയന്മാരായ ആനകൾ എന്നത് രസകരമായ ഒരു കഥയാണല്ലോ…
ചുരുക്കത്തിൽ നമ്മുടെ നാട്ടിലെ മുന്തിരിത്തോട്ടത്തിൽ ധാരാളം മുന്തിരി തിന്ന് കിറുങ്ങിനടക്കുന്ന മനുഷ്യരുണ്ടെന്നു പറയും പോലെ സംഭവിക്കാൻ സാധ്യതയില്ലാത്ത, എന്നാൽ കേൾക്കാൻ രസമുള്ള ഒരു കഥ. അത്ര തന്നെ


2023 ഏപ്രിൽ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്