നവനീത് കൃഷ്ണർ എസ്
കഴിഞ്ഞ ദിവസം ചൊവ്വയിൽ ഒരു സംഭവമുണ്ടായി. ചൊവ്വയൊന്നു കുലുങ്ങി. അതും ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ കുലുക്കം. മാഗ്നിറ്റ്യൂഡ് 5 ആണ് മേയ് 4 നുണ്ടായ കുലുക്കത്തിന്റെ തീവ്രത. ഭൂമിയിലെ കുലുക്കങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അത്ര വലിയൊരു കുലുക്കമൊന്നും അല്ല. പക്ഷേ ഭൂമിക്കു പുറത്തു മറ്റൊരു ഗ്രഹത്തിൽ ഇത്രയും വലിയൊരു കുലുക്കം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ചൊവ്വ മുഴുവനായും കുലുങ്ങി എന്നൊന്നും കരുതല്ലേ. ഭൂമിയുള്ള ഭൂകമ്പംപോലെ ഇടയ്ക്കിടെ ചൊവ്വയിലും കമ്പനമുണ്ടാകും. എവിടെയെങ്കിലും ഒക്കെ ഈ കമ്പനം അറിയും. അത്രതന്നെ.
2018നുശേഷമാണ് ചൊവ്വയിലെ കമ്പനങ്ങൾ കൃത്യമായി അളന്നുതുടങ്ങിയത്. നാസ വിക്ഷേപിച്ച ഇൻസൈറ്റ് എന്ന പേടകം അവിടെ എത്തിയതിനുശേഷം. പേഴ്സിവിയറൻസും ക്യൂരിയോസിറ്റിയും ഒക്കെ ചൊവ്വയിൽ ഓടിക്കളിച്ച് പഠനം നടത്തുന്ന പേടകങ്ങളാണ്. എന്നാൽ ഇൻസൈറ്റ് അങ്ങനെയല്ല. ചൊവ്വയിൽ ഒരിടത്ത് അനങ്ങാതെ നിൽക്കുകയാണ്. യന്ത്രക്കൈ ഉണ്ട്. അതുപയോഗിച്ച് അത്യാവശ്യം പരീക്ഷണങ്ങളൊക്കെ നടത്തും.
ചൊവ്വയിലെ കമ്പനം അളക്കാനുള്ള ഒരു ഉപകരണം ഇൻസൈറ്റിലുണ്ട്. മാതൃപേടകത്തിൽനിന്ന് അല്പം അകലെയായിട്ട് ഇതു കാണാം. കാറ്റിൽനിന്നും പെട്ടെന്നുണ്ടാകുന്ന താപവ്യതിയാനങ്ങളിൽനിന്നും സംരക്ഷിക്കാൻ ഒരു മൂടിക്കകത്താണ് സീസ്മോഗ്രാഫിനെ സ്ഥാപിച്ചിരിക്കുന്നത്.
2018 നവംബറിലാണ് ഇൻസൈറ്റ് ചൊവ്വയിലെത്തുന്നത്. അതിനുശേഷം ഇതുവരെ 1313 ചൊവ്വാകമ്പങ്ങളാണ് കണ്ടെത്തിയത്.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് പേടകം മേയ് 7 മുതൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. സോളാർ പാനലുകളിലാകെ പൊടിയാണ്. അതിനാൽ അവശ്യമായ സൗരോർജ്ജം കിട്ടുന്നില്ല.
മറ്റു ലേഖനങ്ങൾ
ചൊവ്വാകുലുക്കം കേള്‍ക്കാം👇🏼