ചൊവ്വ ഇപ്പോൾ ഭൂമിയോട് അടുത്തുകൂടിയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബര്‍ 6നായിരുന്നു അത് ഭൂമിയോട് ഏറ്റവും അടുത്തുണ്ടായിരുന്നത്. ഒക്ടോബർ 13ന് ചൊവ്വ വിയുതിൽ എത്തും. ഈ രണ്ടു കാരണങ്ങളാൽ ഈ സമയത്ത് ചൊവ്വയെ സാധാരണയിലും കൂടിയ വലുപ്പത്തിൽ കാണാനാകും.
ഒക്ടോബർ മാസം സന്ധ്യയ്ക്ക് കിഴക്കേ ചക്രവാളത്തിനു മുകളിലായി ഇളം വറചുവപ്പുനിറത്തിൽ അനിതരസാധാരണമായ ശോഭയോടെ തിളങ്ങിനില്ക്കുന്ന ചൊവ്വയെ ഏതൊരാൾക്കും തിരിച്ചറിയാൻ സാധിക്കും. രാത്രി 7.30നു നോക്കിയാൽ കിഴക്കേ ചക്രവാളത്തിൽ ഏതാണ്ട് 20° മുകളിലായായി ആയിരിക്കും ചൊവ്വയുടെ സ്ഥാനം.
ഒക്ടോബര്‍ 13ന് ചൊവ്വ വിയുതിൽ (Opposition) ആകും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചൊവ്വയും സൂര്യനും വിപരീത ദിശകളിലായി, അതായത് 180° അകലെയായി എത്തുന്നതിനെയാണ് വിയുതി എന്നു പറയുന്നത്. ഓരോ 26 മാസങ്ങള്‍ കൂടുമ്പോഴും വ്യാഴം വിയുതിയിൽ എത്താറുണ്ട്. ഇതുമൂലം ചൊവ്വയുടെ പ്രകാശിതമായ വശം ഭൂമിയ്ക്ക് അഭിമുഖമായി വരികയും അതുമൂലം ചൊവ്വയെ പൂര്‍ണ്ണവൃത്താകൃതിയിൽ കാണാനാകുകയും ചെയ്യും.
ഓരോ 15-ഓ 17-ഓ വര്‍ഷം കൂടുമ്പോൾ, ചൊവ്വ സൂര്യന് സമീപത്തുകൂടി കടന്നുപോകുന്ന കാലത്തുതന്നെ വിയുതിയും സംഭവിക്കും. ഇതുമൂലം ചൊവ്വയെ അതിന്റെ പരമാവധി തിളക്കത്തിൽ കാണാനാകും. അത്തരം ഒരു പ്രതിഭാസമാണ് ഒക്ടോബര്‍ 13നു സംഭവിക്കുക. ഇനി ഇപ്രകാരം സംഭവിക്കുന്നത് 2035ലാണ്.
സാധാരണ നിലയിൽ, തിളക്കത്തിൽ വ്യാഴത്തിന്റെ പിന്നിലായാണ് ചൊവ്വയുടെ സ്ഥാനം. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയാണ് തിളക്കത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍. എന്നാൽ, ഈ ഒക്ടോബറിൽ ചൊവ്വ വ്യാഴത്തെയും പിന്നിലാക്കി തിളക്കത്തിൽ നാലാമത്തെ ആകാശഗോളമായി മാറും.
വീഡിയോ കാണാം