യൂറോപ്പിൽ ഈ പന്നൽച്ചെടി എങ്ങനെയെത്തി ?

വിനയരാജ് വി.ആർ
ചെടികൾ അന്വേഷിച്ചുനടക്കുമ്പോൾ അയർലാന്റിലെ സസ്യശാസ്ത്രജ്ഞനായ റോറി ഹോഡ് (Dr Rory Hodd) കില്ലെർണി ദേശിയോദ്യാനത്തിലെ ഒരു പാറപ്പുറത്ത് പരിചിതമല്ലാത്ത ഒരു പന്നൽച്ചെടി കണ്ടെത്തി. അപ്പോൾത്തന്നെ അദ്ദേഹം അതുശേഖരിച്ച് ലണ്ടനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ക്യുറേറ്ററായ ഫ്രെഡ് റംസിക്ക് (Dr Fred Rumsey) അയച്ചുകൊടുത്തു. ഇത്തരം ചെടികളിലെ വിദഗ്ദ്ധരായ തന്റെ അമേരിക്കൻ സുഹൃത്തുക്കളോട് അദ്ദേഹം സംശയം തീർക്കുമ്പോളാണ് തീരെ പ്രതീക്ഷിക്കാത്തരീതിയിലുള്ള ആ വിവരം പുറത്തുവന്നത്.
കെറി മൗസ്‌ടെയിൽ (Stenogrammitis myosuroide) കടപ്പാട് britishandirishbotany.org
മധ്യരേഖാപ്രദേശങ്ങളിലെ മരങ്ങളിലും പാറകളുടെ മേലും വളരുന്ന ഗ്രാമിറ്റിഡുകൾ എന്നറിയപ്പെടുന്ന വിഭാഗത്തിലെ കെറി മൗസ്‌ടെയിൽ (Stenogrammitis myosuroide) എന്ന പന്നൽച്ചെടിയാണ് അതെന്ന് അവർക്കുമനസ്സിലായി. ഈ ചെടി ആദ്യമായാണ് അയർലാന്റിലോ ബ്രിട്ടനിലോ കാണുന്നത്. ഇത് സാധാരണയായി ഉള്ളതാവട്ടെ അവിടെനിന്നും 6500 കിലോമീറ്റർ അകലെ ജമൈക്കയിലെയും ക്യൂബയിലെയും ഡൊമിനിക്കൻ റിപബ്ലിക്കിലെയും മലമുകളിലെ മഴക്കാടുകളിലാണ്. പാറയുടെ മുകളിൽ മാത്രം വളരുന്ന ഈ പന്നൽച്ചെടി എങ്ങനെയാണ് ഇത്ര ദൂരെയൊരിടത്ത് ഇത്രനാളും മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാതെ കിടന്നതെന്ന അത്ഭുതത്തിലാണ് സസ്യശാസ്ത്രജ്ഞർ. അതും പന്നൽ വിദഗ്ധരായ സസ്യശാസ്ത്രജ്ഞർ നിരന്തരം കയറിയിറങ്ങുന്ന ആ ദേശീയോദ്യാനത്തിൽ. യൂറോപ്പിൽത്തന്നെ ഇതൊരു പുതിയ ജനുസ് ആണ്. ഇതാണ് യൂറോപ്പിലെ ഏറ്റവും ചെറുതും ഏറ്റവും അപൂർവമായ പന്നൽച്ചെടി എന്നു പറയാം.
കില്ലെർണി ദേശിയോദ്യാനത്തിലെ ഒരു പാറപ്പുറത്ത് കെറി മൗസ്‌ടെയിൽ (Stenogrammitis myosuroide) പന്നൽച്ചെടി കടപ്പാട് britishandirishbotany.org

എന്തായാലും മനുഷ്യർ വഴി ഈ ചെടി ഇവിടെ എത്തിയതാവാനുള്ള സാധ്യത വളരെ വിരളമാണെന്ന് അവർ ഉറപ്പുപറയുന്നു. ഒന്നാമത് ഇതു വളർത്തിയെടുക്കുന്നത് അസാധ്യമായ കാര്യമാണ്, രണ്ടാമത് ഇവ വളരുന്നത് പാറപ്പുറത്താണുതാനും. വലിപ്പം തീരെക്കുറഞ്ഞതായതിനാൽ മനുഷ്യരുടെ ശ്രദ്ധ പതിയാതെ ഒളിച്ചുകിടന്നതാവാം ഇത്രകാലം. പണ്ടൊരുകാലത്ത് യൂറോപ്പിൽ മറ്റൊരു കാലാവസ്ഥ ഉണ്ടായിരുന്നപ്പോഴുണ്ടായ സസ്യത്തിന്റെ തിരുശേഷിപ്പ് ആവാം ഇതെന്നാണ് ശാസ്ത്രജ്ഞന്മാർ കരുതുന്നത്.

യൂറോപ്പിൽ നിന്ന് 6500 കിലോമീറ്റർ അകലെ ജമൈക്കയിലെയും ക്യൂബയിലെയും ഡൊമിനിക്കൻ റിപബ്ലിക്കിലെയും മലമുകളിലെ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പന്നൽച്ചെടിയാണിത്. കടപ്പാട് britishandirishbotany.org
ചൂടുള്ള സമുദ്രജലപ്രവാഹത്തിന്റെ സാന്നിധ്യം മൂലം നിലനിൽക്കുന്ന ഇത്തരം മഴക്കാടുകൾ ഇപ്പോൾ ഏതാണ്ട് പൂർണ്ണമായിത്തന്നെ നശിച്ചിരിക്കുകയോ നാശത്തിന്റെ അങ്ങേയറ്റത്ത് എത്തിനിൽക്കുകയോ ആണ്. അവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇത്തരം കണ്ടുപിടുത്തങ്ങൾ എടുത്തുകാണിക്കുന്നുണ്ട്. ഇങ്ങനെയുള്ള കാടുകളിൽ നിരവധി സ്പീഷിസുകൾ മനുഷ്യന്റെ സംരക്ഷണം ഉണ്ടെങ്കിൽ മാത്രമേ ഇനി ബാക്കിയാവുകയുള്ളൂ എന്ന അവസ്ഥയിൽ ആണുള്ളത്.

Leave a Reply