Read Time:6 Minute

അനു ബി കരിങ്ങന്നൂർ

ഗവേഷണവിദ്യാർത്ഥി, ഫിസിക്‌സ്, ഐ.ഐ.ടി.മദ്രാസ്‌

ഇന്ന് നവംബർ 7, മേരിക്യൂറിയുടെ ജന്മദിനം

ശാസ്ത്രജ്ഞ എന്ന വാക്കു കേൾക്കുമ്പോൾ ആരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപവും പേരും മേരി ക്യൂറിയുടെതാണ്. ലോകത്തിനു തന്നെ മാതൃകയായ മേരി ക്യൂറിയെ എന്തെല്ലാം വിശേഷണങ്ങൾ നൽകിയാൽ ആണ് വാക്കുകളിൽ നിറയ്ക്കാൻ ആവുക?

കടപ്പാട് : വിക്കിമീഡിയ കോമൺസ്‌

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ച ഒരു സമൂഹത്തിൽ, രഹസ്യമായി വിദ്യാഭ്യാസം നേടി സ്ത്രീസമൂഹത്തിനു തന്നെ മാതൃകയും പ്രചോദനവും ആയ ഒരു വ്യക്തി, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജോലിചെയ്തു ട്യൂഷൻ എടുത്തും പഠനമെന്ന സ്വപ്നം സാക്ഷാത്കരിച്ച പെൺകുട്ടി, വിവാഹവും കുട്ടികളും ഭർത്താവിൻറെ അകാല മരണവും അങ്ങനെ ജീവിതത്തിലെ വഴിത്തിരിവുകളിൽ എല്ലാം ശാസ്ത്രഗവേഷണം മുറുകെ പിടിച്ച് മുന്നോട്ട് യാത്ര ചെയ്ത ശാസ്ത്രജ്ഞ, ജന്മ നാടിനോടുള്ള സ്നേഹം കൊണ്ട് താൻ കണ്ടെത്തിയ മൂലകത്തിന് പൊളോണിയം എന്നുപേരിട്ട രാജ്യസ്നേഹി, ഒടുവിൽ തന്റെ പരീക്ഷണങ്ങൾക്കിടയിൽ ആണവവികിരണമേറ്റു ശാസ്ത്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷി. അങ്ങനെ മേരിയ്ക്ക്‌ വിശേഷണങ്ങളേറെയാണ്.

മേരിക്യൂറിയും പിയർക്യൂറിയും | കടപ്പാട് : വിക്കിമീഡിയ കോമൺസ്‌

ഭൗതികശാസ്ത്ര അദ്ധ്യാപകൻ റെ മകളായി ആയി 1867 നവംബർ ഏഴിനാണ് റഷ്യൻ അധീനതയിലുള്ള പോളണ്ടിലെ വാഴ്സോയിൽ മേരി ജനിക്കുന്നത്. അതേ വർഷമാണ് പാരീസിലെ സോർബൺ സർവ്വകലാശാലയിൽ ആദ്യമായി ഒരു പെൺകുട്ടി പ്രവേശനം നേടുന്നത്. അതിൽ നിന്നു തന്നെ ആ കാലഘട്ടത്തിലെ സ്ത്രീകളുടെ യുടെ അവസ്ഥ എത്ര പിന്നോമായിരുന്നുവെന്ന് ഊഹിക്കാം. ‘മരിയ സലോമിയ സ്‌ക്ലോഡോവിസ്ക’ യില് നിന്നും നാമറിയുന്ന മേരി ക്യൂറി യിലേക്കുള്ള യാത്ര അത്യന്തം ക്ലേശകരമായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന നാട്ടിൽ, മേരി രഹസ്യമായി ഫ്ലോട്ടിംഗ് സർവകലാശാലയിൽ പഠനം ആരംഭിച്ചു. പിന്നീട് പാരിസിൽ നിന്നും ഭൗതിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദങ്ങൾ കരസ്ഥമാക്കി. സ്റ്റീലിൻറെ കാന്തികസ്വഭാവത്തെക്കുറിച്ച് പഠിച്ചു കൊണ്ടാണ് മേരി തൻറെ ശാസ്ത്രഗവേഷണ ജീവിതം ആരംഭിക്കുന്നത്. ഒരു പരീക്ഷണശാല ക്കുള്ള സ്ഥലം അന്വേഷിച്ചു നടന്ന മേരി ഭൗതികശാസ്ത്ര അധ്യാപകനും ഗവേഷകനുമായ പിയറി ക്യൂറിയെ കണ്ടുമുട്ടി, അവർ വിവാഹിതരായി. ഒന്നിച്ചു ഗവേഷണ ജീവിതവും ആരംഭിച്ചു. പിന്നീട് മേരിയുടെ യുടെ അന്വേഷണം യുറേനിയത്തിൽ നിന്നും വരുന്ന ചില പ്രത്യേക രശ്മികളെ കുറിച്ചായി. ‘റേഡിയോ ആക്ടീവിറ്റി’ എന്ന മേഖലയിൽ സുപ്രധാന കണ്ടെത്തലുകൾ നടത്തി.
പൊളോണിയം, റേഡിയം എന്നീ മൂലകങ്ങൾ വേർതിരിച്ചെടുത്തു. ഇന്ന് അതീവ സുരക്ഷാ സംവിധാനങ്ങളും രക്ഷാകവചവും ഉപയോഗിച്ച് നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങൾ ഒരു ഇരുമ്പു മേശയും അടുപ്പും ഉപയോഗിച്ച് അതികഠിനമായി പ്രയത്നിച്ചാണ് അവർ ചെയ്തിരുന്നത്.

1911 ലെ സോൾവേ കോൺഫറൻസിൽ റുഥർഫോർഡ്, ഐൻസ്റ്റൂൻ തുടങ്ങിവർക്കൊപ്പം മേരിക്യൂറി | കടപ്പാട് : വിക്കിമീഡിയ

പിയറി ക്യൂറിയുടെ യുടെ മരണതിനു ശേഷവും മേരി ഒറ്റയ്ക്ക് തൻറെ പരീക്ഷണങ്ങൾ തുടർന്നു. 1903ൽ ഭർത്താവ് പിയറിക്കൊപ്പം ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ച മേരി 1911 ഇലെ രസതന്ത്ര നോബൽ സമ്മാനം ഒറ്റയ്ക്ക് കരസ്ഥമാക്കി.

ഭൗതിക ശാസ്ത്ര- രസതന്ത്ര നോബൽ ജേതാവായ മേരി വൈദ്യശാസ്ത്രത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തിൽ പരിക്കേറ്റവർക്കായി വാഹനങ്ങളിൽ ഘടിപ്പിച്ച എക്സറേ യൂണിറ്റുകൾ മേരി തയ്യാറാക്കി. ശരീരശാസ്ത്രവും വൈദ്യ ശാസ്ത്രത്തിലെ പ്രധാനപ്പെട്ട വിവരങ്ങളും പെട്ടെന്നുതന്നെ പഠിച്ചെടുത്ത മേരി, യുദ്ധ കാലത്ത് മൊബൈൽ എക്സ് റേ യൂണിറ്റുകളുടെ ഡ്രൈവറായും സേവനമനുഷ്ഠിച്ചു.1914 ഇല് ഫ്രാൻസിൽ ആദ്യത്തെ സൈനിക റേഡിയോളജി സെൻറർ സ്ഥാപിച്ചു.

മേരിക്യൂറിയും മകൾ ഐറീനും | കടപ്പാട് വിക്കിമീഡിയ കോമൺസ്‌

1934ൽ പകരം വെയ്‌ക്കാനില്ലാത്ത ആ ശാസ്ത്ര പ്രതിഭ ലോകത്തോട് വിട പറഞ്ഞു. തൻറെ പരീക്ഷണങ്ങളിലും മേരി ഒപ്പം കൊണ്ടുനടന്നിരുന്ന മകൾ ഐറിൻ ഭർത്താവിനോടൊപ്പം 1935 ലെ രസതന്ത്ര നോബൽ സമ്മാനം നേടി. നിശ്ചയ ദാർഡ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായി മേരി ക്യൂറി എല്ലാ ശാസ്ത്ര കുതുകികളുടെയും ഓർമ്മകളിൽ ജീവിക്കുന്നു.

Happy
Happy
63 %
Sad
Sad
13 %
Excited
Excited
0 %
Sleepy
Sleepy
13 %
Angry
Angry
0 %
Surprise
Surprise
13 %

One thought on “ഇന്ന് മേരി ക്യൂറിയുടെ ജന്മദിനം

Leave a Reply

Previous post ഇന്ത്യയുടെ സയന്‍സും രാമന്റെ പ്രഭാവവും
Next post 2020 നവംബറിലെ ആകാശം
Close