മാർച്ച് 8 ലോക വനിതാദിനമാണ്.
ലോകത്തെവിടെയുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിവിധ മേഖലകളിലുള്ള വ്യത്യസ്തമായ സംഭാവനകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും സമത്വാധിഷ്ഠിതമായ ഒരു പുതിയ ലോകം സൃഷ്ടിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും സഹായിക്കുന്നതാണ് വനിതാദിനങ്ങൾ . സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, സമത്വം, സ്വാതന്ത്ര്യം എന്നിവയെല്ലാം ലക്ഷ്യമിട്ട് വ്യാപകമായ പ്രചാരണപ്രവർത്തനങ്ങളും ബോധവൽക്കരണപ്രവർത്തനങ്ങളുമാണ് ഈ ദിനത്തിൽ നടക്കുന്നത്.
ഐക്യരാഷ്ട്രസംഘടന വനിതാദിനത്തോടനുബന്ധിച്ച് ഓരോ വർഷവും ഒരോ ആശയങ്ങൾ മുന്നോട്ട് വയ്ക്കാറുണ്ട്. 2023 മാർച്ച് 8 വനിതാ ദിനത്തിൻ്റെ ഭാഗമായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ച ആശയം “ഡിജിറ്റൽ ലോകം എല്ലാവർക്കും-നൂതനത്വവും സാങ്കേതികവിദ്യയും ലിംഗസമത്വത്തിന്.” (DigitALL – innovation and technology for gender equality ) എന്നതാണ്.
വനിതാദിനത്തിന്റെ ചരിത്രം
1857 മാർച്ച് 8 ന് ന്യൂയോർക്കിൽ സ്ത്രീകൾ നടത്തിയ ഐതിഹാസികമായ പോരാട്ടമായിരിക്കാം ഒരു പക്ഷേ വനിതാദിനമെന്ന ആശയത്തിലേക്ക് ലോകത്തെ നയിച്ചിട്ടുണ്ടാവുക. തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ അവർക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരെയും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയ്ക്കെതിരായും തങ്ങളുടെ അവകാശ സംരക്ഷണത്തിനായിട്ടാണ് ചരിത്രപരമായ ഈ സമരം നടത്തിയത്.
ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ധാരാളം ശബ്ദമുയർത്തലുകൾ പിന്നീട് ഉണ്ടായിട്ടുണ്ട്. പക്ഷേ ആദ്യ വനിതാദിനാചരണം നടന്നത് 1909 ഫെബ്രുവരി 28ന് അമേരിക്കയിലാണ്. തുണിമിൽ തൊഴിലാളികളോടുള്ള വിവേചനത്തിൽ പ്രതിക്ഷേധിച്ച് അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയാണ്
ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തത് .തൊട്ടടുത്ത വർഷം 1910 ൽ കോപ്പൻഹേഗനിൽ ചേർന്ന രണ്ടാം അന്തർദേശീയ സോഷ്യലിസ്റ്റ് വനിതാ കോൺഫറൻസിൻ്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യം ഉയർന്നുവരികയുണ്ടായി. രണ്ടാം ഇൻ്റർനാഷണലിൻ്റെ എട്ടാമത് അന്തർദേശീയ കോൺഗ്രസിൻ്റെ ഭാഗമായാണ് ഈ കോൺഫറൻസ് നടന്നത്.
17 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്. സമ്മേളനത്തിൽ ഈ ആശയത്തിന് അംഗീകാരം ലഭിച്ചതിനെ തുടർന്ന് 1911 മുതൽ മാർച്ച് 8 അന്താരാഷ്ട്ര തലത്തിൽ വനിതാ ദിനമായി ചില രാജ്യങ്ങൾ ആചരിക്കുകയുണ്ടായി.
1917 മാർച്ച് 8 ന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനവും വനിതാദിനമെന്ന ആശയത്തിന് ശക്തി പകരുകയുണ്ടായി. വിവിധ രാജ്യങ്ങളിൽ ഉയർന്നുവന്ന ഇത്തരത്തിലുള്ള ആവേശകരമായ പ്രവർത്തനങ്ങളെ തുടർന്ന് ഐക്യരാഷ്ട്രസംഘടന ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യുകയും മാർച്ച് 8 അന്താരാഷ്ട്രവനിതാദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു. 1975 മുതലാണ് ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ വനിതാദിനം ആചരിക്കാൻ ആരംഭിച്ചത്. 1975 അന്താരാഷ്ട്രവനിതാവർഷമായി (International Women’s Year ) നിശ്ചയിക്കുകയും മെക്സിക്കോ സിറ്റിയിൽ ആദ്യ ലോകവനിതാസമ്മേളനം ചേരുകയും ചെയ്തു.
“സ്ത്രീശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് “ എന്നതാണ് 1975 ൽ ഐക്യരാഷ്ട്രസംഘടന ആദ്യ വനിതാദിനസന്ദേശമായി പ്രഖ്യാപിച്ചിരുന്നത്. തുല്യത, വികസനം, സമാധാനം എന്നിവ ലക്ഷ്യവുമായിരുന്നു. തുടർന്നിങ്ങോട്ട് ഓരോ വർഷവും വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് വച്ച ആശയങ്ങളും സന്ദേശങ്ങളും സ്ത്രീശാക്തീകരണപ്രവർത്തനങ്ങൾക്ക് കുടുതൽ കരുത്ത് പകരുന്നത് തന്നെയായിരുന്നു. ഈ വർഷവും ഐക്യരാഷ്ട്രസംഘടന മുന്നോട്ട് വയ്ക്കുന്ന ആശയം വളരെ പ്രസക്തവും ഗൗരവമായി ലോകമാകെ ചർച്ച ചെയ്യേണ്ടതും ശക്തമായ ഇടപെടൽ പ്രവർത്തനങ്ങൾ ആവശ്യപ്പെടുന്നതുമാണ്.
വിവേചനത്തിന്റെ ലോകം
വിവേചനങ്ങളും അസമത്വവും കുടുതൽ ശക്തമായി അനുഭവപ്പെടുന്ന ലോകസാഹചര്യമാണ് ഇന്നത്തേത്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക പങ്കാളിത്തവും അവസരങ്ങളും, രാഷ്ട്രീയ സംവിധാനങ്ങളിലും പാർട്ടികളിലുമുള്ള പങ്കാളിത്തം, തീരുമാനങ്ങൾ എടുക്കുന്ന വേദികളിലുള്ള പങ്കാളിത്തം എന്നിങ്ങനെ മിക്കവാറും എല്ലാ മേഖലകളിലും വിവേചനവും അസമത്വവും ദൃശ്യമാണ് താനും.
ലിംഗസമത്വത്തിനും തുല്യതയ്ക്കുമായി ധീരമായ പോരാട്ടങ്ങളും ശക്തമായ പ്രവർത്തനങ്ങളും നടന്നു വരുന്ന ഈ സമയത്തും ലിംഗ സമത്വം നേടിയെടുക്കുന്നതിനായി 132 വർഷം കൂടി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് വേൾഡ് എക്കണോമിക് ഫോറത്തിൻ്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2022 വ്യക്തമാക്കുന്നു.146 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് .
ഇതുവരെ 68% തുല്യത മാത്രമാണ് നേടിയെടുക്കാൻ കഴിഞ്ഞതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു .രാഷ്ട്രീയ രംഗത്തെ ശാക്തീകരണം, സാമ്പത്തിക പങ്കാളിത്തവും, അവസരങ്ങളും, വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ സംരക്ഷണം ഇങ്ങനെ വിവിധ മേഖലകളിൽ എന്തുമാത്രം തുല്യത നേടിയിട്ടുണ്ട് എന്ന കാര്യം റിപ്പോർട്ടിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഏതാണ്ട് 81 രാജ്യങ്ങളിൽ രാഷ്ട്രീയ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം മോശമായ നിലയിലാണുള്ളതെന്നും ഈ രംഗത്ത് തുല്യത നേടിയെടുക്കാൻ 151 വർഷം ഇനിയും വേണ്ടിവരും എന്നതും വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. 22% തുല്യത മാത്രമാണ് രാഷ്ട്രീയ രംഗത്തെ ശാക്തീകരണത്തിൽ നാളിതുവരെ നേടിയിട്ടുള്ളത്.
സാമ്പത്തിക പങ്കാളിത്തത്തിലും അതിനാവശ്യമായ അവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിലും 60% തുല്യത നേടിയെടുക്കാനേ ഇതുവരെ കഴിഞ്ഞിട്ടുള്ളു .ഈ മേഖലയിലെ തുല്യതക്കായി 267. 6 വർഷം കാത്തിരിക്കേണ്ടി വരുമെന്ന കണക്കുകൾ പേടിപ്പെടുത്തുന്നതു തന്നെയാണ്.
അതേ സമയം വിദ്യാഭ്യാസം നേടുന്ന കാര്യത്തിലും ആരോഗ്യ സംരക്ഷണത്തിലും 95.8 % തുല്യത നേടി കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത സന്തോഷം നൽകുന്നതു തന്നെയാണ്. 37 രാജ്യങ്ങൾ ഈ രംഗത്ത് പൂർണ്ണമായും തുല്യത കൈവരിച്ചുവെന്നും 14.2 വർഷം കൊണ്ട് ലോകത്താകെ തുല്യത കൈവരിക്കാൻ കഴിയുമെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലിംഗ സമത്വത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ഐസ്ലാൻ്റാണ് (90.8%) ഫിൻലൻറ് (86 %) ,നോർവേ (84.5%) ,സ്വീഡൻ (82.2%) എന്നിവയാണ് തൊട്ടടുത്ത് നിൽക്കുന്ന രാജ്യങ്ങൾ .146 രാജ്യങ്ങളിൽ 135-ാം സ്ഥാനത്താണ് ഇന്ത്യ നിലയുറപ്പിച്ചിട്ടുള്ളത്. (പട്ടിക കാണുക) .
ഇന്ത്യയുടെ സ്ഥാനം | 2022 (146 രാജ്യങ്ങൾ) | 2021 (156രാജ്യങ്ങൾ ) |
---|---|---|
ആഗോളജെൻഡർ ഗ്യാപ് ഇൻഡക്സ് | 135 | 140 |
രാഷ്ട്രീയ രംഗത്തെ ശാക്തീകരണം | 48 | 51 |
സാമ്പത്തിക രംഗത്തെ പങ്കാളിത്തവും അവസരങ്ങളും | 143 | 151 |
വിദ്യാഭ്യാസം | 107 | 114 |
ആരോഗ്യം | 146 | 155 |
.
ഡിജിറ്റൽ രംഗത്തെ അസമത്വം
ഈ നൂറ്റാണ്ടിന്റെ ആദ്യപകുതി മുതൽ തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യ ജനങ്ങളുടെ ജീവിതത്തിനെ ആഴത്തിൽ സ്വാധീനിച്ചു തുടങ്ങിയിരുന്നു. കോവിഡ് മഹാമാരി, ജനജീവിതത്തിൻ്റെ ഈ ഡിജിറ്റൈസേഷൻ പ്രവർത്തനം കൂടുതൽ തീവ്രവും, വ്യാപ്തിയുള്ളതുമാക്കി മാറ്റിത്തീർത്തു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം, വിജ്ഞാനത്തിൻ്റെയും വിവരങ്ങളുടെയും കൈമാറ്റം വളരെ എളുപ്പത്തിലാക്കാൻ സഹായിക്കുകയും ചെയ്തു. സ്മാർട്ട്ഫോണും,കമ്പ്യൂട്ടറും, നിരന്തരമായി യാതൊരു തടസ്സവുമില്ലാതെ ലഭിക്കുന്ന ഇൻ്റർനെറ്റ് സൗകര്യവുമൊക്കെയുള്ളവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ മുൻപോട്ട് പോകാൻ കഴിഞ്ഞെങ്കിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയാതെപോയ പാർശ്വവൽക്കരിക്കപ്പെട്ടവർ എല്ലായിടത്തു നിന്നും പിന്തള്ളപ്പെടുന്നവരായിപ്പോകുന്നതും നമ്മൾ കാണുകയുണ്ടായി.
സാമ്പത്തികമായി മേൽതട്ടിൽ നിൽക്കുന്നവരും പാവപ്പെട്ടവരും തമ്മിലും ഗ്രാമത്തിലും നഗരത്തിലും ജീവിക്കുന്നവർ തമ്മിലും ഡിജിറ്റൽ രംഗത്ത് വലിയ വിടവുകൾ ഉള്ളത് പോലെ തന്നെ ജെൻഡർ രംഗത്തും ലോകത്താകെ വലിയ അന്തരമാണ് നിലനിൽക്കുന്നത്. ഇന്ന് സാമൂഹ്യ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അസമത്വങ്ങൾ ഇവിടെയും ശക്തമായി പ്രതിഫലിക്കുന്നുണ്ട്. ഡിജിറ്റൽ ഭിന്നശേഷി എന്ന ഒരു പുതിയ അവസ്ഥ തന്നെ ഇതിൻ്റെ ഭാഗമായി ഉണ്ടാക്കപ്പെടുന്നു. സ്ത്രീകൾ മാത്രമല്ല, പാർശ്വവൽക്കരണം നേരിടുന്ന എല്ലാ വിഭാഗത്തിൽ പെട്ടവരും, പ്രായമേറിയവരും ഒക്കെ സ്വാഭാവികമായി ഈ പുതുഭിന്നശേഷി അനുഭവിക്കുന്നവരായി മാറുന്നു.
വിവരങ്ങൾ (Data) ഉൽപ്പാദിപ്പിക്കാനും, ശേഖരിച്ച് സൂക്ഷിക്കാനും, വിവിധ ആവശ്യങ്ങൾക്കായി സൗകര്യപ്രദമായി അവയെ ഉപയോഗിക്കാനും, സഹായിക്കുന്ന സംവിധാനങ്ങളെല്ലാം ധാരാളമായി ലഭ്യമാകുന്ന ഡിജിറ്റൽ സംവിധാനങ്ങൾ എല്ലാ ജീവിതമേഖലകളിലുംഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളിലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗ സാധ്യതകളും അനന്തമാണ്. അപ്പോഴും ലോകത്താകെ 50% ത്തിലേറെ സ്ത്രീകൾ ഓഫ് ലൈനിലാണ് എന്നാണ് ITU (International Telecommunication Union )കണക്കുകൾ പറയുന്നത്.
15 മുതൽ 19 വയസ്സ് വരെയുള്ള ആൺ കുട്ടികളിൽ 46% പേരും അവരുടെ ഫോണുകളിൽ ഇൻ്റർനെറ്റ് സൗകര്യം ഉപയോഗിക്കുമ്പോൾ 27% പെൺകുട്ടികൾക്ക് മാത്രമാണ് അത് ലഭ്യമാകുന്നത്. വികസ്വര രാജ്യങ്ങളിലെ 39.3 കോടി സ്ത്രീ കൾക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് (ITU). ജെൻഡർ സ്പെക്ട്രത്തിൽ പെട്ട മറ്റു ലിംഗവ്യക്തിത്വങ്ങളെപ്പറ്റിയുള്ള കണക്കുകൾ പോലും ലഭ്യമല്ല എന്നതും ഇതിനോടൊപ്പം നമ്മൾ കൂട്ടിവായിക്കേണ്ടതുണ്ട്.
ഡിജിറ്റൽസാക്ഷരത ഡിജിറ്റൽലഭ്യത, ഡിജിറ്റൽസുരക്ഷിതത്വം എന്നിങ്ങനെ ഓരോ മേഖലയിലും നേരിടുന്ന വിവേചനങ്ങൾ, ജെൻഡർ രംഗത്തെ ഡിജിറ്റൽ അന്തരത്തിന് കാരണമാകുന്നുണ്ട് .അത് വളരെ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണ് താനും.
ലോകത്താകെ 52% സ്ത്രീകളും ഡിജിറ്റൽ അക്രമങ്ങൾക്ക് വിധേയമാകുന്നുണ്ട് . അതിൽ തന്നെ 87% പേരും വിശ്വസിക്കുന്നത് (ITU) ഇത്തരം അതിക്രമങ്ങൾ രൂക്ഷമാകുന്നുവെന്നും അവരുടെ സമാധാനപരമായ ജീവിതത്തെ അത് സാരമായി ബാധിക്കുന്നു എന്നുമാണ്.
ഇനി ഇന്ത്യയുടെ കാര്യമെടുത്താൽ, ഇവിടുത്തെ ഡിജിറ്റൽ രംഗത്തെ വിടവ് വളരെ ആഴത്തിലുള്ളതാണ്. അവയെ പരിഹരിക്കുക എന്നത് അതീവശ്രമകരവുമാണ്.. ഇന്ത്യയിൽ 61% പുരുഷൻമാരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ സ്ത്രീകളിൽ 31 % മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരായിട്ടുള്ളത്. നിലവിലുള്ള ഉപഭോക്താക്കളുടെ കണക്കുകൾ പോലും സൂചിപ്പിക്കുന്നത് അസമത്വത്തിൻ്റെ തോത് 30% ആണ് എന്നതാണ്.
ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ 31 % വും പട്ടണപ്രദേശങ്ങളിൽ 67 %വും ഇൻ്റർനെറ്റ് സൗകര്യം ഉപയോഗിക്കപ്പെടുന്നുണ്ട്. (India inequality report 2022 Oxfam India). ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 70% പേർക്കും ലഭിക്കുന്നത് മെച്ചപ്പെട്ട കണക്ടിവിറ്റിയല്ല.
ഡിജിറ്റൽ സാക്ഷരതയും, ഓൺലൈൻ ലഭ്യതയും ഓൺലൈൻ സുരക്ഷയും, വർദ്ധിപ്പിച്ച് കൊണ്ട് മാത്രമേ ഡിജിറ്റൽ രംഗത്തെ ലിംഗ അസമത്വത്തെ അഭിസംബോധന ചെയ്യാൻ പോലും കഴിയുകയുള്ളൂ . ഡിജിറ്റൽ രംഗത്തെ ഈ വിടവ് സാമ്പത്തിക സാമൂഹ്യ രംഗത്ത് നിലവിലുള്ള അസമത്വങ്ങളെ കൂടുതൽ വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു. സ്ത്രീകളുടെ അവകാശങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യാരംഗത്തും സംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്.
സുസ്ഥിരവികസനസൂചകങ്ങളും സ്ത്രീകളും
ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതും 2030ൽ നേടാൻ ലക്ഷ്യമിടുന്നതുമായ സുസ്ഥിരവികസനസൂചകങ്ങളുടെ അടിസ്ഥാനത്തിൽ ലിംഗസമത്വത്തെ പരിശോധിക്കുകയാണെങ്കിൽ സ്ഥിതി വളരെ പരിതാപകരമാണ്.
പട്ടിണി, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകൾക്ക് മേലുള്ള ക്രൂരത തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ലിംഗസമത്വം എന്ന വിഷയത്തെ ഐക്യരാഷ്ട്ര സംഘടന ഗൗരവമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ലോകത്താകെ 38. 3കോടി സ്ത്രീകളും പെൺകുട്ടികളും അതീവദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും 2030-ൽ ഇതിലും കൂടുതൽ പേർ അതീവ ദാരിദ്ര്യത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുമെന്നുമാണ് ഐക്യരാഷ്ട്ര സംഘടനയുടെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഭക്ഷ്യ സുരക്ഷയില്ലായ്മ ഏറ്റവും കൂടുതൽ ബാധിക്കുന്നതും സ്ത്രീകളെയാണ്. മൂന്ന് സ്ത്രീകളിൽ ഒരാൾ ഭക്ഷണ സുരക്ഷയില്ലാതെയാണ് ജീവിക്കുന്നത് 2019 ൽ 27.5% ത്തിൽ നിന്നും 2021 ൽ 31.9% ആയി ഭക്ഷ്യ സുരക്ഷയില്ലായ്മ വർദ്ധിക്കുകയാണുണ്ടായത്. ഈ രംഗത്തെ ജെൻഡർ വിടവ് 4.3% ആണ്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരേയുള്ള ക്രൂരതയും ലൈംഗികാതിക്രമവും വർദ്ധിക്കുക തന്നെയാണ്. കുടുംബത്തിനുള്ളിൽപ്പോലും അവർ സുരക്ഷിതരല്ല എന്നതാണ് അവസ്ഥ. 15 വയസ്സിനും 49 വയസ്സിനുമിടയിലുള്ള, പത്തിൽ ഒരു സ്ത്രീ / പെൺകുട്ടി അവരുടെ ഏറ്റവും അടുത്തയാളുകളിൽ നിന്നും ( പങ്കാളികളിൽ നിന്നടക്കം) ലൈംഗികക്രൂരതക്ക് വിധേയയാക്കപ്പെടുന്നുണ്ട്.
ഓരോ പതിനൊന്ന് മിനിറ്റിലും തന്റെ സ്വന്തം കുടുംബത്തിലെ അംഗങ്ങളാൽ തന്നെ ഒരു സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി കൊല ചെയ്യപ്പെടുന്നുമുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ ഉപയോഗിച്ച് ആരോഗ്യരംഗം ഉൾപ്പടെ സമസ്തരംഗത്തുംവലിയ കുതിച്ച്ചാട്ടമാണ് ലോകമാകെ നടന്നുക്കൊണ്ടിരിക്കുന്നത്. എന്നിട്ടും സ്ത്രീകളുടെ ആയുർദൈർഘ്യം 2019 ൽ നിന്നും 2021 ലേക്കെത്തുമ്പോൾ 1.6 വർഷം കുറയുകയാണുണ്ടായത്.
ദക്ഷിണ ആഫ്രിക്കയിൽ 4. 1 വർഷവും ഒമാനിൽ 4.3 വർഷവും എന്ന തോതിലാണ് കുറവ് സംഭവിച്ചിട്ടുള്ളത്. ആയുർദൈർഘ്യത്തിൻ്റെ തോതിൽ ഉണ്ടാകുന്ന ഉയർച്ച ഏതെങ്കിലും ഒരു ഘടകത്തെ മാത്രം ആശ്രയിച്ച് ഉണ്ടായി വന്നതല്ല. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ, ജലലഭ്യത, ഭക്ഷ്യ സുരക്ഷ തുടങ്ങി വിവിധ ഘടകങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് മാത്രമേ അത് സാധ്യമാകുകയുള്ളു.
ഇത്തരത്തിൽ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തി നേടിയ ഒരു സ്ഥാനത്ത് നിന്നും ലോകരാജ്യങ്ങൾ പിറകോട്ട് പോകുന്നു എന്നത് വളരെ ഭീതിപ്പെടുത്തുന്നതാണ്. പകുതിയിലധികം വരുന്ന പെൺകുരുന്നുകൾ എങ്ങനെയാണ് വൈജ്ഞാനികസമൂഹത്തിൻ്റെ ഭാഗമാകുകയെന്നും ശാസ്ത്രസാങ്കേതികവിദ്യയുടെയും ഡിജിറ്റൽസാങ്കേതികവിദ്യയുടെയും ഗുണഫലങ്ങൾ നേരിട്ട് അനുഭവിക്കുന്നവരായി മാറുകയെന്നും പറയുക അസാധ്യമാവുകയാണ്.
2030ൽ ലോകം നേടണമെന്നാഗ്രഹിക്കുന്ന സുസ്ഥിര വികസന സൂചകങ്ങളിൽ വിശപ്പിൻ്റെയും പട്ടിണിയുടെയും ആരോഗ്യത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും ശുദ്ധജലലഭ്യതയുടെയുമൊക്കെ രംഗങ്ങളിലുള്ള ഈ പിറകോട്ട് പോകലുകൾ ഉയർത്തുന്ന ഭീഷണി വളരെ വലുതാണ്.
തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഇടങ്ങളിലും പാർലമെൻ്ററി ജനാധിപത്യത്തിലും നിലനിൽക്കുന്ന അന്തരവും ശ്രദ്ധേയമാണ്. ലോകത്തിൻ്റെ മുന്നോട്ട് പോക്കിൻ്റെ ഗതി ഇത്തരത്തിലാണെങ്കിൽ ലിംഗസമത്വത്തിലേക്ക് എത്തിച്ചേരാൻ 286 വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന തന്നെ പറയുന്നു.
ജി. രാജശേഖരൻ കലയിലും ആരോഗ്യത്തിലും മാത്രമല്ല ഡിജിറ്റൽ സാങ്കേതിക വിദ്യയിലും ലിംഗ സമത്വത്തിലും കൂടി അറിവും മികവും പുലർത്തുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷം.
വിജ്ഞാനപ്രദമായ ലേഖനം.
വനിത ദിനാഘോഷത്തിൽ ഉപയോഗിക്കാം