Read Time:4 Minute


കൗസ്തുഭ്

അങ്ങാടിക്കുരുവികളെ നമുക്ക് സുപരിചിതമാണ്; പലചരക്കുകടയ്ക്കു മുന്നിലും അരിച്ചാക്കുകൾ ലോഡ് ഇറക്കുന്നിടത്തുമെല്ലാം ഇവ സ്ഥിരസാന്നിദ്ധ്യമാണ്. എങ്കിലും, നിങ്ങളുടെ കുട്ടിക്കാലത്ത് കണ്ടിരുന്നത്ര അങ്ങാടിക്കുരുവികളെ ഇപ്പോൾ കാണാറുണ്ടോ? ഈ കുഞ്ഞൻ കുരുവിയുടെ എണ്ണം കുറയുന്നുണ്ടോ?!

നമുക്കുണ്ടായ ഇതേ ആശങ്ക പരിസ്ഥിതിപ്രവർത്തകനായ മുഹമ്മദ്‌ ദിലാവാറിനും ഒരിക്കലുണ്ടായി. ക്രമേണയുള്ള ഈ നാശത്തിൽ നിന്നും അങ്ങാടിക്കുരുവികളെ സംരക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനായി, ‘നേച്ചർ ഫോറെവർ സൊസൈറ്റി’ എന്ന സംഘടന രൂപീകരിക്കുകയും  2010 മാർച്ച്‌ 20-ന് ആദ്യത്തെ അങ്ങാടിക്കുരുവി ദിനം ആചരിക്കുകയും ചെയ്തു. അങ്ങാടിക്കുരുവികളെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളർത്തുകയായിരുന്നു ഈ ദിനാചരണത്തിന്റെ ഉദ്ദേശം. 2012-ൽ ന്യൂഡൽഹിയുടെ ഔദ്യോഗികപക്ഷിയായി   അങ്ങാടിക്കുരുവിയെ തിരഞ്ഞെടുത്തതും ഈ സംഘടനയുടെ ശ്രമഫലമായിരുന്നു.

മുഹമ്മദ്‌ ദിലാവർ

മനുഷ്യൻ ഇണക്കിവളർത്തിയിട്ടില്ലെങ്കിൽക്കൂടി കൂടെ കൂടിയതാണ് അങ്ങാടിക്കുരുവികൾ. ആയിരക്കണക്കിന് വർഷത്തെ പഴക്കവുമുണ്ട് ഈ ബന്ധത്തിന്. മനുഷ്യർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് അങ്ങാടിക്കുരുവികളെ കാണാറുള്ളത്. ധാന്യങ്ങളും ചെറുപ്രാണികളുമാണ് അങ്ങാടിക്കുരുവിയുടെ പ്രധാന ഭക്ഷണം. ചെറുകൂട്ടമായി താമസിക്കുവാനാണിവ ഇഷ്ടപ്പെടുന്നത്. തവിട്ടും ചാരയും ആണ് പ്രധാന നിറം. കറുത്ത താടിയും മാറിടവും കണ്ട് ആൺപക്ഷിയെ പെട്ടന്ന് തിരിച്ചറിയാനാകും. പ്രജനനത്തിനായി പ്രത്യേക കാലമൊന്നും അങ്ങാടിക്കുരുവികൾ നോക്കാറില്ല. വർഷത്തിൽ ആറും ഏഴും തവണ ഇവ കൂടുകെട്ടി മുട്ടയിടും. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും അങ്ങാടിക്കുരുവിയുടെ സാന്നിദ്ധ്യമുണ്ട്. Passer domesticus  എന്നതാണ് ശാസ്ത്രനാമം.

കീടനാശിനികളുടെ ഉപയോഗം, പ്രാണികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ്, കൂടൊരുക്കാൻ പാകത്തിനുള്ള സ്ഥലങ്ങളുടെ കുറവ് എന്നിവയെല്ലാം അങ്ങാടിക്കുരുവിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ അങ്ങാടിക്കുരുവിയുടെ എണ്ണം ക്രമേണ കുറയുന്നുവെന്നാണ് 2020-ൽ പുറത്തിറങ്ങിയ ‘State of India’s Birds’ എന്ന പഠനറിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്. എങ്കിലും രാജ്യത്താകമാനമുള്ള ഇവയുടെ സംഖ്യ സ്ഥിരത പുലർത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

അങ്ങാടിക്കുരുവികൾക്കായി നാട്ടുചന്തകളിൽ ചെറുകൂടുകൾ സ്ഥാപിച്ചും, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചും ഇത്തവണത്തെ ലോക അങ്ങാടിക്കുരുവിദിനം നമുക്കും ആചരിക്കാം. ഒപ്പം കുട്ടികളേയും കൂടെകൂട്ടി അടുത്തുള്ള ചന്തയിലോ പട്ടണത്തിലോ ഉള്ള അങ്ങാടിക്കുരുവികളുടെ കണക്കെടുപ്പും നടത്താം.

കൊൽക്കത്തയിൽ നിന്നുമുള്ള ദൃശ്യം കടപ്പാട് വിക്കിപീഡിയ

കൂടുതൽ വിവരങ്ങൾക്ക്

  1. www.worldsparrowday.org
  2. www.natureforever.org
  3. https://www.facebook.com/NatureForeverSociety
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “മാർച്ച്‌ 20 – ലോക അങ്ങാടിക്കുരുവിദിനം

Leave a Reply

Previous post പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ യൂജിൻ പാർക്കർ അന്തരിച്ചു.
Next post അങ്ങാടിക്കുരുവികൾക്കായി ഒരു ദിനം
Close