Read Time:6 Minute


ശ്യാം വി.എസ്

പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ യൂജിൻ പാർക്കർ അന്തരിച്ചു. നമ്മുടെ ഏറ്റവുമടുത്ത നക്ഷത്രമയ സൂര്യനെ ആഴത്തിലും പരപ്പിലും മനസ്സിലാക്കിയ മനുഷ്യനായിരുന്നു.

എഴുപതു കൊല്ലം നീണ്ട പഠനസപര്യ. സൂര്യന്റെ അന്തരീക്ഷത്തിൽ നിന്നുൽഭവിക്കുന്ന ചാർജ്ജുള്ള കണികകളുടെ ഒരു പ്രവാഹമായി സൗരക്കാറ്റ് / സൗരവാതം എന്നൊരു പ്രതിഭാസം ഉണ്ടാവുന്നുണ്ട് എന്ന ആശയം 1950കളിൽ അദ്ദേഹം മുന്നോട്ട് വച്ചു. ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധം റിവ്യൂ ചെയ്യാൻ എടുത്ത പ്രമുഖർ “മിസ്റ്റർ പാർക്കർ, നിങ്ങൾ പോയി വിഷയമൊക്കെ നന്നായി പഠിച്ച്, വായനശാലയിൽ ഒരൽപം സമയം ചെലവിട്ട് കാര്യങ്ങളൊക്കെ നന്നായി മനസിലാക്കി വരൂ, അല്ലെങ്കിൽ ഇമ്മാതിരി മഠയത്തരങ്ങൾ എഴുതി വെക്കേണ്ടി വരും” എന്നു നോട്ടു കുറിച്ചു വിട്ടു. പതിറ്റാണ്ടുകൾക്കിപ്പുറം സൂര്യനെ അറിയാൻ മനുഷ്യൻ ഇന്നോളം നടത്തിയ ഏറ്റവും മികച്ച പര്യവേഷണ സംരംഭമായ പാർക്കർ പ്രോബ് എന്ന പേടകം   ഒരിക്കൽ ശാസ്ത്രലോകം പുച്ഛിച്ചു തള്ളിയ സൗരവാതത്തേയും സൗരോപരിതലത്തിലെ പ്രതിഭാസങ്ങളേയും  പഠിക്കാൻ സൂര്യനെ തൊടുന്നു ! ജീവിച്ചിരിക്കെ സ്വന്തം പേർ നൽകിയ ബഹിരാകാശ പര്യവേഷണ വാഹനത്തെ യാത്രയയക്കാൻ ഭാഗ്യം ലഭിച്ച ഏക ശാസ്ത്രജ്ഞനായി അദ്ദേഹത്തിന്റെ മഹത്വം ചരിത്രത്തിൽ ഇടം നേടുന്നു !

യൂജിൻ പാർക്കർ 1977 ലെ ഫോട്ടോ. ഗ്രഹണസമയത്ത് സൂര്യനു ചുറ്റുമുള്ള പ്രഭാവലയത്തിൽ സൗരവാതം ദൃശ്യമാകുന്നു ഫോട്ടോ കടപ്പാട് : Hanna Holborn Special Collections Research Center.

സൗരപ്രതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് യൂജിൻ പാർക്കറിന്റെ തിയറികൾ സംശയത്തോടെ നോക്കിക്കൊണ്ടിരുന്ന അറുപതുകളിൽ ശുക്രനെക്കുറിച്ച് കൂടുതൽ അറിയാൻ  നാസ അയച്ച മാരിനർ – 2 മിഷന്റെ അനുഭവങ്ങൾ ശാസ്ത്രജ്ഞരെ മാറ്റി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചു. സൗരക്കാറ്റടിച്ചു വലഞ്ഞ മാരിനർ നാസയെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. പാർക്കറിനെ, അദ്ദേഹത്തിന്റെ ആശയങ്ങളെ സൗരശാസ്ത്രലോകം ഗൗരവമായി കാണാൻ തുടങ്ങി. ഒരിക്കൽ തമസ്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ ആശയങ്ങളെ കണക്കിലെടുത്തു പഠിച്ചു തുടങ്ങി. പാർക്കറിന് ഏറ്റവുമധികം പിന്തുണ നൽകിയതും അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തതും സാക്ഷാൽ സുബ്രമഹ്ണ്യം ചന്ദ്രശേഖർ ആയിരുന്നു.

കോസ്മിക് രശ്മികളെക്കുറിച്ചും കാന്തിക പ്രതിപ്രവർത്തനങ്ങളെക്കുറിച്ചും ഒക്കെയുള്ള പഠനശാഖകളിൽ ആദ്യകാലത്തിട്ട ആണിക്കല്ലുകൾക്ക് തുടർച്ചയായി തന്റെ അവസാനകാലം വരെയും വലിയ സംഭാവനകൾ പാർക്കർ നൽകുകയുണ്ടായി.   ഗാലക്സികളിലെ കാന്തികക്ഷേത്രങ്ങളെ വിവരിക്കുന്ന പാർക്കർ അസ്ഥിരത (Parker instability);  പ്ലാസ്മയിലൂടെ സഞ്ചരിക്കുന്ന കണങ്ങളെ വിവരിക്കുന്ന പാർക്കർ സമവാക്യം (Parker Equation);  പ്ലാസ്മയിലെ കാന്തികക്ഷേത്രങ്ങളുടെ സ്വീറ്റ് – പാർക്കർ മാതൃക (Sweet-Parker Model ഇംഗ്ലീഷ് ജ്യോതിർഭൗതികജ്ഞൻ ആയിരുന്ന പീറ്റർ സ്വീറ്റിനൊപ്പം വികസിപ്പിച്ചത്);  കാന്തികധ്രുവങ്ങൾ – കാന്തികപ്രഭാവം സംബന്ധിച്ച പാർക്കർ പരിധി (Parker limit) അങ്ങനെ സുപ്രധാനമായ നിരവധി ആശയങ്ങൾ അദ്ദേഹത്തിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.

ജീൻ ന്യൂമാൻ പാർക്കർ മുന്നോട്ട് വച്ച ആശയങ്ങളെ പഠിക്കാനായി ഒരു  ദൗത്യം സാധ്യമാക്കാൻ മനുഷ്യരാശി 60 വർഷമെടുത്തു. 2018 ഓഗസ്റ്റിൽ നാസയുടെ പാർക്കർ സോളാർ പ്രോബ് വിക്ഷേപിക്കപ്പെട്ടു. സൂര്യന്റെ അടുത്തെത്തി ആ നക്ഷത്രത്തെ പഠിച്ചുകൊണ്ടിരിക്കുന്ന പാർക്കർ പേടകത്തിൽ സാക്ഷാൽ യൂജിൻ പാർക്കറിന്റെ ചിത്രങ്ങളും 1958ൽ അദ്ദേഹം അവതരിപ്പിച്ച ഫോട്ടോ വോൾട്ടായിക് വിൻഡിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തകർപ്പൻ പേപ്പറും മറ്റു ഗവേഷണ വിവരങ്ങളും പൊതുജനങ്ങൾ സമർപ്പിച്ച 1.1 ദശലക്ഷത്തിലധികം പേരുകളും അടങ്ങിയ ഒരു ചിപ്പ്  ഉണ്ട്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :

“മഹത്തായ ഈ പാർക്കർ ഫോട്ടോ വോൾട്ടായിക് പ്രോബ് ദൗത്യം മനുഷ്യരാശി ഡോ. യൂജിൻ എൻ. പാർക്കർക്കായി സമർപ്പിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ അഗാധമായ പഠനങ്ങൾ, സംഭാവനകൾ എല്ലാം സൗര, ഫോട്ടോ വോൾട്ടായിക് കാറ്റിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളിൽ വിപ്ലവം സൃഷ്ടിച്ചു. ഹീലിയോ ഫിസിക്സിന്റെ ആണിക്കല്ലുകളായി അദ്ദേഹത്തിന്റെ ആശയങ്ങൾ മാറി. ഇനി എന്താണ് മുന്നോട്ടുള്ളതെന്ന് നമുക്ക് നോക്കാം.” അതെ. യൂജിൻ പാർക്കർ നിരത്തിയ ചവിട്ടുപടികളിൽ ഊന്നി മുന്നോട്ട്.  വിട പാർക്കർ !


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കോവിഡ് മഹാമാരി അതിജീവനം – സ്ത്രീകളുടെ സംഭാവനകൾ – ഡോ.ബി.ഇക്ബാൽ
Next post മാർച്ച്‌ 20 – ലോക അങ്ങാടിക്കുരുവിദിനം
Close