Read Time:7 Minute

സി. ശശികുമാർ

കേൾക്കാം

രചന : സി. ശശികുമാർ അവതരണം : ഡോ.ഹരീഷ് ദാമോദരൻ

പക്ഷിനിരീക്ഷണം നടത്തുന്നവരും നടത്താന്‍ ആഗ്രഹിക്കുന്നവരും പതിവായി നേരിടേണ്ടിവരുന്ന ഒരു ചോദ്യമാണിത്. ഇതിന്റെ ഒരു ഉത്തരം പക്ഷികള്‍ ഉള്ളതുകൊണ്ട് എന്നാണ്. ഇതിന്റെ കൂടെ ഇനിയും ധാരാളം വിശദീകരണ ങ്ങള്‍ ചേര്‍ക്കാം. പക്ഷികളുടെ ഭംഗി ആസ്വദിക്കാന്‍, അവയുടെ പാട്ട് കേള്‍ക്കാന്‍ തുടങ്ങി പലതും. ഇതിലുമപ്പുറം, മറ്റു പലതുകൂടിയാണ് പക്ഷി നിരീക്ഷണം.

ആര്‍ക്കും ഏറ്റെടുക്കാവുന്ന പഠനം

നമുക്കു ചുറ്റുമുള്ള പ്രകൃതിയിലെ വിവിധ കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള ത്വര മനുഷ്യസഹജമാണ്. നമ്മുടെ നിലനില്പിനാവശ്യമായ ഭക്ഷണം കണ്ടെത്തലായിരുന്നിരിക്കാം ഇതിന്റെ പ്രഥമ ഉദ്ദേശ്യം. ജീവജാലങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും പ്രകൃതിയില്‍ ഓരോന്നിന്റെയും സ്ഥാനവും ക്രമേണ നമുക്കു തെളിഞ്ഞുവന്നു. സൗന്ദര്യാവബോധം മനുഷ്യരില്‍ ഉടലെടുത്തതോടെ പക്ഷികളുടെ വര്‍ണവൈവിധ്യവും നാദമാധുരിയും ചേഷ്ടകളും നമ്മില്‍ കൗതുകമുണര്‍ത്തുവാന്‍ തുടങ്ങി. പക്ഷിനിരീക്ഷണം തുടങ്ങുമ്പോഴാണ് പക്ഷികളും പരിസരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാം കൂടുതല്‍ മനസ്സിലാക്കുന്നത്. പക്ഷികള്‍ ആഹരിക്കുന്ന ധാന്യങ്ങള്‍, പഴങ്ങള്‍, പ്രാണികള്‍, ഇഴജന്തുക്കള്‍, സസ്തനികള്‍ മറ്റു ജീവികള്‍ തുടങ്ങിയ വയൊക്കെ ഉള്‍ക്കൊള്ളുന്ന പ്രകൃതിയെക്കു റിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും കൂടുതല്‍ പഠിക്കാന്‍ നാം പ്രേരിതരാകുന്നു. അതിനായി പക്ഷികളുടെ ആവാസസ്ഥലങ്ങളായ തണ്ണീര്‍ത്തടങ്ങള്‍, കാടുകള്‍, വെളിമ്പറമ്പുകള്‍, വയലുകള്‍, കാവുകള്‍, കടല്‍ത്തീരങ്ങള്‍, പുഴകള്‍, കായലുകള്‍ തുടങ്ങി എല്ലായിടത്തും നമുക്ക് പോകേണ്ടിവരും. പക്ഷികള്‍ക്ക് ജീവിക്കാന്‍ ഇത്തരം സ്ഥലങ്ങളെല്ലാം നശിക്കാതെ നിലനില്ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് അപ്പോഴാണ്‌നമുക്കുണ്ടാകുന്നത്. ഗഹനമായ ഈ അറിവ് പ്രകൃതിയെയും മനുഷ്യനെയും കുറിച്ച് പുതിയൊരു കാഴ്ചപ്പാടാണ് നമുക്ക് മുന്നില്‍ തുറന്നുതരുന്നത്.

കേരളത്തിന്റെ പക്ഷിഭൂപടം 

മറ്റു പല ജീവികളുമെന്നപോലെ ഒരു ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെയും സുസ്ഥിതിയുടെയും ജൈവസൂചികകളാണ് പക്ഷികള്‍. റോബിന്‍ പക്ഷികളുടെ തിരോധാനം സൃഷ്ടിച്ച ‘നിശ്ശബ്ദവസന്തം’ (Silent Spring) കീടനാശിനികളുടെ അമിതോപയോഗത്തിന്റെ അപകടത്തിലേക്ക് വിരല്‍ചൂണ്ടാന്‍ റെയ്‌ച്ചല്‍ കാര്‍സന്‍ എന്ന ശാസ്ത്രജ്ഞയെ സഹായിച്ചത് സുവിദിതമാണല്ലോ. നമ്മുടെ നാട്ടില്‍ കണ്ടുവന്നിരുന്ന പല പക്ഷികളും ഇല്ലാതാകുന്നത് പരിസ്ഥിതിനാശവും ഭൂവിനിയോഗത്തിലുണ്ടാകുന്ന നാശവും കാരണമാണ്. ഇത്തരം കാര്യങ്ങള്‍ ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പ്രകൃതി സംരക്ഷണത്തിനുവേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിന് അവരെ പ്രേരിപ്പിക്കാനും പക്ഷിനിരീക്ഷകര്‍ക്ക് സാധിക്കും. ഇന്ത്യയിലെ പക്ഷികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള 2020ലെ റിപ്പോര്‍ട്ട്‌ (State of India’s Birds 2020) ഇത്തരമൊരു സംരംഭമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ ഇന്ത്യയിലെ പക്ഷിസമൂഹത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് ഈ പ്രസിദ്ധീകരണത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്‌. 15,500 ഓളം പക്ഷിനിരീക്ഷക രുടെ ഏകദേശം 10 മില്യന്‍ (1 മില്യന്‍ =106) നിരീക്ഷണങ്ങള്‍ ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. പരുന്തുകള്‍, ദേശാടകരായ തീരദേശപക്ഷികള്‍,  പ്രത്യേക ആവാസവ്യവസ്ഥയില്‍ മാത്രം ജീവിക്കുന്ന പക്ഷികള്‍ എന്നിവയാണ് വലിയ തോതില്‍ കുറഞ്ഞുവരുന്നതെന്നത് ആശങ്കയുളവാക്കുന്നതാണ്. ഇവയുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആയിരത്തോളം പക്ഷിനിരീക്ഷകരുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ (2015 – 2020) ശ്രമഫലമായി കേരളത്തിന്റെ പക്ഷി ഭൂപടം (Bird Atlas) തയ്യാറാക്കുന്ന പ്രവൃത്തി ഈയിടെ പൂര്‍ത്തിയായിട്ടുണ്ട്. നമ്മുടെ പക്ഷികള്‍ സംസ്ഥാനത്തിന്റെ എതൊ ക്കെയിടങ്ങളില്‍ ഏതൊക്കെ കാലങ്ങളിലാണ് കാണപ്പെടുന്നത് എന്നതറിയാന്‍ ഈ ഭൂപടം സഹായകമാകും. ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള ഒരു മാര്‍ഗരേഖ കൂടിയാണിത്.

പക്ഷികളും കാലാവസ്ഥാവ്യതിയാനവും 

സാധാരണ പക്ഷികളുടെപോലും ജീവിതര ഹസ്യങ്ങള്‍ മുഴുവനായി അറിയാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. ഓരോ പക്ഷിയുടെയും ഇരതേടല്‍, പ്രണയചേഷ്ടകള്‍, പ്രജനനം, ശബ്ദവൈവിധ്യം തുടങ്ങിയവ പഠിക്കേണ്ടതുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല, സാധാരണ പക്ഷിനിരീക്ഷകര്‍ക്കും ഇക്കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ സാധിക്കും. കാലാവസ്ഥാവ്യതിയാനം ലോകത്തെയാകെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിന്റെ ചില സൂചനകള്‍ പക്ഷികള്‍ നല്കുന്നുണ്ട്. ഉദാഹരണത്തിന്, വരണ്ട പ്രദേശങ്ങളില്‍ കാണപ്പെട്ടിരുന്ന മയിലുകള്‍ കേരളത്തില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമേ മുമ്പ് ഉണ്ടായിരുന്നുള്ളു. 1933ല്‍ ഡോ. സാലിം അലി കേരളത്തില്‍ 19 സ്ഥലങ്ങളിലായി നടത്തിയ പക്ഷി സര്‍വെയില്‍ മയിലിനെ കണ്ടിരുന്നില്ല. എന്നാല്‍ 75 വര്‍ഷങ്ങ ള്‍ക്കിപ്പുറം 2009ല്‍ ഇതേ സ്ഥലങ്ങളില്‍ നടത്തിയ സര്‍വെയില്‍ പകുതിയിലധികം സ്ഥലത്തും മയിലുകളുണ്ടായിരുന്നു. ഇത് ശുഭസൂചന അല്ല തന്നെ. പ്രകൃതിസംരക്ഷണം എന്നത് മാനവസംരക്ഷണം തന്നെയാണല്ലോ. പക്ഷിനിരീക്ഷകര്‍ക്ക് ഇതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാന്‍ സാധിക്കും. ശുദ്ധവായു ശ്വസിച്ച്, വന്യമായ പ്രകൃതിയെ ആസ്വദിക്കുവാന്‍ സാധിക്കുന്നുവെന്നതു തന്നെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പക്ഷിനിരീക്ഷണത്തിലേര്‍പ്പെടാന്‍ മതിയായ കാരണമാണ്.


ശാസ്ത്രകേരളം 2020 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

Happy
Happy
40 %
Sad
Sad
10 %
Excited
Excited
30 %
Sleepy
Sleepy
0 %
Angry
Angry
10 %
Surprise
Surprise
10 %

Leave a Reply

Previous post കേരളത്തിലെ കാലവർഷവും മണ്ണിടിച്ചിൽ ദുരന്തങ്ങളും 
Next post നീലാകാശവും റെയ്‌ലെ വിസരണവും
Close