Read Time:12 Minute


ടി.വി.വിനീഷ്
റിസർച്ച് ഓഫീസർ, എസ്.സി.ഇ.ആർ.ടി. കേരളം.

തലക്കെട്ടിൽ എന്തോ പിശക് പറ്റിയിട്ടുണ്ട് അല്ലേ?വയനാടൻ മഞ്ഞളും മറയൂർ ചന്ദനവും എന്നല്ലേ വേണ്ടിയിരുന്നത് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതെന്താണങ്ങനെ?എന്തുകൊണ്ടാണ് വയനാട്ടിലെ ചന്ദനവും  മറയൂരിലെ  മഞ്ഞളും അത്ര അറിയപ്പെടാത്തത് ?

വയനാട്ടിൽ നിന്ന്  മഞ്ഞൾ കൊണ്ടുപോയി മറയൂരിലും അവിടെ നിന്നും ഒരു  ചന്ദനതൈ കൊണ്ടുവന്ന് വയനാട്ടിലും നട്ടുപിടിപ്പിച്ച് വെള്ളവും വളവും കൊടുത്ത് വളർത്തിയാൽ  അതേ  ഗുണമുള്ള ചെടികളായി വളരുമോ?

ഊട്ടിയിലെ പുഷ്പമേളയിൽ കണ്ട പൂച്ചെടി  വാങ്ങിക്കൊണ്ടുവന്ന്  വീട്ടുമുറ്റത്ത് നട്ടു പിടിപ്പിച്ചാൽ അതിൽ വിരിയുന്ന പൂക്കൾക്ക് ഊട്ടിയിൽ കണ്ട പൂക്കളുടെ അതെ നിറവും വലിപ്പവും ഉണ്ടാകുമോ ? എന്തുകൊണ്ടായിരിക്കാം ഒരേ ജീവജാതിയിൽ പെട്ട സസ്യങ്ങൾ വാസസ്ഥലം മാറുമ്പോൾ ഗുണ വ്യത്യാസം പ്രകടിപ്പിക്കുന്നത്? അതറിയാൻ സസ്യ ഭാഗങ്ങൾക്ക് നിറം, മണം, സ്വാദ്, ഔഷധ ഗുണം ഒക്കെ ഉണ്ടാവാൻ കാരണമാകുന്ന രാസവസ്തുക്കളെക്കുറിച്ച് ചിലത് മനസിലാക്കേണ്ടതുണ്ട്.

ചയാപചയവസ്തുക്കൾ – പ്രാഥമികവും ദ്വിതീയവും

ചെടികളിൽ കാണപ്പെടുന്ന രാസവസ്തുക്കളെ പൊതുവേ രണ്ടായി തിരിക്കാം. പ്രാഥമിക ചയാപചയവസ്തുക്കൾ(Primary Metabolites)എന്നും ദ്വിതീയ ചയാപചയവസ്തുക്കൾ (Secondary Metabolites)എന്നും. ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായവയാണ് പ്രാഥമിക ചയാപചയവസ്തുക്കൾ. വളർച്ച, പ്രത്യുല്പാദനം എന്നിവ നടക്കാൻ  ഇവ കൂടിയേ തീരു. അന്നജം, ജീവകങ്ങൾ ,അമിനോ അമ്ലങ്ങൾ, ന്യൂക്ലിക് അമ്ലങ്ങൾ ,മാംസ്യങ്ങൾ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. ഇത്തരം പ്രാഥമിക ചയാപചയവസ്തുക്കൾവിഭജന ശേഷിയുള്ള എല്ലാ കോശങ്ങളിലും കാണപ്പെടും. എന്നാൽ ദ്വിതീയ ചയാപചയവസ്തുക്കൾ എല്ലാ കോശങ്ങളിലും  കാണപ്പെടുന്നില്ല. ജീവന്റെ നിലനിൽപ്പിന് ഇവ അത്യന്താപേക്ഷിതം അല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ  ഇവയെ ദ്വിതീയം അഥവാ സെക്കൻഡറി എന്ന് ആദ്യമായി വിശേഷിപ്പിച്ചത്,1891 ൽ, എ.കോസൽ (Albrecht Kossel) എന്ന ജർമൻ ബയോകെമിസ്റ്റ് ആണ്. ന്യൂക്ലിക് അമ്ളങ്ങളുടെ രാസഘടന വിശദീകരിച്ചതിന് 1910 ൽ വൈദ്യശാസ്ത്ര നൊബേൽ നേടിയ ശാസ്ത്രജ്ഞനാണ് എ.കോസൽ.

എ.കോസൽ.

ജീവകോശങ്ങളിൽ നടക്കുന്ന പ്രാഥമിക ചയാപചയ പ്രവർത്തനങ്ങളിൽ നിന്നും ഉരുത്തിരിയുന്നവയായ ദ്വിതീയ ചയാപചയവസ്തുക്കൾ ജീവന്റെ അടിസ്ഥാന തന്മാത്ര സംഘാതത്തിന്റെ ഭാഗമല്ല. ഇവയുടെ അഭാവം ജീവന്റെ നിലനിൽപ്പിന് ഭീഷണിയാവുന്നില്ല. എന്നാൽ, ജീവ ലോകത്തെ ഈ വിഭാഗത്തിൽ പെടുന്ന രാസവസ്തുക്കളിലെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ഇരുപത്തിയൊന്ന് ലക്ഷത്തി നാൽപതിനായിരത്തിലധികം ദ്വിതീയ ചയാപചയവസ്തുക്കൾ ഇന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ പ്രധാനമായും ഫിനോൾ സംയുക്തങ്ങൾ, ആൽക്കലോയിഡുകൾ,സാപോണിനുകൾ, ടർപീനുകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നവയാണ്. മഞ്ഞളിന് നിറം നൽകുന്ന കുർക്കുമിൻ(Curcumine) എന്ന രാസവസ്തു ഒരു ഫിനോൾ സംയുക്തമാണ്. സുഗന്ധത്തിനു കാരണമായ ടർമറോൺ (Turmerone), ചന്ദന തൈലത്തിന്റെ സുഗന്ധത്തിനും ഔഷധഗുണത്തിനും കാരണമായ സാന്റലോൺ (Santalone) എന്നിവ ടർപീൻ വിഭാഗത്തിൽപെടുന്ന ദ്വിതീയ ചയാപചയവസ്തുക്കളാണ്. ഈ രാസവസ്തുക്കളുടെ ഉത്പാദനത്തിലുണ്ടാകുന്ന വ്യത്യാസമാണ് ചെടികളുടെ ഗുണ വ്യത്യാസത്തിന് കാരണം.

വ്യത്യാസത്തിന് പിന്നിൽ

പ്രാഥമിക ചയാപചയ പ്രവർത്തനങ്ങളുടെ ഉൽപ്പന്നമാണ് ദ്വിതീയ ചയാപചയവസ്തുക്കൾ എന്ന് പറഞ്ഞുവല്ലോ. എല്ലാ സ്വഭാവങ്ങളും ജനിതകപരമായി നിർണയിക്കപ്പെടുന്നതാണ് എന്നറിയാമല്ലോ. ഓരോ സസ്യജാതിയും  പരിണാമത്താൽ രൂപപ്പെട്ടതും സമാന ജനിതകം ഉള്ളതും ആണല്ലോ. അപ്പോൾ ഓരോ സസ്യജാതിയിലും നടക്കുന്ന ചയാപചയ പ്രവർത്തനങ്ങൾ സമാനമാകണം. ആണ്. എന്നാൽ ഏത് പ്രവർത്തനം, എപ്പോൾ നടക്കണം എന്നതും ഏതുതരം ഉൽപ്പന്നം എത്ര അളവിൽ നിർമ്മിക്കപ്പെട്ടണം എന്നതും നിർണയിക്കുന്നത് ജീവപരിസരമാണ്, അല്ലെങ്കിൽ പാരിസ്ഥിതിക ഘടകങ്ങളുടെ ഏറ്റക്കുറച്ചിൽ മൂലമുണ്ടാകുന്ന സമ്മർദ്ദമാണ് .ഉദാഹരണത്തിന്, ഹരിതകം ഉൾപ്പടെയുള്ള വർണ്ണകങ്ങളുടെ ഉൽപ്പാദനത്തെ  താപനിലയും അന്തരീക്ഷ മലിനീകരണവും സ്വാധീനിക്കുന്നുണ്ട്. ഇവ വർണ്ണക ഉൽപാദനത്തിനായി നടക്കുന്ന ജൈവ സംശ്ലേഷണ പ്രക്രിയകളെ നിയന്ത്രിക്കുന്ന രാസത്വരകങ്ങളുടെ അളവിലും സ്വഭാവത്തിലും  വ്യത്യാസമുണ്ടാക്കുന്നതാണ് കാരണം.

താപനില, അന്തരീക്ഷ ആർദ്രത, മർദ്ദം, മണ്ണിന്റെ തരവും ഘടകങ്ങളും, മണ്ണിന്റെ പി.എച്ച്. തുടങ്ങി കാറ്റ് വരെയുള്ളവയിലെ വ്യതിയാനങ്ങൾ – ജൈവ സംശ്ലേഷണ പ്രക്രിയകളിൽ വ്യത്യാസമുണ്ടാക്കും. ജനിതകം ഒന്നാണെങ്കിലും ഒരേ ജീവജാതിയിൽപ്പെട്ട സസ്യങ്ങൾക്ക് ഒരേ ഗുണം ഇല്ലാത്തതിന്റെ പ്രധാന കാരണം പ്രതികൂല ഘടകങ്ങളുണ്ടാക്കുന്ന ഈ സമ്മർദ്ദം(stress) ആണ്.

എന്തിനുണ്ടാക്കുന്നു?

ജീവനെ നിലനിർത്താൻ ആവശ്യമില്ല എങ്കിലും അതിജീവനത്തിന് ചെടികളെ സഹായിക്കുന്നവയാണ് ഈ പറഞ്ഞ ദ്വിതീയ ചയാപചയവസ്തുക്കൾ. ചെടികൾ ഇവ  ഉൽപാദിപ്പിക്കുന്നത് ചിലരെ ആകർഷിക്കാനും ചിലരെ അകറ്റാനും വേണ്ടിയാണെന്ന് പറയാം. ആരെയാണ് ആകർഷിക്കേണ്ടത്? പരാഗകാരികളായ ഷഡ്പദങ്ങളെ.. വിത്തു വിതരണത്തിന് സഹായിക്കുന്ന പക്ഷികളെ..

പരാഗണകാരികളെ ആകർഷിക്കാൻ പൂവിടുന്ന ഘട്ടത്തിൽ പൂവിന് നിറവും മണവും നൽകുന്ന രാസപദാർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കും. പഴം തീനികളെ ആകർഷിക്കാൻ പഴത്തിന് നിറവും മണവും നൽകുന്ന വസ്തുക്കൾ ഉൽപാദിപ്പിക്കും. ആരെയാണ് അകറ്റേണ്ടത്? കടിച്ചു തിന്നാൻ വരുന്ന സസ്യഭോജികളെ , ചിലരതിന് ഇലയിൽ അവർക്കിഷ്ടമില്ലാത്ത മണവും രുചിയും ഉണ്ടാക്കും. ചിലർ അവർക്ക് ദോഷമാകുന്ന രാസവസ്തുക്കൾ ഇലയിലൊളിപ്പിക്കും .പിന്നെയുമുണ്ട്, അകറ്റിനിർത്തേണ്ടവർ. പരാദങ്ങൾ, രോഗം പരത്തുന്ന സൂക്ഷ്മജീവികൾ .. എന്നു വച്ചാൽ മണ്ണിലെ ബാക്ടീരിയ വരെ ദ്വിതീയ ചയാപചയവസ്തുക്കളുടെ ഉൽപ്പാദനത്തെ സ്വാധീനിക്കും എന്ന്. പരാഗകാരികളെയും പഴം തീനികളെയും ആകർഷിക്കുക എന്നത് ചെടിയുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. അതുകൊണ്ട് സാഹചര്യങ്ങൾ അനുകൂലമായാൽ , തണുപ്പുള്ള, അന്തരീക്ഷ മലിനീകരണം കുറവുള്ള സ്ഥലങ്ങളിൽ നല്ല വലിപ്പവും നിറവും ഉള്ള  പൂക്കളെയും പഴങ്ങളെയും ചെടികൾ ഉണ്ടാക്കും.

എന്നാൽ നമുക്ക് മരുന്നായും സുഗന്ധദ്രവ്യമായും പ്രയോജനപ്പെടുന്ന പല രാസവസ്തുക്കളും ചെടി ഉണ്ടാക്കുന്നതും ഉണ്ടാക്കാതിരിക്കുന്നതും ചിലപ്പോൾ സമ്മർദ്ദത്തിന്റെ ഫലമായിട്ടാകാം. ഈ സമ്മർദ്ദം എന്നു പറയുന്നത് അന്തരീക്ഷമർദ്ദത്തിലോ മണ്ണിന്റെ പി.എച്ചിലോ ഉള്ള മാറ്റമാകാം. ചിലപ്പോൾ ചെടിക്ക് രോഗം പരത്തുന്ന ഏതോ ഒരു ബാക്ടീരിയയുടെയോ ഫംഗസിന്റയോ സാന്നിധ്യവും ആകാം!

മറ്റെല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്താലും മണ്ണിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിലെ വ്യത്യാസം ഒരു ദ്വിതീയ ചയാപചയവസ്തുവിന്റെ അളവിനെയും സ്വഭാവത്തെയും മാറ്റാം. അപ്പോൾ നമ്മൾ പറയും ചെടിയുടെ ഗുണം നഷ്ടപ്പെട്ടു എന്ന്. കുഴപ്പം നമ്മുടെയാണ്, കാരണം നമ്മൾ ഗുണം എന്ന് പറയുന്നത് നമുക്ക് കിട്ടുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ ആണല്ലോ, അല്ലാതെ ചെടിയുടെ ജീവിതത്തെ  പരിഗണിച്ചല്ലല്ലോ!

ആശ്രിതർ ഒരുപാട്

മനുഷ്യർ മാത്രമല്ല,സ്വയം സംരക്ഷിക്കാനും പരിസരത്തോട് പൊരുത്തപ്പെടാനും ഒക്കെയായി ചെടികൾ ഉണ്ടാക്കുന്ന ഈ  രാസവസ്തുക്കളെ  ആശ്രയിച്ച് ജീവിക്കുന്ന ധാരാളം ജീവികൾ, സ്വാഭാവികമായി ചെടി വളരുന്ന ആവാസവ്യവസ്ഥയിൽ ഉണ്ടാകും. തേൻ കുടിക്കുന്ന വണ്ടും പൂമ്പൊടി ശേഖരിക്കുന്ന തേനീച്ചയും എല്ലാം അക്കൂട്ടത്തിൽ പെടും. എന്നാൽ, ചെടിയുണ്ടാക്കുന്ന ,ചെടിയെ സംബന്ധിച്ച് ചിലപ്പോൾ അപ്രധാനമായ രാസവസ്തുക്കൾ കൊണ്ട് മാത്രം സ്വജീവിതം  പൂർത്തിയാക്കാൻ കഴിയുന്ന ജീവികളുമുണ്ട്. കിലുക്കി(Crotalaria) പോലുള്ള പ്രത്യേക ചെടിയിലെ ഇലയിലെ  രാസവസ്തുക്കൾ കുടിച്ചാൽ മാത്രം വളർച്ചാഘട്ടം പൂർത്തിയാക്കാൻ കഴിയുന്ന ശലഭങ്ങൾ, തന്റെ ശത്രുക്കൾക്ക് ഇഷ്ടമില്ലാത്ത പാൽപ്പായലിലെ (Milkweed) ടോക്സിനുകൾ വലിച്ചു കുടിച്ചും അതിന്റെ ഇലയിൽ തന്നെ മുട്ടയിട്ടും ഇരപിടിയൻമാരെ അകറ്റുന്ന രാജശലഭങ്ങൾ (Monarch Butterfly) എന്നിവ ഉദാഹരണങ്ങളാണ്.

പാൽപ്പായലിലെ (Milkweed) രാജശലഭം (Monarch Butterfly)

ചുരുക്കിപ്പറഞ്ഞാൽ, അതിജീവനത്തിനായി ചെടി ഉണ്ടാക്കുന്ന ദ്വിതീയ(അപ്രധാന?!) ചയാപചയവസ്തുക്കൾ പല ജീവികളുടെയും അതിജീവനത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നതാണ് എന്നർത്ഥം. എന്നുവച്ചാൽ ഭൂമിയിൽ ഒരു ജീവിയും ഒറ്റയ്ക്കല്ല അല്ലെങ്കിൽ ഒറ്റപ്പെട്ടതല്ല. ജീവജാലങ്ങൾ തമ്മിലുള്ള ഈ പാരസ്പര്യം മനസ്സിലാക്കുമ്പോൾ ഉള്ളിലൂറുന്ന ആശ്ചര്യത്തെ തുടരന്വേഷണത്തിലൂടെ വളർത്തിയെടുക്കുമ്പോഴാണ് നമ്മളിൽ സഹജാവബോധം രൂപപ്പെടുക!


ലൂക്കയുടെ #JoinScienceChain ക്യാമ്പയിൻ പങ്കെടുത്തുകൊണ്ട് എഴുതിയത്

Happy
Happy
14 %
Sad
Sad
14 %
Excited
Excited
43 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
29 %

13 thoughts on “മറയൂർ മഞ്ഞളും വയനാടൻ ചന്ദനവും

  1. നല്ല ഒരു വയാനാ അനുഭവം നൽകുന്നുണ്ട്. ഓരോ വാചകത്തിന്റെ അവസാനത്തിലും എനിക്ക് ഇതിൽ നിന്നും എന്തോ കിട്ടാനുണ്ട് എന്നൊരു തോന്നൽ ഉണ്ടാകുന്നുണ്ട്. ചില ശാസ്ത്ര ലേഖനങ്ങളിൽ ആസ്വാദ്യത എന്ന ഒരു ഘടകം പരിഗണിക്ക പെടാതെ പോകാറുണ്ട്. ഇവിടെ അറിവിനെ ആസ്വദിക്കാൻ പ്രേരിപ്പിക്കുന്ന വായന സാധ്യമാകുന്നു.

  2. മികച്ച ശാസ്ത്ര ലേഖനം .ഒരുപാട് കാലമായി പലരും ഉന്നയിച്ച ഒട്ടനവധി സംശയങ്ങൾക്കുള്ള ലളിതവും വ്യക്തവുമായ വിശദീകരണമായി ഇത്.തലക്കെട്ട് മുതൽ വായനയുടെ രസം നിലനിർത്താൻ കഴിഞ്ഞു. ഇനിയും കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു.

  3. നല്ല ലേഖനം. വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. എന്തുകൊണ്ടു ജൈവവൈവിധ്യം സംരക്ഷിക്കണം എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പര്യാപ്തമാണ്. എന്നാല് ചിലർക്കെങ്കിലും കാര്യം നേരിട്ട് പറഞ്ഞു കൊടുക്കേണ്ടിവരും.
    തിലക്.പി.കെ

  4. മാഷേ നല്ലൊരു അറിവാണ് ഇതിലെ ഓരോ വാക്കുകൾക്കും. ഇനിയും ഇതുപോലെ ശാസ്ത്ര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  5. ലളിതമായ ഉദാഹരണങ്ങൾകൊണ്ട് സ്പഷ്ടമായ ശാസ്ത്ര വിശകലനം

  6. ഉയരം കൂടും തോറും ചായയുടെ സ്വാദ് കൂടും എന്ന Caption ഓർമ്മ വന്നു.

    സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം, മണ്ണിലെ പി. എച്ച്. എന്നിവയും Secondary Metabolites ആണല്ലോ…

    – subhash Chamravattom

  7. ശാസ്ത്രം ജനകീയവും മാനവികവും ആകുമ്പോൾ അശാസ്ത്രീയ ചിന്തകൾ സാവധാനം മാറുകയുള്ളൂ

    സാധാരണക്കാർക്ക് കൂടി മനസിലാകുന്ന ലളിതമായ ഭാഷയിൽ ഇതുപോലെ ഉള്ള ലേഖങ്ങൾ
    ഇനിയും എഴുതുക

  8. നിസ്സാരമെന്ന് തോന്നുന്ന പലതിലെയും ശാസ്ത്രീയത പങ്ക് വെക്കുമ്പോൾ അറിവും കൗതുകവും വർധിക്കുന്നു.
    വളരെ നന്നായി വിനീഷ് സർ..
    Keep on Writing..
    Keep on educating us.
    Thank you.

  9. സസ്യവും പരിസ്ഥിതിയും തമ്മിലുള്ള പ്രതിവര്‍ത്തനങ്ങളില്‍ ഏറ്റവും മുഖ്യമായ രാസമധ്യവര്‍ത്തികള്‍ പോഷകങ്ങള്‍ മാത്രമല്ല എന്നതാണ് ഈ ലേഖനം നല്‍കുന്ന തിരിച്ചറിവ്. സസ്യത്തിന്റെ നിലനില്‍പില്‍ നിന്ന് വിട്ടുമാറി ദ്വിതീയ ചയാപചയവസ്തുക്കളുടെ വിവിധ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്നതിന് വ്യാപകമായ പരിശ്രമങ്ങള്‍ നടന്നുവരുന്നു. പക്ഷേ, ഇത്തരത്തിലുള്ള പരിശ്രമങ്ങള്‍ ജനിതകസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോഗിച്ച് കൂടുതല്‍ ഫലപ്രദമാക്കിയില്ലെങ്കില്‍ സസ്യസമ്പത്തിനുണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും. അഗ്രോബാക്ടീരിയം പോലുള്ളവയെ പ്രയോജനപ്പെടുത്തി നടക്കുന്ന ഗവേഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ആയുര്‍വേദവുമായി ബന്ധപ്പെട്ട് ആധികാരികതയും ആവേശവും പ്രകടിപ്പിക്കുന്ന പണ്ഡിതവൃന്ദം ഇക്കാര്യത്തില്‍ എത്രവരെ പോയി എന്നതും പരിശോധിക്കേണ്ടതാണ്.

  10. It is a beautifully written article which gives us a deep insight into the subject.

    It also shows the author’s profound knowledge in the subject.

    Thank you,sir

Leave a Reply

Previous post ജനകീയ ശാസ്ത്ര പ്രസ്ഥാനം ഇന്ത്യയിൽ
Next post ഐറീൻ ക്യൂറിയ്ക്ക് ഇന്ന് 123-ാം പിറന്നാൾ
Close