നമ്മള്‍ എന്നാല്‍ മനുഷ്യര്‍ മാത്രമല്ല; ഈ ഭൂമിയിലെ സര്‍വ്വമാന ജീവജാലങ്ങളും എന്നാണ് അര്‍ത്ഥമാകുന്നത്. ഒരു സെന്‍റീമീറ്ററിന്‍റെ പത്ത് ലക്ഷത്തില്‍ ഒന്നുപോലും വലുപ്പമില്ലാത്ത മൈക്കോപ്ലാസ്മ മുതൽ നൂറു ടണ്ണിലധികം ഭാരമുള്ള നീല തിമിംഗലങ്ങളും സെക്കോവ്യ മരങ്ങളും ഒക്കെ അടങ്ങുന്ന അതിബൃഹത്തായ ജീവലോകം. ഇന്ന് ജീവിച്ചിരിപ്പുള്ളത് മാത്രമല്ല, കാലത്തില്‍ മണ്മറഞ്ഞു പോയ ഡിനോസറുകളും കാര്‍ബോണിഫറസ് കാടുകളും സാളഗ്രാമങ്ങളും ഒക്കെ ലൂക്കയുടെ പിന്മുറക്കാര്‍.
ജൈവലോകത്തെ പറ്റി ഡാര്‍വിന്‍ മുന്നോട്ടു വെച്ച വിപ്ളവകരമായ ആശയം ഇന്നുള്ളതും മുന്‍പു ജീവിച്ചിരുന്നതുമായ എല്ലാം തന്നെ ഒരു പൂര്‍വികനിൽ നിന്ന് പരിണമിച്ച് ഉണ്ടായതാണെന്നാണ്. അങ്ങനെയെങ്കിൽ, എല്ലാ ജീവികളിലും കാണപ്പെടുന്ന ജീവന്‍റെ അടിസ്ഥാനശിലകൾ ആ പൂര്‍വ്വികനിൽ നിന്ന് കിട്ടിയതായിരിക്കണമല്ലോ. ജീവലോകത്തെ ശാസ്ത്രജ്ഞര്‍ മൂന്ന് അടിസ്ഥാനവിഭാഗങ്ങളായാണ് തരം തിരിക്കുന്നത്– കോശകേന്ദ്രങ്ങളില്ലാത്ത ഏകകോശജീവികളായ ബാക്ടീരിയകളും ആർക്കിയകളും ആണ് ഇവയില്‍ രണ്ടെണ്ണം. ഉദ്ദേശം 350 കോടി വര്‍ഷം മുൻപ‍് ഇവ ഉണ്ടായിരുന്നതായുള്ള തെളിവുകളുണ്ട്. ഉദ്ദേശം 160 – 200 കോടി വര്‍ഷം മുൻപ് ഉത്ഭവിച്ച യൂക്കാരിയോട്ടുകളാണ് മൂന്നാം വിഭാഗം. കോശത്തിനുള്ളിൽ ജനിതക പദാര്‍ത്ഥം ഒരു കോശകേന്ദ്രത്തില്‍ നില കൊള്ളുന്നു എന്നുള്ളതാണ് ഇവയുടെ പ്രത്യേകത. ഇവയിൽ ഏകകോശജീവികളും നാം അടങ്ങുന്ന ബഹുകോശജീവികളും ഉൾപ്പെടും. ബാക്ടീരിയയുടേയും ആര്‍ക്കിയയുടേയും അപൂര്‍വ്വമായ ഒരു കൂടിച്ചേരലിലൂടെയാണ് യൂക്കാരിയോട്ടുകള്‍ ഉണ്ടായത് എന്നതിന് ശക്തമായ തെളിവുകൾ ഇന്ന് ലഭ്യമാണ്.
എല്ലാ ജീവികൾക്കും ഒരു പൂർവികൻ എന്നതിന് അനിഷേധ്യമായ തെളിവുകളുണ്ട്. ബാക്ടിരിയ, ആര്‍ക്കിയ, യൂക്കാരിയോട്ട് വിഭാഗങ്ങളിലെല്ലാം തന്നെ ഉള്ള അടിസ്ഥാന ജൈവ പദാര്‍ത്ഥങ്ങളുടേയും പ്രക്രിയകളുടേയും സമാനതകളാണ് ഇതില്‍ മുഖ്യം. എല്ലാ ജൈവ ഘടനയ്ക്കും പ്രക്രിയകള്‍ക്കും ആധാരമായ പ്രോട്ടീനുകള്‍ അമിനോ അമ്ളങ്ങള്‍ ഒന്നിനു പുറകെ ഒന്നായി അടുക്കിവെച്ച് നിര്‍മ്മിക്കപ്പെടുന്നവയാണ്. ജൈവ കോശങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് ഇരുപത് അമിനോ അമ്ളങ്ങളാണ്. ഇവ ബാക്ടീരിയയിലും ആര്‍ക്കിയയിലും യൂക്കാരിയോട്ടിലും എല്ലാം ഒന്നു തന്നെ! ആകസ്മികമായി ഓരോ ജൈവ വിഭാഗത്തിലും ഒരേ ഇരുപത് അമിനോ അമ്ളങ്ങള്‍ തന്നെ പ്രത്യേകം പ്രത്യേകമായി തെരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത ഏതാണ്ട് ഇല്ല തന്നെ. കൂടുതല്‍ അതിശയിപ്പിക്കുന്ന വസ്തുത മറ്റൊന്നുണ്ട്. ഒരേ അമിനോ അമ്ളവും സ്വാഭാവികമായി വലംപിരി രൂപത്തിലോ ഇടംപിരി രൂപത്തിലോ കാണപ്പെടാം. ഒന്നൊഴിയാതെ എല്ലാ ജീവികളും അമിനോ അമ്ളങ്ങളെല്ലാം ഇടംപിരികള്‍ മാത്രമാണെന്നുള്ളത് പൊതു പൂർവികനിലേക്കല്ലാതെ മറ്റെന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്? ഓരോ ജീവിയിലുമുള്ള വ്യത്യസ്ത പ്രോട്ടീനുകളുടെ ഘടന നിർണ്ണയിക്കുന്നത് ജനിതക പദാർത്ഥങ്ങളായ ഡി.എന്‍.എ.യിലും ആർ.എന്‍.എ.യിലുമുള്ള ന്യൂക്ളിയോടൈഡ് ക്രമങ്ങളാണ്. എല്ലാ ജീവികളിലും ഡി.എന്‍.എ. നാലേ നാല് (അഡനീന്‍, ഗ്വാനീന്‍, സൈറ്റോസിന്‍, തൈമീന്‍) ന്യൂക്ളിയോടൈഡുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആര്‍.എന്‍.എ ആകട്ടെ അഡനീന്‍, ഗ്വാനീന്‍, സൈറ്റോസിന്‍, യുറാസിൽ എന്നിവയെ കൊണ്ടും. ഈ ന്യൂക്ളിയോടൈഡുകൾ എല്ലാം തന്നെ വലം പിരികളാണെന്നുള്ളത് മറ്റൊരു പ്രത്യേകത. തീര്‍ന്നില്ല, പ്രോട്ടീന്‍ നിര്‍മ്മാണ വേളയില്‍ അമീനോ അമ്ളങ്ങള്‍ അടുക്കി വെക്കുന്ന ക്രമം ജീനിലെ ന്യൂക്ലിയോട്ടൈഡുകളുടെ ക്രമം അനുസരിച്ചാണല്ലോ. ഓരോ അമിനോ അമ്ളത്തെയും പ്രതിനിധാനം ചെയ്യുന്ന മൂന്നക്ക ന്യൂക്ളിയോടൈഡ് ഭാഷയാണ് പ്രസിദ്ധമായ ജനിതക കോഡ്. ഉദാഹരണത്തിന് സന്ദേശക ആര്‍.എന്‍.എ.യില്‍ യുറാസില്‍, യുറാസില്‍, യുറാസില്‍ (UUU) എന്നാല്‍ ഫിനൈല്‍ അലനീൻ എന്ന അമിനോ അമ്ളം എന്നാണർത്ഥം. ഇങ്ങനെയുള്ള ജനിതക കോഡിലെ എല്ലാ വാക്കുകളും ഒന്നു തന്നെയാണെന്നുള്ളത് സംശയലേശമന്യേ പൊതു പൂര്‍വ്വികനെ അരക്കിട്ടുറപ്പിക്കുന്ന വസ്തുതയാണ്.
ജീവന്‍ എന്ന പ്രതിഭാസം നിലനില്‍ക്കുന്നത് ഊർജ്ജ ഉല്‍പാദനത്തി ല്‍ അധിഷ്ഠിതമായ നിര്‍മാണ–വിഘടന പ്രക്രിയകളിലൂടെയാണ്. ഈ ഊര്‍ജ്ജോൽപ്പാദനം അടിസ്ഥാനപരമായി ക്രെബ്സ് സൈക്കിൾ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള രാസപ്രവർ ത്തനങ്ങളിലൂടെയാണ്. ഈ രാസപ്രവര്‍ത്തനങ്ങളും പൊതു പൂര്‍വ്വികനില്‍ നിന്നും എല്ലാ ജീവികള്‍ക്കും കൈമാറപ്പെട്ടതാണ്. ഇന്നുള്ള ജീവികളുടെ മേല്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്ന അവസാനത്തെ പൂര്‍വ്വികനാണ് ലൂക്ക. അതായത് Last Universal Common Ancestor (LUCA). ലൂക്ക എന്നാല്‍ അദ്യ പൂര്‍വ്വികനോ ആദ്യ കോശമോ അല്ല എന്നർത്ഥം. ലൂക്ക എന്ന ജീവിയെ പറ്റി ഏതാണ്ട് ചില ധാരണകളൊക്കെ നമുക്കുണ്ട്. ഉദാഹരണത്തിന് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി വേണ്ട എതാണ്ട് 250 ഓളം ജീനുകളും, കോശസ്ഥരവും ഇരുപത് അമിനോ അമ്ളങ്ങള്‍ അടങ്ങുന്ന പ്രോട്ടീനുകളും ക്രെബ്സ് വൃത്തത്തിലൂടെയുള്ള ഊര്‍ജ്ജ ഉല്പാദനവും ഒക്കെ ഉണ്ടായിരുന്ന ഒരു ജീവി. എന്നാല്‍ ലൂക്ക ഉണ്ടായതെങ്ങനെ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. പ്രോട്ടീനുകളും ന്യ്യൂക്ളീക് ആസിഡുകളും ഊര്‍ജ്ജോല്‍പാദനവും ഒക്കെ വേവ്വേറെ ഉണ്ടാവുകയും, ഒരു സന്നിഗ്ധ ഘട്ടത്തില്‍ ഇവയെല്ലാം ചെറുകുമിളകള്‍ പോലെയുള്ള കോശങ്ങളില്‍ ഒന്നിച്ച് ചേര്ന്ന് ജീവന്‍റെ ആദ്യ തുടിപ്പുകളിലേക്കും പിന്നിട്ട് ലൂക്കയിലേക്കും എത്തിച്ചേർന്നതിന്‍റെ കഥ പൂര്‍ണ്ണമായി ഇനിയും അനാവരണം ചെയ്യാന്‍ ഇരിക്കുന്നതേയുള്ളൂ. ഇന്നത്തെ ശാസ്ത്രത്തിന് അതിനുള്ള കഴിവുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
I see you share interesting stuff here, you can earn some additional cash, your
blog has huge potential, for the monetizing method, just
search in google – K2 advices how to monetize a website